റുപത്താറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. റാം സംവിധാനം ചെയ്ത പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അതുപോലെ ധനുഷ്(വടചെന്നൈ), റണ്‍ബീര്‍ കപൂര്‍(സഞ്ജു), രണ്‍വീര്‍ സിംഗ്(പത്മാവത്) തുടങ്ങിയവരെയും അവഗണിച്ചതില്‍ പ്രതിഷേധം ഉയരുകയാണ്. പേരന്‍പിലെ പ്രകടനത്തിന് സാധനയെ പരിഗണിക്കാതിരുന്നതിലും വിമര്‍ശനമുണ്ട്.

ദേശീയ പുരസ്‌കാരത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതില്‍ ഏറെ അസ്വസ്ഥനാണ് താനെന്ന് ജൂറി ചെയര്‍മാന്‍ രാഹുല്‍ രവാലി പറയുന്നു.

'കേന്ദ്രസര്‍ക്കാറിന്റെ താല്‍പര്യമനുസരിച്ചാണോ പുരസ്‌കാരം നല്‍കിയതെന്ന് ചോദിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഉറിക്ക് പുരസ്‌കാരം നല്‍കിയത് ബിജെപിയ്ക്ക് വേണ്ടിയാണെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എന്നാല്‍ ഉറി ഒരു രാഷ്ട്രീയപ്രചാരണമല്ല. ഈ തീരുമാനത്തില്‍ രാഷ്ട്രീയമില്ല. 

ഉറിക്ക് പുരസ്‌കാരം ലഭിച്ചത് കൂട്ടായ്മയുടെ വിജയമാണ്.  താരപരിവേഷമില്ലാത്ത നടന്‍മാരാണ് വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയും. അതുകൊണ്ട് അവര്‍ പുരസ്‌കാരം അര്‍ഹിക്കുന്നില്ല എന്നുണ്ടോ? അവര്‍ക്ക് മുകളില്‍ ഞങ്ങള്‍ക്ക് ആരെയും കണ്ടെത്താനായില്ല. അതാണ് സത്യം. 

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നാല് കുട്ടികള്‍ക്ക് ഞങ്ങള്‍ പങ്കിട്ടു നല്‍കി. നാല് പേരും നന്നായി അഭിനയിച്ചിട്ടുണ്ട്. 

മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സഞ്ജയ് ലീല ബന്‍സാലിക്ക് ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു സംവിധായകന്‍ ആ നേട്ടം കൈവരിക്കുന്നത്. ജൂറിയെ വിമര്‍ശിക്കുന്നവര്‍ ഈ കാര്യങ്ങളൊന്നും ചിന്തിക്കുന്നില്ല- രാഹുല്‍ രവാലി പറഞ്ഞു.

Content Highlights: National Film Awards 2018, Rahul Rawail on criticisms