ന്റെ സംവിധാനജീവിതത്തിന്റെ തുടക്കം ഇതുവരെ നടക്കാതെ പോയൊരു സിനിമയാണ്. ആദ്യത്തെ ഷെഡ്യൂള്‍ ഷൂട്ടുചെയ്‌തെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ നടക്കാതെപോയി. ആ മുടങ്ങിപ്പോയ പടത്തിലെ നായകന്‍ നെടുമുടി വേണുവായിരുന്നു. വേണു ഗംഭീരനായ ആക്ടര്‍ എന്ന നിലയില്‍ ഉദിച്ചുയരുന്നൊരു സമയം. 'ചമയം' എന്നായിരുന്ന ആ സിനിമയുടെ പേര്. ജോണ്‍ പോളായിരുന്നു സ്‌ക്രിപ്റ്റ്. ചെറുതുരുത്തിയിലെ കലാമണ്ഡലത്തില്‍വെച്ച് നെടുമുടിയുടെയും ശങ്കരാടിയുടെയും മുഖത്ത് ക്യാമറ വെച്ചുകൊണ്ടാണ് എന്റെ സംവിധാനജീവിതം ആരംഭിച്ചത്. നിര്‍ഭാഗ്യവശാല്‍ ആ സിനിമ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. രണ്ടാമത്തെ സിനിമയായ കിന്നാരത്തിലും വേണുവായിരുന്നു നായകന്‍.

സ്വാഭാവിക അഭിനയത്തിന്റെ ഇന്ദ്രജാലം കാണിച്ച് എന്നെ വിസ്മയിപ്പിച്ച നടനാണ് അദ്ദേഹം. കിന്നാരത്തിലെ ഒരു ഷോട്ട് അഭിനയിക്കുകയല്ല എന്നുകരുതി ഞാന്‍ കട്ടുചെയ്യുകപോലുമുണ്ടായിട്ടുണ്ട്. അപ്പുണ്ണിയാണ് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം. വി.കെ.എന്നിന്റെ സിനിമയാക്കപ്പെട്ട ഏക കഥ. ഒരു പിണങ്ങിയ കുട്ടിയുടെ ഭാവമാണ് അപ്പുണ്ണിക്ക് എന്നു മാത്രമേ എനിക്ക് പറയേണ്ടിവന്നിട്ടുള്ളൂ. പിന്നീട് 'വെറുതേയൊരു പിണക്കം' വന്നു. ആ സിനിമയില്‍ ഞാനെഴുതി വേണു പാടിയ മനസേ നിന്റെ മണിനൂപുരങ്ങള്‍.. എന്ന പാട്ട് യുട്യൂബില്‍ ഇപ്പോഴും ഹിറ്റാണ്.

പിന്നീട് ഞാനും വേണുവും തമ്മില്‍ ചെറിയകാലത്തിന്റെ അകല്‍ച്ചയുണ്ടായി. ഞാന്‍ അമേരിക്കയില്‍വെച്ചു ചെയ്‌തൊരു സിനിമയുടെ ഭാഗമാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഞാനാകെ വിഷമിച്ചുപോയി. അദ്ദേഹം വരാഞ്ഞതിനെത്തുടര്‍ന്ന് കഥയൊക്കെ മാറ്റി. ആകെ കുളമായിപ്പോയി. പിന്നെ ഞാന്‍ കുറേനാളത്തേക്ക് അദ്ദേഹത്തെ വിളിച്ചില്ല. എത്രനാള്‍ വൈകി എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനെത്തിയ വേണു എന്റെ അടുത്തുവന്നു സത്യന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ട് 14 വര്‍ഷങ്ങളായി എന്നു പറഞ്ഞു. 'ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ. എന്റെ ശിക്ഷ കഴിയാറായോ' എന്നു തമാശയായി ചോദിച്ചു. എന്റെ അടുത്ത സിനിമമുതല്‍ വേണു വീണ്ടും എന്റെ കൂടെയുണ്ടായിരുന്നു. 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ല്‍ അരവിന്ദന്‍ എന്ന കഥാപാത്രമായി, 'ഭാഗ്യദേവത'യിലെ സദാനന്ദന്‍ പിള്ളയായി...

ചിത്രീകരണത്തിനിടെ സംവിധായകൻ സത്യൻ അന്തിക്കാട്‌, രചയിതാവ്‌ വി.കെ.എൻ., എന്നിവർ കഥാപാത്രമായിമാറിയ നെടുമ
ചിത്രീകരണത്തിനിടെ സംവിധായകൻ സത്യൻ അന്തിക്കാട്‌,
രചയിതാവ്‌ വി.കെ.എൻ., എന്നിവർ കഥാപാത്രമായിമാറിയ നെടുമുടിയെ നോക്കുന്നു

ഒരിക്കലും നമ്മെ പിണങ്ങാന്‍ അനുവദിക്കാത്ത സൗഹൃദമായിരുന്നു വേണുവുമായിട്ട്. വേണു സെറ്റിലുണ്ടെങ്കില്‍ ആ സെറ്റ് സജീവമായിരിക്കും. ഈയടുത്ത് എന്നെ വിളിച്ചിരുന്നു. 'ഇടയ്ക്കിടെ ഒന്നു കോണ്‍ടാക്ട് ചെയ്യേണ്ടേ. അപ്പോഴല്ലേ ജീവിച്ചിരിക്കുന്നു എന്നു പരസ്പരം അറിയുള്ളൂ' എന്നായിരുന്നു 'എന്തേ വിളിച്ചത്' എന്ന ചോദ്യത്തിന് വേണുവിന്റെ മറുപടി. പഴയ കഥകള്‍ പറഞ്ഞു കുറേനേരം ചിരിച്ചു. ഇന്നാ വിയോഗ വാര്‍ത്ത അറിഞ്ഞു.

വേണു എന്ന നടന്‍ എത്രത്തോളം മലയാളസിനിമയില്‍ ചേര്‍ന്നുനിന്നിരുന്നു, വേണുവിന്റെ സംഭാവന എത്രയായിരുന്നുവെന്നത് കാലം ഇനി തിരിച്ചറിയാന്‍ പോകുന്നേയുള്ളൂ.

Content Highlights: Sathyan Anthikad remembers Nedumudi Venu