ചിത്രഭൂമിക്ക് വേണ്ടി പല സെറ്റുകളിലും പോവുമ്പോള്‍ പെട്ടെന്ന് അടുക്കുന്ന ഒരു നടനായിരുന്നു എനിക്ക് നെടുമുടി വേണു. അദ്ദേഹവും പണ്ടൊരു പത്രപ്രവര്‍ത്തകനായിരുന്നു. അതുകൊണ്ടാവാം. സെറ്റിലേക്ക് പോവുമ്പോഴും സെറ്റില്‍ നിന്ന് വരുമ്പോഴും വണ്ടിയിലൊരിടം തരുമായിരുന്നു. വര്‍ത്തമാനം പറയുമായിരുന്നു.

അങ്ങിനെയൊരിക്കല്‍ ഗോപിചെട്ടിപാളയത്തെ പ്രജാപതിയുടെ ലൊക്കേഷന്‍. വേണുചേട്ടന്‍ മരിച്ചു കിടക്കുന്ന സീനാണ് ഷൂട്ട് ചെയ്യുന്നത്. കാളിയാര്‍മഠം കുഞ്ഞമ്പുനായരായാണ് ചേട്ടന്‍ അഭിനയിക്കുന്നത്. അഴകപ്പന്‍ സീന്‍ ക്യാമറയില്‍ പകര്‍ത്തി. സംവിധായകന്‍ കട്ട് പറഞ്ഞു. വീണ്ടും ക്യാമറ ഓണ്‍ ചെയ്തു. മരിച്ചു കിടക്കുന്ന നടന്‍ ചിരിച്ച് കൊണ്ട് എഴുന്നേല്‍ക്കുന്ന സീന്‍ കൂടി ചിത്രീകരിച്ച ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയായത്. സിനിമാരംഗത്തെ ഒരു വിശ്വാസമാണത്. 

ഇടവേളയില്‍ വേണുചേട്ടനുമായി സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു. ചേട്ടനിന്ന് വലിയ പണിയൊന്നുമില്ലല്ലോ ചുമ്മാ ശവം പോലിങ്ങെ കിടന്നാല്‍ പോരേ എന്ന്. പിന്നെ എനിക്കൊരു സ്റ്റഡി ക്ളാസ്സ് തന്നെയായിരുന്നു. ആരാ പറഞ്ഞത് ശവമായി അഭിനയിക്കാന്‍ എളുപ്പമാണെന്ന്. ഒരാള്‍ മരിക്കുമ്പോള്‍ വളരെ സംതൃപ്ത ജീവിത നയിച്ചശേഷമാണെങ്കില്‍ അയാളുടെ മുഖത്ത് ഒരു ശാന്തത കളിയാടും. കടംകേറി വലഞ്ഞ് നൈരാശ്യത്തിന്റ പടുകുഴിയില്‍ കിടന്ന് ആത്മഹത്യ ചെയ്തൊരാളുടെ മുഖത്ത് ആ നൈരാശ്യത്തിന്റെ മരണാനന്തരഭാവം ഉണ്ടാവും. കൊലചെയ്യപ്പെട്ട ഒരാളുടെ മുഖത്ത്് ആ സ്ട്രഗിളിന്റെ ബാക്കി കാണും. മുങ്ങിമരിച്ചാല്‍ മറ്റൊരു മുഖം.

ആ ക്ളാസ്സ് കേട്ടപ്പോള്‍ ഇദ്ദേഹം ചുമ്മാതല്ല വലിയ നടനായതെന്ന് എന്നു മനസുകൊണ്ട് ഞാന്‍ നമിച്ചു. വേണു ചേട്ടനെ ഓര്‍ക്കുമ്പോള്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും അപ്പുറം അഭിനയത്തോടുള്ള ഈ മനോഭാവം ഓര്‍ത്തുപോവും. അന്ന് മരണത്തെ പരിഹസിച്ച് തോല്‍പ്പിച്ച് എന്ന തലക്കെട്ടോടു കൂടി ചിത്രഭൂമിയില്‍ ഇത്തരമൊരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായിച്ചിട്ട് വിളിച്ചതും മറക്കില്ല. വീണ്ടും പൊട്ടിച്ചിരിച്ചെഴുന്നേല്‍ക്കാന്‍ പറ്റുന്ന ഒരഭിനയ മുഹൂര്‍ത്തമല്ലിതെന്നറിയാം. എന്നാലും ഒട്ടേറെ പൊട്ടിച്ചിരിയുടെ മുഹൂര്‍ത്തങ്ങള്‍ വെള്ളിത്തിരയില്‍ എന്നുമുണ്ടാവുമെന്ന് ഞങ്ങള്‍ ആശ്വസിക്കുന്നു.

Content Highlights: Remembering actor Nedumudi Venu, Nedumudi Movies, Legendary film maker