റുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. തമിഴ് ചിത്രം പേരന്‍പിലെ പ്രകടനത്തിന് നടന്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നതിനെ ചൊല്ലി ജൂറിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരുന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.

എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടിയില്ല എന്ന് വ്യക്തമാക്കി മമ്മൂട്ടിക്ക് താന്‍ അയച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ റവൈല്‍ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടി ആരാധകരുടെ രോഷം തനിക്കെതിരെ നീണ്ടതാണ് ഈ പോസ്റ്റിടാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്ന് രാഹുല്‍ റവൈല്‍ കുറിച്ചു. തുടര്‍ന്ന് ഇതിന് മമ്മൂട്ടി മറുപടി അയച്ചതായും രാഹുല്‍ റവൈല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നും ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞുവെന്നാണ് റവൈല്‍ പോസ്റ്റ് ചെയ്തിരുന്നത്. 

Rahul Rawail

എന്നാല്‍ പേരന്‍മ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ രാഹുല്‍ റവൈലിന്റെ പേജില്‍ നിന്ന് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ രണ്ടു പോസ്റ്റുകള്‍ക്കെതിരേയും കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരുന്നത്. അതിനിടെ മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള യുദ്ധവും അരങ്ങേറിയിരുന്നു. രാഹുല്‍ റവൈലിന്റെ പോസ്റ്റുകള്‍ക്ക് താഴെ ആയിരക്കണക്കിന് കമന്റുകളാണ് വന്നിരുന്നത്. എന്നിട്ടും രോഷം തീരാതെ, രാഹുല്‍ റവൈലിന്റെ മുന്‍കാല പോസ്റ്റുകള്‍ക്ക് താഴെയും പലരും കമന്റു ചെയ്യുകയാണ്. ജൂറി ചെയര്‍മാനെ ചീത്തവിളിച്ചു കൊണ്ടുള്ള കമന്റുകളാണ് ഭൂരിഭാഗവും. 

Rahul Rawail

Content Highlights: National Award Jury Chairman Rahul Rawail Criticizes Mammootty Fans, and removes facebook post on peranbu controversy