നെടുമുടി വേണുവിന് എഴുപത് വയസ്സായി. മൂന്ന് കൊല്ലം മുമ്പ് ആ വാര്‍ത്ത കേട്ടപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു-അദ്ദേഹത്തിന് ഇപ്പോഴാണോ ഇത്രയും പ്രായമായതെന്ന്. നാടകവും പത്രപ്രവര്‍ത്തനവുമൊക്കെയായി നടന്ന നെടുമുടിക്കാരന്‍ വേണു സിനിമാനടനാവുന്നത് തമ്പ് എന്ന ചിത്രത്തിലൂടെയാണ്. 30 വയസ്സേ ഉള്ളൂ അപ്പോള്‍. അതേ വര്‍ഷം തന്നെയാണ് ഭരതന്റെ ആരവം പുറത്തിറങ്ങുന്നതും. നാട്ടിന്‍പുറത്ത് അലഞ്ഞുനടന്ന് പക്ഷികളെ വെടിവെച്ച് പിടിക്കുന്ന മരുത് എന്ന കഥാപാത്രത്തെയായിരുന്നു അതില്‍ വേണുവിന്. അടുത്തതാണ് പത്മരാജന്റെ അനശ്വര സൃഷ്ടികളിലൊന്നായ തകരയിലെ ചെല്ലപ്പനാശാരി.

മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്ക് പൂര്‍ണായി നിറംമാറിത്തുടങ്ങിയ കാലമായിരുന്നു അത്. സ്റ്റേജ് നാടകങ്ങളുടെ മട്ടിലുള്ള രംഗങ്ങളും സംഭാഷണവുമൊക്കെ മതിയാക്കി, സിനിമ കൂടുതല്‍ നാട്ടുവെളിച്ചം തേടിയിറങ്ങിയിരുന്നു അപ്പോള്‍. പുതിയ പ്രതിഭകളായ ഭരതന്‍, പത്മരാജന്‍, മോഹന്‍ തുടങ്ങിയവര്‍ ശ്രദ്ധ നേടിത്തുടങ്ങുകയും ചെയ്തിരുന്നു. അവരുടെ ചിത്രങ്ങളില്‍ നിറഞ്ഞാടാന്‍ പറ്റിയ വിഭവങ്ങളുണ്ടായിരുന്നു നെടുമുടിക്കാരനായ വേണുവിന്റെ ഉള്ളില്‍.  പാട്ടും കവിതയും താളവാദ്യങ്ങളും നാടകവുമൊക്കെയായി കഴിഞ്ഞിരുന്ന നെടുമുടി സിനിമയില്‍ പെട്ടന്ന് അലിഞ്ഞുചേര്‍ന്നു. കാലം ആ വരവ് കാത്തിരിക്കുകയായിരുന്നു എന്നു കരുതണം. അക്കാലത്തെ ഏറ്റവും പൊട്ടന്‍ഷ്യലുള്ള നടനായിരുന്നു വേണു. തകരക്കു ശേഷം ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ഉള്‍പ്പെടെ നാലഞ്ചു ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. 1980-ല്‍ ഭരതന്റെ ചാമരത്തിലെ പള്ളീലച്ചന്റെ വേഷം വേണുവിന് മികച്ച രണ്ടാമത്ത നടനുള്ള അവാര്‍ഡും ലഭിച്ചു.

നെടുമുടിവേണുവിലെ സകലകലാവല്ലഭനെ നന്നായി ഉപയോഗപ്പെടുത്തിയ ഒരാള്‍ സംവിധായകന്‍ മോഹനാണ്. ജോണ്‍പോള്‍ എഴുതിയ മോഹന്റെ ചിത്രങ്ങള്‍ നെടുമുടിയിലെ കലാകാരന്റെ ആഘോഷം തന്നെയായി മാറി. വിട പറയും മുമ്പേ, ആലോലം, രചന എന്നീ ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ എടുത്തുപറയണം.  വിടപറയും മുമ്പേയില്‍ സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് വേണു അവതരിപ്പിച്ചത്. സേവ്യറിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. ഒരു കമ്പനിയില്‍ ജോലിയുണ്ട് അയാള്‍ക്ക്. പക്ഷെ എന്നും വൈകിയേ വരൂ, നേരത്തേ പോകുകയും ചെയ്യും, ചോദിച്ചാല്‍ ഓരോ എസ്‌ക്യൂസ് പറയും. എന്നാലോ വഴിയോരത്തും കടപ്പുറത്തുമൊക്കെ കുട്ടികളോട് കൂട്ടുകൂടിയും പാട്ടുപാടിയും നടക്കുന്നതു കാണാം. പല തവണ ശാസിച്ചു. ഒടുവില്‍ ശിക്ഷിച്ചു. പിന്നെയാണ് സേവ്യര്‍ എന്തിനാണിങ്ങനെ ജീവിതം ആസ്വദിച്ചുനടന്നത് എന്നറിയുന്നത്. ഒരു ദുരന്തകഥാപാത്രമായ സേവ്യറിനെ വേണുവിന്റെ അഭിനയജീവിതത്തിലെ മാത്രമല്ല മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി എഴുതാം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ നെടുമുടി ആദ്യമായി നേടി.

ആലോലത്തിലെ (1982) തമ്പുരാനാണ് നെടുമുടിയുടെ മികച്ച മറ്റൊരു കഥാപാത്രം. ഇഷ്ടംപോലെ ഭൂസ്വത്തുള്ള ഒരു തിരുമേനിയാണ്. നല്ല കലാവാസനയുണ്ട്. മറ്റൊരു കമ്പം പെണ്ണുങ്ങളോടാണ്. നെടുമുടി തകര്‍ത്താടിയ മറ്റൊരു വേഷമായിരുന്നു രചനയിലെ (1983) അച്യുതനുണ്ണി. നഗരത്തിലേക്ക് എത്തിയ നാട്ടിന്‍പുറത്തുകാരന്‍, ശുദ്ധന്‍. അയാളുടെ ശുദ്ധഗതി കണ്ട് ഓഫീസിലെ സഹപ്രവര്‍ത്തക (ശ്രീവിദ്യ) അയാളോട് പ്രേമം അഭിനയിക്കുന്നു. നോവലിസ്റ്റായ ഭര്‍ത്താവിന്റെ പ്രേരണയാലായിരുന്നു അത്. പ്രേമത്തില്‍ ആണ്ടുമുങ്ങിപ്പോയ അച്യുതനുണ്ണി കാട്ടിക്കൂട്ടുന്ന ഓരോ കാര്യങ്ങളും കാഴ്ചക്കാരെ രസം പിടിപ്പിക്കുന്നു. പക്ഷെ തന്നെ കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ ശേഷം ആ സാധുവിന്റെ ജീവിതം പിന്നീടൊരു ഒരു ദുരന്തമായി മാറിയതും പ്രേക്ഷകര്‍ കണ്ണീരോടെ കണ്ടു.

സിനിമാരംഗത്തേക്കു വന്ന ആദ്യവര്‍ഷങ്ങളില്‍ തന്നെയാണ് നെടുമുടി വേണു തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങള്‍ ചെയ്തത്. തകരയ്ക്കു പിന്നാലെ പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാനും പുറത്തുവരുന്നു. ഇതില്‍ ഫയല്‍വാനെ ചെല്ലും ചെലവും കൊടുക്ത് പൊറ്റുന്ന തയ്യല്‍ക്കാരന്‍ മേസ്ത്രിയുടെ കഥാപാത്രമാണ്. മധ്യവയസ്സോ അതിനടുത്തോ പ്രായം തോന്നിക്കുന്ന കഥാപാത്രം. പ്രായമൊന്നു നോക്കാതെ കഥാപാത്രത്തെ സ്വീകരിച്ചിരുന്ന നെടുമുടിക്ക് നായകന്റെ പരിവേഷങ്ങളൊന്നു തടസ്സമായില്ല.

ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ മേജര്‍ നായര്‍, കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ ശിഖണ്ഠിപ്പിള്ള എന്നീ കഥാപാത്രങ്ങളിലൂടെ അക്കാലത്തു തന്നെ നെടുമുടി തന്റെ യഥാര്‍ഥപ്രായത്തെ മറികടന്നു. എങ്കിലും മധ്യവയസ്സനാണെന്നു സമാധാനിക്കാം. 1984 ലായിരുന്നു ഈ ചിത്രങ്ങള്‍ ഇറങ്ങിയത്. അടുത്ത വര്‍ഷം അമ്പട ഞാനെ എന്ന ചിത്രമെത്തിയതോടെ നെടുമുടി പെട്ടന്നങ്ങ് വൃദ്ധനാവുകയും ചെയ്തു. പേരമക്കളുടെ പ്രേമത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന രസികനമായ കുസൃതിയായ മുത്തച്ഛനെയാണ് ഈ ചിത്രത്തില്‍ വേണു അവതരിപ്പിച്ചത്. പിന്നീട് എന്നെന്നും കണ്ണേട്ടന്റെ എന്ന ഫാസില്‍ ചിത്രത്തിലും വൃദ്ധവേഷമായിരുന്ന നെടുമുടിക്ക്. 1987-ല്‍ പുറത്തുവന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ റിട്ടയേഡ് സ്‌കൂള്‍ മാഷാണ് അദ്ദേഹം. മക്കളില്ലാത്ത രാവുണ്ണി മാഷിന്റെ സ്നേഹവും വാത്സല്യവും നെടുമുടി പകര്‍ന്നാടിയപ്പോള്‍ ആ വേഷം പ്രേക്ഷക ഹൃദയത്തില്‍ തറച്ചു. ഈ വൃദ്ധ കഥാപാത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം വാങ്ങുമ്പോള്‍ നെടുമുടിക്ക് പ്രായം 39 വയസ്സായിരുന്നു.

നെടുമുടി എന്ന നടനില്‍ പ്രായമായ ഒരാളിനെയാണ് പലപ്പോഴും പ്രേക്ഷകര്‍ പിന്നീട് പ്രതീക്ഷിച്ചത്. സംഭവിച്ചതും അധികവും അങ്ങനെയായിരുന്നു. അക്കൂട്ടത്തില്‍ നിരവധി വേഷങ്ങളുണ്ട്. സ്വാതി തിരുനാളിലെ ഇരയിമ്മന്‍ തമ്പി, ആരണ്യകത്തിലെ മുത്തച്ഛന്‍, വൈശാലിയിലെ രാജഗുരു, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ രാജാവ്, ഭരതത്തിലെ കല്ലൂര്‍ രാമനാഥന്‍, വിദ്യാരംഭത്തിലെ മാധവന്‍ എഴുത്തച്ഛന്‍, പെരുംതച്ചനിലെ ഉണ്ണിത്തമ്പുരാന്‍, വിയറ്റ്നാം കോളനിയിലെ മൂസ്സാ സേഠ്, മണിച്ചിത്രത്താഴിലെ തമ്പി, ദേവാസുരത്തിലെ അപ്പുമാഷ്, പരിണയത്തിലെ അപ്ഫന്‍ മ്പൂതിരി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ 50 വയസ്സു പോലും തികയാത്ത പ്രായത്തിലാണ് നെടുമുടി ചെയ്തത്.

വൃദ്ധ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കാലത്തു തന്നെയാണ് മധ്യവയസ്‌കന്റെ റോളിലും തിളങ്ങിയത്. തേന്മാവിന്‍ കൊമ്പത്തിലെ ശ്രീകൃഷ്ണന്‍ തമ്പുരാന്‍, ഓര്‍ക്കാപുറത്തിലെ നിക്കോളാസ്, ദശരഥത്തിലെ സ്‌കറിയ തുടങ്ങിയ കുറേയധികം വേഷങ്ങളില്‍ ഇക്കാലത്തു തന്നെ മുഴുനീള കഥാപാത്രമായിരുന്നു. ഇനി കഥാപാത്രം ചെറുതാണെങ്കിലും അതിനെ മിഴിവുറ്റതാക്കുന്ന അഭിനയവിരുത് നെടുമുടിയ്ക്കുണ്ടായിരുന്നു. ലോഹിതദാസ് എഴുതിയ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദന്‍ എന്ന കഥാപാത്രം മാത്രം മതി അത് തെളിയിക്കാന്‍. അരവിന്ദന്‍ ഒന്നാം തരം ഒരു ഫ്രോഡാണ്. അലക്കാണ് അയാളുടെ തൊഴില്‍. ഒരിക്കല്‍ പള്ളീലച്ചന്റെ ളോഹ അലക്കാന്‍ വാങ്ങിയപ്പോള്‍ അതിലൊരു പാമ്പുണ്ടായിരുന്നു എന്ന് നുണ പറഞ്ഞ് ചികിത്സയ്ക്ക് പണം പറ്റിച്ചു അയാള്‍. ഭാര്യയുടെ അനിയത്തിയെയും അയാള്‍ തന്നെയാണ് കല്യാണം കഴിച്ചത്. അതേക്കുറിച്ച് പറയുമ്പോള്‍ ''നമ്മളെകൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാനാവൂ'' എന്നാണയാള്‍ സ്വതസിദ്ധമായി തട്ടിവിടുന്നുമുണ്ട്.

സൂക്ഷ്മമായ നിരീക്ഷണ ബോധം ഒരു നടന് പരമപ്രധാനമാണെന്ന് നെടുമുടി പല അഭിമുഖങ്ങളിലും എടുത്തുപറയാറുണ്ട്. അതിന്റെ സാക്ഷ്യങ്ങളായിരുന്നു ആ കഥാപാത്രങ്ങള്‍.  നായകനടന്മാരേക്കാള്‍ മലയാളികള്‍ ഇഷ്ടപ്പെട്ട നടനാവാനും ഒരു കുടുംബാംഗത്തെ പോലെ സ്വീകാര്യത നേടാനും കഴിഞ്ഞു നെടുമുടുക്ക്. ഈ അംഗീകാരം ലഭിച്ച നടന്മാര്‍ വേറെ അധികമില്ല.

Content Highlights: Nedumudi venu's demise, analyzing the method acting, old age characters, Legend of Indian Cinema