റുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. തമിഴ് ചിത്രം പേരന്‍പിലെ പ്രകടനത്തിന് നടന്‍ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നതിനെ ചൊല്ലി ജൂറിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരുന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ നല്‍കിയ മറുപടിയും വിമര്‍ശിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ, എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടിയില്ല എന്നു വ്യക്തമാക്കി മമ്മൂട്ടിക്ക് താന്‍ അയച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍. മമ്മൂട്ടി ആരാധകരുടെ രോഷം തനിക്കെതിരെ നീണ്ടതാണ് ഈ പോസ്റ്റിടാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതെന്ന് രാഹുല്‍ റവൈല്‍ കുറിച്ചിരുന്നു.

എന്നാല്‍ വിഷയം അതിനും മുകളിലാണ്. മമ്മൂട്ടിയെ പുരസ്‌കാരത്തിന് പരിഗണിച്ചില്ല എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെന്ന പേരില്‍ ഇരുവരെയും അധിക്ഷേപിക്കുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുകയാണ് ചിലര്‍. ഒരു കൂട്ടം മോഹന്‍ലാലിന്റെ ആരാധകര്‍ എന്ന് അവകാശപ്പെടുമ്പോള്‍ മറ്റൊരു കൂട്ടര്‍ മമ്മൂട്ടിയുടെ ആരാധകരെന്ന നിലയില്‍ പരസ്പരം പോരടിക്കുകയാണ്. രാഹുല്‍ റവൈലിന്റെ പോസ്റ്റിന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് കടന്നിരിക്കുകയാണ് ഈ ഫാന്‍ ഫൈറ്റ്. 

സാമൂഹിക മാധ്യമങ്ങളിലെ ഫാന്‍ പേജുകളില്‍ ഇത്തരം പ്രവണത സാധാരണ സംഭവമാണെങ്കിലും രാഹുല്‍ റാവൈലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത്തരത്തില്‍ പോരടിച്ചാല്‍ അത് ആരാധകര്‍ എന്ന് അവകാശപ്പെടുന്നവരുടെ നിലവാരമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ഒരാളെ പ്രശംസിക്കുന്ന അവസരത്തില്‍ മറ്റൊരാളെ ചവിട്ടിത്താഴ്ത്തുക അല്ലെങ്കില്‍ അധിക്ഷേപിക്കുക എന്നത് വെറുപ്പിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നത് എന്ന് ആരാധകര്‍ മനസ്സിലാക്കിയാല്‍ നന്നായിരിക്കും. ഇത് രണ്ടു നടന്‍മാരുടെയും പ്രതിച്ഛായയെയാണ് ഗുരുതരമായി ബാധിക്കുക. 'ആരാധകരല്ലേ ഇത്രയും നിലവാരം പ്രതീക്ഷിച്ചാല്‍ മതി' എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കുകയില്ല. വിമര്‍ശനം ഉന്നയിക്കുന്നവരെ അധിക്ഷേപിച്ച് ഇല്ലാതാക്കുന്നതില്‍ ആരാധകര്‍ എന്നവകാശപ്പെടുന്ന വിഭാഗം എന്നും മുന്‍പന്തിയിലാണ്.

റാം സംവിധാനം ചെയ്ത പേരന്‍പില്‍ മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്ച വച്ചത് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഒരര്‍ഥത്തില്‍ മികച്ച കഥാപാത്രങ്ങളിലേക്ക്മമ്മൂട്ടിയുടെ തിരിച്ചു വരവായിരുന്നു പേരന്‍പ്. എന്നാല്‍ ചിത്രം പ്രാദേശിക പാനല്‍ തന്നെ തള്ളിക്കളഞ്ഞെന്നും ദേശീയ ജൂറിക്ക് മുന്‍പില്‍ എത്തിയില്ലെന്നുമാണ് രാഹുല്‍ റാവെലിന്റെ വിശദീകരണം.

Content Highlights: National Award 2019, Mammootty Peranbu controversy, worst  fan fight, mohanlal-mammootty fans