ദേശീയ പുരസ്‌കാര ലബ്ധിയില്‍ ആനന്ദം പങ്കുവച്ച് നടി കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയിലെ പ്രകടനത്തിനാണ് കീര്‍ത്തിയെ പുരസ്‌കാരം തേടിയെത്തിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദിപറഞ്ഞ കീര്‍ത്തി പുരസ്‌കാരം അമ്മയ്ക്കും (മേനക), കുടുംബത്തിനും ഗുരു പ്രിയദര്‍ശനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നന്ദി പറയുന്നു. മഹാനടി എന്ന ചിത്രത്തിന് ശക്തമായി പിന്തുണ നല്‍കി മികച്ച നിരൂപണങ്ങള്‍ നല്‍കി നിരുപാധികമായി പ്രശംസിച്ചതിന്. 

സന്തോഷം കൊണ്ട് മതിമറന്നിരിക്കുന്ന ഈ അവസരത്തില്‍ നിര്‍മാതാക്കളായ അശ്വനി ദത്ത്, സ്വപ്‌ന ദത്ത്, സംവിധായകന്‍ നാഗ് അശ്വിന്‍, സംഗീത സംവിധായകന്‍ മിക്കി ജെ. മേയര്‍, ഛായാഗ്രാഹകന്‍ സഞ്ചേസ് ലോപ്പസ്, കലാസംവിധായകന്‍ കൊല്ല അവിനാഷ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവം റാവു, ചിത്രസംയോജകന്‍ കോട്ടഗിരി വെങ്കിടേശ്വര്‍ റാവു, സൗണ്ട് ഡിസൈനര്‍മാരായ രഘു, തപസ് നായക്, വി.എഫ്.എക്‌സ് ടീം, ഡബ്ബിങ് എഞ്ചിനീയര്‍ ശ്രീനിവാസ് ഇമാനി തുടങ്ങി വിയര്‍പ്പൊഴുക്കി അഹോരാത്രം ജോലി ചെയ്ത എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. സഹതാരങ്ങളായ രാജേന്ദ്രപ്രസാദ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത അകിനേനി, വിജയ് ദേവേരക്കൊണ്ട മറ്റു എല്ലാ അഭിനേതാക്കള്‍ക്കും നന്ദി പറയുന്നു. ഇവരില്ലായിരുന്നുവെങ്കില്‍  മഹാനടി പൂര്‍ണമാകുമായിരുന്നില്ല. ഇവരുടെ കഠിനപ്രയത്‌നമാണ് എന്നെ സാവിത്രി അമ്മയുടെ ലോകത്തേക്ക് നടത്തിയത്. സാവിത്രി അമ്മയുടെ അനുഗ്രഹമാണ് ഞങ്ങളെ ഈ നേട്ടത്തിലേക്കെത്തിച്ചത്. ഈ ചിത്രം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

ഈ പുരസ്‌കാരം എന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഗുരു പ്രിയദര്‍ശന്‍ സാറിനും സുഹൃത്തുക്കള്‍ക്കും എന്നെ പിന്തുണച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും സമര്‍പ്പിക്കുന്നു.

വസ്ത്രാലങ്കാരം നിര്‍വഹിച്ച ഗൗരങ് ഷാ, അര്‍ച്ചന റാവു, കോസ്റ്റിയും സ്‌റ്റൈലിസ്റ്റ് ഇന്ദ്രാക്ഷി പട്ട്‌നായിക് മാലിക് എന്നിവരെ ഞാന്‍ പുരസ്‌കാരനേട്ടത്തില്‍ അഭിനന്ദിക്കുന്നു. അവരുടെ ആഴത്തിലുള്ള ഗവേഷണമാണ് എന്റെ കഥാപാത്രത്തെ പൂര്‍ണമാക്കിയത്. 

എല്ലാ ദേശീയ പുരസ്‌കാര ജേതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. മഹാനടിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത ജൂറി അംഗങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

Content Highlights: Keerthi Suresh says thanks to everyone after winning National Award, for best actress 2019, Mahanati