വേണുച്ചേട്ടനിലേക്കുള്ള ഓര്‍മകളിലേക്ക് തിരിച്ചുനടന്ന്, നടന്ന് ഞാന്‍ എത്തിച്ചേരുന്നത് തിരുവനന്തപുരം ആകാശവാണി നിലയത്തിലാണ്. ഞാനന്ന് അവിടെ കാഷ്വല്‍ കോണ്‍ട്രാക്റ്റ് ജോലിക്കാരനാണ്. ആ സമയങ്ങളില്‍ വേണുച്ചേട്ടനും കാവാലം നാരായണപ്പണിക്കരുമെല്ലാം നാടന്‍പാട്ടുകള്‍ പാടാന്‍ അവിടെ വരും. പലപ്പോഴും ഞാനായിരിക്കും അത് േെറക്കാഡ് ചെയ്യുക. അന്ന് തീരെ അടുപ്പമേ ഇല്ലായിരുന്നു, ഞാന്‍ അമ്പലപ്പുഴക്കാരനും അദ്ദേഹം നെടുമുടിക്കാരനുമായിട്ടുപോലും. പിന്നീട് കാവാലം, ഭരത് ഗോപി, വേണുച്ചേട്ടന്‍ എന്നിവരുടെയെല്ലാം ഉത്സാഹത്തില്‍ അരങ്ങേറിയ ഭഗവദ്ജുഗം, അവനവന്‍ കടമ്പ എന്നീ നാടകങ്ങള്‍ കാണാന്‍ അദ്ദേഹം എന്നെ വിളിച്ചു. ഞാന്‍ അവ പോയിക്കാണുകയും ചെയ്തു. അന്നെല്ലാം സിനിമ എന്നില്‍നിന്നും എത്രയോ ദൂരെയായിരുന്നു.

അപ്പോഴാണ് 'തകര' എന്ന സിനിമ റിലീസാവുന്നത്. നെടുമുടി വേണുവിലെ അപാരറേഞ്ചുള്ള നടനെ തകരയാണ് ആദ്യമായി പുറത്തുകാണിക്കുന്നത്. ഞാനതുകണ്ട് തരിച്ചിരുന്നുപോയി. അന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല ഈ മനുഷ്യന്‍ എന്റെ ആദ്യസിനിമയുടെ നായകനാവുമെന്നും എന്റെ ജീവിതത്തിലെ വല്യേട്ടന്റെ സ്ഥാനത്ത് വരുമെന്നും.

അങ്ങനെയാണ് 'പൂച്ചയ്‌ക്കൊരു മൂക്കുത്തി'യിലേക്ക് ഞാന്‍ വേണുച്ചേട്ടനെ വിളിക്കുന്നത്. അതില്‍ നായകനായി അദ്ദേഹം തകര്‍ത്തഭിനയിച്ചു. അന്നുമുതല്‍ ഇന്നലെവരെ അദ്ദേഹം എന്റെ സിനിമാജീവിതത്തില്‍ നിറഞ്ഞുനിന്നു. എന്റെ സിനിമയിലായിരിക്കും വേണുച്ചേട്ടന്‍ ഏറ്റവുമധികം അഭിനയിച്ചിട്ടുണ്ടാവുക, മുപ്പത്തിമൂന്നോളം സിനിമകള്‍. എന്റെ ആദ്യത്തെ സിനിമായിലെ നായകനും അദ്ദേഹമായിരുന്നു, അദ്ദേഹം അവസാനമായി നായകനായി അഭിനയിച്ചതും എന്റെ തമിഴ് സിനിമയായ 'സമ്മര്‍ ഓഫ് 92'-വിലാണ്. എന്റെ ഇറങ്ങാന്‍പോകുന്ന സിനിമയായ മരയ്ക്കാരിലും വേണുച്ചേട്ടന്‍ പ്രധാന കഥാപാത്രമാണ് -സാമൂതിരിയായി.

നേരത്തേ എഴുതിയതുപോലെ വലിയേട്ടന്‍ തന്നെയായിരുന്നു അദ്ദേഹം എനിക്ക്. എന്തും പറയാം; എന്നെ എന്തുകാര്യത്തിലും അദ്ദേഹത്തിന് ശാസിക്കാം. എന്തിലും നര്‍മം കാണാനുള്ള വേണുച്ചേട്ടന്റെ കഴിവായിരിക്കാം ഞങ്ങളെ ഇത്രമേല്‍ അടുപ്പിച്ചത്. എന്നോട് എപ്പോഴും അദ്ദേഹം പറയും: ''എടാ നിന്നെപ്പോലെ തിരശ്ശീലയില്‍ ഇങ്ങനെ നുണപറഞ്ഞ് ആളെപ്പറ്റിക്കാന്‍ കഴിവുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല''. 'ചിത്രം' എന്ന സിനിമ ഇറങ്ങിയതിനുശേഷം വേണുച്ചേട്ടന്റെ കഥാപാത്രത്തെക്കുറിച്ച് ഒരുദിവസം ഇളയരാജ എന്നോട് ചോദിച്ചു:

''പ്രിയന്‍, നിങ്ങള്‍ ഒരു മൃദംഗവാദകനെ കണ്ടുപിടിച്ച് നടനാക്കിയതാണോ?''

എന്താണ് കാരണം എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഒരേസമയം മൃദംഗം വായിച്ചുകൊണ്ട് ഇങ്ങനെ പാടി അഭിനയിക്കാന്‍ സാധിക്കില്ല''

അത് നെടുമുടി വേണുവാണ് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണണമെന്നായി രാജസാര്‍. ആദ്യമായിട്ടാണ് ഒരു നടനെക്കാണണമെന്ന് തനിക്ക് തോന്നുന്നത് എന്നും രാജസാര്‍ അന്ന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ വേണുച്ചേട്ടന്‍ 'അദ്ഭുതക്കൈമള്‍' എന്നായിരുന്നു വിളിക്കുക.

അടിമുടി നടനായിരുന്നു വേണുച്ചേട്ടന്‍. അഭിനയം അദ്ദേഹത്തിന് ശ്വാസമായിരുന്നു. തന്റെ മുഖത്തിന്റെ രൂപം കഥാപാത്രത്തിനനുസരിച്ച് മാറ്റിക്കൊണ്ടിരിക്കുന്ന ഒരു നടനെ വേണുച്ചേട്ടനെപ്പോലെ ഞാന്‍ വേറെ കണ്ടിട്ടില്ല. കഥാപാത്രത്തെപ്പറ്റി വിശദമായി ചോദിച്ചു മനസ്സിലാക്കും. അതിന്റെ രൂപഭാവങ്ങള്‍ എങ്ങനെയാവണം എന്ന് ഒരു ധാരണയിലെത്തും. ഫോട്ടോയെടുത്ത് അയച്ചുതരും. തിരുത്തലുകള്‍ പറഞ്ഞാല്‍ കൃത്യമായി അതു ചെയ്യും. ഈ പ്രായത്തിലും സാമൂതിരിയാവാന്‍ എത്രമാത്രമാണ് അദ്ദേഹം അധ്വാനിച്ചത് എന്നോര്‍ക്കുമ്പോള്‍ കണ്ണീര്‍നനവോടെ ഞാന്‍ നമിച്ചുപോവുന്നു.

അഭിനയംപോലെ കവിതയും നാടന്‍പാട്ടും വേണുച്ചേട്ടന്റെ രക്തത്തില്‍ കലര്‍ന്നവയായിരുന്നു. അതിമനോഹരമായി കവിതകള്‍ ചൊല്ലും, പാട്ടുകള്‍ പാടും. എത്ര സന്ധ്യകളില്‍, എത്ര രാത്രികളില്‍ ഞാന്‍ ആ ആലാപനങ്ങളിലും പാട്ടുകളിലും മുഴുകി ആനന്ദത്തോടെയിരുന്നിട്ടുണ്ട്!

എനിക്ക് ഹിന്ദിയില്‍ തിരക്കായപ്പോള്‍ ഞാനും വേണുച്ചേട്ടനും ഏകദേശം ആറുവര്‍ഷത്തോളം തമ്മില്‍ കണ്ടില്ല. പിന്നീട് എന്നെ കണ്ടപ്പോള്‍ അദ്ദേഹം തിരിഞ്ഞുനടന്നുകളഞ്ഞു. എന്താണ് കാരണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, മലയാളത്തില്‍ സിനിമയെടുക്കുമ്പോള്‍ ബഹുമാനിച്ചാല്‍പ്പോരേ എന്നായിരുന്നു മറുപടി. അങ്ങനെയൊന്ന് വരുന്നുണ്ട് എന്നു പറഞ്ഞപ്പോള്‍ വേണുച്ചേട്ടന്റെ മുഖത്ത് പ്രസിദ്ധമായ ആ കള്ളച്ചിരി പടര്‍ന്നു. തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ ഫുള്‍ സ്‌ക്രിപ്റ്റ് മുന്നിലേക്ക് വെച്ചുകൊടുത്തു. വേണുച്ചേട്ടന്‍ എഴുന്നേറ്റ് ആ സ്‌ക്രിപ്റ്റിനെ തൊഴുതു. എന്നിട്ട് പറഞ്ഞു: ''ആദ്യമായി നിന്റെ കൈയില്‍ ഒരു ഫുള്‍ സ്‌ക്രിപ്റ്റ് കണ്ടല്ലോ!''

ഏറ്റവുമൊടുവില്‍ പത്തുദിവസംമുമ്പ് ഞാന്‍ വേണുച്ചേട്ടനെ വിളിച്ചിരുന്നു. എം.ജി. ശ്രീകുമാറിനൊപ്പം ഒരു ഉഗ്രന്‍ ഷര്‍ട്ടിട്ട് നില്‍ക്കുന്ന ഫോട്ടോ കണ്ടാണ് വിളിച്ചത്.

''വയസ്സായില്ലേ ഇങ്ങനത്തെ ഷര്‍ട്ടൊക്കെയിട്ട് നില്‍ക്കാന്‍...'' -ഞാന്‍ ചോദിച്ചു

''വെറുതേ കിട്ടിയതാടാ, വെറുതേ കിട്ടിയാല്‍ നമുക്ക് എന്തും ഇടാമല്ലോ'' -എന്നുപറഞ്ഞ് തുറന്നുചിരിച്ചു.

വേണുച്ചേട്ടന്‍ പിരിഞ്ഞുപോയപ്പോള്‍ എന്റെ ജീവിതപുസ്തകത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തീരുന്നു; തെളിഞ്ഞ സ്‌നേഹത്തിന്റെയും നിറഞ്ഞ ആഘോഷങ്ങളുടെയും പെരുമഴതോരുന്നു; ചൊല്‍ക്കാഴ്ചകളുടെയും പാട്ടുത്സവങ്ങളുടെയും കൊടിയിറങ്ങുന്നു; ഞാന്‍ കൂടുതല്‍ക്കൂടുതല്‍ തനിച്ചാവുന്നു -ഇനി കൂട്ടായി അവശേഷിക്കുന്നത് ആ അദ്ഭുതക്കൈമളിനൊപ്പമുണ്ടായിരുന്ന എണ്ണമറ്റനിമിഷങ്ങളുടെ ഓര്‍മകള്‍ മാത്രം.


Content Highlights: Priyadarshan remembers Nedumudi Venu