നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി അടയാളപ്പെടുത്തുന്ന കഥാപാത്രമാണ് തകരയിലെ ചെല്ലപ്പനാശാരി. നെടുമുടി വേണുവെന്ന അഭിനേതാവിന്റെ മികവ് തെളിയിച്ച കഥാപാത്രം. വേണുവിന്റെ അഭിനയം കണ്ട് ഇയാള്‍ ശരിക്ക് ആശാരി തന്നെയാണോ എന്ന് കരുതാത്തവര്‍ വിരളം. അത്തരത്തിലൊരു അനുഭവ കഥ നെടുമുടി വേണു തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എന്‍.കെ.ആചാരി,  വേണു ആശാരി തന്നെയായിരിക്കുമെന്ന് അഭിപ്രായപ്പെട്ട കഥ. 

നെടുമുടി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ജീവിതകഥ​യില്‍ പങ്കുവെച്ച ഓര്‍മകള്‍ 

"ഭരതനും പത്മരാജനും കൂടി ചെല്ലപ്പനാശാരിയെന്ന കഥാപാത്രമായി പകര്‍ന്നാടാനാവശ്യപ്പെട്ട് വന്നപ്പോള്‍ നെടുമുടിയിലെ ഏതൊക്കെയോ ആശാരിമാരുടെ മുഖങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. എനിക്ക് എന്റെ സങ്കല്പത്തിലുള്ള ആശാരിയെ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. നടുവിനൊരു പിടിത്തമിട്ട്, പൃഷ്ഠം കുറച്ചു പിറകോട്ടുതള്ളി, കൈയില്‍ മുഴക്കോലും സഞ്ചിയുമായി ഒരു പ്രത്യേക താളത്തില്‍ നടന്നുപോകുന്ന ആശാരിയെ

ഞാന്‍ അവതരിപ്പിച്ചുകാണിച്ചപ്പോള്‍ നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന ഭരതനും പത്മരാജനും വലിയ സന്തോഷമായി. അവരുദ്ദേശിച്ച ചെല്ലപ്പനാശാരി അതുതന്നെയെന്ന് ഇരുവരും ഉറപ്പിച്ചു. തകര ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തകര കണ്ട ജഗതി എന്‍.കെ. ആചാരി, മകന്‍ ജഗതി ശ്രീകുമാറിനോട് ഇങ്ങനെ പറഞ്ഞത്രേ: ''എടാ, തകര എന്നൊരു സിനിമയിറങ്ങിയിട്ടുണ്ട്. നീ അതൊന്നുപോയി കാണണം. അതിലൊരാശാരിയുണ്ട്. അയാള്‍ ശരിക്കുള്ള ആശാരിയാണോ? ശരിക്കുള്ള ആശാരിയല്ലെങ്കില്‍ അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല...'' ജഗതി ശ്രീകുമാര്‍തന്നെയാണ് ഈ കഥ ഒരിക്കല്‍ എന്നോടു പറഞ്ഞത്."