ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഷൂട്ടിങ് പദ്മനാഭപുരം പാലസില്‍ നടക്കുന്ന സമയം. രാജാവിന്റെ വേഷമിട്ട വേണുച്ചേട്ടന്‍, ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ പാലസിന്റെ ഒരു ഭാഗത്ത് ഉച്ചമയക്കത്തിലായിരുന്നു. ഇതിനിടയില്‍ അവിടെ സന്ദര്‍ശകരായെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ അദ്ദേഹത്തെ ശരിക്കുമുള്ള രാജാവാണെന്ന് കരുതി വണങ്ങുകയും ദക്ഷിണ സമര്‍പ്പിക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ കണ്ട് അവിടെയെത്തിയ ഞാനുള്‍പ്പെടെയുള്ളവര്‍ വേണുച്ചേട്ടനെ വിളിച്ചുണര്‍ത്തിയാണ് ഇതു ശ്രദ്ധയില്‍പ്പെടുത്തിയത്. ഏത് കഥാപാത്രമായും അസാമാന്യമായ വേഷപ്പകര്‍ച്ച നടത്താനുള്ള നെടുമുടി വേണുവിന്റെ പ്രതിഭാശേഷിയാണ് ഇതെന്ന് നടന്‍ ജഗദീഷ് ഓര്‍ക്കുന്നു.

ഒരു തുടക്കക്കാരനായി എത്തിയ കാലം മുതല്‍ നെടുമുടി വേണു, തന്നോട് സ്‌നേഹവും കരുതലും പുലര്‍ത്തിയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. തന്റെ രണ്ടാമത്തെ ചിത്രമായ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയില്‍ വേണുച്ചേട്ടന്റേതുള്‍പ്പെടെയുള്ള പ്രഗല്‍ഭരുടെ പിന്തുണ മറക്കാനാകാത്തതാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗത്ഭനായ അഭിനേതാക്കളിലൊരായിരുന്നു അദ്ദേഹം. കഥയില്‍ ചില കഥാപാത്രങ്ങള്‍ക്കുള്ള അവിശ്വസനീയത, വേണുച്ചേട്ടന്‍ അഭിനയിക്കുമ്പോള്‍ വിശ്വാസ്യതയുള്ളതായി മാറും.

വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രോത്സാഹനവും പിന്തുണയും പലപ്പോഴും മുതല്‍ക്കൂട്ടായിട്ടുണ്ട്. കുട്ടാ എന്നുള്ള സ്‌നേഹപൂര്‍വമുള്ള വിളി ഇനി ഓര്‍മ്മ മാത്രമാകും.

തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ഒരുമിച്ചായിരുന്നു പലപ്പോഴും ഷൂട്ടിങ്ങിനായുള്ള യാത്രകള്‍. സംഗീതം, നാടകം, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ യാത്രകളായിരുന്നു അവയൊക്കെ.

അദ്ദേഹം സംവിധാനം ചെയ്ത 'കൈരളീവിലാസം ലോഡ്ജ്' എന്ന സീരിയലില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷം തന്നത് ആ അടുപ്പത്തിന്റെ ഭാഗമായിട്ടായിരുന്നു. ഞാന്‍ കഥയെഴുതിയ 'മുത്താരംകുന്ന് പി.ഒ.' 'അക്കരെ നിന്നൊരു മാരന്‍', 'പൊന്നുംകുടത്തിനൊരു പൊട്ട്' തുടങ്ങിയ സിനിമകളില്‍ വേണുച്ചേട്ടന്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശയാത്രകളും സ്റ്റേജ് ഷോകളും നടത്തുമ്പോള്‍ ഒരു കാരണവരെപ്പോലെ മുന്നില്‍നിന്നു നയിക്കാന്‍ വേണുച്ചേട്ടനുണ്ടായിരുന്നു. എപ്പോഴും അത്തരം പരിപാടികളില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഏത് മേശമേലും താളംപിടിച്ച് പാട്ടിന്റെയും സംഗീതത്തിന്റെയും മനോഹര രംഗം തീര്‍ക്കാന്‍ സൗഹൃദസദസ്സുകളില്‍ മുന്നിലുണ്ടാകുമായിരുന്നു. അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും തന്റേതായ ആഖ്യാനം നല്‍കി അതിനായുള്ള തയ്യാറെടുപ്പ് നടത്തി അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അതിന്റെ ഗൗരവം അദ്ദേഹം ആരോടും വെളിപ്പെടുത്തിയിരുന്നില്ല.

Content Highlights: Jagadish remembers Nedumudi Venu