വാള്‍ട്ട് ഡിസ്നി ഏറ്റവും അവസാനമായി ഓസ്ക്കര്‍ പുരസ്ക്കാരം കരസ്ഥമാക്കിയത് 1969ലാണ്. എന്നാല്‍, വിന്നി ദി പൂ ആന്‍ഡ് ദി ബ്ലസ്റ്ററി ഡേ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കുമ്പോള്‍ കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറം മറഞ്ഞുകഴിഞ്ഞിരുന്നു മിക്കി മൗസിന്റെയും ഡൊണാള്‍ഡ് ഡെക്കിന്റെയുമെല്ലാം ശില്പി.
ലോകത്തെ വിറപ്പിച്ച ഏറ്റവും വലിയ വില്ലന്‍ ആരാണെന്ന ചോദ്യത്തിന് ഹീത്ത് ലെഡ്ജര്‍ എന്ന് ഉത്തരം തരാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല സിനിമാപ്രേമികള്‍ക്ക്. ദി ഡാര്‍ക്ക് നൈറ്റിലെ ജോക്കര്‍ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് ലോകത്തിന്റെ ഉറക്കം കെടുത്തിയ ലെഡ്ജര്‍ക്ക് ഒരിക്കല്‍ മാത്രമേ ഓസ്ക്കര്‍ പുരസ്ക്കാരം നേടാനായിട്ടുള്ളൂ. എന്നാല്‍, ഓസ്ക്കര്‍ പുരസ്ക്കാരം മാത്രമല്ല, ചിത്രത്തിന്റെ റിലീസിന് പോലും കാത്തുനിന്നില്ല ലെഡ്ജര്‍. 2008 ജനുവരി 22ന് പുലര്‍ച്ചെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്മെന്റില്‍ ലെഡ്ജറെ മരിച്ചനിലയില്‍ കണ്ടെത്തുമ്പോള്‍ ഡാര്‍ക്ക് നൈറ്റിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നേ ഉണ്ടായിരുന്നള്ളൂ.
മരണശേഷം അക്കാദമി ആദരിച്ച ഡിസ്നിയുടെയും ലെഡ്ജറുടെയും വില്ല്യം ഹോണിങ്ങിന്റെയും സിഡ്നി ഹൊവാഡിന്റെയുമെല്ലാം ഗണത്തിലാണ് ഇപ്പോള്‍ ബോളിവുഡിന്റെ സ്വന്തം ശ്രീദേവിയും. ബോളിവുഡിലെ ഏറ്റവും മികച്ച നടികളില്‍ ഒരാളെന്ന ബഹുമതി സ്വന്തമായിട്ടും, രാജ്യം പത്മശ്രീ നല്‍കിയിട്ടും ആറു വട്ടം ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടും ഒരിക്കല്‍പ്പോലും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാന്‍ ശ്രീദേവിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിയായിരുന്നപ്പോള്‍ പൂമ്പാറ്റയിലും പിന്നീട് മൂന്നാം പിറയിലും ചാല്ബാസിലും മിസ്റ്റര്‍ ഇന്ത്യയിലും പതിനാറ് വയതിനിലെയിലുമെല്ലാം ഉജ്വലമായ അഭിനയം കാഴ്ചവച്ചിട്ടും ദേശീയ പുരസ്കാര ജൂറിയുടെ മനസ്സ് മാത്രം തെളിഞ്ഞിരുന്നില്ല.
മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലമായി ഏതാണ്ട് അഞ്ചു പതിറ്റാണ്ട് കാലം തന്നെ നിറഞ്ഞുനിന്ന ശ്രീദേവിയെ തേടി ഒരിക്കലും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എത്തിയില്ല എന്നത് ഇന്നും അവിശ്വസനീയമാണ്. ഒടുവില്‍ കാത്തിരിപ്പിന് അറുതിയായി. എന്നാല്‍, മോമിലെ ദേവകി സബര്‍വാളിനെ മികവുറ്റതാക്കിയതിന് ദേശീയ പുരസ്കാരം തേടിയെത്തുമ്പോള്‍ ശ്രീദേവി കണ്ണീരണിഞ്ഞ ഒരു ഓര്മ മാത്രമായിക്കഴിഞ്ഞു. ഇന്നും ഉത്തരം കിട്ടാത്ത സമസ്യയായി ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണ് മരിച്ചിട്ട് രണ്ട് മാസം രണ്ട് മാസം തികയും മുന്‍പാണ് കാലത്തിന്റെകൈത്തെറ്റ് തിരുത്തും പോലെ പുരസ്കാരം ശ്രീദേവിയെ തേടിയെത്തുന്നത്.
തമിഴില്‍ തുടങ്ങി പിന്നീട് ബോളിവുഡിന്റെ താരസിംഹാസനം വരെ നീണ്ട സ്വപ്ന സമാനയാത്രയായിരുന്നു ശ്രീദേവിയുടേത്. അന്‍പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളെ ആരാധാകര്‍ക്ക് സമ്മാനിച്ച അവര്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിത സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെട്ടത്. മലയാളത്തിനും ശ്രീദേവി സമ്മാനിച്ചിട്ടുണ്ട് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന ചില കഥാപാത്രങ്ങള്‍.
കുമാരസംഭവം എന്ന ചിത്രത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം. തമിഴില്‍ അരങ്ങേറ്റം കുറിച്ച 1969ല്‍ തന്നെയായിരുന്നു ശ്രീദേവിയുടെ മലയളത്തിലേക്കുള്ള കാലുവെയ്പ്പും. തൊട്ടടുത്ത വര്‍ഷം സ്വപ്നങ്ങള്‍ എന്ന ചിത്രത്തില്‍ രാമ്മന്ന എന്ന ബാലകഥാപത്രത്തെയും അവര്‍ അവതരിപ്പിച്ചു. 1971ല്‍ ബി.ക. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് അവര്‍ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. മൂന്നാം പിറൈയിലെ പ്രകടനത്തിന് കമല്‍ ഹാസന് മികച്ച നടനായപ്പോള്‍ ശ്രീദേവിയെ തേടിയെത്തിയത് തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരമായിരുന്നു.
1976ല്‍ അഭിനന്ദനം എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നിങ്ങനെ മൂന്ന് ചിത്രങ്ങള്‍കൂടി ആ വര്‍ഷം അവര്‍ അഭിനയിച്ചു. 1977ല്‍ ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം,അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്, വേഴാമ്പല്‍, സത്യവാന് സാവിത്രി, അംഗീകാരം എന്നീ ചിത്രങ്ങള്‍. 1977 ശ്രീദേവിയുടെ മലയാള സിനിമാ ജീവിതത്തില്‍ ഒരു നാഴികക്കല്ലായിരുന്നു. ആ വര്‍ഷമാണ് മലയളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിച്ചു പ്രസിദ്ധമായ സത്യവാന് സാവിത്രി പുറത്തിറങ്ങുന്നതും.
1978ല്‍ നാലുമണിപ്പൂക്കള്‍ എന്ന ഒറ്റച്ചിത്രം മാത്രമാണ് അവരുടേതായി മലയാളത്തില്‍ ഇറങ്ങിയത്. 1982ല്‍ മൊഴിമാറ്റ ചിത്രങ്ങളായ പ്രേമാഭിഷേകവും ബാലനാഗമ്മയും പുറത്തിറങ്ങി. 1975ല്‍ അവര്‍ ഹിന്ദിയില്‍ അഭിനയിച്ച് തുടങ്ങി. ഹിന്ദിയില്‍ തിരക്കുള്ള നായികയായി ഉയര്‍ന്നത് 83ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്വാലയിലൂടെയാണ്.. ഹിന്ദിയില്‍ തിരക്കേറിയ ശേഷവും രണ്ട് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. 1995ല്‍ ഹേ സുന്ദരിയും 1996ല്‍ ദേവരാഗവും. ദേവരാഗമാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ച അവസാനത്തെ ചിത്രം.