ന്യൂഡല്‍ഹി: ഹിന്ദി സിനിമയിലെ അഭിനേതാക്കള്‍ക്ക് മലയാള സിനിമയിലെ അഭിനേതാക്കളുടെ നിലവാരത്തോളം എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ശേഖര്‍ കപൂര്‍ മലയാള സിനിമയെയും മലയാളീ അഭിനേതാക്കളെയും വാനോളം പുകഴ്ത്തിയത്.

'ഇതൊരു ബ്രില്യന്റ് ഫിലിം ആണ്. മനോഹരമായ പെര്‍ഫോമന്‍സ്‌.  പ്രേമവും ഒളിച്ചോട്ടവും ഒക്കെയുള്ള ലളിത സിനിമയാണെന്ന് ആദ്യം കരുതും. പക്ഷെ എത്ര ചെറിയ സൂക്ഷ്മമായ കാര്യങ്ങളാണ് അതിലവതരിപ്പിക്കുന്നത്. അവസാനമെത്തുമ്പോള്‍ സിനിമ മുറുകും നിങ്ങള്‍ ഞെട്ടിത്തരിക്കും'ശേഖര്‍ കപൂര്‍ പറഞ്ഞു..

ഇതുപോലെ മികച്ച രീതിയില്‍ അഭിനയിച്ച ഒരു സിനിമ താന്‍ കണ്ടിട്ടില്ലെന്ന് മലയാളം സിനിമയെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

'ആമിര്‍ഖാന്റെ സിനിമകള്‍ കണ്ടാല്‍ ഇതില്‍ അഭിനയിക്കുന്നത് ആമീര്‍ഖാനാണെന്ന നിങ്ങള്‍ക്ക് മനസ്സിലാവും. പക്ഷെ ചില മലയാളം സിനിമകളുടെ കാര്യത്തില്‍ അങ്ങനെയല്ല', ശേഖര്‍ കപൂര്‍ പറഞ്ഞു.

മലയാള സിനിമയിലെ അഭിനോതാക്കള്‍ വിവിധ റോളുകള്‍ ചെയ്യുന്നു. അതില്‍ കഥാപാത്രങ്ങളെ മാത്രമാണ് കാണാന്‍ സാധിക്കുകയെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു. സിനിമയെയും അഭിനേതാവിനെയും പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.

'ഇതുപോലുള്ള പെര്‍ഫോര്‍മന്‍സ് നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഒരു സിനിമയില്‍ അയാള്‍ റേപിസ്റ്റ് ആയിട്ടായിരുന്നു. മറ്റൊരു സിനിമയില്‍ അയാള്‍ ഇരയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഇയാളെ തന്നെയാണോ നേരത്തെ കണ്ടെതെന്നത് എന്നെ അത്ഭുതപ്പെടുത്തി', ഫഹദിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ശേഖര്‍ കപൂര്‍ പറഞ്ഞു.

പ്രാദേശിക സിനിമകളിലെ അഭിനയപാടവം ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ ഹിന്ദി സിനിമകള്‍ക്ക് അതിന്റെ നിലവാരത്തോളം എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശേഖര്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.