ന്ത്യന്‍ സിനിമയുടെതന്നെ കൊടുമുടി കയറിയ നടനവൈഭവം നെടുമുടി വേണുവിനെ ഓര്‍ക്കുമ്പോള്‍ ആദ്യമായി മനസിലെത്തുന്ന കഥാപാത്രം രാജശില്‍പ്പി എന്ന ചിത്രത്തിലെ നൃത്താധ്യാപകനാണ്. സിനിമയിലെ ഒരു രംഗത്ത് അദ്ദേഹത്തിന്റ കഥാപാത്രം പറയുന്ന ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. ഈ സമയത്ത് ആ നടന്റെ മുഖത്തു വിരിയുന്ന അതിസൂക്ഷ്മമായ ഭാവപ്രകടനം കണ്ട് അന്തം വിട്ടിരുന്നിട്ടുണ്ട്. സ്ഥൂലമായ പുരുഷശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന സ്‌ത്രൈണഭാവത്തെ നേടുമുടിയോളം കാല്പനികചാരുതയോടെ പ്രകാശിപ്പിച്ചിട്ടുള്ള നടന്മാര്‍ ഇന്ത്യന്‍സിനിമയില്‍ത്തന്നെ ഉണ്ടാവില്ല. തകരയിലെ ചെല്ലപ്പനാശാരി, മിഥുനത്തിലെ തരികിട കളിക്കുന്ന സ്വാമി, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഉഡായിപ്പ് അമ്മാവന്‍, കേളിയിലെ റൊമാന്‍സ് കുമാരന്‍ എന്നീ വേഷങ്ങളൊക്കെ ഏതാണ്ട് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. തീര്‍ത്തും ആണെന്നു പറയാവുന്ന വേഷങ്ങളല്ല ഇവയൊന്നും. എങ്കിലും എല്ലാ പ്രകൃതിയുമുള്ള ആണിന്റെ ശരീരത്തെ ഇവരൊക്കെ പേറുകയും ചെയ്യുന്നുണ്ട്. ഈ വേഷങ്ങള്‍ക്കു കടകവിരുദ്ധമായ കഥാപാത്രങ്ങളിലേക്കു പോയാല്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനും സര്‍ഗ്ഗത്തിലെ ഭാഗവതരും കാക്കക്കുയിലിലെ അന്ധനായ കാര്‍ന്നോരും നമ്മുടെ മുന്നില്‍ വന്ന് തകര്‍ത്താടും. അതു കഴിഞ്ഞ് പ്രിയദര്‍ശന്റെ വന്ദനം കണ്ടാലോ! തീര്‍ത്തും Dangerous, Dynamic and Explosive ആയ പ്രോഫസര്‍ നമ്മെ ഭീതിയുടെ കലാത്മകമായ രസച്ചരടില്‍ കോര്‍ത്തിടും. ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ നാരായണന്‍ മേസ്തിരിയെന്ന വെറുപ്പുളവാക്കുന്ന വില്ലനും ഈ നടന്റെ കൈകളില്‍ ഭദ്രമായിരുന്നു. 

തമിഴില്‍ ശങ്കറെന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ മലയാളത്തില്‍നിന്നു കടമെടുത്ത നടനെന്നുതന്നെ നെടുമുടി വേണുവിനെ വിശേഷിപ്പിക്കണം. ശങ്കറിന്റെ രണ്ടു സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. രണ്ടും ഒന്നിനൊന്നു മെച്ചപ്പെട്ട കഥാപാത്രങ്ങള്‍. എങ്കിലും ഇന്ത്യനിലെ കൃഷ്ണസ്വാമിയെന്ന സി ബി ഐ ഓഫീസര്‍ക്ക് ഗമ കൂടും. നായകനായ കമലഹാസനൊപ്പം തോളോടു തോള്‍ ചേര്‍ന്നുനിന്ന വേഷമായിരുന്നു അത്. സ്റ്റെഡി വടിയായി നടക്കുന്ന സി.ബി.ഐ ഓഫീസര്‍മാരെ മാത്രം സിനിമയില്‍ കണ്ടുശീലിച്ച മലയാളികള്‍ക്ക് കൃഷ്ണസ്വാമി പകര്‍ന്നത് പുതിയതും അതേ സമയം യാഥാര്‍ഥ്യജീവിതത്തോട് ഉരുമ്മി നില്‍ക്കുന്നതുമായ ഒരു സി.ബി.ഐ ഉദ്യോഗസ്ഥനെയായിരുന്നു. നായകന്റെ അച്ഛനായി അന്യന്‍ എന്ന പടത്തില്‍ കണ്ട നെടുമുടി കഥാപാത്രമാകട്ടെ ആഢ്യത്തവും ആദര്‍ശശുദ്ധിയും കൊണ്ടാണ് നമ്മെ ഇരുത്തി ചിന്തിപ്പിച്ചയാളും. നിര്‍ണ്ണായകം എന്ന ചിത്രത്തിലെ കോടതിരംഗത്ത് ഹര്‍ത്താലെന്ന സമരമുറയെ നിശിതമായി വിമര്‍ശിക്കുമ്പോഴും താനൊരു ന്യായാധിപന്റെ മുന്നില്‍ നിന്നുകൊണ്ടാണ് അതു നടത്തുന്നതെന്ന ചിന്തയുടെ പക്വത ഒട്ടും കൈവിടുന്നില്ല ഈ നടന്‍. 

മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അലിഞ്ഞഭിനയിക്കാന്‍ നെടുമുടിയെപ്പോലെ മറ്റൊരു നടനും കഴിഞ്ഞിട്ടില്ല. അവരുടെയൊക്കെ അച്ഛനായും ജ്യേഷ്ഠനായും അമ്മാവനും സുഹൃത്തുമൊക്കെയായും എത്രയെത്ര തന്മയത്വമുള്ള കഥാപാത്രങ്ങളെയാണ് ഈ നടന്‍ വെള്ളിത്തിരയിലെത്തിച്ചത്! എല്ലാം അഭിനയസിദ്ധിയുടെ കൊടുമുടി കണ്ട കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. 

നടനെന്നതിനുപുറമേ എഴുത്തുകാരനും ഗായകനും മൃദംഗവാദകനുമായിരുന്ന ഒരു സകലകലാവല്ലഭനെയാണ് നെടുമുടി വേണുവെന്ന കലാകാരന്റെ വിയോഗത്തോടെ സിനിമയ്ക്കു നഷ്ടമായത്. ചിത്രം എന്ന ചിത്രത്തിലെ നന്മ മാത്രം ആഗ്രഹിക്കുന്ന അതിനുവേണ്ടി എന്തു വിഡ്ഢിവേഷവും കെട്ടാന്‍ തെല്ലും മടിയില്ലാത്ത ആ ഒന്നുമല്ലാത്ത കഥാപാത്രത്തെക്കൂടി ഓര്‍ത്തുകൊണ്ടാണ് ഈ കുറിപ്പിനു വിരാമമിടുന്നത്.