അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. തമിഴ് ചിത്രം പേരന്‍പിലെ പ്രകടനത്തിന് നടന്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നതിനെ ചൊല്ലി ജൂറിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരുന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.

റാം സംവിധാനം ചെയ്ത പേരന്‍പില്‍ മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്ച വച്ചത് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഒരര്‍ഥത്തില്‍ മികച്ച കഥാപാത്രങ്ങളിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചു വരവായിരുന്നു പേരന്‍പ്. എന്നാല്‍ ചിത്രം പ്രാദേശിക പാനല്‍ തന്നെ തള്ളിക്കളഞ്ഞെന്നും ദേശീയ ജൂറിക്ക് മുന്‍പില്‍ എത്തിയില്ലെന്നുമാണ് രാഹുല്‍ റാവെലിന്റെ വിശദീകരണം.

ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ആക്രമണങ്ങളുമാണ് രാഹുല്‍ റവൈല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റു വാങ്ങുന്നത്. എന്നാല്‍ മമ്മൂട്ടിക്ക് വേണ്ടി വാദിക്കുന്നവര്‍ സാധന എന്ന നടിയെ വിസ്മരിക്കുന്നത് എന്തുകൊണ്ട്? സാധനയും പുരസ്‌കാരത്തിന് അര്‍ഹയായിരുന്നില്ലേ? പേരന്‍പ് കണ്ടവര്‍ക്ക് മാത്രം ഇത് മനസ്സിലാകും. 

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് സാധന അവതരിപ്പിച്ചത്. കൈകാലുകള്‍ വളച്ചൊടിച്ചും വായ കോട്ടി പിടിച്ചും മുഴുനീളം ചിത്രത്തില്‍ അഭിനയിക്കാന്‍ ശാരീരികമായും മാനസികമായും കഠിനപ്രയത്നം തന്നെയാണ് ഈ പെണ്‍കുട്ടി ചെയ്തിരിക്കുന്നത്. 16 വയസ്സ് മാത്രം പ്രായമുള്ള സാധന ഒരു സംഭാഷണം പോലുമില്ലാതെയാണ് പ്രേക്ഷകരുടെ കണ്ണു നിറയിച്ചത്. റാമിന്റെ തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ പെണ്‍കുട്ടി, അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂര്‍ണമായും തന്നിലേക്ക് സ്വാംശീകരിച്ചു. കീര്‍ത്തി സുരേഷിനൊപ്പം മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് സാധനയെയും പരിഗണിക്കണമായിരുന്നു. ആ പെണ്‍കുട്ടി തീര്‍ച്ചയായും അതര്‍ഹിക്കുന്നു.

ഭാര്യ ഉപേക്ഷിച്ച് പോകുന്ന അവസരത്തില്‍ പ്രവാസിയായ അമുദന്‍ നാട്ടിലേക്ക് വരുന്നതും മകളുടെ സംരക്ഷണം പൂര്‍ണമായി അയാള്‍ക്ക് ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നതാണ് പേരന്‍പിന്റെ കഥാതന്തു. പാപ്പ എന്ന് എല്ലാവരും വിളിക്കുന്ന, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന മകള്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാഹചര്യത്തില്‍ ഒരേ ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ അമുദന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നത്. അമുദനും മകളും തമ്മിലുള്ള രസതന്ത്രം പേക്ഷകരില്‍ വൈകാരിക ഭാരം എല്‍പ്പിക്കുന്നതായിരുന്നു.  

മമ്മൂട്ടിയിലെ അഭിനേതാവിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള സിനിമകളോ കഥാപാത്രങ്ങളോ സമീപ കാലത്തൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ പേരന്‍പിലൂടെ ആ മികച്ച നടനിലെ അനന്ത സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞു. തനിയാവര്‍ത്തനം, അമരം എന്നീ ചിത്രങ്ങളില്‍ കണ്ട മമ്മൂട്ടിയെ ഒരിക്കല്‍ കൂടി കാണാനുള്ള അവസരമാണ് പേരന്‍പിലൂടെ റാം ഒരുക്കി വച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്ന ഒരു പിതാവിന്റെ പരിമിതികള്‍ സൃഷ്ടിച്ച ദൈന്യത അതിഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 

പുരസ്‌കാര ജേതാക്കളായ മറ്റു അഭിനേതാക്കളുടെ കഴിവിനെ ആരും കുറച്ചു കാണുന്നില്ല. എന്നാല്‍ രാഹുല്‍ റാവൈലിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു, ''ആദ്യമായി ആര്‍ക്കും തന്നെ ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ല, രണ്ടാമതായി പേരന്‍പ് എന്ന ചിത്രം പ്രാദേശിക പാനല്‍ തന്നെ തള്ളിക്കളഞ്ഞ ഒന്നാണ്. അതുകൊണ്ട് തന്നെ അത് സെന്‍ട്രല്‍ പാനലിന് മുന്‍പാകെ അത് എത്തിയില്ല ''. പ്രാദേശിക ജൂറി തള്ളിക്കളഞ്ഞു എന്ന് പറയപ്പെടുന്ന ഈ ചിത്രം 22 ലധികം രാജ്യാന്തര-അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ അംഗീകാരങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടു തന്നെ എന്തുകൊണ്ട് പേരന്‍പിനെയും മമ്മൂട്ടിയെയും സാധനയെയും പുരസ്‌കാരത്തിന് പരിഗണിച്ചില്ല എന്ന ചോദ്യം വിമര്‍ശകര്‍ ഉന്നയിച്ചാല്‍ ജൂറി അതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതില്‍ അര്‍ഥമില്ല. രാഹുല്‍ റാവൈല്‍ പറഞ്ഞത് സത്യമാണെങ്കില്‍ പ്രാദേശിക ഭാഷാ ചിത്രങ്ങളും അഭിനേതാക്കളും അംഗീകരിക്കപ്പെടാതെ പോകുന്നതില്‍ പ്രാദേശിക ജൂറിക്കുള്ള പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. 

 

Content Highlights: National Award Controversy, Mammootty, Pernabu, Sadhana actress, criticism against Jury