രവിന്ദന്റെ തമ്പില്‍ തുടങ്ങി ഭരതന്റെ തകരയിലൂടെ  വളര്‍ന്ന് അഭിനയപാടവം കൊണ്ട് അംഗീകാരത്തിന്റെ സിംഹാസനങ്ങള്‍ പിടിച്ചെടുത്ത നടന്‍. നെടുമുടിയെ അഭിനയത്തിന്റെ കൊടുമുടിയെന്ന് വിശേഷിപ്പിച്ചത് നടികര്‍തിലകം ശിവാജി ഗണേശനാണ്.ജീവിതയാത്രയിലെ ചില നിമിഷങ്ങളിങ്ങനെ...

നുറുങ്ങുവെട്ടം കെടുത്തി നായകന്‍

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലൂടെ ഭാവാഭിനയത്തിന്റെ സൂക്ഷ്മതലങ്ങള്‍ പ്രകടിപ്പിച്ച രാവുണ്ണിമാഷെന്ന കഥാപാത്രത്തിന് ദേശീയപുരസ്‌ക്കാരം അന്ന് നഷ്ടപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.സിനിമയുടെ അവസാന പതിനഞ്ചുമിനിറ്റില്‍ സംഭവിച്ച ഇഴച്ചിലാണ് സിനിമയ്ക്ക് പ്രതികൂലമായത് എന്ന വിലയിരുത്തല്‍ അക്കാലത്ത് ചര്‍ച്ചയായിരുന്നു. മലയാളത്തില്‍ നിന്ന് നെടുമുടിക്കുപുറമെ 'ന്യൂഡല്‍ഹി'യുമായി മമ്മൂട്ടിയും ആ വര്‍ഷത്തെ ദേശീയപുരസ്‌ക്കാര മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ മികച്ചനടനുള്ള അവാര്‍ഡ് ലഭിച്ചത് 'നായകന്‍' സിനിമയിലെ പ്രകടനത്തിന് കമല്‍ഹാസനായിരുന്നു. പുരസ്‌ക്കാരപ്രഖ്യാപനത്തെക്കുറിച്ച് നെടുമുടി നടത്തിയ പ്രതികരണം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.

'മംഗളം നേരുന്നു' എന്ന ചിത്രത്തിലെ പ്രകടനത്തെ പുറകിലാക്കി 'അര്‍ധസത്യ'ത്തിലെ അഭിനയത്തിലൂടെ ഓംപുരി മുന്‍പ് പുരസ്‌ക്കാരം നേടിയപ്പോള്‍ വിഷമം തോന്നിയില്ലെന്നും എന്നാല്‍ നായകന്‍ പോലുള്ള കൊമേഴ്ഷ്യല്‍ സിനിമയില്‍ കമല്‍ഹാസന് പുരസ്‌ക്കാരം നല്‍കാന്‍ പുറംതള്ളപ്പെട്ടതില്‍ ദു:ഖം തോന്നിയെന്നുമായിരുന്നു അന്ന് വേണുവിന്റെ വാക്കുകള്‍. കമല്‍ഹാസന്‍ ഇന്ത്യയിലെ മികച്ച നടന്‍മാരില്‍ ഒരാളാണെന്നും ആ വര്‍ഷത്തെ മൊത്തം പ്രകടനം വിലയിരുത്തിയാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ മനസ്സിലാക്കാമെന്നും നായകന്‍ സിനിമ മാത്രം ചൂണ്ടിക്കാണിച്ച് അവാര്‍ഡ് നല്‍കിയതില്‍ അപാകതയുണ്ടെന്ന് തോന്നിയെന്നുമായിരുന്നു നെടുമുടിയുടെ പ്രതികരണം.

ആംബുലന്‍സില്‍ തമ്പുരാന്‍

തച്ചുവിദ്യയില്‍ അച്ഛനേക്കാള്‍ കേമനാകുന്ന മകന്‍, മകന്റെ മികവിന് മുന്നില്‍ അസൂയയുടെ കലിബാധിച്ച അച്ഛന്‍... എം.ടി.യുടെ തിരക്കഥയില്‍ പെരുന്തച്ചന്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന കാലം. കര്‍ണാടകയിലെ കുന്ദാപുരത്തായിരുന്നു ലൊക്കേഷന്‍. ചിത്രത്തിലെ മാമ്പറ്റ ഉണ്ണി തമ്പുരാന്റെ വേഷം അവതരിപ്പിക്കാനായി നെടുമുടി വേണു മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങി. അവിടെ നിന്ന് എണ്‍പത് കിലോമീറ്ററോളം റോഡുമാര്‍ഗം സഞ്ചരിച്ചുവേണം ചിത്രീകരണം നടക്കുന്ന സ്ഥലത്തെത്താന്‍. അപ്രതീക്ഷതമായി പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് അന്ന് രാവിലെ നാട് നിശ്ചലമായി. പ്രതിഷേധം ശക്തം. രാവിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ നെടുമുടി വേണുവിനെ സ്വീകരിച്ച് കൊണ്ടുപോകാന്‍ പ്രൊഡക്ഷന്‍ ടീം ഒരു ആംബുലന്‍സുമായാണ് എത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും എഴുപത് കിലോമീറ്റര്‍ അകലെയുളള ഹോട്ടലിലേക്കും അവിടെനിന്ന് ലൊക്കേഷനിലേക്കും ആംബുലന്‍സില്‍ തന്നെ യാത്ര തുടരാമെന്ന് അവര്‍ അറിയിച്ചു.ട

''ആംബുലന്‍സിന്റെ വാതില്‍ തുറന്നുപിടിച്ച് വേഗം കയറൂ വേണ്വേട്ടാ...എന്ന ഡയലോഗ്. ആംബുലന്‍സിനെ കുറിച്ചു ചോദിച്ചപ്പോള്‍ ബന്ദായതുകൊണ്ട് സുരക്ഷിതയാത്ര ഒരുക്കാനാണ് അത്തരമൊരുമാര്‍ഗം സ്വീകരിച്ചതെന്നായിരുന്നു അവരുടെ മറുപടി''. ബന്ദ് ദിനത്തിലെ യാത്ര ഒഴിവാക്കാമെന്നും രാത്രിവരെ മംഗലാപുരത്തുതന്നെ തങ്ങാമെന്നും നെടുമുടി പറഞ്ഞെങ്കിലും, ആംബുലന്‍സുമായെത്തിയ സംഘം ധൈര്യം നല്‍കി അദ്ദേഹത്തെ വാഹനത്തില്‍ കയറ്റുകയായിരുന്നു.

പ്രതിഷേധക്കാര്‍ വാഹനം വളയുകയാണെങ്കില്‍ സ്ട്രെക്ച്ചറില്‍ കയറിക്കിടന്നാല്‍ മതിയെന്നായിരുന്നു പ്രൊഡക്ഷന്‍ ടീമിന്റെ ഉപദേശം. യാത്രയില്‍ അപകടവും അക്രമവുമൊന്നുമുണ്ടായില്ലെങ്കിലും ജല്‍സൂരിലെത്തിയപ്പോള്‍ റോഡില്‍ ആള്‍ക്കൂട്ടത്തെ കണ്ടു. ഉടനെ ഷര്‍ട്ടഴിച്ച് ആംബുലന്‍സില്‍ നീണ്ടുനിവര്‍ന്നുകിടക്കേണ്ടി വന്നത് വിവരിക്കുമ്പോള്‍ നെടുമുടിവേണുവിന്റെ മുഖത്ത് ചിരിപൊട്ടി.

മരുതും ചെല്ലപ്പനാശാരിയും

ആരവം സിനിമയില്‍ മരുതിന്റെ വേഷത്തില്‍ കമല്‍ഹാസനെയായിരുന്നു ഭരതന്‍ ആദ്യം മനസ്സിലുറപ്പിച്ചിരുന്നത്. നെടുമുടിവേണുവുമായുള്ള പരിചയം സൗഹൃദത്തിലേക്ക് മാറുകയും കൂടുതല്‍ അടുത്തറിയുകയും ചെയ്തതോടെ വേഷം വേണു ചെയ്താല്‍ നന്നാകുമെന്ന ചിന്ത ഭരതനിലുദിക്കുകയായിരുന്നു. ഇരുകൈയ്യും നീട്ടിയാണ് വേണു വേഷം സ്വീകരിച്ചത്. പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് വേണുതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു മുന്നിലൂടെയെല്ലാം തോക്കുമേന്തി 'മുക്കുറ്റി തിരുതാളി..' എന്ന ഗാനരംഗത്ത് അദ്ദേഹം ഇളകിയാടി അഭിനയിച്ചു. ഡാന്‍സ് മാസ്റ്ററൊന്നുമില്ലാതെ ചിത്രീകരിച്ച ഗാനരംഗത്ത് നെടുമുടി സ്വന്തമായി ചുവടുകള്‍ ചിട്ടപ്പെടുത്തുകയായിരുന്നു. ഭരതനും പത്മരാജനും ചേര്‍ന്നാണ് തകരയിലെ ചെല്ലപ്പനാശാരിയെ നെടുമുടിക്കുമുന്നില്‍ വിവരിച്ചത്. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ വേണുതന്നെ ചെല്ലപ്പനാശാരിയുടെ നടത്തവും ഇരുത്തവും ഇടപെടലുകളുമെല്ലാം ശരിയാക്കി. സിനിമ കണ്ട ജഗതിയുടെ അച്ഛന്‍ ജഗതി എന്‍.കെ. ആചാരി അന്ന് ചോദിച്ചത് ''ഇയാള്‍ ശരിക്കും ഒരു ആശാരിയാണോ..,അല്ലെങ്കില്‍ ഇത്ര സ്വാഭാവികമായി സൂക്ഷ്മഭാവങ്ങള്‍ അവതരിപ്പിക്കാനാകില്ല''- എന്നായിരുന്നു.

തലമൊട്ടയിടിച്ചു, ചെറുപ്പത്തിലേ നരമുടിവേണു

വാണിജ്യ സിനിമയുടെ ആഡംബരങ്ങളില്‍ നിന്ന് വഴിമാറിനടന്ന നടനാണ് നെടുമുടിവേണു. അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളെ പ്രായം നോക്കാതെ അദ്ദേഹം സ്വീകരിച്ചു. മികച്ചനടനായും സഹനടനായും അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോഴും താരമാകാതെ നടനായി തുടര്‍ന്നു. നെടുമുടി വേണു ചെറുപ്പത്തിലേ നരമുടിവേണുവായെന്ന് സിനിമാസെറ്റുകളിലെ അടക്കംപറച്ചിലുകള്‍ക്കൊന്നും അദ്ദേഹം ചെവി കൊടുത്തില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പി.ജെ.ആന്റണി, ഗോപി എന്നിവരുടെ തുടര്‍ച്ചയായി നെടുമുടിയും മുന്നോട്ടുപോയി. കഥാപാത്രങ്ങളുടെ ആവിഷ്‌ക്കരണത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന അസാമാന്യപാടവമാണ് എണ്‍പതുകളില്‍ അദ്ദേഹത്തെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാക്കിമാറ്റിയത്. വൈശാലി സിനിമയില്‍ രാജഗുരുവായഭിനയിക്കാന്‍ ചെന്നപ്പോള്‍ പ്രൊഡക്ഷന്‍ ടീം കൊണ്ടുവന്ന വിഗ്ഗുകളൊന്നും കഥാപാത്രവുമായി ചേര്‍ന്നുനിന്നില്ല. മുടി മൊട്ടയടിച്ചാലോ എന്ന് ആരോ ചോദിച്ചപ്പോള്‍ യാതൊരു എതിര്‍പ്പുമില്ലാതെ രാജഗുരുവാകാന്‍ തലമുടി വടിക്കാന്‍ തയ്യാറായി.
ദൂരദര്‍ശനുവേണ്ടി നെടുമുടിവേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര അക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയിരുന്നു. നെടുമുടിവേണു എന്ന നാട്ടിന്‍പുറത്തുകാരന്റെ ഫലിതബോധമായിരുന്നു കൈരളീവിലാസം സീരിയലിന്റെ നട്ടെല്ല്.

മരണമഭിനയിക്കുന്ന മഹാനടന്‍

മരണമഭിനയിക്കുന്ന മഹാനടനെന്ന തലക്കെട്ട് എഴുതിയത് നെടുമുടിവേണുതന്നെയാണ്. മലയാളം പഠിച്ച് നാടകപ്രവര്‍ത്തവുമായി കഴിയുന്ന കാലത്തിന്റെ തുടര്‍ച്ചയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകന്റെ ജോലിയിലേക്കു പ്രവേശിക്കുന്നത്. ജി.ശങ്കരക്കുറുപ്പ് വിടവാങ്ങിയപ്പോള്‍ കലാകൗമുദിക്കുവേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് നെടുമുടിവേണുവായിരുന്നു. ആ കിടപ്പുകണ്ടാല്‍ മരിച്ചുകിടക്കുകയാണെന്ന് തോന്നിയിരുന്നില്ല എന്നാണ് തലക്കെട്ടിനെക്കുറിച്ച് വേണു പിന്നീട് പറഞ്ഞത്. മറ്റുവിഷയങ്ങളൊന്നും ലഭിക്കാതെ വരുമ്പോള്‍ കോളേജില്‍ മലയാളം പ്രധാനവിഷയമായി തിരഞ്ഞെടുക്കുന്നവരുടെ കൂട്ടത്തില്‍നിന്ന് വേണു വ്യത്യസ്തനായിരുന്നു. മലയാളം പഠിക്കാന്‍ വേണ്ടിയാണ് അദ്ദേഹം കോളേജില്‍ ചേര്‍ന്നത്. ജോലി സമ്പാദിക്കാനുള്ള ഉപാധിയായല്ല പഠനത്തെ കണ്ടതെന്നും ഇഷ്ടപ്പെട്ടതു പഠിക്കുകയെന്ന താല്‍പ്പര്യമാണ് മലയാളം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വേണുതന്നെ ഒരിക്കല്‍ പറഞ്ഞു.

Content Highlights: Nedumudi Venu films, oru minnaminunginte nurunguvettam, Mangalam Nerunnu, Perumthachan, epic characters