കോഴിക്കോട്: ഒരു യഥാര്‍ഥ കലാകാരനായിരുന്നു നെടുമുടി വേണുവെന്ന് മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരന്‍. കഥാപാത്രമായി മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു. അഭിനയത്തിന്റെ ഒരു കൊടുമുടിയായിരുന്നു അദ്ദേഹമെന്നും പി.വി. ഗംഗാധരന്‍ അനുസ്മരിച്ചു.

ഏത് കഥാപാത്രത്തെയും നമ്മുടെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുംവിധം അവതരിപ്പിക്കാനുമുള്ള ശേഷി അപൂര്‍വമായ ഒന്നായിരുന്നു. വീണ്ടുംചില വീട്ടുകാര്യങ്ങളിലെയൊക്കെ കഥാപാത്രത്തെ അതീവ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു. ഒരു യഥാര്‍ഥ കലാകാരനാണ് അദ്ദേഹം. അതുപോലൊരു കലാകാരനെ അദ്ദേഹത്തെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. 

വര്‍ഷങ്ങളായുള്ള സഹോദര തുല്യമായ ബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ഇത്രയും ഹൃദയബന്ധമുള്ള ആളാണ് വിട്ടുപിരിഞ്ഞുപോയിരിക്കുന്നത്. മലയാള സിനിമയ്ക്കുണ്ടായ അത്യാഹിതമാണ് നെടുമുടിയുടെ വേര്‍പാട്. അഭിനയത്തിന്റെ ഒരു കൊടുമുടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് നല്ലതുവരട്ടെ എന്ന് പ്രാര്‍ഥിക്കുന്നെന്നും പി.വി. ഗംഗാധരന്‍ പറഞ്ഞു.