നെടുമുടി വേണു എനിക്ക് സുഹൃത്തു മാത്രമല്ല, ഒരുപാടു വേഷങ്ങള്‍ എനിക്കൊപ്പം ജീവിച്ചുതീര്‍ത്ത ഒരു മനുഷ്യനാണ്. സുഹൃത്തായും ചേട്ടനായും അച്ഛനായും അമ്മാവനായും അയലത്തുകാരനായും ബന്ധുവായും ശത്രുവായും സ്‌നേഹിതനായുമൊക്കെ ഒരുപാടൊരുപാട് വേഷങ്ങള്‍... ഇതെഴുതുമ്പോള്‍ അവയെല്ലാം എന്റെ കണ്മുന്നിലൂടെ ഓടിമറയുന്നു.

എന്റെ സിനിമാപ്രവേശം സംഭവിച്ചതിനുശേഷം 'കോമരം' എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യം ഒരുമിച്ചഭിനയിക്കുന്നത്. ഞാന്‍ പുതുമുഖം. അദ്ദേഹം പരിചയസമ്പന്നനും അരങ്ങും അണിയറയും അരച്ചുകലക്കി കുടിച്ചയാളും. ആദ്യത്തെ പരിചയപ്പെടലിനുശേഷം പതിയെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. പിന്നെ ഒരു മുറിയിലായി പാര്‍പ്പ്. 1985 വരെ ഞങ്ങള്‍ മദിരാശിയില്‍ ഒരു മുറിയില്‍ ഒരുമിച്ചായിരുന്നു താമസം. ഉറങ്ങാതെ കിടക്കുന്ന രാത്രികാലങ്ങളിലെ ചര്‍ച്ചയില്‍ സിനിമ മാത്രമായിരുന്നില്ല വിഷയം. ഉറങ്ങുന്നതിനുമുമ്പ് പുറത്തിറങ്ങി പ്രാര്‍ഥിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്.

ഷൂട്ടിങ്ങില്ലാത്ത രണ്ടാം ശനിയാഴ്ചകളില്‍ സൈക്കിള്‍റിക്ഷ വാടകയ്‌ക്കെടുത്ത് ഞങ്ങള്‍ മദിരാശിനഗരം ചുറ്റും. പതിനൊന്നുമണിക്ക് തുടങ്ങുന്ന സഞ്ചാരം രാത്രിവൈകുംവരെ നീളും. ഇതിനിടയ്ക്ക് മൃഷ്ടാന്നഭക്ഷണം, സിനിമ, ചായകുടി... ഈ റിക്ഷായാത്രയാണ് നെടുമുടി വേണുവുമൊന്നിച്ചുള്ള അനുഭവങ്ങളില്‍ എനിക്ക് ഇന്നും സുന്ദരമായ ഓര്‍മ. ഈ യാത്ര ഒരുപാടുകാലം തുടര്‍ന്നു. വുഡ്ലാന്‍ഡ്സ് ഹോട്ടലിലെ ഡീലക്‌സ് റൂമില്‍നിന്ന് പലയിടങ്ങളിലേക്ക്. ഉണര്‍ന്ന നേരങ്ങളിലല്ല, ഉറങ്ങുന്ന നേരങ്ങളിലായി പരസ്പരം കാഴ്ച.

എനിക്ക് ഒരുപാട് പുതിയ കാര്യങ്ങളും അനുഭവങ്ങളും തന്ന സൗഹൃദകാലമായിരുന്നു അത്. സന്താപങ്ങളും സന്തോഷങ്ങളും നിര്‍ദോഷ പരദൂഷണങ്ങളും കുറുമ്പുകളും പങ്കിട്ട നാളുകള്‍. അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ഹൃദയബന്ധമുണ്ട് എന്നും. അവസാനം 'പുഴു'വിലും 'ഭീഷ്മപര്‍വ'ത്തിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. 'പുഴു'വില്‍ എന്റെ അയല്‍ക്കാരനാണ് അദ്ദേഹം.

എന്റെ ആത്മാവിന്റെ അയല്‍ക്കാരന്‍ ആണല്ലോ അദ്ദേഹം എന്നും.


Content Highlights: Mammootty remembers Nedumudi Venu