ലയാള ടെലിവിഷന്‍ ചരിത്രത്തിലെ ദൂരദര്‍ശന്‍കാലം. മലയാളസാഹിത്യത്തിലെ മുടിചൂടാമന്നന്‍മാരുടെ രചനകള്‍ ചെറുസിനിമകളായി ദൂര്‍ദര്‍ശന്‍ നിര്‍മിക്കുകയും മലയാളിപ്രേക്ഷകര്‍ ആസ്വദിക്കുകയും ചെയ്തു പോന്നു. വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച പൂവമ്പഴത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് അതിലേറ്റവും രസകരമായത്.

പൂവമ്പഴവും അതിലെ നായകനായ അബ്ദുള്‍ഖാദര്‍ സാഹിബും പ്രേക്ഷകമനസ്സിന്റെ ഓര്‍മകളില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു. ഭാര്യയായ ജമീലയുടെ പൂവമ്പഴം തിന്നാനുള്ള ആഗ്രഹം നടപ്പാക്കാന്‍ കടകള്‍ കയറിയിറങ്ങി കിട്ടാത്ത പൂവമ്പഴത്തിന് പകരം ഓറഞ്ചുമായി മഴ നനഞ്ഞും പുഴ നീന്തിക്കടന്നും വീട്ടിലെത്തുമ്പോള്‍ പിണങ്ങുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി ഓറഞ്ചിനെ പൂവമ്പഴമെന്ന് പറയിപ്പിക്കുന്ന ധാര്‍ഷ്ട്യക്കാരനായ ഭര്‍ത്താവിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഓടിയെത്തുന്ന മുഖം മലയാള സിനിമയിലെ അതുല്യനടനായ നെടുമുടി വേണുവിന്റേതാണ്. ബഷീറിന്റെ അബ്ദുള്‍ ഖാദര്‍ സാഹിബിന് എല്ലായ്‌പ്പോഴും നെടുമുടി വേണുവിന്റെ മുഖമാണ്. 

അതിലൊതുങ്ങുന്നില്ല നെടുമുടി വേണുവെന്ന അഭിനയപ്രതിഭയുടെ ടെലിവിഷന്‍ ചരിത്രം. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കൈരളി വിലാസം ലോഡ്ജ് സംവിധാനം ചെയ്തത് നെടുമുടി വേണുവാണ്. അതില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍ അടിസ്ഥാനമാക്കി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വേരുകള്‍, മമ്മൂട്ടി നിര്‍മിച്ച ജ്വാലയായി എന്നിവയില്‍ നെടുമുടി വേണു വേഷമിട്ടു. ദൂരദര്‍ശനില്‍ തന്നെ രാഗാര്‍ദ്രം എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചു. 

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഗന്ധര്‍വയാമം, സ്വപ്നം, സ്പര്‍ശം, കുഞ്ഞാലി മരയ്ക്കാര്‍ എന്നീ പരമ്പരകളിലും അദ്ദേഹം പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്ത അവസ്ഥാന്തരങ്ങള്‍, സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത ഊമക്കുയില്‍, ശ്രീഗുരുവായൂരപ്പന്‍, പ്രയാണം, പെയ്‌തൊഴിയാതെ, ശ്രീകൃഷ്ണന്‍ എന്നീ പരമ്പരകളിലും നെടുമുടി വേണു എന്ന അസാമാന്യനടന്റെ കഴിവ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തി. പ്രേം പ്രകാശിന്റെ അവസ്ഥാന്തങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ പുരസ്‌കാരവും നെടുമുടി സ്വന്തമാക്കി.

ഒരു കലാകാരന്, ഒരു നടന് പങ്കുവെക്കാനാവുന്നതിന്റെ പരമാവധി അദ്ദേഹം മലയാളത്തിലേയും മറ്റു ഭാഷകളിലേയും ദൃശ്യാവിഷ്‌കരങ്ങള്‍ക്കായി നെടുമുടി വേണുവെന്ന പ്രതിഭ നല്‍കിക്കഴിഞ്ഞു. ആ ആശ്വാസത്തോടെയാവും അദ്ദേഹം വിടപറഞ്ഞിട്ടുണ്ടാവുക.

Content Highlights: Nedumudi Venu as television actor