തിയേറ്ററുകളിലേക്കെല്ലാം കുഞ്ചാക്കോ ബോബൻ സിനിമകൾ, മോഹൻകുമാർ ഫാൻസ്, നിഴൽ, നായാട്ട്... ഒന്നിനുപുറകെ ഒന്നായി ചാക്കോച്ചൻ ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നു. കൊറോണോഭീതിയിൽനിന്ന് തിരിച്ചുവരുന്ന തിയേറ്ററുകൾ വിഷുക്കാലത്തോടെ പഴയനില കൈവരിക്കുമെന്നാണ് സിനിമാക്കാരുടെ കണക്കുകൂട്ടൽ. മലയാളിപ്രേക്ഷകരിലേക്ക് വിഷുക്കൈനീട്ടമായി ഒന്നിലധികം ചിത്രങ്ങളെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് കുഞ്ചാക്കോ ബോബൻ.മോഹൻകുമാർ ഫാൻസ്, നിഴൽ, നായാട്ട്... ചെറിയ ഇടവേളകളിൽ അഭിനയിച്ച സിനിമകൾ ഒന്നിനുപിറകെ ഒന്നായി പ്രദർശനത്തിനെത്തുന്നു

=മോഹൻകുമാർ ഫാൻസും നായാട്ടും ലോക്‌ ഡൗണിന് മുമ്പുതന്നെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളാണ്. കൊറോണമാനദണ്ഡങ്ങൾ പാലിച്ച് ലോക്‌ ഡൗണിനുശേഷം ചിത്രീകരിച്ച സിനിമയാണ് നിഴൽ. ഇത്രയധികംകാലം തിയേറ്ററുകൾ അടച്ചിടുന്നത് ആദ്യമായിട്ടാണല്ലോ, സെക്കൻഡ്‌ ഷോ ആരംഭിച്ച്, കുടുംബസമേതം പ്രേക്ഷകർ തിയേറ്ററുകളിലേക്ക്‌ എത്തിത്തുടങ്ങിയശേഷം റിലീസ് ചെയ്യാമെന്നുകരുതി കാത്തിരിക്കുകയായിരുന്നു. വിഷുക്കാലത്ത് തിയേറ്ററുകൾ സജീവമാകുമെന്ന വിശ്വാസത്തിലാണ് സിനിമകളെത്തുന്നത്. അഭിനയിച്ച സിനിമകൾ ആഴ്ചകളുടെ ഇടവേളയിൽ പ്രദർശനത്തിനെത്തുന്നുണ്ടെങ്കിലും പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തമാണ്. സിനിമകളെല്ലാം വേറിട്ട അനുഭവമാകും പ്രേക്ഷകന്‌ സമ്മാനിക്കുക.

‘ചാർളി’ക്കുശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനം, ഹിറ്റ് ചിത്രം ‘ജോസഫി’നുശേഷം ഷാഹി കബീറിന്റെ രചന, നിർമാതാവായി സംവിധായകൻ രഞ്ജിത്തും ടീമും ‘നായാട്ട്’ മുന്നോട്ടുവെക്കുന്ന പ്രതീക്ഷകൾ

=മികച്ച ടീമിനൊപ്പം പ്രവർത്തിക്കാനായി എന്നതാണ് ‘നായാട്ട്’ നൽകുന്ന സന്തോഷം. മാർട്ടിൻ പ്രക്കാട്ടിന്റെ മുൻകാലസിനിമകളിൽനിന്നെല്ലാം മാറിനിൽക്കുന്ന ചിത്രമാണ് നായാട്ട്. കഥകേട്ടശേഷം സിനിമയിലെ പ്രവീൺ മൈക്കിൾ എന്ന പോലീസ് കഥാപാത്രം ചോദിച്ചുവാങ്ങുകയായിരുന്നു. ഏതൊരു അഭിനേതാവും കൊതിക്കുന്ന ടീമാണ് നായാട്ടിനുപിറകിലുള്ളത്. ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ് മഹേഷ് നാരായണൻ, മ്യൂസിക് വിഷ്ണു വിജയ്. ഗോൾഡ്‌ കോയൻ മോഷൻ പിക്ചേഴ്സ് കമ്പനിയാണ് നിർമാണം, ബിഗ് സ്‌ക്രീനിൽ ജോജു, നിമിഷ എന്നിങ്ങനെയുള്ള ഒട്ടേറെ അഭിനേതാക്കൾ. ‘അയ്യപ്പനും കോശി’ക്കും ശേഷം അനിൽ നെടുമങ്ങാടിന്റെ ശക്തമായ വേഷവും നായാട്ടിൽ കാണാം.

സീൻഓർഡറിൽ ചിത്രീകരിച്ച സിനിമയാണ് നായാട്ട്. തിരക്കഥയിൽ രേഖപ്പെടുത്തിയ സമയംനോക്കിയാണ് മിക്കപ്പോഴും ചിത്രീകരണം നടത്തിയത്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെയുള്ള സമയത്ത് നടക്കുന്ന സംഭവങ്ങളെല്ലാം അതേസമയങ്ങളിൽത്തന്നെയാണ് ചിത്രീകരിച്ചത്. ഇതുവരെ ക്യാമറയിൽ പതിഞ്ഞിട്ടില്ലാത്ത കൊടൈക്കനാലിന്റെ ഉൾപ്രദേശങ്ങൾ സിനിമയിൽ കാണാം.

പുതിയ സിനിമാവിശേഷങ്ങൾ

=അവാർഡ് ജേതാവ് അപ്പു എൻ. ഭട്ടതിരി ആദ്യമായി സംവിധാനംചെയ്ത ‘നിഴലാ’ണ് പ്രദർശനത്തിനെത്തുന്ന മറ്റൊരു ചിത്രം. ദുരൂഹതകൾ നിലനിർത്തി കഥപറയുന്ന സിനിമയിൽ നയൻതാരയും പ്രധാനവേഷത്തിലുണ്ട്. ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റ് എന്ന സിനിമയിലാണ് നിലവിൽ അഭിനയിക്കുന്നത്. അരവിന്ദ് സാമി ചിത്രത്തിൽ ശക്തമായൊരു വേഷം കൈകാര്യംചെയ്യുന്നു. ഉദയ പിക്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ അണിയറജോലികൾ പുരോഗമിക്കുന്നു. ‘അറിയിപ്പ്’ എന്നുപേരിട്ടിരിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനംചെയ്യുന്നത്.

കുടുംബവിശേഷങ്ങളും സിനിമാ അനുഭവങ്ങളും പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ ഏപ്രിൽ ആദ്യലക്കം ഗൃഹലക്ഷ്മി കാണുക