ലപ്പുഴ എസ്.ഡി. കോളേജിന്റെ സ്റ്റേജില്‍വെച്ചാണ് നെടുമുടിക്കാരനായ വേണുഗോപാലിനെ ഞാന്‍ ആദ്യമായി കാണുന്നത്. ഞാന്‍ അഭിനയിക്കുന്ന നാടകത്തിന്റെ മേക്കപ്പ്മാനായിരുന്നു അദ്ദേഹം. കലാകാരന്‍മാര്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന ആലപ്പുഴ ഗവ. മുഹമ്മദന്‍സ് സ്‌കൂളില്‍നിന്നാണ് ഞാന്‍ കോളേജിലെത്തിയത്. നന്നേ ചെറുപ്പത്തിലേ മൃദംഗം വായിക്കുമായിരുന്ന വേണുവും അങ്ങനെയൊരു പശ്ചാത്തലത്തില്‍നിന്നാണ് വന്നത്. ഇത് ഞങ്ങളെ അടുപ്പിച്ചു. നാടകങ്ങള്‍ തയ്യാറാക്കി നാട്ടിലൊക്കെ അവതരിപ്പിച്ചു തുടങ്ങി. ഇതോടെ വേണു നെടുമുടിയിലെ വീട്ടില്‍പ്പോകാതായി. എന്റെ വീട്ടില്‍ ഒരേ കട്ടിലില്‍ ഞങ്ങള്‍ എട്ടുവര്‍ഷം ഉറങ്ങി. ഡിഗ്രി ആയതോടെ ബന്ധം കൂടുതല്‍ ദൃഢമായി. അക്കാലത്ത് ഞങ്ങള്‍ പലയിടത്തും മ്യൂസിക് നൈറ്റ് സംഘടിപ്പിക്കും. വീടുകള്‍ കയറി ഒരു രൂപയുടെ ടിക്കറ്റ് വില്‍ക്കണം. അങ്ങനെ ഒരു വീട്ടിലെത്തി. വാതില്‍ തുറന്നയാള്‍ 'ആരിത് ഫാസിലോ' എന്നു ചോദിച്ചു. എന്നെ എങ്ങനെ മനസ്സിലായെന്ന് ഞങ്ങള്‍ക്കു സംശയമായി. ആയിടയ്ക്ക് ഞങ്ങള്‍ അവതരിപ്പിച്ച ഒരു നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയതും ഞാന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം പറഞ്ഞു. അവിടെ ജഡ്ജിങ് സമിതിയില്‍ ഉണ്ടായിരുന്ന അദ്ദേഹം സ്വയം പരിചയപ്പെടുത്തി. 'ഞാന്‍ കാവാലം നാരായണപ്പണിക്കര്‍'. അതൊരു തുടക്കമായിരുന്നു. ഞങ്ങള്‍ രണ്ടാളും അദ്ദേഹത്തിന്റെ നാടകപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടി.

ഇക്കാലത്ത് കുറെ മിമിക്രിയും ഞങ്ങള്‍ തുടങ്ങിയത് ഹിറ്റായി. ഒരുപാട് വേദികള്‍ കിട്ടിത്തുടങ്ങി. കാവാലം ഒരുദിവസം ഞങ്ങളുടെ മിമിക്രി എന്‍.എന്‍. പിള്ളയ്ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാക്കി. ഇതിനിടെ യേശുദാസിന്റെ മാനേജര്‍ വിളിച്ച് ഗാനമേളയ്ക്കിടയില്‍ മിമിക്രി അവതരിപ്പിക്കാന്‍ അവസരങ്ങള്‍ തന്നു. ബോംബെയില്‍ പോയിവരെ പരിപാടി നടത്തി. തിരിച്ചുവന്ന് വീണ്ടും നാടകലോകത്തായി. ആയിടയ്ക്ക് കാവാലം 'തിരുവാഴിത്താന്‍' എന്ന നാടകം എഴുതി. ഞാനായിരുന്നു നായകന്‍. ഇതു വലിയ വിജയമായി. വൈകാതെ പ്രവര്‍ത്തനം തിരുവനന്തപുരത്തേക്കു മാറ്റാന്‍ കാവാലം തീരുമാനിക്കുകയും ഞങ്ങളെ അങ്ങോട്ടേക്കു ക്ഷണിക്കുകയും ചെയ്തു. ആലപ്പുഴ വിട്ടുപോകാന്‍ എനിക്കു മടിയായിരുന്നു. പക്ഷേ, വേണു പോയി. അങ്ങനെയാണ് ഒരു മെയ്യായിരുന്ന ഞങ്ങള്‍ വേര്‍പിരിഞ്ഞത്.

തിരുവനന്തപുരത്തെത്തിയ വേണു അവിടെ കലാകൗമുദിയില്‍ ജോലിക്കു കയറി. കാവാലം 'തിരുവരങ്ങ്' എന്ന നാടകസമിതി തുടങ്ങിയപ്പോള്‍ വേണു അതിലെ പ്രധാന നടനായി. 'ദൈവത്താര്‍' എന്ന നാടകം വമ്പന്‍ ഹിറ്റായതോടെ നാടകപ്രേമികള്‍ക്കിടയില്‍ വേണു താരമായി. 'അവനവന്‍ കടമ്പ' എന്ന നാടകം വന്നതോടെ വേണുവിന്റെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. അരവിന്ദന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍ വന്നതോടെ സിനിമയിലേക്കുള്ള അരങ്ങേറ്റമായി. തമ്പ്, തകര, ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വാഭാവിക അഭിനയത്തിന്റെ ഉന്നതിയിലേക്ക് വേണു കുതിച്ചു. ഏതാണ്ട് അതേസമയത്ത് ഉദയ നവോദയ ക്യാമ്പുകളിലൂടെ ഞാന്‍ സംവിധായകനായി. നടനായി തുടങ്ങിയ ഞാന്‍ സംവിധായകനായപ്പോള്‍ വേണു നടനായി മാറിയതാണ് കൗതുകം. പുതുമുഖങ്ങളെ വെച്ച് ഞാന്‍ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ ചെയ്തപ്പോള്‍ സെയ്തലവി എന്ന കഥാപാത്രം വേണുവിനായി നീക്കിവെച്ചു. എന്റെ മിക്ക ചിത്രങ്ങളിലും വേണുവുണ്ടായിരുന്നു. എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ് എന്നിവയിലെ കഥാപാത്രങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും.

കഴിഞ്ഞദിവസം എന്നെ വിളിച്ചു. വെറുതേ വിളിച്ചതാണെന്നും ഫാസിലിനോട് സംസാരിക്കണമെന്നു തോന്നിയെന്നും പറഞ്ഞു. അധികം സംസാരിച്ചില്ല. 'വെക്കട്ടെ' എന്നു പറഞ്ഞ് ഫോണ്‍വെച്ചു. പിറ്റേന്നറിഞ്ഞത് വേണു ഐ.സി.യു.വിലാണെന്നാണ്. ഒരുദിവസംകൂടി കഴിഞ്ഞപ്പോള്‍ ഗുരുതരമാണെന്ന് അറിഞ്ഞു. ഒടുവില്‍ 53 വര്‍ഷത്തെ ബന്ധം ബാക്കിയാക്കി വേണു പോയി.

Content Highlights: Fasil remembers Nedumudi Venu