വെള്ളിത്തിരയില്‍ തമിഴകം തലയെടുപ്പോടെ തിളങ്ങിനില്‍ക്കുന്ന കാലം. പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളുമായി വന്ന ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണം ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയില്‍ നടക്കുകയാണ്. ആ സിനിമയില്‍ ഒരു നിര്‍ണായകവേഷത്തില്‍ അഭിനയിക്കുന്നതിനായി മലയാളത്തില്‍നിന്നെത്തിയ നെടുമുടി വേണുവിനോട് നിറഞ്ഞ താത്പര്യത്തോടെ കമല്‍ഹാസന്‍ ഇങ്ങനെ പറഞ്ഞു: ''വേണുസാര്‍, ഇനിയെന്ത് വിസ്മയമാണ് മലയാളസിനിമയില്‍ താങ്കള്‍ക്ക് ചെയ്യാനുള്ളത്. എല്ലാ വേഷങ്ങളും താങ്കള്‍ അണിഞ്ഞുകഴിഞ്ഞു. തമിഴിലേക്കു വന്നാല്‍ നമുക്ക് ഇവിടെ ആദ്യംമുതല്‍ തുടങ്ങാം.''

കമല്‍ഹാസന്‍ മാത്രമല്ല, തമിഴിലെ മറ്റൊരു മഹാനടനും നെടുമുടിയുടെ സര്‍ഗവൈഭവത്തെ അത്രമാത്രം അടുത്തറിഞ്ഞിട്ടുണ്ടായിരുന്നു. അത് നടികര്‍തിലകം ശിവാജി ഗണേശനായിരുന്നു. ഒരിക്കല്‍ ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള ഫ്ളൈറ്റ് യാത്രയില്‍വെച്ച് നടി സുകുമാരി, ഒപ്പമുണ്ടായിരുന്ന നെടുമുടിയെ ശിവാജിക്കു പരിചയപ്പെടുത്തി: ''സാര്‍, ഇത് നടികര്‍ നെടുമുടി വേണു''. ശിവാജി അടിമുടി നെടുമുടിയെ നോക്കി. നാടകീയമായ നോട്ടത്തിനും ഭാവത്തിനുമൊടുവില്‍ മുഴക്കമുള്ള ശബ്ദത്തില്‍ ശിവാജിയുടെ മറുപടി വന്നു: ''അപ്പടി ശൊല്ലാതമ്മാ... അവര്‍ നെടുമുടിയല്ല, കൊടുമുടി!'' ആ ആകാശയാത്രയില്‍വെച്ച് നെടുമുടിയെ നേരില്‍ കാണുന്നതിനുമുന്നേ  നെടുമുടിച്ചിത്രങ്ങളേറെയും ശിവാജി ഗണേശന്‍ കണ്ടിട്ടുണ്ടായിരുന്നു. സിനിമയിലെ തിരക്കുകളില്‍നിന്നു മാറിനിന്നകാലത്ത് ശിവാജിക്ക് കാണാനായി നെടുമുടിച്ചിത്രങ്ങള്‍ സമ്മാനിച്ചതാകട്ടെ കമല്‍ഹാസനും.

കമല്‍ പറഞ്ഞതുപോലെ 40 വര്‍ഷത്തിലേറെ നീണ്ട അഭിനയജീവിതത്തിനിടയില്‍ നെടുമുടി വേണു എന്ന നടന്‍ നടിക്കാന്‍ ബാക്കിയായ ഏതു കഥാപാത്രമാണ് നമുക്കിടയില്‍ അവശേഷിക്കുന്നത്! മുപ്പതുകളുടെ ചെറുപ്പത്തെ മുതല്‍ എഴുപതുകളുടെ വാര്‍ധക്യത്തെവരെ ഒരേകാലത്ത് അവതരിപ്പിക്കാന്‍ ശേഷികാണിച്ച ആ അപൂര്‍വ പ്രതിഭയുടെ ഭാവപ്പകര്‍ച്ചകള്‍ ചാരുതയോടെ എല്ലാ മലയാളികളുടെയും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അരവിന്ദന്‍ മുതല്‍ പ്രിയദര്‍ശന്‍ വരെയുള്ള പല തലമുറകളുടെ അഞ്ഞൂറിലേറെ സിനിമകളിലായി പടര്‍ന്നുകിടക്കുന്ന നെടുമുടിയുടെ നടനജീവിതം സിനിമയുടെ മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിന്റെ തന്നെ സുപ്രധാനമായ ചില ഏടുകളെയാണ് നമുക്കുമുന്നില്‍ അനാവരണംചെയ്യുന്നത്. വള്ളവും വെള്ളവും വയലുകളും നിറഞ്ഞ കാര്‍ഷികസംസ്‌കൃതിയുടെ കുട്ടനാടന്‍ ഭൂമികയില്‍നിന്ന് വെള്ളിവെളിച്ചത്തിന്റെ വേഗങ്ങളിലേക്ക് കടന്നുവന്നിട്ടും ഗ്രാമീണതയുടെ ചേരുവകളെ അഴിച്ചുവെക്കാത്ത ഒരപൂര്‍വകലാകാരന്‍. ഈ എഴുപത്തിരണ്ടാം വയസച്ഛിലും നെടുമുടി വേണു എന്ന നടന്‍ നില്‍ക്കുന്നത് താരാപഥങ്ങളിലല്ല, നാട്ടുനന്മയുടെ പാരമ്പര്യം നഷ്ടമായിട്ടില്ലാത്ത കുട്ടനാട്ടിലെ ചെളിപുരണ്ട ആ പാടവരമ്പത്താണ്. അതുകൊണ്ടുതന്നെ നെടുമുടിയുടെ വേഷങ്ങളില്‍ നമ്മള്‍ നെടുമുടി വേണു എന്ന മനുഷ്യനെ കണ്ടതേയില്ല; പകരം എവിടെയൊക്കെയോ കണ്ടുമറന്ന പല മനുഷ്യരും പല രൂപത്തില്‍, പല ഭാവത്തില്‍ ഒരൊറ്റ നടനിലൂടെ നമുക്കുമുന്നില്‍ കടന്നുപോയി. നെടുമുടി ജീവിതം പറയുകയാണ്. ആ പറച്ചിലിനുമുണ്ട് ഒരു നെടുമുടിത്താളം.

അഭിനയത്തിന്റെ ആരവങ്ങള്‍ ജീവിതം വഴിതിരിച്ചുവിട്ട ഇന്റര്‍വ്യൂവിനെ കുറിച്ച് നെടുമുടി വേണു

"അപ്രതീക്ഷിതമായി ഒരുദിവസം എം.എസ്. മണി എന്നെ അദ്ദേഹത്തിന്റെ കാബിനിലേക്ക് വിളിപ്പിച്ചു. ''വേണൂ, സംവിധായകന്‍ ഭരതന്‍ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. ഹോട്ടല്‍ നികുഞ്ജത്തിലാണ് താമസം. എത്രയും വേഗം അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ എടുക്കണം.'' എനിക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല, ഉടന്‍തന്നെ നികുഞ്ജത്തിലേക്ക് പുറപ്പെട്ടു. അതായിരുന്നു ഭരതനുമായുള്ള ആദ്യ കൂടിക്കാഴ്ച. ഭരതനോട് സംസാരിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ ആദ്യം തോന്നിയത് ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചയപ്പെടേണ്ടവരായിരുന്നു എന്നാണ്. 

ഞാന്‍ കാവാലത്തിന്റെ നാടകവേദിയിലെ നടനാണെന്ന് പത്മരാജന്‍ പറഞ്ഞാണ് ഭരതന്‍ അറിയുന്നത്. അദ്ദേഹത്തെ കാണാനും സംസാരിക്കാനുമായി ഒരുപാടുപേര്‍ നികുഞ്ജത്തിലെത്തിയിരുന്നു. ആ സൗഹൃദസദസ്സിലേക്ക് അറിഞ്ഞോ അറിയാതെയോ ഞാനും വന്നുചേര്‍ന്നു. എല്ലാദിവസവും സന്ധ്യയാകുമ്പോള്‍ ഞാന്‍ അവിടെയെത്തും. കടമ്മനിട്ട, പത്മരാജന്‍, ഭരത് ഗോപി, കൃഷ്ണന്‍കുട്ടിനായര്‍ തുടങ്ങിയ പലരും എന്നുമുണ്ടാകും. പിന്നെ പാട്ടും കൂത്തുമായി നേരം പുലരാതെ പുലരും. നികുഞ്ജത്തിനോടുചേര്‍ന്ന് ഇരുട്ടുള്ള ഒരു സ്ഥലമുണ്ട്. അവിടെ ഒരു പന്തം കത്തിച്ചുവെച്ച് കടമ്മനിട്ട കവിതചൊല്ലിത്തുടങ്ങും. ഭരതന്‍ അവിടെയിരുന്നാണ് ദുര്‍ഗയുടെ വലിയൊരു ശില്പമുണ്ടാക്കിയത്. ഭരതന്റെ ഇന്റര്‍വ്യൂ കലാകൗമുദിയില്‍ ഭംഗിയായി അച്ചടിച്ചുവന്നു. 'കല ധ്വന്യാത്മകമാവണം' എന്നായിരുന്നു ആ സംഭാഷണത്തിന്റെ തലക്കെട്ട്. കവിതയും പാട്ടുമൊക്കെ നിറഞ്ഞ നികുഞ്ജത്തിലെ ഏതോ രാവുകളിലൊന്നിലാണ് കമല്‍ഹാസനെ നായകനാക്കി താന്‍ സംവിധാനംചെയ്യാന്‍ പോകുന്ന ആരവം സിനിമയെക്കുറിച്ച് ഭരതന്‍ എന്നോടു പറഞ്ഞത്.

''ആരവത്തിന്റെ കഥ കമല്‍ഹാസനുമായി ചര്‍ച്ചചെയ്ത് തീരുമാനിച്ചതായിരുന്നു. പക്ഷേ, എനിക്കിപ്പൊ തോന്നുന്നു, ആരവത്തിലെ മരുതിനെ അവതരിപ്പിക്കാന്‍ എന്തിനാണ് കമലഹാസന്‍, വേണു പോരേ... വേണുവിനത് ചെയ്യാമെങ്കില്‍ ആരവം നമുക്ക് തുടങ്ങാം...'' പ്രതീക്ഷയോടെ എന്നെ നോക്കിയ ഭരതന് ഉത്തരം നല്‍കാന്‍ എനിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ''പിന്നെന്താ... നമുക്ക് ചെയ്യാം'' എന്ന് ഞാന്‍ പറഞ്ഞു. ആ ഇന്റര്‍വ്യൂ ആയിരുന്നു എന്റെ ജീവിതം വഴിതിരിച്ചുവിട്ടത്.

സേലത്ത് ഹൊഗനക്കല്‍ എന്ന സ്ഥലത്തായിരുന്നു ആരവത്തിന്റെ ചിത്രീകരണം. മുമ്പ് കമല്‍ഹാസന്‍ നിര്‍ദേശിച്ച ഒരുപാട് ഷോട്ടുകള്‍ ആരവത്തിലുണ്ടായിരുന്നു. കാവാലം എഴുതി എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ട മൂന്നോ നാലോ ഗാനങ്ങളില്‍ ഏറെ പ്രശസ്തം 'മുക്കുറ്റി തിരുതാളി...' ആണ്. ആ ഗാനചിത്രീകരണസമയത്ത് ഭരതന്‍ പറഞ്ഞു: ''വേണൂ... നമുക്ക് ഡാന്‍സ് മാസ്റ്ററൊന്നുമില്ല. ഗാനത്തിന്റെ വരികള്‍ക്കും താളത്തിനുമൊപ്പം വേണുവിന്റെ ചലനങ്ങളും ചുവടുകളുമായിരിക്കും ചിത്രീകരിക്കുക. വേണുവിന്റെ ഇഷ്ടംപോലെ അഭിനയിച്ചോളൂ.'' ഭരതന്‍ പറഞ്ഞതനുസരിച്ച് എന്റെ മനോധര്‍മം പോലെ ഞാന്‍ ചുവടുകള്‍വെച്ചു. ആരവത്തിലെ ആ ഗാനം ഇന്നും എനിക്കേറെ പ്രിയപ്പെട്ടതാണ്.

മരുതിനെ അവതരിപ്പിക്കാന്‍ അന്ന് ഭരതന്‍ എനിക്കുതന്ന പൂര്‍ണസ്വാതന്ത്ര്യം പിന്നീട് ഞാനഭിനയിച്ച അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും എനിക്കുണ്ടായി. ''വേണുവങ്ങ് ചെയ്താല്‍മതി'' എന്ന സ്നേഹവും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകള്‍. ആരവത്തിനു ശേഷം രാജീവ് നാഥിന്റെ സൂര്യന്റെ മരണത്തിലായിരുന്നു അഭിനയിച്ചത്. കഥയും കഥാപാത്രവുമൊക്കെ നന്നായിരുന്നെങ്കിലും ആ സിനിമ പ്രദര്‍ശനത്തിനെത്തിയില്ല.

ഈ സിനിമകള്‍ക്കിടയിലും നാടകാഭിനയം ഞാനുപേക്ഷിച്ചില്ല. എന്നാല്‍ പുതിയതായി പല സിനിമകളും കമ്മിറ്റ് ചെയ്തതുകൊണ്ട് പത്രപ്രവര്‍ത്തകന്റെ വേഷം അഴിച്ചുവെക്കാതെ തരമുണ്ടായിരുന്നില്ല. കാവാലം അപ്പോഴേക്കും സംസ്‌കൃതനാടകങ്ങളിലേക്ക് മാറിത്തുടങ്ങിയിരുന്നു. ഭാസന്റെ മധ്യമവ്യായോഗമായിരുന്നു ആദ്യനാടകം. അതില്‍ ഒരു മുഴുനീളവേഷം ചെയ്യാന്‍ സമയമില്ലാത്തതുകൊണ്ട് സൂത്രധാരന്റെ വേഷത്തിലാണ് ഞാനെത്തിയത്. മധ്യമവ്യായോഗം ഉജ്ജയിനിയില്‍ കാളിദാസ് സമാരോഹിലായിരുന്നു ഞങ്ങള്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള സംസ്‌കൃതനാടകങ്ങള്‍ ആ ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു. മധ്യമവ്യായോഗമാണ് അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. അതോടെ കാവാലം സംസ്‌കൃതനാടകങ്ങളിലേക്ക് പൂര്‍ണമായും ചുവടുമാറി; ഞാന്‍ സിനിമയിലേക്കും


തയ്യാറാക്കിയത്: ഭാനുപ്രകാശ്‌

2020 മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നെടുമുടി വേണുവിന്റെ ജീവിതകഥയില്‍ നിന്ന് 

Content Highlights: Nedumudi Venu interview, talks about the turning point in his life, Cinema, Movies