മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നെടുമുടി വേണുവിന്റെ  ജീവിത​കഥയിലെ ഒരു ഭാഗം


"തിരുവനന്തപുരത്ത് സ്ഥിരമായതോടെ നട്ടുവന്‍ പരമശിവന്‍ മാസ്റ്റര്‍ കുട്ടികളെ നൃത്തംപഠിപ്പിച്ചിരുന്ന ശാസ്തമംഗലത്തെ ഒരു ഷെഡിലായിരുന്നു ഞാനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ഇ.സി. തോമസുമൊക്കെ താമസിച്ചിരുന്നത്. പാങ്ങോട് ശാസ്താക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു അക്കാലത്ത് കൈതപ്രം. ആലപ്പുഴ ജവഹര്‍ ബാലഭവനിലെ നൃത്താധ്യാപകനായിരുന്ന പരമശിവന്‍ മാസ്റ്ററെ തിരുവരങ്ങിലേക്ക് കൊണ്ടുവന്നതും കാവാലമായിരുന്നു. ചെണ്ടയും മൃദംഗവും തുടങ്ങി ഒരുപാട് സംഗീതോപകരണങ്ങള്‍ നിറഞ്ഞതായിരുന്നു പരമശിവന്‍ മാസ്റ്ററുടെ ആ മുറി. മഴപെയ്താല്‍ മുറി മുഴുവന്‍ ചോരും. അവിടെയെല്ലാം പാത്രങ്ങള്‍കൊണ്ടുവെക്കും. ചോര്‍ച്ചയില്ലാത്ത ഭാഗത്തേക്ക് സംഗീതോപകരണങ്ങള്‍ മാറ്റിവെച്ച് മഴ തോരുന്നതും കാത്തിരിക്കും. കനത്ത മഴയാണെങ്കില്‍ മുറി നിറയെ വെള്ളമാകും. നാലുനേരം നല്ല ഭക്ഷണവും കഴിച്ച് അച്ഛനമ്മമാര്‍ക്കൊപ്പം നാട്ടില്‍ നല്ലനിലയില്‍ ജീവിക്കേണ്ട എനിക്കാണല്ലോ ഈ ഗതികേട് വന്നതെന്നോര്‍ത്ത് ഒരിക്കലും ഞാന്‍ വേദനിച്ചിട്ടില്ല. തിരുവനന്തപുരത്തെ ജീവിതച്ചെലവുകള്‍ എങ്ങനെയാണ് കഴിഞ്ഞുപോയതെന്നും എനിക്കറിയില്ല. വല്ലപ്പോഴും ഫാസില്‍ വിളിക്കും, കോട്ടയത്തോ മറ്റോ ഒരു പരിപാടിയുണ്ട്, വേണു വരണമെന്നു പറയും. അതിനുപോയാല്‍ കുറച്ചു പൈസ കിട്ടും. അതല്ലാതെ ഒറ്റപൈസപോലും വരുമാനമില്ലായിരുന്നു. എന്നാലും കൈയില്‍ കാശില്ലാതെ ഭക്ഷണം കഴിക്കാതിരിക്കേണ്ട സ്ഥിതി വന്നിട്ടില്ല. സൗഹൃദത്തിന്റെ വലിയൊരു വലയമാണ് എന്റെ ഓരോ ദിനങ്ങളെയും മുന്നോട്ടുകൊണ്ടുപോയത്. ഉടുത്തിരുന്ന വസ്ത്രങ്ങള്‍പോലും കൂട്ടുകാരുടേതായിരുന്നു. ആഹാരവും വസ്ത്രവും മാത്രമല്ല, ചെറുപ്പത്തിന്റെ ആവേശത്തില്‍ മേളം കൂടാനുള്ള കാര്യങ്ങളൊക്കെ 'സ്വയമേവാഗത' എന്നുപറയുന്നതുപോലെ സന്ധ്യയാകുമ്പോഴേക്കും വന്നുചേരും. എന്റെ അന്നത്തെ അവസ്ഥ തിരിച്ചറിഞ്ഞ ഒരാള്‍ തിരുവരങ്ങിന്റെ സെക്രട്ടറിയായ നടരാജനാണ്. കലാരസികനായ അദ്ദേഹത്തെ ഞങ്ങള്‍ അണ്ണന്‍ എന്നായിരുന്നു സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ ഉദ്യോഗസ്ഥന്‍ കൂടിയായ നടരാജന്‍ പരിചയപ്പെടുന്ന ആരെയും എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കുമായിരുന്നു.

ഒരിക്കല്‍, അരവിന്ദനും കാവാലവും ഞാനുമൊക്കെയുള്ള സൗഹൃദവര്‍ത്തമാനങ്ങള്‍ക്കിടയില്‍ നടരാജന്‍ പറഞ്ഞു: ''നമുക്ക് ഈ വേണുവിനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല, ഇവന് എന്തെങ്കിലും ജോലി വേണ്ടേ?, ആണ്ടിലൊരിക്കല്‍ ഒരു നാടകം കളിച്ചാല്‍ ഇവനെങ്ങനെ ജീവിച്ചുപോകാനാണ്? അതുകൊണ്ട് വേണുവിനെ വെറുതേ നിര്‍ത്താന്‍പറ്റില്ല. അടിയന്തിരമായി ഒരു ജോലി സംഘടിപ്പിച്ചുകൊടുക്കണം.'' അക്കാലത്ത് കലാകൗമുദി വാരിക ഏറെ ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമാണ്. എം.എസ്.മണിയും എസ്.ജയചന്ദ്രന്‍നായരുമാണ് വാരികയെ നയിക്കുന്നത്. അരവിന്ദന്‍ പറഞ്ഞാല്‍ അവിടെയൊരു ജോലി കിട്ടാതിരിക്കില്ല എന്ന നടരാജന്റെ അഭിപ്രായത്തെ കാവാലവും ശരിവെച്ചു. അടുത്ത ദിവസംതന്നെ എം.എസ്.മണിസാറിനെ കാണാന്‍ അരവിന്ദനും കാവാലത്തിനുമൊപ്പം ഞാനും നടരാജനും പോയി. സാഹിത്യചര്‍ച്ചകള്‍ക്കിടയില്‍ എന്നെ പരിചയപ്പെടുത്തിയെങ്കിലും ജോലിയുടെ കാര്യം അരവിന്ദന്‍ പറയുന്നില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ നടരാജന്‍ അരവിന്ദന്റെ കാലില്‍ ചവിട്ടാന്‍തുടങ്ങി. 'വന്നകാര്യം പറ' എന്നൊക്കെ പതിഞ്ഞ ശബ്ദത്തില്‍ അരവിന്ദനോട് പറയുന്നുമുണ്ട്. ഒടുവില്‍ അരവിന്ദന്‍ അത് പറഞ്ഞു: ''ഞങ്ങള്‍ വന്നത് മറ്റൊരു കാര്യത്തിനാണ്. തിരുവരങ്ങിലെ ഒരു നടനാണ് വേണു. അദ്ദേഹം തിരുവനന്തപുരത്ത് നില്‍ക്കേണ്ടത് ഞങ്ങളുടെ ഒരാവശ്യംകൂടിയാണ്. അതുകൊണ്ട് വേണുവിന് ഇവിടെ ഒരു ജോലി കൊടുക്കണം.'' പറയേണ്ടതാമസം ആ സെക്കന്‍ഡില്‍ മണിസാറിന്റെ മറുപടി വന്നു. ''പിന്നെന്താ, കൊടുത്തിരിക്കുന്നു. നാളെത്തന്നെ ജോയിന്‍ചെയ്തോട്ടെ.'' പിറ്റേദിവസംമുതല്‍ കലാകൗമുദിയില്‍ ലേഖകനായി ജോലിക്ക് കയറി. ആ സമയത്ത് ബോംബെ ലിറ്റില്‍ ബാലെ ട്രൂപ്പിന്റെ പഞ്ചതന്ത്രം ബാലെ തിരുവനന്തപുരത്ത് കളിച്ചിരുന്നു. താളത്തെക്കുറിച്ചൊക്കെ അത്യാവശ്യം ഗ്രാഹ്യമുള്ളതുകൊണ്ട് അതെല്ലാം ഉള്‍പ്പെടുത്തി പഞ്ചതന്ത്രത്തെക്കുറിച്ച് ഒരു റിവ്യൂ തയ്യാറാക്കി. അതായിരുന്നു കലാകൗമുദിയില്‍ എന്റെ പേരില്‍ അച്ചടിച്ചുവന്ന ആദ്യലേഖനം. എം.ഗോവിന്ദന്‍ അക്കാലത്ത് കലാകൗമുദിയുടെ ഒരു ഉപദേഷ്ടാവാണ്. ലേഖനം വായിച്ച ശേഷം അദ്ദേഹം നല്ല അഭിപ്രായം പറയുക മാത്രമല്ല, എന്നെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മനസ്സുതുറന്നുള്ള അഭിപ്രായം എനിക്കൊരുപാട് ഗുണംചെയ്തു. ഗോവിന്ദന് മതിപ്പുണ്ടായതോടെ ഇഷ്ടമുള്ള ഏത് വിഷയവും എഴുതാനുള്ള സ്വാതന്ത്ര്യം കലാകൗമുദിയില്‍ എനിക്ക് കിട്ടി. ശമ്പളം കുറവായിരുന്നെങ്കിലും യാത്രാക്കൂലി വേണ്ടതുപോലെ എഴുതിയെടുക്കാന്‍ മണിസാര്‍ പറയുമായിരുന്നു. എന്നാല്‍ അതൊന്നും ഞാന്‍ ദുര്‍വിനിയോഗംചെയ്തില്ല.

തോപ്പില്‍ ഭാസി, കെ.ടി.മുഹമ്മദ്, എന്‍.എന്‍.പിള്ള, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, എന്‍.കൃഷ്ണപിള്ള, കൈനിക്കര കുമാരപിള്ള, കാവാലം തുടങ്ങിയ ഒട്ടേറെ നാടകപ്രതിഭകളെ കൗമുദിക്കുവേണ്ടി ഇന്റര്‍വ്യൂചെയ്യാനുള്ള ഭാഗ്യമുണ്ടായി. ഒരര്‍ഥത്തില്‍ ആ സംഭാഷണങ്ങളെല്ലാം നാടകത്തെക്കുറിച്ച് എനിക്ക് പുതിയ അറിവുകള്‍ സമ്മാനിച്ചു. ആ കൂട്ടത്തില്‍ മറക്കാനാവാത്ത ഒന്നായിരുന്നു എന്‍.കൃഷ്ണപിള്ളസാറുമായുള്ള സംഭാഷണം. രാവിലെ ഒമ്പതുമണിമുതല്‍ പത്തുമണിവരെയുള്ള സമയമാണ് അഭിമുഖത്തിനായി കൃഷ്ണപിള്ളസാര്‍ അനുവദിച്ചത്. മൂന്നുദിവസമെടുത്താണ് ആ സംസാരം പൂര്‍ത്തിയായത്. ഇടയ്ക്ക് അദ്ദേഹം ചോദിച്ചു: ''വേണുവിന് ഷോര്‍ട്ട് ഹാന്‍ഡ് അറിയാമോ?'' അറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. ''പിന്നെ എങ്ങനെയാണ് നിങ്ങളിത് എഴുതിക്കൊടുക്കാന്‍പോകുന്നത്. കുത്തും കോമയും മാറിയാല്‍ അര്‍ഥംതന്നെ മാറിപ്പോകും. ഏതായാലും എഴുതിയശേഷം എന്നെ കാണിച്ചിട്ട് കൊടുത്താല്‍മതി''. അധ്യാപകന്‍കൂടിയായതുകൊണ്ടാവാം കൃഷ്ണപിള്ളസാര്‍ അത് പറഞ്ഞത് ഒരു ശാസനാസ്വരത്തിലായിരുന്നു. ആ വര്‍ഷത്തെ ഓണപ്പതിപ്പിനുവേണ്ടിയായിരുന്നു ആ ഇന്റര്‍വ്യൂ. നാട്ടിലേക്ക് പോകാനുള്ള തിരക്കുകാരണം എഴുതിയത് സാറിനെ കാണിച്ചുകൊടുക്കാനായില്ല. അഭിമുഖം അച്ചടിച്ചുവന്നു. എന്റെ പേടി മാറിയിരുന്നില്ല. കൃഷ്ണപിള്ളസാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഞാന്‍ പോകാതെയായി. നേരിട്ട് കണ്ടാല്‍ എന്തുപറയും എന്നായിരുന്നു എന്റെ ചിന്ത. യാദൃച്ഛികമായി സാറിനെ കണ്ടപ്പോള്‍പോലും ഞാന്‍ മാറിക്കളഞ്ഞു. നാളുകള്‍ അങ്ങനെ കടന്നുപോയി. ഒരു സന്ധ്യയില്‍ വി.ജെ.ടി. ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ കയറിച്ചെന്നത് സാറിന്റെ മുന്നിലേക്കായിരുന്നു. എന്നെ കണ്ടതോടെ ''ങ്ഹാ... വേണുവോ, ഇവിടെ വാ'' എന്നുപറഞ്ഞ് സാര്‍ അരികിലേക്ക് വിളിച്ചു. കുഴപ്പമായി എന്ന് ഞാന്‍ കരുതി. ''ഷോര്‍ട്ട് ഹാന്‍ഡ് അറിയില്ല എന്നല്ലേ എന്നോട് പറഞ്ഞത്, പിന്നെ എങ്ങനെയാണ് എന്റെ ഭാഷയില്‍ ഇത്ര ഭംഗിയായി എഴുതിയത്?'' കൃഷ്ണപിള്ളസാറിന്റെ വാക്കുകള്‍ കേട്ടതോടെ ശ്വാസമടക്കിപ്പിടിച്ച് നിന്ന എനിക്ക് ഏറെ ആശ്വാസമായി. ''ഇയാള്‍ നല്ലൊരു ജേണലിസ്റ്റായിത്തീരും''. എന്ന് പുഞ്ചിരിയോടെ എന്റെ തോളില്‍ തട്ടി പറഞ്ഞ സാറിന്റെ മുഖം ഇന്നും ഓര്‍മയിലുണ്ട്. പത്രപ്രവര്‍ത്തനജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു ആ വാക്കുകള്‍. തൃത്താല കേശവപ്പൊതുവാള്‍, എം.ഡി.രാമനാഥന്‍, ടി.വി.ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഹൈദരാലി, ചിട്ടി ബാബു എന്നിവരുമായുള്ള കൂടിക്കാഴ്ചകളെ ആസ്പദമാക്കി എഴുതിയ ലേഖനങ്ങളും ശ്രദ്ധേയമായി. മഹാകവി ജി. ശങ്കരക്കുറുപ്പ് മരിച്ചപ്പോള്‍ റിപ്പോര്‍ട്ട്ചെയ്യാന്‍ ഞാനായിരുന്നു പോയത്. ആ കിടപ്പ് കണ്ടാല്‍ മരിച്ചുകിടക്കുകയാണെന്നേ തോന്നില്ല. ആ അനുഭവത്തില്‍നിന്നാണ് 'മരണമഭിനയിക്കുന്ന മഹാനടന്‍' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കടമ്മനിട്ടയുടെ 'പടയണി' കാണാന്‍ കാവാലത്തിനും അരവിന്ദനുമൊപ്പമാണ് പോയത്. പടയണിയെക്കുറിച്ചും ഞാന്‍ വിശദമായി എഴുതി. നാടകവുമായും ക്ലാസിക്കല്‍ കലാരൂപങ്ങളുമായും ബന്ധപ്പെട്ട ലേഖനങ്ങളായിരുന്നു കലാകൗമുദിക്കുവേണ്ടി ഏറെയും തയ്യാറാക്കിയത്. അപ്പോഴും കാവാലത്തിന്റെ നാടകപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഞാന്‍ ഏറെ സമയവും ചെലവഴിച്ചിരുന്നത്.

കലാകൗമുദി ലേഖകനെന്ന നിലയില്‍ ഞാന്‍ സജീവമായിരുന്ന ആ കാലത്തുതന്നെയാണ് കൗമുദി ഗ്രൂപ്പ് ഒരു ഫിലിം മാഗസിന്‍ ആരംഭിക്കുന്നത്. അതോടെ സിനിമാ ലോക്കേഷനില്‍ പോകുന്നതും നടീനടന്മാരെ ഇന്റര്‍വ്യൂ ചെയ്യുന്നതുംകൂടി എന്റെ ജോലിയുടെ ഭാഗമായി. പ്രേംനസീര്‍, അടൂര്‍ ഭാസി, കെ.പി. ഉമ്മര്‍, സോമന്‍, സുകുമാരന്‍, ഷീല, ജയഭാരതി, വിധുബാല, കെ.പി.എ.സി. ലളിത... തുടങ്ങി എത്രയോ നടീനടന്മാരെ ഫിലിം മാഗസിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തു. പ്രേംനസീറുമായുള്ള സംഭാഷണവും മറക്കാനാവില്ല. നസീര്‍സാര്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണത്. ''അടുത്തകാലത്ത് അഭിനയിച്ച പത്ത് സിനിമകളിലെ പത്ത് ഫോട്ടോകള്‍ കാണിച്ചാല്‍ അതെല്ലാം ഏതെല്ലാം ചിത്രങ്ങളിലേതാണെന്ന് പറയാന്‍ കഴിയുമോ?'' നസീര്‍ സാറിനോടാണ് ഈ ചോദ്യം ഞാന്‍ ചോദിച്ചത്. അങ്ങനെയൊന്നും ആരും ചോദിക്കാറില്ല, ഞാനുദ്ദേശിച്ചത് എല്ലാ സിനിമകളിലും നസീര്‍സാറിന് ഒരേ രൂപമാണെന്നാണ്. കുറച്ചുനേരം അദ്ദേഹം ഒന്നും മിണ്ടിയില്ല. പിന്നീട് ഉത്തരം തന്നു. ''പ്രയാസമാണ്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ നായകനായി അഭിനയിക്കുമ്പോള്‍ എന്നെ പ്രേക്ഷകര്‍ കാണാനിഷ്ടപ്പെടുന്നത് എന്റെ രൂപത്തില്‍ തന്നെയാണ്, അല്ലാതെ വേഷപ്രച്ഛന്നതയോടെ നായകവേഷം കാണാന്‍ അധികപേരും ഇഷ്ടപ്പെടില്ല. മറിച്ച് ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നവര്‍ക്ക് താടി വെക്കാം, വെക്കാതിരിക്കാം. മുടി വളര്‍ത്താം, വളര്‍ത്താതിരിക്കാം. നമ്മള്‍ക്ക് അത് കഴിയില്ല. കാരണം നമ്മള്‍ നായകന്മാരാണ്.'' സിനിമാനടനായശേഷം ഈ ചോദ്യം ഒരു ആത്മവിമര്‍ശനമായി ഞാനെന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. കാരണം ഞാനഭിനയിച്ചതിലും ഒരുപാട് പാഴ് സിനിമകള്‍ ഉണ്ടായിരുന്നല്ലോ. തിരിച്ചറിയാന്‍ വയ്യാത്ത ഒരുപാട് കഥാപാത്രങ്ങളും."


തയ്യാറാക്കിയത്: ഭാനുപ്രകാശ്‌