നെടുമുടി വേണു മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് 2017 ല്‍ നല്‍കിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.

നെടുമുടി വേണുവെന്ന വലിയ നടനോട് സംസാരിച്ചിരിക്കുക എന്നതുതന്നെ രസകരമായ അനുഭവമാണ്. നിറഞ്ഞ സൗഹൃദത്തോടെ സരസമായ ഭാഷണം. സിനിമയെയും സാഹിത്യത്തെയും കുറിച്ചുള്ള സമഗ്ര ധാരണ - ഇതൊക്കെയായിരിക്കണം അതിനു കാരണം. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച വേണുച്ചേട്ടന് സിനിമയെയും നാടകത്തെയും മാറ്റിനിര്‍ത്തി ഒരു ജീവിതമില്ല. അരങ്ങത്തായാലും ക്യാമറയ്ക്ക് മുന്നിലായാലും വെറുതെയങ്ങ് അഭിനയിച്ചുപോവുകയല്ല. മറിച്ച് അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും കഥാസന്ദര്‍ഭത്തിലും തന്റെതായ എന്തെങ്കിലും അവശേഷിപ്പിക്കുന്ന നടനാണ് അദ്ദേഹം. 

അഭിനയിക്കുന്നതിനൊപ്പം കൊട്ടാനും പാടാനും ആടാനും കൊതിക്കുന്ന കലാകാരന്‍. ആദ്യമായി അഭിനയിച്ച സിനിമയുടെ പേരാണ് തിരുവനന്തപുരത്തെ സ്വന്തം വീടിന് അദ്ദേഹം നല്‍കിയിരിക്കുന്നത് - തമ്പ്. ചിത്രകാരനായ ദേവന്‍ ഡിസൈന്‍ ചെയ്ത വീട്ടില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കൊത്തിവെച്ച ശില്പങ്ങളുള്ള കോലായില്‍ ഇരുന്ന് വേണുച്ചേട്ടന്‍ തന്റെ ജീവിതത്തെയും സിനിമകളെയും കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തെയും കുറിച്ച് സംസാരിച്ചു. ജഗതിയും തിലകനുമായുണ്ടായി ഒരു കാലത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന പ്രചരണങ്ങള്‍ക്കും നെടുമുടി വേണു മറുപടി നല്‍കുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖം 

സ്വതന്ത്ര ഇന്ത്യക്ക് ഒരു വയസ്സ് തികയുന്ന കാലത്താണ് വേണുവിന്റെ ജനനം. അന്നത്തെ രാഷ്ട്രീയ, സാമൂഹികാവസ്ഥകള്‍ ബാല്യകൗമാരങ്ങളെ സ്വാധീനിച്ചുകാണുമല്ലോ?

കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നുവരുന്ന സമയമായിരുന്നു. നാട്ടിലെ ചെറുപ്പക്കാരൊക്കെ ഇടതുപക്ഷ ചിന്താഗതിയുള്ളവരായിരുന്നു. ആ ഒരു സാമൂഹികാന്തരീക്ഷത്തിലാണ് എന്റെ ബാല്യം. ചേട്ടന്‍മാരൊക്കെ നന്നായി വായിക്കുമായിരുന്നു. ഞാനും അതുകൊണ്ട് ചെറുപ്പത്തിലേ നോവലുകളും നാടകങ്ങളുമൊക്കെ വായിക്കാന്‍ തുടങ്ങി. വായിച്ച് ഇഷ്ടംതോന്നിയ എഴുത്തുകാരൊക്കെ കമ്യൂണിസ്റ്റുകാരായിരുന്നു. അങ്ങനെ എനിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചായ്വുണ്ടായി. അച്ഛനും അമ്മയുമൊക്കെ കോണ്‍ഗ്രസുകാരായിരുന്നു. പക്ഷേ, മക്കള്‍ക്ക് വൈകാരികമായ അടുപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയോടായി. വലിയ കമ്യൂണിസ്റ്റ് നേതാക്കളോടൊക്കെ തോന്നിയ ആരാധനയായിരുന്നു അതിന് അടിസ്ഥാനം. ലളിതമായ വേഷം ധരിച്ച് പാര്‍ട്ടി ഓഫീസില്‍ കിടന്നുറങ്ങി ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളുമൊത്ത് ഭക്ഷണം പങ്കിട്ട് ജീവിക്കുന്ന സുഗതനെപോലുള്ള കമ്യൂണിസ്റ്റുകാര്‍ ചെറുപ്പത്തില്‍ വലിയ സ്വാധീനമാണ് ഞങ്ങളില്‍ ഉണ്ടാക്കിയത്. 

ആദ്യത്തെ നാടകാഭിനയം ഓര്‍മയിലുണ്ടോ?

സ്‌കൂള്‍ അവധിക്കാലത്ത് സ്വയം ഉണ്ടാക്കിയെടുക്കുന്ന നാടകങ്ങള്‍ കളിക്കുമായിരുന്നു. ഒരു കഥയുണ്ടാക്കി. നാട്ടില്‍ ലഭ്യമായിരുന്ന കോപ്പുകളും ചമയങ്ങളും ഉപയോഗിച്ച് മേക്കപ്പിടും. തോട്ടിലൂടെ ഒഴുകിയെത്തുന്ന പോളകൊണ്ട് താടിയുണ്ടാക്കും. അത് വാഴനാരുകൊണ്ട് മുഖത്ത് കെട്ടിവെക്കും. ചെങ്കല്ലിലെ വെളുത്തഭാഗം അടര്‍ത്തിയെടുത്ത് കുങ്കുമം ചേര്‍ത്ത് മുഖത്ത് തേക്കാനുള്ള പേസ്റ്റ് ഉണ്ടാക്കും. കര്‍ട്ടനൊക്കെ കെട്ടിയുണ്ടാക്കി എല്ലാവരെയും അറിയിച്ചാണ് നാടകം തുടങ്ങുക. ഇത് കാണാന്‍ മുതിര്‍ന്നവരടക്കം ഒരുപാട് ആളുകള്‍ വരും. അവര്‍ അഭിപ്രായം പറയും. എട്ടോ ഒന്‍പതോ വയസ്സേ അന്നെനിക്ക് ഉണ്ടായിരുന്നുള്ളൂ. സ്‌കൂളിലും നാടകം അവതരിപ്പിച്ചിരുന്നു. വീരരാഘവന്‍ നായരുടെ ഇണ്ടസ്ത്രീ, ഇന്‍ഡസ്ട്രിയാണത്. നാട്ടുശൈലിയില്‍ അങ്ങനെയാണ് പറയുക. അതാണ് മനസ്സില്‍ നില്‍ക്കുന്ന ആദ്യ നാടകം. എന്നെക്കാള്‍ കുറേക്കൂടി മുതിര്‍ന്ന ഒരു ഗോപിച്ചേട്ടനൊക്കെ അഭിനയിച്ചിരുന്നു. ഞാനന്ന് ഏഴാംക്ലാസിലാണ്. മീശയൊക്കെവെച്ച് ഒരു ഗുമസ്തന്റെ റോളാണ് ഞാന്‍ ചെയ്തത്. ഗോപിച്ചേട്ടന്‍ റൗഡിയായാണ് അഭിനയിച്ചത്. റിഹേഴ്‌സലില്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങളൊക്കെ അയാള്‍ സ്റ്റേജില്‍ കാണിച്ചു. കത്തിയെടുത്ത് പുറംചൊറിയുന്നു. നഖംവെട്ടുന്നു. അങ്ങനെയൊക്കെ. അതുകണ്ട് ആളുകള്‍ കൈയടിക്കുന്നു. അപ്പോള്‍ എനിക്കും വാശിയായി. തലയില്‍നിന്ന് ഒന്നുരണ്ടുതവണ പേനെടുത്ത് കൊല്ലുന്നതായി കാണിച്ചു. വലിയ മീശയില്‍നിന്നും ഒരു പേനിനെയെടുത്തു. അപ്പോള്‍ ആളുകള്‍ കൈയടിച്ച് പൊട്ടിച്ചിരിച്ചു. അതൊക്കെ വിലയേറിയ അഭിനയപാഠങ്ങളാണ്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്ത്രീവേഷമായിരുന്നു കിട്ടിയിരുന്നത്. പെണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളാണ്. അവരും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, ഒരു വര്‍ഷം മികച്ച നടിക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു! എസ്.ഡി. കോളേജില്‍ പഠിക്കാന്‍വേണ്ടി ആലപ്പുഴയില്‍ എത്തിയതോടെ ഫാസിലിനൊപ്പം കുറേക്കൂടി സീരിയസായ നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ഒരു വര്‍ഷം മികച്ച സീരിയസ് നടനുള്ള അവാര്‍ഡ് ഫാസിലിനും ഹാസ്യനടനുള്ള അവാര്‍ഡ് എനിക്കുമായിരുന്നു. ഏഴുരാത്രികള്‍ എന്ന നാടകത്തില്‍ പാഷാണം വര്‍ക്കിയുടെ റോളാണ് ഞാന്‍ അവതരിപ്പിച്ചത്. പിന്നെ ഫാസിലുമായി ചേര്‍ന്ന് ഒരുപാട് നാടകങ്ങള്‍ കളിച്ചു. ഞങ്ങള്‍ക്കിടയില്‍ ദൃഢമായൊരു ബന്ധം രൂപപ്പെട്ടുവന്നു. 

മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന വ്യക്തിയാണ് വേണു. അന്നത്തെയും ഇന്നത്തെയും സാമൂഹികാവസ്ഥയില്‍ വന്ന മാറ്റം സിനിമയില്‍ എത്രത്തോളം പ്രകടമാണ്?

സാമൂഹികാവസ്ഥയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായോ അതൊക്കെ സിനിമയിലും ഉണ്ടായിട്ടുണ്ട്. വസ്ത്രധാരണത്തില്‍, ഭക്ഷണത്തില്‍, വീട് വെയ്ക്കുന്ന രീതിയില്‍, ആളുകള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ സിനിമയിലും പ്രതിഫലിച്ചല്ലേ തീരൂ. അത്തരം മാറ്റങ്ങള്‍ ഒരിക്കലും എന്റെ സിനിമായാത്രയില്‍ പ്രയാസമുണ്ടാക്കിയിട്ടില്ല. നമ്മള്‍ പഠിച്ചതും അറിഞ്ഞതും മാത്രമാണ് ശരിയെന്ന് വിശ്വസിച്ചാല്‍ ബുദ്ധിമുട്ടാവും. പുതിയ കാര്യങ്ങള്‍, ശരികള്‍ തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ കളത്തിന് പുറത്താവും. 

ഭരതന്‍, പത്മരാജന്‍ എന്നിവരുടെയൊക്കെ കാലം മലയാളസിനിമയിലെ സുവര്‍ണകാലമെന്ന് കരുതുന്നവരുണ്ട്. എന്തു തോന്നുന്നു?

മലയാളസിനിമയുടെ നല്ല കാലങ്ങളിലൊന്നായി സിനിമാനിരൂപകര്‍ വിലയിരുത്തിയ കാലഘട്ടമാണത്. അവരുടെയൊക്കെ സിനിമകളുമായി സഹകരിക്കുമ്പോള്‍ നമുക്കുമത് ഫീല്‍ ചെയ്തിരുന്നു. പിന്നെ സിനിമയ്ക്കകത്തെ ആളുകള്‍ തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമായിരുന്നു. നടന്‍-സംവിധായകന്‍, നടന്‍-തിരക്കഥാകൃത്ത്, സംവിധായകന്‍-ക്യാമറാമാന്‍ എന്നിങ്ങനെ കള്ളിതിരിച്ചല്ലാതെ ഔപചാരികതകള്‍ ഇല്ലാത്ത ബന്ധം നിലനിന്നിരുന്നു. തിരക്കഥ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട ആളുമായി ചര്‍ച്ച ചെയ്യും. അങ്ങനെയൊരു വിശ്വാസത്തിന്റെ, കൂട്ടായ്മയുടെ ഫലമാണ് ആ നല്ല സിനിമകള്‍ എന്നു തോന്നിയിട്ടുണ്ട്. ഫല്‍റ്റുകള്‍ വന്നതോടെ കുടുംബങ്ങള്‍ ചിതറിപ്പോയതുപോലത്തെ മാറ്റങ്ങള്‍ സിനിമാലോകത്തും പില്‍ക്കാലത്ത് സംഭവിച്ചു. 

പൂരം എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു. എന്തായിരുന്നു അതിന്റെ പ്രചോദനം? 

ഡേവിഡ് കാച്ചപ്പിള്ളി എന്നും നല്ല സിനിമകളുടെ കൂടെനിന്ന നിര്‍മാതാവാണ്. വിടപറയും മുമ്പേ, ലേഖയുടെ മരണം ഒരു ഫല്‍ഷ്ബാക്ക്, ഓര്‍മയ്ക്കായി, ഇളക്കങ്ങള്‍, ഒരു കഥ ഒരു നുണക്കഥ തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഞാന്‍ അഭിനയിച്ചിരുന്നു. മിക്കതിലും ഞാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഡേവിഡിന് വേണ്ടി ഒരു പടം ചെയ്യാമെന്ന് ഗുഡ്‌നൈറ്റ് മോഹന്‍ സമ്മതിച്ചു. അങ്ങനെ ഡേവിഡ് നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ സംവിധാനം ചെയ്യാന്‍ മുതിര്‍ന്നത്. സത്യത്തില്‍ ഞാനന്ന് വിളഞ്ഞു പഴുക്കുക എന്നൊരു അവസ്ഥയില്‍ എത്തിയിട്ടില്ലായിരുന്നു. തല്ലിപ്പഴുപ്പിച്ചതാ. എങ്കിലും ആ സിനിമയ്ക്ക് ഒരുപാട് ആളുകളുടെ നല്ല അഭിപ്രായം നേടിയെടുക്കാനായി. മാത്രമല്ല ഒരു കപ്പിത്താനെന്നനിലയ്ക്ക് നല്ല ഒരു അനുഭവമായിരുന്നു അത്. ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ വലിയ പാഠവുമായിരിക്കും.

വിവാദങ്ങള്‍ ഉണ്ടായാല്‍, ആരോപണങ്ങള്‍ വന്നാല്‍ പൊതുവേ മറുപടി പറയാറില്ല ?

അതങ്ങനെയാണ്. പലപ്പോഴും അനാവശ്യമായി ഉണ്ടാക്കുന്ന വിവാദങ്ങളാണ്. ഉദാഹരണമായി ഞാന്‍ സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലേക്ക് ജഗതി ശ്രീകുമാറിനെ കാസ്റ്റ് ചെയ്തു. സിനിമയില്‍ ഗ്രൂപ്പായി അഭിനയിക്കേണ്ട രംഗങ്ങളാണ് ആദ്യത്തെ പത്തുദിവസം പ്ലാന്‍ ചെയ്തിരുന്നത്. അതില്‍ അനിവാര്യമായിരുന്ന കഥാപാത്രമാണ് ജഗതിയുടെത്. പക്ഷേ, ജഗതി നിര്‍മാതാവിനെ വിളിച്ച് പറഞ്ഞു, അഞ്ചുദിവസം കഴിഞ്ഞേ വരാന്‍ പറ്റൂ എന്ന്. ഞാന്‍ ആ അഞ്ചുദിവസം ജഗതിയില്ലാത്ത സീനുകള്‍ മാത്രം ഷൂട്ടുചെയ്തു. അപ്പോള്‍ വീണ്ടും അഞ്ചുദിവസം കഴിഞ്ഞേ വരാന്‍ പറ്റൂ എന്ന്. അങ്ങനെ സിനിമ മുടങ്ങും എന്നായപ്പോള്‍ ഞാന്‍ ജഗദീഷിനെവെച്ച് ആ രംഗങ്ങള്‍ ചെയ്തു. ആ സമയത്ത് ആരോ ചിലര്‍ ചെന്ന് ജഗതിയെക്കൊണ്ട് പ്രസ്താവന ഇറക്കിച്ചു. സിനിമയ്ക്ക് മുമ്പേ ഞങ്ങള്‍ തമ്മില്‍ ബന്ധമുള്ളതാണ്. എന്നോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നെല്ലാം ജഗതി പറഞ്ഞു. ഞാന്‍ ഒന്നും പ്രതികരിച്ചില്ല. അതിനുശേഷം നേരില്‍കണ്ടപ്പോള്‍ ഞാന്‍ ജഗതിയോട് പറഞ്ഞു, നമ്മള്‍ തമ്മില്‍ ഇങ്ങനെ വിഴുപ്പലക്കുന്നത് കാണാന്‍ ഇഷ്ടമുള്ളവരുണ്ടാവും. പക്ഷേ, ഞാന്‍ വിവാദത്തിനില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ചിലര്‍ വന്ന് ഇങ്ങനെ കുത്തി സംസാരിച്ചപ്പോള്‍ അങ്ങനെ പറഞ്ഞതാണ്. അത് കാര്യമാക്കേണ്ട എന്ന്. അത്രയേ ഉള്ളൂ വിവാദങ്ങളില്‍. 

മലയാളികള്‍ക്ക് വലിയ ദുഃഖമുണ്ടാക്കിയ കാര്യമായിരുന്നു തിലകനും നെടുമുടി വേണുവും തമ്മിലുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മ.

അതും ഞാന്‍ നേരത്തെ പറഞ്ഞപോലെ അനാവശ്യ വിവാദമായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധം അവസാനംവരെ നിലനിന്നിരുന്നു. എന്റെ മകന്റെ വിവാഹത്തിന് അദ്ദേഹം ഇവിടെ വന്നിരുന്നു. അദ്ദേഹത്തെ വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ ചെയ്ത സിനിമയിലെ പ്രധാന കഥാപാത്രം ചെയ്തത് അദ്ദേഹമാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരേ മുറിയില്‍ താമസിച്ചിട്ടുണ്ട്. ചിലര്‍ വെറുതെ പറഞ്ഞുണ്ടാക്കിയതാണ് വിവാദങ്ങള്‍. 

Content Highlights: Nedumudi Venu passed away, interview about movies, life