നെടുമുടി വേണു നാടകങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന സമയം. സംവിധായകന്‍ അരവിന്ദനുമായുള്ള ബന്ധമാണ് നെടുമുടി വേണുവിനെ സിനിമയിലെത്തിക്കുന്നത്. സ്ഥിരം തട്ടകമായ നാടകത്തില്‍നിന്നൊരു മാറ്റം, അതുമാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍. അങ്ങനെയാണ് തമ്പ് എന്ന ആദ്യസിനിമയിലേക്ക് എത്തുന്നത്. അവിടുന്നങ്ങോട്ട് വ്യത്യസ്തമായ കുറേ കഥാപാത്രങ്ങള്‍ നെടുമുടി അവതരിപ്പിച്ചു. വില്ലനായും വയസ്സനായും അഭിനയിക്കാന്‍ അദ്ദേഹം മടിച്ചതേയില്ല.

തമ്പ്-1978, സംവിധാനം: ജി.അരവിന്ദന്‍

ഭാരതപ്പുഴയുടെ തീരത്തൊരു ഗ്രാമം. അവിടേക്ക് സര്‍ക്കസുമായി ഒരു കൂട്ടം ആളുകളെത്തുകയാണ്. അതാണ് തമ്പിന്റെ കഥ. നെടുമുടി വേണുവിന്റെ ആദ്യത്തെ ചിത്രമാണിത്. കറുത്ത ജുബയും പാന്റുമാണ് ഇതിലെ വേഷം. താടിയും മുടിയും നീട്ടിവളര്‍ത്തിയ കഥാപാത്രം. മുടിയും താടിയും നീട്ടിവളര്‍ത്തിയ നെടുമുടി വേണുവിനെ, പിന്നീടങ്ങനെയൊന്നും കണ്ടിട്ടില്ല. അതിലെ ആദ്യത്തെ സീനിനെക്കുറിച്ച് നെടുമുടി പിന്നീട് പറഞ്ഞതിങ്ങനെ. 'ആല്‍ത്തറയില്‍ കിടന്നുറങ്ങുന്ന സീനാണ്. പല ഷോട്ടുകളുമെടുത്തു. ഞാന്‍ കണ്ണടച്ചുതന്നെ കിടന്നു. ആല്‍ച്ചുവട്ടിലെ നല്ല കാറ്റില്‍ ഞാന്‍ ഉറങ്ങിപ്പോയി. ഷോട്ട് കഴിഞ്ഞ് സിനിമാക്കാരെല്ലാം തിരിച്ചുപോയി. സന്ധ്യയ്ക്ക് അമ്പലത്തിലെ മണിയടി കേട്ടാണ് ഞാന്‍ ഉണരുന്നത്'.

തകര- 1980, സംവിധാനം- ഭരതന്‍

ചെല്ലപ്പനാശാരി എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഇതില്‍ നെടുമുടി അവതരിപ്പിച്ചത്. വീതിയുള്ള കൃതാവും മീശയും കളറുള്ള ജുബ്ബയും ആ കഥാപാത്രത്തെ വേറിട്ടുനില്‍ക്കാന്‍ സഹായിച്ചു. ഇതിലെ ആശാരിയുടെ മാനറിസമെല്ലാം നെടുമുടി തന്നെയാണ് ആദ്യം കാണിച്ചുകൊടുക്കുന്നത്. ഭരതന്‍ അതിന് ഓകെയും പറഞ്ഞു. ചെല്ലപ്പനാശാരിയുടെ അഭിനയം കണ്ട് ജഗതി എന്‍.കെ.ആചാരി പറഞ്ഞ വാക്കുകള്‍ എന്നും അഭിനന്ദനം പോലെ വേണു മനസ്സില്‍ കൊണ്ടുനടന്നു. മകന്‍ ജഗതി ശ്രീകുമാറിനോട് ജഗതി എന്‍.കെ.ആചാരി പറഞ്ഞതിങ്ങനെ. 'ശരിക്കും ആശാരി തന്നെയായിരിക്കും അവന്‍. അല്ലെങ്കില്‍ ആശാരിമാരെ ഇത്ര മനസ്സിലാക്കി അഭിനയിക്കാന്‍ പറ്റില്ല'.

വിടപറയും മുമ്പേ- 1981, സംവിധാനം- മോഹന്‍

ഇതില്‍ സേവ്യര്‍ എന്ന കഥാപാത്രമാണ് വേണുവിന്റേത്. സേവ്യര്‍ ഇടയ്ക്കുവെച്ച് മരിക്കുകയാണ്. സിനിമയില്‍ 'മരിച്ച്' അഭിനയിക്കുന്നതിനെക്കുറിച്ച് വേണു പിന്നീട് പറഞ്ഞതിങ്ങനെ. 'സിനിമയില്‍ മരിച്ചുകിടക്കുന്നത് അഭ്യാസമാണ്. നമ്മള്‍ ശ്വാസം വിടുന്നുണ്ട്. പക്ഷേ പുറത്തുകാണില്ല. അത് യോഗയിലെ ഒരു പരിശീലനമാണ്. അഭ്യസിച്ചാല്‍ കൃത്യമായി ചെയ്യാനാവും'.

ആലോലം- 1982, സംവിധാനം- മോഹന്‍

ആലോലത്തിലെ കുട്ടന്‍ തമ്പുരാന്‍ സ്ത്രീലമ്പടനാണ്. ഏത് വീട്ടിലും അയാള്‍ക്ക് കയറിച്ചെല്ലാം. വില്ലനാണെങ്കിലും പോസിറ്റീവ് എനര്‍ജി കൊണ്ടുനടക്കുന്ന കഥാപാത്രം.

രചന- 1983, സംവിധാനം- മോഹന്‍

നാട്ടിന്‍പുറത്തുകാരനായ ഉണ്ണി എന്ന കഥാപാത്രമാണ് ഇതില്‍ നെടുമുടിയുടേത്. ഒപ്പം അഭിനയിക്കുന്നത് ഭരത് ഗോപിയും ശ്രീവിദ്യയും മമ്മൂട്ടിയുമാണ്. അവര്‍ക്കൊപ്പം അഭിനയിച്ച അനുഭവം നെടുമുടി ഇങ്ങനെ പങ്കുവെച്ചു. 'ചെണ്ടയും മദ്ദളവും എന്നതുപോലെ താളപ്പൊരുത്തമുള്ള അഭിനയമായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍, ഗോപിച്ചേട്ടന്‍ മരിച്ചതോടെ എന്റെ വലിയ ശക്തി ഇല്ലാതായി'.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം - 1987, സംവിധാനം- ഭരതന്‍

പ്രായമുള്ള കഥാപാത്രമാണിതില്‍. ഭാര്യയായെത്തുന്നത് നടി ശാരദയും. തെലുങ്കില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ശാരദ ഈ സിനിമയിലേക്ക് വരുന്നത്. പടം റിലീസായപ്പോള്‍ ശാരദ വേണുവിനോട് പറഞ്ഞു, ' എനിക്കിത് തമിഴിലും തെലുങ്കിലും എടുത്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അവിടെയൊന്നും നിങ്ങള്‍ക്കൊരു പകരക്കാരനില്ല'. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം വേണുവിനെ തേടിയെത്തുകയും ചെയ്തു.

അച്ചുവേട്ടന്റെ വീട്- 1987, സംവിധാനം- ബാലചന്ദ്രമേനോന്‍

അച്ചു എന്ന ഇതിലെ കഥാപാത്രം ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നുണ്ട്. ആ സിനിമ പുറത്തുവന്നപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുള്ള ഒരാള്‍ വന്ന് വേണുവിനോട് ചോദിച്ചു, 'എങ്ങനെയാണ് നിങ്ങള്‍ക്കിത് കാണിക്കാന്‍ പറ്റിയത്. ഒരിക്കല്‍പ്പോലും നെഞ്ചുവേദന വന്നിട്ടില്ല. എന്നിട്ടും ആ വേദന മുഴുവന്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു. സിനിമയില്‍ നിങ്ങള്‍ എന്തൊക്കെ കാണിച്ചോ, അത് തന്നെയാണ് ഹാര്‍ട്ട് അറ്റാക്ക് വരുമ്പോഴുള്ള അവസ്ഥ'.  

ഹിസ് ഹൈനസ് അബ്ദുള്ള- 1990, സംവിധാനം- സിബി മലയില്‍

ഉദയവര്‍മ എന്ന തമ്പുരാന്‍ കഥാപാത്രമായാണ് ഇതില്‍ അഭിനയിക്കുന്നത്. സംഗീതത്തിലും മറ്റ് കലകളിലും ഒരുപാട് അഭിരുചിയുള്ള, നല്ല പ്രായമുള്ള ആഢ്യത്വമുള്ള തമ്പുരാന്‍. മോഹന്‍ലാലും നെടുമുടി വേണുവും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹിസ് ഹൈനസ് അബ്ദുള്ള. മോഹന്‍ലാലുമൊത്ത് അഭിനയിക്കുമ്പോള്‍ എപ്പോഴും ഒരു ഇക്വേഷന്‍ കൃത്യമായി കിട്ടാറുണ്ടെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

തേന്‍മാവിന്‍ കൊമ്പത്ത്- 1990, സംവിധാനം- പ്രിയദര്‍ശന്‍

ശ്രീകൃഷ്ണന്‍ തമ്പുരാന്‍ എന്ന കഥാപാത്രമായാണ് നെടുമുടി എത്തുന്നത്. മോഹന്‍ലാലിന്റെ മാണിക്യനുമായി ഏറെ അടുപ്പമുള്ള ശ്രീകൃഷ്ണന്‍. ലാലിനൊപ്പം കെ.പി.എ.സി ലളിത, ശോഭന, കവിയൂര്‍ പൊന്നമ്മ, ശങ്കരാടി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. 'ശരിക്കും ഒരു ഫെസ്റ്റിവല്‍ മൂഡിലായിരുന്നു ചിത്രീകരണം. വൈകുന്നേരമായാല്‍ ലാലും ഞാനും കൂടെ നടക്കാനിറങ്ങും. അവിടെ അടുത്തൊരു വെള്ളച്ചാട്ടമുണ്ട്, അതിലിറങ്ങി കുളിക്കും', തേന്‍മാവിന്‍ കൊമ്പത്തിന്റെ ചിത്രീകരണ രസങ്ങള്‍ നെടുമുടി വേണു പിന്നീട് പങ്കുവെച്ചു.

ആകാശത്തിന്റെ നിറം- 2012, സംവിധാനം- ഡോ.ബിജു

ആന്‍ഡമാനിനടുത്തുള്ള ദ്വീപിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രായമായ ഒരാളുടെ കഥാപാത്രമാണിതില്‍. 'ഞാന്‍ പതിവായി ചെയ്യുന്ന വൃദ്ധവേഷത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇതിലെ കഥാപാത്രം. ഒരു മിസ്റ്റീരിയസ് കഥാപാത്രം'.

Content Highlights: Nedumudi Venu Film Thenmavin Kombathu thampu Thakara Vidaparyum Munbe