നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകന്‍ ഫാസില്‍

നെടുമുടി വേണു അടിമുടി കലാകാരനാണ്. താളലയവും സംഭാഷണചാതുരിയും ഭാവപ്രകടനങ്ങളും ശബ്ദവിന്യാസങ്ങളുമെല്ലാം ഒത്തിണങ്ങിയ നടന്‍. എനിക്ക് അതിലെല്ലാം ഉപരിയാണ് നെടുമുടി വേണു. കളിക്കൂട്ടുകാരനില് തുടങ്ങി വീട്ടിലൊരംഗമായി ഒരേ മേഖലയില് ക്യാമറയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം വളര്‍ച്ച കണ്ടാസ്വദിച്ച ഒരപൂര്‍വ്വ സൗഹൃദം.

ആലപ്പുഴ എസ്.ഡി കോളേജിന്റെ തണല്‍ വിരിച്ച വഴികളില് വെച്ചുള്ള പരിചയം. വേദികളില്‍ മാറ്റുരച്ച അഭിനയ മത്സരം. പിന്നെ ഒരുമിച്ച് വേദികള് പങ്കിട്ട് കലയുടെ ലോകത്തേക്ക്. ഞാന്‍ ഓര്‍ക്കുന്നു. കോളേജില് നാടക മത്സരത്തില് പാഷാണം വര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വേണു മികച്ചനടനായി. സീരിയസ് കഥാപാത്രം എന്ന വിഭാഗത്തില് ഞാനും. അന്നാണ് ഞങ്ങളുടെ പരിചയം സൗഹൃദമായി വളരുന്നത് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില് സമൂഹഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോള് ഡല്‍ഹിയിലേക്ക് ഒരു വിനോദയാത്ര തരപ്പെട്ടു. സമ്മാനം കിട്ടിയ എല്ലാവരും ഡല്‍ഹിയില്‍ ഓരോ പരിപാടി അവതരിപ്പിക്കണം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില് നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട ജഗതിശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. കലാജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു ആ യാത്ര. പിന്നെ ഞങ്ങളൊരുമിച്ച ഒട്ടേറെ വേദികളും. ഞാന് എക്കണോമിക്‌സും വേണു മലയാളവുമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഞാന് എം.എയ്ക്ക് ചേര്‍ന്നപ്പോള്‍ വേണു കലാലയം വിട്ടില്ല. എന്റെ കൂടെ ചുമ്മാ കോളേജില് വരും. അവിടെയൊക്കെ ചുറ്റിപറ്റി നടക്കും. കലാപ്രവര്‍ത്തനങ്ങളില് ഒപ്പമുണ്ടാവും. അങ്ങിനെയൊരു കാലം. താമസം പലപ്പോഴും എന്റെ വീട്ടിലായിരിക്കും. ഒരിക്കല്‍ ആലപ്പുഴയില്‍ നടന്ന ഒരു നാടകമത്സരത്തിന് ജഡ്ജായി കാവാലം വന്നു. ഞാനെഴുതി സംവിധാനം ചെയ്ത നാടകത്തിനായിരുന്നു ഒന്നാം സമ്മാനം. എന്നെയും വേണുവിനേയും കാവാലം അദ്ദേഹത്തിന്റെ തിയേറ്ററിലേക്ക് ക്ഷണിച്ചു. വേണു ആ വഴികലാരംഗത്തെത്തി. ഞാന് ഉദയാവഴിയും. വേണു പത്രപ്രവര്‍ത്തകാനായി സിനിമയെ ചുറ്റിപറ്റി സഞ്ചരിക്കുമ്പോഴും കൂടെ ഞാനുണ്ടായിരുന്നു. ഉദയായുടെ ഒരു ചിത്രത്തില് ഞങ്ങള്‍ അഭിനയിച്ചിട്ടുമുണ്ട്. ഒരു സുന്ദരിയുടെ കഥയില്‍ ഓടുന്ന സീനില്‍. പക്ഷെ ഞങ്ങള്‍ക്ക് മാത്രമേ ഞങ്ങളെ തിരിച്ചറിയൂ എന്നു മാത്രം.

വേണുവിനെ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിച്ചത് ഞാനാണ്. നഗരത്തിലെ ഊടുവഴികളിലൂടെ ഞാന്‍ വേഗം ഓടിക്കും. ഏതെങ്കിലും തിരിവില്‍ വെച്ച് പെട്ടെന്ന് ചവിട്ടി അപ്രത്യക്ഷനാകും. കുട്ടനാട്ടുകാരനായ വേണു. എവിടെയെങ്കിലും അന്തം വിട്ട് നില്ക്കും. ആരോടൊക്കെയോ വഴി  ചോദിച്ച് ഒരു വിധം മടങ്ങിയെത്തുമ്പോള്‍ ഉമ്മറത്ത് ഞാന് ചിരിച്ചുകൊണ്ട് ഇരിക്കും. ഇതിനെന്നോട് പകരം വീട്ടുന്നത് ഞാന്‍ കുട്ടനാട്ടില്‍ ചെല്ലുമ്പോഴാണ്. അവിടെ എന്നെ വള്ളത്തില്‍ കയറ്റി കൊണ്ടു പോകും. നടുക്കായലില്‍ എത്തുമ്പോള് വള്ളം മറിക്കാന് നോക്കും. വള്ളവും വെള്ളവും സ്വതവേ പേടിയാണെനിക്ക്. കളിക്കല്ലേ വള്ളം മറിയുമെന്ന് പറഞ്ഞ് പേടിച്ചിരിക്കുമ്പോള്‍ വേണു ചോദിക്കും. ഈ ലോകത്തില്‍ ഏറ്റവും മഹാനായ മനുഷ്യന്റെ പേരെന്താ. വേണുഗോപാല്‍ ഞാന്‍ പറയും. അപ്പോള്‍ ആ മുഖത്ത് വിരിയുന്ന വിജയിയുടെ ഒരു ചിരിയുണ്ട്. ഞാന്‍ ഇപ്പോഴും അത് കാണുന്നു. ഈ ലോകത്തിലെ ഏറ്റവും നല്ല കൂട്ടുകാരന്റെ പേര് ചോദിച്ചാലും വേണു ഞാന്‍ നിന്റെ പേര് പറയും.

Content Highlights: Director Fazil remembers Nedumudi Venu, recalls their friendship