ജോസഫിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയുടെ പ്രത്യേക പരാമര്‍ശം തേടിയെത്തിയതിന്റെ സന്തോഷവും കേരളം നേരിടുന്ന പ്രളയത്തിന്റെ ആകുലതകള്‍ പങ്കുവച്ചും നടന്‍ ജോജു ജോര്‍ജ്. സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങള്‍ക്കു നന്ദി അറിയിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ ജോജു കേരളം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ഏവരും ഒന്നിച്ചു നില്‍ക്കണമെന്നും അഭ്യര്‍ഥിച്ചു. ബെംഗളൂരുവിലാണ് താനിപ്പോള്‍ ഉള്ളതെന്നും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രശ്‌നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് എല്ലാവര്‍ക്കും ചേര്‍ന്ന് ആഘോഷിക്കാമെന്നും ജോജു പറയുന്നു.
ജോജുവിന്റെ വാക്കുകള്‍:
'അഭിനന്ദനങ്ങള്‍ക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് ഇങ്ങനൊരു അവാര്‍ഡ് കിട്ടിയിരിക്കുന്നത്. ഞാന്‍ വീട്ടിലില്ല. വീടെത്താന്‍ പറ്റിയിട്ടില്ല. ബെംഗളൂരുവിലാണ് ഇപ്പോഴുള്ളത്. എയര്‍പോര്‍ട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി.
നമ്മുടെ നാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക് വേഷങ്ങള്‍ നല്‍കിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നന്ദി...തന്ന എല്ലാ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി. പ്രശ്‌നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവര്‍ക്കും ചേര്‍ന്നു പൊളിക്കാം,' ജോജു പറഞ്ഞു.
Content Highlights : Joju George On Winning Special Jury Mention In 66th National Film Awards 2019