'വിടപറയും മുമ്പേ' എന്ന സിനിമയുടെ നിര്‍മാതാവായിരുന്നപ്പോഴാണ് ഞാന്‍ വേണുവിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.

അതിലെ ഒരു പ്രധാന കഥാപാത്രത്തെ വേണുവിനെക്കൊണ്ട് അഭിനയിപ്പിക്കാം എന്നുപറഞ്ഞത് സംവിധായകന്‍ മോഹനാണ്. അന്ന് പോയിക്കണ്ടു. പരിചയപ്പെട്ടു. പിന്നീട് വേണു എന്നോടു പറഞ്ഞിട്ടുണ്ട്, പുതുതായി പരിചയപ്പെട്ട ഒരാളായിട്ടല്ല എന്നെ വേണുവിനു തോന്നിയത് എന്ന്. മറിച്ച്, കുട്ടിക്കാലംമുതല്‍ക്കുള്ള സുഹൃത്തിനെപ്പോലെയാണ്. അത് അവസാനകാലം വരെ അങ്ങനെയായിരുന്നു.

ഒരുപാടു കാര്യങ്ങളെപ്പറ്റി നല്ല ധാരണയുള്ളയാളായിരുന്നു വേണു. താളം, കവിത, നൃത്തം, നാടന്‍പാട്ട് എല്ലാം നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ വേണു എനിക്കൊരു ഗുരുവിനെപ്പോലെയായി. ഞാന്‍ പറയുന്നതെല്ലാം വേണു കൗതുകത്തോടെ കേള്‍ക്കുമായിരുന്നു. ഇതെല്ലാം എഴുതണം എന്നും പറയും. 

ഒരിക്കല്‍ ഞങ്ങള്‍ ഒരു വിദേശപരിപാടിക്ക് പോവുകയാണ്. ഞാന്‍ നടനായി തെളിഞ്ഞുവരുന്നതേയുണ്ടായിരുന്നുള്ളൂ. മുംബൈയില്‍ എത്തിയപ്പോള്‍ അവിടെ മലയാളിസമാജത്തില്‍ ഒരു പരിപാടി. എന്നോടും പ്രസംഗിക്കാന്‍ പറഞ്ഞു. എനിക്ക് പ്രസംഗിക്കാന്‍ ഒന്നും അറിയില്ലെന്ന് ഞാന്‍ വേണുവിനോട് പറഞ്ഞു. അപ്പോള്‍ വേണു പറഞ്ഞതിതാണ്: ''തനിക്ക് തന്നില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ്. ഞങ്ങളുടെ ഇടയില്‍ സംസാരിക്കുന്നതുപോലെ പറഞ്ഞാല്‍ മതി.'' അഞ്ചു മിനിറ്റില്‍ സംസാരിച്ചുതീര്‍ക്കുന്ന ഞാന്‍ അന്ന് ഒരുമണിക്കൂറിലധികം സംസാരിച്ചു.