ണ്ടു സിനിമകളേ ദിലീഷ് പോത്തന്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളൂ. ഈ രണ്ട് ചിത്രങ്ങള്‍ കൊണ്ടുതന്നെ ഈ സംവിധായകന്റെ പേര് മലയാളസിനിമയുടെ ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോവാത്തവിധം രേഖപ്പെടുത്തിക്കഴിഞ്ഞു. കാരണം വളരെ ലളിതമാണ്. അതിഭാവുകത്വമുള്ള ഇതിവൃത്തങ്ങളും നായക പരാക്രമങ്ങളും കണ്ടും കേട്ടും മടുത്ത പ്രേക്ഷകര്‍ക്ക് ദിലീഷ് തന്റെ രണ്ടു സിനിമകളിലൂടെ സമ്മാനിച്ചത് പുതിയൊരു സിനിമാനുഭവമാണ്. റിയലിസ്റ്റിക് ഇതിവൃത്തങ്ങളും ശൈലിയുമാണ് ദിലീഷിന്റെ സിനിമകളെ വ്യത്യസ്തമാക്കുന്നത്. സര്‍വ മുന്‍ധാരണകളും തിരുത്തി ആഹ്ലാദപൂര്‍വം ഈ മാറ്റത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. 

ഗ്രാമീണജീവിതത്തിന്റെ ആര്‍ജവവും അത് പ്രദാനം ചെയ്യുന്ന ഹ്യൂമറുമായിരുന്നു മഹേഷിന്റെ പ്രതികാരത്തില്‍ ആവിഷ്‌കരിച്ചതെങ്കില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുറേക്കൂടി പരുക്കന്‍കാഴ്ചകളും ജീവിതസന്ദര്‍ഭങ്ങളുമാണ് പകര്‍ന്നുതന്നത്. ഈ സിനിമയും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. 

ബോക്‌സോഫീസില്‍ രണ്ടു സിനിമകളും വന്‍ഹിറ്റുകളായി മാറിയെന്നത് മലയാളിയായ സിനിമാപ്രേക്ഷകന്റെ ഉയര്‍ന്ന സൗന്ദര്യബോധത്തിനും ഭാവുകത്വത്തിനുമുള്ള അംഗീകാരം കൂടിയാണ്. അതിഭാവുകത്വം തൊട്ടുതീണ്ടാതെ, താരങ്ങളുടെ ആക്രോശങ്ങളില്ലാതെ സിനിമകള്‍ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന പതിവ് ഒഴിവുകഴിവുകള്‍ അസാധുവാക്കി എന്നതാണ് മലയാളസിനിമയ്ക്ക് ഈ സംവിധായകന്‍ നല്‍കിയ പ്രധാന സംഭാവന. സവാരി ഗിരി ഗിരിയില്‍നിന്ന് കമോണ്‍ട്രായിലേക്കുള്ള മാറ്റമാണിത്. 

രണ്ടു ഡസന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സില്‍ ഇടംനേടിയ നടന്‍ കൂടിയാണ് ദിലീഷ്. 36 വയസ്സിനുള്ളില്‍ ഇത്രയൊക്കെ ചെയ്യുകയും മലയാളസിനിമയിലെ വിലയേറിയ ബ്രാന്‍ഡായി മാറുകയും ചെയ്ത ദിലീഷ് തീര്‍ച്ചയായും വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഗ്രാമീണമായ നിഷ്‌കളങ്കത പ്രകടമായ ചേഷ്ടകളും പെരുമാറ്റവുമാണ് ദിലീഷിന്റെത്. സംഭാഷണത്തിനും നമ്മള്‍ ഇഷ്ടപ്പെട്ടുപോവുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ നേര്‍വഴിയുണ്ട്. ജീവിതത്തെയും സിനിമയിലേക്ക് എത്തിച്ചേര്‍ന്ന വഴികളെയും കലാസങ്കല്പങ്ങളെയും നിലപാടുകളെയും കുറിച്ച് ദിലീഷ് സംസാരിക്കുന്നു.

മഹേഷിന്റെ പ്രതികാരത്തില്‍ തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തില്‍ അതിനൊത്ത ചിന്തകളും കാഴ്ചകളുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരു അന്തരീക്ഷത്തില്‍നിന്നു വന്നൊരാള്‍ക്കേ അത്തരമൊരു സിനിമ പ്രേക്ഷകന് അനുഭവപ്പെടുന്നരീതിയില്‍ ഉണ്ടാക്കാനാവൂയെന്ന് കരുതട്ടെ. ദിലീഷിന്റെ ബാല്യ, കൗമാരം അങ്ങനെയൊരു തട്ടകത്തില്‍ ആയിരിക്കുമല്ലേ?

വൈക്കം താലൂക്കിലെ കുറുപ്പന്തറയില്‍ നിന്ന് ഒന്നര-രണ്ടു കിലോമീറ്റര്‍ അകത്തേക്കു പോവുമ്പോള്‍ ഓമല്ലൂര്‍ എന്നൊരു ചെറിയ ഗ്രാമമുണ്ട്. അവിടെയാണ് ജനിച്ചതും വളര്‍ന്നതും. എന്റെ ചെറുപ്പത്തിലൊക്കെ അതായത് 95-ലും മറ്റും ഒരു ബസ് മാത്രമേ ഞങ്ങളുടെ നാട്ടിലേക്ക് ഓടിയിരുന്നുള്ളൂ. പുറംലോകവുമായി ഞങ്ങളെ ബന്ധിപ്പിച്ചത് കുണ്ടുക്കാല ട്രാവല്‍സ് എന്നോ മറ്റൊ പേരുള്ള ആ ബസായിരുന്നു. അങ്ങനെ തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലായിരുന്നു ബാല്യം. വീടിനടുത്ത് തോടും പാടങ്ങളുമുണ്ട്. അന്നത്തെ കൗതുകങ്ങളും കാഴ്ചകളുമെല്ലാം എന്റെ സിനിമയില്‍ വരുന്നത് സ്വാഭാവികമാണല്ലോ. 

ഞങ്ങളുടെത് ഒരു ഇടത്തരം കുടുംബമാണ്. അച്ഛന്‍ കൊല്ലംപറമ്പില്‍ ഫിലിപ്പ്, അമ്മ ചിന്നമ്മ. പിന്നെ രണ്ട് അനിയത്തിമാരും ഉള്‍പ്പെട്ടതായിരുന്നു എന്റെ കുടുംബം. ഫിലിം റെപ്രസെന്റേറ്റീവ് ആയിരുന്ന അച്ഛനൊപ്പം ഏറ്റുമാനൂരിലെ തിയേറ്ററുകളില്‍ ചെന്നാണ് ആദ്യമായി സിനിമ കണ്ടത് എന്ന് ഞാനോര്‍ക്കുന്നു. തുടക്കത്തില്‍നിന്നൊന്നുമല്ല ആ സിനിമ കണ്ടത്. ഏറ്റുമാനൂരിലെ കൈലാസ് തിയേറ്ററാണെന്നാണ് ഓര്‍മ. പപ്പ അവിടെ ചെല്ലുമ്പോള്‍ എന്നെ തിയേറ്ററില്‍ കയറ്റിയിരുത്തും. അങ്ങനെയായിരുന്നു പതിവ്. ആ സിനിമയിലെ ഒരു വിഷ്വല്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട്. അടുക്കളയുടെ പിന്‍വശത്ത് ഒരു സ്ത്രീ നില്‍ക്കുന്നു. അപ്പോള്‍ ഒരാള്‍ അങ്ങോട്ടു ചെല്ലുന്നു. ഈ കാഴ്ച എന്നെ വല്ലാതെ ആകര്‍ഷിക്കുകയോ പേടിപ്പിക്കുകയോ ചെയ്തു. അപ്പോള്‍ എനിക്ക് ആ സ്ത്രീയോട് ഇതാ ആരോ പിടിക്കാന്‍ വരുന്നുവെന്ന് വിളിച്ചുപറയാന്‍ തോന്നി. സിനിമയുമായി എന്നെ ബന്ധിപ്പിച്ച ആദ്യ കാഴ്ച ഇതാവും. 

പപ്പ നല്ല കാര്യശേഷിയുള്ള മനുഷ്യനായിരുന്നു. വീട്ടുകാര്യങ്ങള്‍ക്കു പുറമേ നാട്ടുകാര്യങ്ങളിലും സാമൂഹികമായ ചടങ്ങുകളിലുമെല്ലാം മുന്നില്‍നിന്ന കരുത്തനായ മനുഷ്യന്‍. എന്റെ പ്രീഡിഗ്രി കാലംവരെയൊക്കെയുള്ള അനുഭവമതാണ്. പക്ഷേ, ഒരു കാലം കഴിഞ്ഞപ്പോള്‍ പൊതുകാര്യങ്ങളില്‍നിന്നൊക്കെ ഉള്‍വലിഞ്ഞ് ഒതുങ്ങിക്കൂടുകയായിരുന്നു പപ്പ. അതിന്റെ കാരണം എനിക്ക് ഇന്നേവരെ പിടികിട്ടിയിട്ടില്ല. 

വീട്ടില്‍നിന്ന് നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഇരവിമംഗലം എന്ന സ്ഥലത്തായിരുന്നു അമ്മയുടെ വീട്. സ്‌കൂളില്‍ അവധി കിട്ടുമ്പോഴൊക്കെ അങ്ങോട്ടു പോവും. അന്ന് അവിടെയുണ്ടായിരുന്ന, അടുത്ത് പരിചയിച്ച ചില ആളുകളും എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. 
നാലാം ക്ലാസ് വരെ കുറുപ്പന്തറ എല്‍.പി. സ്‌കൂളിലും പിന്നെ പത്തുവരെ ഓമല്ലൂരിലെ ഇമ്മാനുവല്‍സ് ഹൈസ്‌കൂളിലുമാണ് പഠിച്ചത്. പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പെടുത്ത് മാന്നാനം കെ.ഇ. കോളേജിലും പഠിച്ചു. അതിനുശേഷം മൈസൂരിലെ സെന്റ് ഫിലോമിനാസ് കോളേജില്‍ ചേര്‍ന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി നേടി.

ആദ്യകാലത്ത് കണ്ട സിനിമകളില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ഏതാണ് ?

തിയേറ്ററുകളിലും ടി.വി.യിലും വീഡിയോ കാസറ്റുകളിലൂടെയുമെല്ലാം കുറേയേറെ സിനിമകള്‍ കണ്ടാണ് ഞങ്ങളുടെ തലമുറ വളരുന്നത്. മുന്‍പുള്ള തലമുറകളെ അപേക്ഷിച്ച് കൂടുതലായി സിനിമകള്‍ കാണാനുള്ള അവസരം ഞങ്ങള്‍ക്കുണ്ടായി. ഇങ്ങനെ കണ്ട സിനിമകള്‍ എല്ലാം ചേര്‍ന്നുള്ള അനുഭവമാണ് മനസ്സില്‍ ഇപ്പോഴുള്ളത്. പരമ്പര എന്നാരു സിനിമ അനുപമ തിയേറ്ററില്‍ കാണാന്‍ പോയത് വ്യക്തമായി ഓര്‍ക്കുന്നുണ്ട്. അതേപോലെ അഥര്‍വവും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. പപ്പ മൂവാറ്റുപുഴക്കൊക്കെ പോവുമ്പോള്‍ എന്നെ കൂടെക്കൂട്ടും. അവിടുത്തെ തിയേറ്ററില്‍ ചെല്ലുമ്പോള്‍ മിക്കവാറും സിനിമ തുടങ്ങിയിട്ടുണ്ടാവും. എന്നെ സിനിമാഹാളില്‍ കൊണ്ടിരുത്തി അവരെ ഏല്പിച്ചിട്ടുപോവും. പിന്നെ തിരിച്ചുവരുമ്പോള്‍ കൂട്ടും. അങ്ങനെ പകുതിയില്‍നിന്നൊക്കെ സിനിമ കണ്ടു തുടങ്ങി, അടുത്ത ഷോയ്ക്ക് വീണ്ടും തുടക്കം കാണും. അങ്ങനെ കണ്ട കുറേ സിനിമകള്‍ ഇന്നും മനസ്സില്‍ ഉണ്ട്. സിനിമയെന്ന കലയ്ക്കൊപ്പം അതിന്റെ സാങ്കേതികതയെക്കുറിച്ചും ചിന്തിപ്പിക്കാന്‍ അങ്ങനെ മറിച്ചും തിരിച്ചും കണ്ട സിനിമകള്‍ എന്നെ പ്രേരിപ്പിച്ചിരിക്കണം. 

ഞാന്‍ ചെറുപ്പത്തിലേ വലിയ സംസാരപ്രിയനായിരുന്നു. സിനിമകള്‍ കണ്ടുകഴിഞ്ഞാല്‍ ഞങ്ങള്‍ കൂട്ടുകാര്‍ പരസ്പരം കഥ പറയും. ഓണം അവധിക്കൊക്കെ പോവുമ്പോള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യും. അദ്വൈതവും കിഴക്കന്‍ പത്രോസും യോദ്ധയും പപ്പയുടെ സ്വന്തം അപ്പൂസുമൊക്കെ തിയേറ്ററുകളില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ക്ക് എല്ലാം കാണാനാവില്ല. ആദ്യമേ നമ്മുടെ ചങ്ങാതിക്കൂട്ടത്തിനിടെ ഒരു തിരഞ്ഞെടുപ്പ് നടക്കും. ഓരോരുത്തരും ഓരോ പടങ്ങളാവും കാണുക. അവധികഴിഞ്ഞ് ക്ലാസില്‍ തിരിച്ചെത്തുമ്പോള്‍ ഈ സിനിമകളുടെ കഥ പരസ്പരം പറയും. അതോടെ ആ സിനിമകളെല്ലാം കണ്ട പോലാവും. അത്രക്ക് വിശദാംശങ്ങളോടെയാവും കഥ പറഞ്ഞുതീര്‍ക്കുക. കൂട്ടത്തില്‍ ഞാനായിരുന്നു നന്നായി കഥ പറഞ്ഞിരുന്നത്. രണ്ടരമണിക്കൂറുള്ള സിനിമയുടെ കഥ മൂന്നുമണിക്കൂറൊക്കെ എടുത്താണ് ഞാന്‍ പറഞ്ഞുതീര്‍ക്കുക. 

മകന്റെ സിനിമാക്കമ്പത്തോട് വീട്ടുകാരുടെ നിലപാട് എങ്ങനെയായിരുന്നു?

thondimuthal

പഠിക്കുന്ന കാലത്ത് കൊമേഴ്‌സ്യല്‍ സിനിമകളുടെ കടുത്ത ആരാധകനായിരുന്നു. സ്‌കൂളില്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുകയും അത് കണ്ടുപിടിക്കപ്പെടുകയുമെല്ലാം ഉണ്ടായിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കൂട്ടുകാര്‍ക്കൊപ്പം കോട്ടയത്ത് സിനിമയ്ക്ക് പോയി. ഈ സമയത്ത് പപ്പയുടെ ഒരു സുഹൃത്തിന്റെ മകന് അപകടമുണ്ടായി. അവനെതേടി പപ്പ സ്‌കൂളിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ക്ലാസില്ലെന്ന് മനസ്സിലാക്കി. പപ്പനേരെ വന്നത് അഭിലാഷ് തിയേറ്ററിലേക്കാണ്. ഞാന്‍ സിനിമ വിട്ടിറങ്ങുമ്പോള്‍ പപ്പയുണ്ട് പുറത്ത് കാത്തുനില്‍ക്കുന്നു. ഞാന്‍ ആ സിനിമ കാണാന്‍ വന്നിട്ടുണ്ടാവുമെന്ന് പപ്പ എങ്ങനെ മനസ്സിലാക്കിയെന്ന് ഇപ്പോഴും അറിയില്ല. പപ്പ വഴക്കൊന്നും പറഞ്ഞില്ല. പോവുകയല്ലേ എന്നു ചോദിച്ചു. പപ്പയുടെ കൈനറ്റിക് ഹോണ്ടയുടെ പിന്നിലിരുത്തി മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി അപകടം പറ്റിയ പയ്യനെ കാണിച്ചുതന്നു. തിരിച്ച് എന്നെ വീട്ടിലേക്ക് ബസ് കയറ്റിവിടും മുമ്പെ 'നിന്റെ കൈയില്‍ പൈസ ഇല്ലെന്നാണ് എന്റെ വിശ്വാസം' എന്നു പറഞ്ഞ് ബസിനുള്ള പൈസ എടുത്തു തന്നു. രാത്രിയാണ് പപ്പ വീട്ടിലെത്തിയത്. ഞാനപ്പോഴേക്കും തലവേദന ആണെന്ന് പറഞ്ഞ് പുതച്ചുമൂടി കിടന്നിരുന്നു. പപ്പ വന്നപ്പോള്‍ ഉറങ്ങിയപോലെ കിടന്നു. പതുക്കെ വാതില്‍ തുറന്ന് അകത്ത് വന്ന് പനിയുണ്ടോ എന്നു തൊട്ടുനോക്കി തിരിച്ചുപോയി. അടുത്ത ദിവസങ്ങളിലും സിനിമ കാണാന്‍ പോയതിനെക്കുറിച്ച് പപ്പ ചോദിക്കുകയോ വീട്ടില്‍ അതിനെക്കുറിച്ച് പറയുകയോ ചെയ്തില്ല. ഒടുവില്‍ സഹിക്കാന്‍ കഴിയാതെ പപ്പ പല്ലു തേച്ചുകൊണ്ടിരിക്കുമ്പോള്‍ വീടിനു പുറകുവശത്തു ചെന്ന് ചോദിച്ചു, 'പപ്പ എന്താണ് എന്നെ വഴക്കുപറയാത്തത്?' മറുപടി ഞാന്‍ പ്രതീക്ഷിച്ചപോലായിരുന്നില്ല. 'നീ ഇന്നുവരെ സിനിമ കാണാന്‍ പോവണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ട എന്നു പറഞ്ഞിട്ടുണ്ടോ, അപ്പോള്‍ നിനക്ക് വീട്ടില്‍ പറഞ്ഞിട്ട് പോയാല്‍ പോരേ?' ആ ചോദ്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. ഞാന്‍ കരഞ്ഞു, പപ്പ എന്തൊക്കെയോ പറഞ്ഞു. അതായിരുന്നു എന്റെ സിനിമാഭ്രമത്തോടുള്ള പപ്പയുടെ സമീപനം. ഇന്ന് ആലോചിക്കുമ്പോള്‍ ഇതൊരു ചെറിയ സംഭവം ആയിരിക്കാം. പക്ഷേ, അന്നത് എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടിലും അച്ഛനുമായുള്ള ബന്ധത്തിലുമെല്ലാം വലിയ മാറ്റമുണ്ടാക്കി. അച്ഛനെ ശരിക്കും ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് അന്നുതൊട്ടാവണം. 

നാടകത്തോട് അഭിനിവേശമുണ്ടായിരുന്നോ?

സ്‌കൂളില്‍തന്നെ നാടകത്തിനുള്ള ശ്രമം നടത്തിയിരുന്നു. എങ്ങനെയായിരിക്കണം, എന്തായിരിക്കണം നാടകം എന്നൊന്നും ധാരണയില്ലാതെതന്നെയാണ് അന്ന് നാടകം ചെയ്തത്. ഉത്സവത്തിനോ പള്ളിപ്പെരുന്നാളിനോ കണ്ട വിരലിലെണ്ണാവുന്ന നാടകങ്ങളെക്കുറിച്ചുള്ള ഓര്‍മയില്‍ വ്യക്തമായ കഥയോ ഘടനയോ ഇല്ലാതെ ചെയ്ത ചില നാടകങ്ങള്‍. പിന്നെ പ്രീഡിഗ്രിക്കാലത്ത് ജോണ്‍ അബ്രഹാമിന്റെ ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍ എന്ന നാടകം ചെയ്തത് ഓര്‍മയിലുണ്ട്. അദ്ദേഹം കണ്ടാല്‍ എന്നെ കുത്തിക്കൊന്നു കളയുമെന്ന രീതിയിലുള്ള നാടകമായിരുന്നു അത് (ഉറക്കെ ചിരിക്കുന്നു). 

വായനയുണ്ടായിരുന്നോ? 

പൊതുവേ വീട്ടില്‍ അമ്മയും വല്യമ്മച്ചിയുമൊക്കെ കഥാപുസ്തകങ്ങള്‍ വായിക്കുക എന്നത് വളരെ മോശം കാര്യമായാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ട് വീട്ടില്‍ കുട്ടികള്‍ വായിക്കേണ്ട പുസ്തകങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നു കിട്ടുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയതോടെ പതുക്കെ വായനയോട് താത്പര്യം വന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വായിച്ച പാവങ്ങള്‍ ആണ് ആദ്യമായി വായിച്ച വലിയ പുസ്തകം. പിന്നെപ്പിന്നെ വീട്ടിനടുത്തുള്ള ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പെടുത്ത് വൈക്കം മുഹമ്മദിന്റെ പുസ്തകങ്ങള്‍ ഒക്കെ വായിക്കാന്‍ തുടങ്ങി. വളരെ ലളിതമായ ഭാഷയും നര്‍മവും കാരണമാവാം, ബഷീര്‍ ആണ് എന്നെ ആഴത്തില്‍ സ്വാധീനിച്ച ആദ്യ ഏഴുത്തുകാരന്‍. 

താങ്കളുടെ സിനിമ നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഗൗരവമായി കഥ പറയുമ്പോഴും നര്‍മത്തിന്റെ ഒരു അന്തര്‍ധാര എപ്പോഴും ഉണ്ടാവുന്നു. അങ്ങനെ വലിയ ഹ്യൂമര്‍സെന്‍സുള്ള ആളായിരുന്നോ ചെറുപ്പത്തില്‍ ?

അല്ല. എന്നാല്‍ ഹ്യൂമര്‍ ഭയങ്കര ഇഷ്ടമായിരുന്നു. ഇടിപ്പടങ്ങളൊന്നും അധികം കാണാറില്ലായിരുന്നു. കോമഡിപ്പടങ്ങളായിരുന്നു കൂടുതല്‍ കണ്ടിരുന്നത്. നിലവാരം കുറഞ്ഞ കോമഡിപ്പടങ്ങളാണെങ്കിലും കാണുമായിരുന്നു. ഓണസമയത്തൊക്കെ ഇറങ്ങിയിരുന്ന മിമിക്രി കാസറ്റുകളൊക്കെ വാങ്ങി കേട്ടിരുന്നു. എന്നാല്‍ ഹ്യൂമര്‍ എനിക്ക് വഴങ്ങുമെന്ന് ഒരുകാലത്തും തോന്നിയിരുന്നില്ല. 

ഭാവിയില്‍ സിനിമ ചെയ്യണമെന്ന് അന്ന് ആഗ്രഹിച്ചിരുന്നോ?

ഇല്ല, ചെറുപ്പത്തില്‍ അങ്ങനെയൊരു ആഗ്രഹമേ ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി പഠിക്കുമ്പോഴോ മറ്റോ ആണ് അങ്ങനെ ചില തോന്നലുകള്‍ ഉണ്ടായത്. അത് ഞാന്‍ വീട്ടില്‍ പറയുകയും ചെയ്തു. തുടക്കത്തില്‍ വീട്ടുകാര്‍ അത് പുച്ഛിച്ചുതള്ളിയെങ്കിലും പിന്നെയും ഞാന്‍ വിടുന്ന മട്ടില്ലെന്നു കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു, ''ആദ്യം നീ ഒരു ഡിഗ്രിയെടുക്ക്. എന്നിട്ട് ആലോചിക്കാം''. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലൊക്കെ അഡ്മിഷന്‍ കിട്ടണമെങ്കില്‍ ഡിഗ്രിയൊക്കെ വേണം. അങ്ങനെ മൈസൂരില്‍ ഡിഗ്രിക്ക് ചേര്‍ന്നു. പിന്നെ ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒന്നുകൂടി അച്ഛനോട് സിനിമാമോഹം പറഞ്ഞു. അപ്പോള്‍ പറഞ്ഞു, ആദ്യം ഒരു ജോലി കണ്ടെത്തൂ എന്ന്. ജോലി ലക്ഷ്യംവെച്ച് ബെംഗളൂരുവിലേക്ക് ഒരു കംപ്യൂട്ടര്‍ കോഴ്‌സ് പഠിക്കാന്‍ പോയി. അത് പൂര്‍ത്തിയാവും മുന്‍പേതന്നെ എനിക്ക് ജോലികിട്ടി. കുറച്ചുകാലം അവിടെ ജോലിചെയ്തശേഷം അത് രാജിവെച്ച് നാട്ടിലേക്കുപോന്നു. ഒരുവര്‍ഷം എനിക്ക് വിശ്രമം വേണമെന്നും നാട്ടില്‍ നില്‍ക്കണമെന്നും അച്ഛനോട് പറഞ്ഞാണ് വന്നത്. എന്നാല്‍ നാട്ടില്‍ നില്‍ക്കാന്‍ അപ്പോഴും കഴിഞ്ഞിരുന്നില്ല. നാട്ടില്‍ വെറുതെനിന്നാല്‍ ആളുകള്‍ ചോദിക്കും, ജോലിയൊന്നും ആയില്ലേയെന്ന്. അതിരാവിടെ ബസ് കയറി കോട്ടയത്തേക്ക് പോരും. പിന്നെ രാത്രിയിലാണ് തിരിച്ചുചെല്ലുക. 

ബെംഗളൂരുവില്‍ ജോലിചെയ്യുന്ന കാലത്ത് സിനിമയെ ഗൗരവമായി കാണുന്ന ചില സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ സൗമ്യയെ കല്യാണം കഴിക്കാന്‍ വരുന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൈജുവാണ് അതിലൊരാള്‍. സൈജുവുമായി സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യും. ഞങ്ങള്‍ രണ്ടുപേരുടെ മനസ്സിലും സിനിമ എന്ന സ്വപ്നം ഉണ്ട്. കഥയെഴുത്തൊക്കെ നടക്കുന്നു. അന്നവിടെ ഒരു സ്റ്റുഡിയോ ഉണ്ട്- നജ്‌നാ സ്റ്റുഡിയോ. അതിന്റെ ഉടമ അനി കരിവള്ളിയാണ്. ഞങ്ങളൊക്കെ അനിച്ചേട്ടായി എന്നാണ് വിളിക്കുക. പത്രങ്ങള്‍ക്കൊക്കെവേണ്ടി ഫോട്ടോകള്‍ എടുക്കുന്ന ഫ്രീലാന്‍സറാണ്. അതിനൊപ്പംതന്നെ ചില ടെലിഫിലിമുകളൊക്കെ ഉണ്ടാക്കും. ക്രിസ്മസ്, ഓണം സമയത്തൊക്കെ മലയാളം ചാനലുകളില്‍ സ്ലോട്ടെടുത്ത് ചെറിയ ആല്‍ബങ്ങളും ടെലിഫിലിമുകളുമൊക്കെ ബെംഗളൂരുവില്‍വെച്ചുതന്നെ ചെയ്യും. അങ്ങനെ ഒരു ടെലിഫിലിമില്‍ സഹായിക്കാന്‍ അദ്ദേഹം എന്നെ വിളിച്ചു. അവിടെ ചെന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ആ ടെലിഫിലിമിന്റെ സംവിധായകനാവേണ്ടിവന്നു. ഷൂട്ടിങ് തുടങ്ങേണ്ട അന്നാണ് ഞാനറിയുന്നത്, സംവിധാനം ചെയ്യണമെന്ന്. സിനിമകളും ടി.വി. പ്രോഗ്രാമുകളും കണ്ടിട്ടുണ്ട് എന്നല്ലാതെ അതിന്റെ സാങ്കേതിക കാര്യങ്ങളൊന്നും ഒട്ടുമറിയില്ല. എന്റെ സംസാരമൊക്കെ കേട്ട് ചേട്ടായി എന്നെ സംവിധായകനായി നിയോഗിച്ചതാണ്. കുറച്ച് വര്‍ക്കുകളൊക്കെ ചെയ്തുപരിചയമുള്ള ഒരു ക്യാമറാമാനുണ്ടെന്നതാണ് ഏക ആശ്വാസം. ആദ്യദിവസം എങ്ങനെയൊക്കയോ ഷൂട്ട് ചെയ്തു. അടുത്ത ദിവസവും ഷൂട്ട് ഉണ്ട്. രാത്രി മുറിയില്‍ ചെന്നിരുന്ന് കുറച്ച് സിനിമകളും ടി.വി. സീരിയലുകളും കണ്ടു. എങ്ങനെയാണ് സിനിമകള്‍ ഷൂട്ട് ചെയ്യുന്നത് എന്ന് പഠിക്കാനുള്ള ശ്രമമാണ്. അന്നു വരെ ഞാന്‍ കണ്ട സിനിമയോ സീരിയലോ അല്ല അന്നുരാത്രി കണ്ടത്. അതുവരെ കാണാത്ത കാഴ്ചകളായിരുന്നു എനിക്കത്. ഓരോ സീനുകളും മെയ്ക്കിങ്ങിന്റെ ഒരു ആംഗിളിലാണ് കാണുന്നത്. അങ്ങനെ സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. ഇന്ന് വീഡിയോ ഷൂട്ട് ചെയ്യാനുള്ള ക്യാമറ എല്ലാവരുടേയും മൊബൈല്‍ ഫോണുകളിലുള്ളതുകൊണ്ട് എല്ലാവര്‍ക്കും ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാവും. ജീവിതത്തില്‍ ഒരിക്കല്‍പോലും വീഡിയോയോ ഫോട്ടോയോ എടുക്കാത്ത ഞാനാണ് ടെലിഫിലിം സംവിധാനം ചെയ്യുന്നത്. സിനിമയാവണം എന്ന ആഗ്രഹത്തോടെ കുറച്ച് എഴുതിനോക്കിയതു മാത്രമായിരുന്നു കൈമുതല്‍. ഫിലിം മെയ്ക്കിങ്ങിനെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ആ തിരിച്ചറിവില്‍നിന്ന് ഞാന്‍ അടുത്തദിവസം ആ ടെലിഫിലിം പൂര്‍ത്തിയാക്കി. അത് കൈരളി ചാനലില്‍ സംപ്രേഷണം ചെയ്തു. അതിനുശേഷം അനിച്ചേട്ടായിയുമായി ചേര്‍ന്ന് നാലോ അഞ്ചോ ടെലിഫിലിമുകള്‍ ചെയ്തു. അതൊന്നും അത്ര മികച്ച വര്‍ക്കുകളായിരുന്നില്ല. പക്ഷേ, ഒന്നുറപ്പാണ്. ആദ്യത്തേതിനെക്കാള്‍ മെച്ചമായിരുന്നു രണ്ടാമത്തെത്. അതിനെക്കാള്‍ മികച്ചതായിരുന്നു അടുത്തത്. അങ്ങനെ ഓരോ വര്‍ക്കു കഴിയുമ്പോഴും ഞങ്ങളുടെയൊക്കെ സ്‌കില്ലുകള്‍ മെച്ചപ്പെട്ടുവരുന്നുണ്ടായിരുന്നു. പ്രൊഫഷണലായ നടന്‍മാരാരുമുണ്ടായിരുന്നില്ല ആ ടെലിഫിലിമുകളില്‍. ബെംഗളൂരുവിലെ നാടകപ്രവര്‍ത്തകരും മറ്റുമായിരുന്നു അഭിനയിച്ചത്. പക്ഷേ, ചേര്‍ത്തലയില്‍വെച്ച് ഷൂട്ട് ചെയ്ത ഒരു ടെലിഫിലിമില്‍ മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ അബി അഭിനയിച്ചിരുന്നു. അടുത്തിടെ അബിക്കയെ കണ്ടപ്പോള്‍ സൂക്ഷിച്ചുനോക്കിയിട്ട് എന്നോടു ചോദിച്ചു. ''നീയല്ലേ അവന്‍?'' കൈരളിയും സൂര്യയുമൊക്കെ ഈ ടെലിഫിലിമുകള്‍ സംപ്രേഷണം ചെയ്തു. പരസ്യങ്ങളൊക്കെ കിട്ടി. അതുകൊണ്ട് അനിച്ചേട്ടായിക്ക് വലിയ നഷ്ടമൊന്നും പറ്റിയില്ലെന്നത് ആശ്വാസം. സിനിമയില്‍ ഒന്നു ശ്രമിച്ചുനോക്കാം എന്ന വിശ്വാസം ഉണ്ടാക്കിയത് തീര്‍ച്ചയായും അനിച്ചേട്ടായിയാണ്. ധൈര്യമായി ജോലി രാജിവെച്ച് ഒരു വര്‍ഷത്തേക്ക് നാട്ടിലേക്ക് വരാനുള്ള ധൈര്യം കിട്ടിയത് അദ്ദേഹം കാരണമാണ്.

നാട്ടിലേക്കുവരാനുള്ള തീരുമാനത്തിനുപിന്നില്‍ നാടകീയമായ മറ്റൊരു സംഭവം കൂടിയുണ്ട്. ജോലി രാജിവെക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു അത്. കോട്ടയത്തെ അനുപമ തിയേറ്ററില്‍ സിനിമയ്ക്ക് പോയതാണ്. പ്രമോദ്പപ്പന്റെ തസ്‌ക്കരവീരനാണ് സിനിമ എന്നാണ് ഓര്‍മ. റിലീസ് ചെയ്യുന്ന ദിവസമാണ്. നല്ല തിരക്കുണ്ട്. ഞാന്‍ തിയേറ്ററിലേക്ക് കയറുന്നതിനിടയ്ക്ക് ഒരാളുമായി കൂട്ടിയിടിച്ചു. കൈയ്ക്ക് നേരത്തെ തന്നെ ഒരു മുറിവുണ്ടായിരുന്നു. കൂട്ടിയിടിക്കിടെ അവിടെ വാച്ച് തട്ടിയിട്ട് രക്തമൊലിക്കാന്‍ തുടങ്ങി. ഇടിച്ചയാള്‍ എന്റെ കൈപിടിച്ച് നോക്കി. അവര്‍ രണ്ട് പേരുണ്ടായിരുന്നു. നല്ല മുഖപരിചയം തോന്നി. അപ്പോള്‍ മനസ്സിലായി രണ്ടു പേരും എനിക്കൊപ്പം പ്രീഡിഗ്രിക്ക് പഠിച്ചവരാണെന്ന്-സൂരജും റോയിയും. സ്വാഭാവികമായും അവരുമായി സൗഹൃദം പുതുക്കി. 

കോട്ടയം സംക്രാന്തിയില്‍ ഹണ്ടേഴ്‌സ് മീഡിയ എന്ന പേരില്‍ ചെറിയ പരസ്യ ചിത്രങ്ങളും ടെലിഫിലിമുകളുമൊക്കെ നിര്‍മിക്കുന്ന സ്ഥാപനം നടത്തുകയാണ് അവര്‍. പിന്നെ സമയം കിട്ടുമ്പോഴൊക്കെ അവരുടെ ഓഫീസില്‍ പോവും സിനിമയെകുറിച്ചൊക്കെ ചര്‍ച്ചചെയ്യും. ബെംഗളൂരുവില്‍നിന്ന് പോരുമ്പോള്‍ അവര്‍ നാട്ടിലുണ്ടെന്നത് വലിയൊരു ധൈര്യമായിരുന്നു. ആ സമയത്ത് എന്റെ പപ്പയുടെ അനിയന്‍ സ്റ്റീഫന്‍ ചേട്ടന്‍ അമേരിക്കയില്‍നിന്നു വന്നിരുന്നു. ഒരു ടെലിഫിലിം നിര്‍മിക്കാന്‍ എനിക്ക് പണം തരാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ തിരക്കഥയെഴുതി സൂരജും റോയിയും കൂടെ സംവിധാനം ചെയ്ത ഒരു ടെലിഫിലിം ഉണ്ടാക്കി. അത് സൂര്യ ടി വി ടെലികാസ്റ്റ് ചെയ്തു. സ്റ്റീഫന്‍ ചേട്ടന് കുറച്ച് കാശ് കൈയില്‍നിന്ന് പോയെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവാന്‍ എനിക്ക് കുറച്ച് ധൈര്യമൊക്കെ കിട്ടി. സൂരജിനും റോയിക്കും പുറമെ മുമ്പ് ഞങ്ങള്‍ക്കൊപ്പം നാടകത്തിലൊക്കെ ഉണ്ടായിരുന്ന അജീഷും സ്‌കൂളില്‍ ഒപ്പം പഠിച്ചിരുന്ന ഗിരീഷുമൊക്കെ അന്നത്തെ സംഘത്തിലുണ്ടായിരുന്നു. സിനിമയെ കുറിച്ച് കുറേകൂടെ ധാരണയുള്ളവരും പ്രൊഫഷണലുമായ ഒരു ടീം കിട്ടിയതോടെ ഞാനും സിനിമ 
സ്വപ്നം കാണാന്‍ തുടങ്ങി. ഈ രംഗത്തേക്ക് പിച്ചവെച്ചുതുടങ്ങുന്ന എന്നെ പോലൊരാളെ സംബന്ധിച്ചിടത്തോളം  ആ കൂട്ട് പ്രധാനമായിരുന്നു. അന്നത്തെ സൂരജാണ് മുരളിഗോപിയും അനൂപ് മേനോനും അഭിനയിച്ച പാവ എന്ന സിനിമ സംവിധാനം ചെയ്തത്. റോയിയാണ് ഇപ്പോള്‍ എന്റെ സിനിമകളില്‍ കോ ഡയറക്ടറായി വര്‍ക്ക് ചെയ്ത റോയി മാത്യു. പാവയുടെ തിരക്കഥയെഴുതിയത് അജീഷാണ്. 

അന്നത്തെ രണ്ടുമൂന്നു വര്‍ഷം കഷ്ടപ്പാടായിരുന്നു. ഇറങ്ങിത്തിരിച്ച് നനഞ്ഞു, പക്ഷേ കുളിച്ചുകയറിയിട്ടുമില്ല. കൃത്യമായ വരുമാനമില്ല. ബന്ധുക്കളൊക്കെ അന്വേഷിക്കും. ജോലിക്ക് പോവാന്‍ സമ്മര്‍ദം. കുറച്ചുകഴിഞ്ഞപ്പോള്‍ പപ്പയ്ക്ക് മനസ്സിലായി, ഇവന്‍ പിടിച്ചപിടിയാണെന്ന്. അതോടെ എന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടുപോവാന്‍ മൗനാനുവാദം നല്‍കി. ഇങ്ങനെയൊരു സ്ട്രഗ്ള്‍ സിനിമയില്‍ എത്തിപ്പെട്ട എല്ലാവരുടെയും ജീവിതത്തിലുണ്ടാവുമെന്ന് തോന്നുന്നു. 

അന്ന് ജീവിക്കാനുള്ള വക കണ്ടെത്തിയത് അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്താണ്. ഭക്തിവിഷയമായ ആല്‍ബങ്ങളൊക്കെ ധാരാളമായി ഇറങ്ങുന്ന സമയമാണ്. അതിലൊക്കെ അസോസിയേറ്റായി വര്‍ക്കു ചെയ്യും. നാട്ടിലെത്തി ഇങ്ങനെ നിരന്തരം ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഉണ്ടായിരുന്ന ധൈര്യം ചോര്‍ന്നു പോവുകയാണ് ചെയ്തത്്. അതുവരെ ഞാന്‍ ചെയ്തുകൊണ്ടിരുന്നത് ഒന്നും ശരിയല്ലായിരുന്നുവെന്നും സിനിമാ സംവിധായകന്‍ എന്ന നിലയില്‍ എന്റെ സങ്കല്പങ്ങളും സ്‌കില്ലുമൊക്കെ അബദ്ധങ്ങളായിരുന്നെന്നും തിരിച്ചറിഞ്ഞു. അതോടെ സ്വതന്ത്ര സംവിധായകന്‍ എന്ന സ്വപ്നം ഉപേക്ഷിച്ചപോലായി. അക്കാലത്ത് ദിലീഷ് നായരെ പോലുള്ളവര്‍ എന്നെക്കുറിച്ച് തമാശയായി പറയാറുണ്ടായിരുന്നു, സിനിമയില്‍ പലതും കൊതിച്ചെത്തുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ, ഇവനെ പോലെ നല്ലൊരു അസോസിയേറ്റ് ഡയറക്ടറാവണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ഒരാളെ ആദ്യമായി കാണുകയാണ് എന്നെല്ലാം. സത്യത്തില്‍ അതായിരുന്നു എന്റെ അവസ്ഥ. 2010-ല്‍ പുറത്തിറങ്ങിയ ബാബു ആന്റണി നായകനായി അഭിനയിച്ച കെ.കെ. റോഡ് എന്ന സിനിമയിലാണ് ആദ്യം അസോസിയേറ്റായത്. പിന്നീടങ്ങോട്ട് റിങ്‌ടോണ്‍, അവന്‍, ത്രീ ചാര്‍സോ ബീസ്്, കാണാക്കൊമ്പത്ത്, മൈ ഡിയര്‍ മമ്മി തുടങ്ങി ഏഴ് പടങ്ങളില്‍ വര്‍ക്ക് ചെയ്തു. 

റിങ്‌ടോണില്‍ വെച്ചായിരുന്നു ശ്യാം പുഷ്‌കരനെ പരിചയപ്പെടുന്നത്. അതില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ശ്യാം. ആ സൗഹൃദം ഇപ്പോഴും തുടരുന്നു. ഞാന്‍ അസോസിയേറ്റായിരുന്ന സിനിമകളൊന്നും തിയേറ്ററില്‍ വിജയിച്ചവ അല്ല. ഒരുപാട് പ്രതിസന്ധികളിലും കുറവുകളിലും പെട്ട് ഒരുപാട് പേര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സിനിമകളായിരുന്നു അവ. ഈ ഏഴ് സിനിമകളുടെയും ആദ്യ ഷോയ്ക്ക് ഞാന്‍ പോയിട്ടുണ്ട്. സംതൃപ്തിയോ സന്തോഷമോ കിട്ടിയില്ലെങ്കിലും സിനിമ എന്താണ്, എന്താണ് സിനിമയിലെ ജീവിതം എന്നെല്ലാം എന്നെ അഭ്യസിപ്പിച്ച പാഠശാലകളാണ് ആ സിനിമകള്‍. 

നമുക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍, സന്തോഷം കിട്ടുന്നതിനായാണ് സിനിമയിലേക്ക് വന്നത്. പക്ഷേ, അങ്ങനെയൊന്നും സംഭവിക്കുന്നില്ല. അപ്പോള്‍ ഞാന്‍ വല്ലാതെ നിരാശനാണെന്ന് എനിക്ക് തന്നെ തോന്നി. സിനിമാ സെറ്റില്‍ ദേഷ്യം പിടിക്കുന്നു. വല്ലാതെ പ്രായമായ പോലെ. ആകെ കലുഷിതമായ അവസ്ഥ. സന്തോഷവും സംതൃപ്തിയും തേടി വന്നിട്ട് ഇങ്ങനെ എന്റെ വ്യക്തിത്വത്തെ തന്നെ മോശമാക്കുന്ന രീതിയില്‍ നിരാശനും ക്ഷുഭിതനുമായി ജീവിക്കുന്നത് എന്തിനാണെന്ന് എനിക്ക് തോന്നി. സിനിമ മതിയാക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ 2008-09 കാലത്ത് ഞാന്‍ സിനിമയില്‍നിന്ന് ഒരു ബ്രെയ്‌ക്കെടുത്തു. 

ആ സമയത്ത് ഏതെങ്കിലും കോളേജില്‍ പോയി എന്തെങ്കിലും പഠിക്കാമെന്നു തീരുമാനിച്ചു. മഹാരാജാസ് കോളേജില്‍ ഏതെങ്കിലും കോഴ്‌സിന് അഡ്മിഷന്‍ കിട്ടുമോയെന്നൊക്കെ ആലോചിച്ചു. 29 വയസ്സുണ്ട്. കോളേജില്‍ പഠിക്കേണ്ട കാലമൊക്കെ കഴിഞ്ഞു. ആ സമയത്ത് ത്രീ ചാര്‍സോ ബീസില്‍ അസിസ്റ്റന്റ് ഡയറക്ടരായിരുന്ന സുധീര്‍ ബാബുവാണ് പറയുന്നത്, കാലടി യൂണിവേഴ്‌സിറ്റിയില്‍ നാടകത്തില്‍ എം.എ. കോഴ്‌സുണ്ടെന്ന്. അവിടെ പോവാന്‍ തീരുമാനിച്ചു. അഡ്മിഷന്‍ കിട്ടി. അത് വലിയൊരു വഴിത്തിരിവായിരുന്നു. അവിടത്തെ അധ്യാപകരും സുഹൃത്തുക്കളും ആ നാടകക്കാലവുമെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചു. നാടകങ്ങള്‍ സംവിധാനം ചെയ്യണം, അഭിനയിക്കണം. ഇപ്പോള്‍ ദേശീയ അവാര്‍ഡ് നേടിയ സുരഭി അവിടെ ക്ലാസ്‌മേറ്റായിരുന്നു. രമേഷ് വര്‍മ, ഗോപന്‍ ചിദംബരം, ഉഷാ നങ്ങ്യാര്‍, മാര്‍ഗി മധു എന്നിവരൊക്കെയായിരുന്നു അവിടെ അധ്യാപകര്‍. എല്ലാം ചേര്‍ന്ന് പുതിയൊരു അനുഭവം. പുതിയൊരാളായാണ് അവിടെ നിന്ന് പുറത്തുവന്നത്. ഞാന്‍ കുറേകൂടി ചെറുപ്പമായതായി തോന്നി. എം.എ. പാസായതിനുശേഷം എം.ജി. യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ എം. ഫില്ലിനു ചേര്‍ന്നു. അതും പാസ്സായി. റിസര്‍ച്ച് ചെയ്യാന്‍ അപേക്ഷിച്ചിരുന്നു, ചെയ്യാനായില്ല.

പിന്നെ സിനിമയിലേക്ക് തിരിച്ചുവന്നത് എങ്ങനെയായിരുന്നു ? 

ഞാനും ദിലീഷ് നായരും ശ്യാം പുഷ്‌കരനും തീരം എന്ന സിനിമ സംവിധാനം ചെയ്ത സഹീദ് അറാഫത്തും ചേര്‍ന്ന് വൈറ്റില ഒരു വീട് വാടകക്കെടുത്ത് താമസിച്ചു. സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴെക്കെ ആക്ഷന്‍ ത്രില്ലറുകളെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. ദിലീഷ് നായരാണ് എന്നോട് പറയുന്നത.് 'എടാ മണ്ടാ നിനക്ക് ഏറ്റവും നല്ലത് ഹ്യൂമറാണ്' എന്നെല്ലാം. ഞാന്‍ നന്നായി ഹ്യൂമര്‍ പറയുന്നുണ്ട് എന്നൊക്കെ അവന്‍ പറഞ്ഞു. സത്യത്തില്‍ അതുവരെ ഞാനങ്ങനെ ചിന്തിച്ചിരുന്നില്ല. അവന്റെ പ്രസ്താവന എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ആ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങി. 

ദിലീഷും ശ്യാമും കൂടി എഴുതുന്നു. ഞാന്‍ സംവിധാനം ചെയ്യുന്നു എന്നൊക്കെയായി ചിന്ത. അപ്പോഴും എന്നെ എന്തിനാണ് സംവിധായകനാക്കുന്നതെന്ന് ഞാന്‍ ചോദിക്കും. എന്നെ കണ്ടാല്‍ ഒരു സംവിധായകന്റെ ലുക്കൊക്കെ ഉണ്ടെന്നായിരുന്നു അവരുടെ വിശദീകരണം. നിര്‍മാതാവിന്റെ അടുത്ത് പോവുമ്പോള്‍ ഒരു ലുക്കൊക്കെ വേണമെല്ലോ? അല്പം താടിയൊക്കെ നീട്ടി ഗൗരവത്തോടെ സംസാരിച്ചാല്‍ ഒരു സംവിധായകനാണെന്ന് പറഞ്ഞാല്‍ നിര്‍മാതാക്കള്‍ വിശ്വസിക്കുമെന്നും അതുവെച്ച് മാര്‍ക്കറ്റ് ചെയ്യാമെന്നുമായിരുന്നു ഐഡിയ.( ഓര്‍മകളുടെ സുഗന്ധം കൊണ്ടാവാം. ദിലീഷ് ഉറക്കെ പൊട്ടിച്ചിരിക്കുന്നു.) 

ആ ഒരു ലുക്കാവും സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ഉപയോഗിച്ചത്.

അതെ. ശ്യാമും ദിലീഷ് നായരും ചേര്‍ന്നാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ കഥയെഴുതിയത്. അവര്‍ പറഞ്ഞു, ഇതില്‍ ഒരു സംവിധായകന്റെ റോള്‍ ഉണ്ട്. അത് എനിക്ക് ഇണങ്ങുമെന്നെല്ലാം. അവരാണ് എന്നെ ആഷിഖിന്റെ മുന്നില്‍ കൊണ്ടു പോവുന്നത്. അങ്ങനെ ഒട്ടും നിനച്ചിരിക്കാതെ ഒരു നടനായി ഞാന്‍ സിനിമയില്‍ അരങ്ങേറി. കാലടിയില്‍നിന്ന് നാടകത്തില്‍ അഭിനയിച്ച് കിട്ടിയ ധൈര്യംവെച്ചാണ് സിനിമയില്‍ അഭിനയിച്ചത്. മറിച്ചായിരുന്നെങ്കില്‍ ഞാനതിന് മുതിരുകയേ ഇല്ലായിരുന്നു.

നടന്‍ എന്നൊരു സ്വപ്നം മുമ്പുണ്ടായിരുന്നോ?

ഒരു നടനാവുക എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ലായിരുന്നു. അതെന്റെ ഒരു ലക്ഷ്യമേ ആയിരുന്നില്ല. ഇപ്പോഴും നടന്‍ എന്ന നിലയില്‍ എനിക്ക് വലിയ ആത്മവിശ്വാസമൊന്നുമില്ല. പക്ഷേ അത് വലിയ ആവേശം നല്‍കുന്നുണ്ട്. സംവിധാനം ചെയ്യുന്നതിന് മുന്‍പ് കുറച്ച് സിനിമകളില്‍ അഭിനയിച്ചത് എനിക്ക് ഏറെ ഗുണം ചെയ്തിട്ടുമു ണ്ട്. സംവിധായകന്‍ എന്ന നിലയില്‍ ഒരു കഥാപാത്രത്തിന് ഇണങ്ങിയ നടനെ കാസ്റ്റ് ചെയ്യുന്നതില്‍, അയാളില്‍നിന്ന് ശരിയായ പ്രകടനം പുറത്തുകൊണ്ടുവരുന്നതില്‍, വേണമെങ്കില്‍ അത് ചെയ്തു കാണിച്ചു കൊടുക്കുന്നതില്‍ എല്ലാം അത് ഗുണം ചെയ്തു. ഒരു നടന്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും കഴിയുന്നുണ്ട്. അല്ലെങ്കില്‍ അഭിനയിച്ചു തുടങ്ങുന്നതിനുമുന്‍പ് ഒരു നടനെ സമീപിച്ചിരുന്നത് പോലല്ല, ഇപ്പോള്‍ സമീപിക്കുന്നത്. അയാള്‍ക്ക് വേണ്ട ചില കാര്യങ്ങളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. മുമ്പ് പരിചയമില്ലാത്ത പല സംവിധായകരെയും ഞാന്‍ ഫോണില്‍ വിളിക്കുമായിരുന്നു.' സര്‍ നിങ്ങള്‍ക്കൊപ്പം സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. അസോസിയേറ്റാക്കാമോ?' എന്നു ചോദിക്കും. അവര്‍ എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നു മനസ്സിലാക്കാനാണ് അങ്ങനെ അസോസിയേറ്റാവാന്‍ ആഗ്രഹിച്ചത്. പിന്നീട് അവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ അവരുടെ ശൈലി, അവര്‍ എങ്ങനെ ഒരു നടനെ ഡീല്‍ ചെയ്യുന്നു എന്നെല്ലാം മനസ്സിലാക്കാനായി. നടനായിരുന്നില്ല എങ്കില്‍ സത്യന്‍ അന്തിക്കാടിനെ പോലൊരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് അവസരം കിട്ടില്ലായിരുന്നു. എന്നും എപ്പോഴും എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ നേട്ടം എന്നു പറയുന്നത് ഒരു നടനോട് എങ്ങനെയാണ് സത്യന്‍ അന്തിക്കാട് സംവദിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ്. എന്റെ സമകാലീനനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയില്‍ ഞാനഭിനയിക്കുമ്പോള്‍ അവന്റെ ഒരു സിനിമയില്‍ അസിസ്റ്റ് ചെയ്യുന്നതിന്റെ ഗുണം കൂടി ലഭിക്കുന്നു. 

മഹേഷിന്റെ പ്രതികാരം മലയാളി പ്രേക്ഷകരുടെ ഭാവുകത്വം തിരുത്തിയ സിനിമയാണ്. താരാരാധന അരങ്ങു തകര്‍ക്കുമ്പോള്‍ ഇത്രയ്ക്ക് റിയലിസ്റ്റിക്കായി ഇങ്ങനെയൊരു സിനിമയ്ക്ക് തുനിയാന്‍ കാരണം എന്തായിരുന്നു?

അങ്ങനെ വ്യത്യസ്തമായ സിനിമയാണ് അതെങ്കില്‍, അത്  ചെയ്തുവന്നപ്പോള്‍ അങ്ങനെയായി മാറിയതായിരിക്കണം. ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുമ്പോള്‍ എനിക്ക് മാതൃകകളുണ്ടായിരുന്നു. മലയാളത്തില്‍ ഒരുപാട് മികച്ച സിനിമകള്‍ ഉണ്ടായിട്ടുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് തിയേറ്ററുകളില്‍ നിന്ന് കാണാന്‍ കഴിയാതെ പോയ എന്റെ ചെറുപ്പകാലത്തൊക്കെ ഇറങ്ങിയ ഒരുപാട് സിനിമകള്‍ ഞാന്‍ കാസറ്റെടുത്ത് കണ്ടിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, പത്മരാജന്‍, ഭരതന്‍ തുടങ്ങിയ സംവിധായകരുടെ എല്ലാം സിനിമകള്‍ ഇടതടവില്ലാതെ കാണുകയായിരുന്നു. സിനിമയില്‍ ഒരു കോഴ്‌സ് ചെയ്യുന്നതുപോലെ ദിവസം മൂന്നു നാലും സിനിമകള്‍ വെച്ച് രണ്ട് കൊല്ലം കൊണ്ട് ഒരുപാട് സിനിമകള്‍ കണ്ടുതീര്‍ത്തു. നര്‍മവും സരസമായ സംഭാഷണങ്ങളുമുള്ള സിനിമകള്‍. രഘുനാഥ് പലേരി തിരക്കഥ എഴുതിയ പൊന്‍മുട്ടയിടുന്ന താറാവ് പോലുള്ള സിനിമകള്‍ എല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. താളവട്ടം, കരിയിലക്കാറ്റുപോലെ, സീസണ്‍, ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങി ഒത്തിരി സിനിമകള്‍ മനസില്‍ മായാതെ കിടപ്പുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യുമ്പോള്‍ സ്വന്തമായി കംപ്യൂട്ടര്‍ ലഭിച്ചു. ഒരുപാട് സിനിമകള്‍ അതില്‍ കോപ്പി ചെയ്തിട്ടിരുന്നു. അതെല്ലാം തിരിച്ചും മറിച്ചും കണ്ടുകൊണ്ടിരിക്കും. 

മഹേഷിന്റെ പ്രതികാരത്തിലേക്ക് തന്നെ വരാം. സ്റ്റോറി ബോര്‍ഡ് ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരാളുമായി ഡിസ്‌കസ് ചെയ്തു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, മലയാളത്തില്‍ സ്റ്റോറി ബോര്‍ഡ് വെച്ച് ഷൂട്ട് ചെയ്തിട്ട് എന്താ കാര്യം. അങ്ങനെ ചെയ്യണമെങ്കില്‍ നമ്മള്‍ ആഗ്രഹിക്കും പോലുള്ള ലൊക്കേഷനുകള്‍ വേണം, സ്റ്റുഡിയോ സംവിധാനം വേണം. അതൊക്കെ നടക്കുമോ? ഒരു ഉദാഹരണം പറയാം. ഞാന്‍ ഒരു ലൊക്കേഷന്‍ പോയിക്കണ്ടു. വിളഞ്ഞു നില്‍ക്കുന്ന പാടം കണ്ട് തിരിച്ചു പോന്നു. ഷൂട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ പാടം കൊയ്തു പോയിരിക്കുന്നു. എന്തു ചെയ്യും? എഴുതുമ്പോഴും സ്റ്റോറി ബോര്‍ഡ് ഉണ്ടാക്കുമ്പോഴും നമ്മുടെ ലൊക്കേഷനില്‍ ഒരു മരം വിഭാവനം ചെയ്യാം. പക്ഷേ, എല്ലാ കാര്യങ്ങളും ഒത്തുവന്ന ലൊക്കേഷനില്‍ മരമില്ല. അവിടെ വലിയ മരം കൊണ്ടുവന്ന് നടാന്‍ പറ്റില്ല. അത്രയധികം പണം ചെലവഴിക്കാന്‍ കെല്‍പ്പുള്ള വലിയ ഇന്‍ഡസ്ട്രിയല്ല മലയാളത്തിലേത്. ഈ സാഹചര്യത്തില്‍ സ്റ്റോറി ബോര്‍ഡ് ഉണ്ടാക്കിയതു കൊണ്ട് കാര്യമൊന്നുമില്ല. 

സീന്‍ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് കാരണമുണ്ട്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ കൈയില്‍ വായിക്കാന്‍ കിട്ടിയ സീന്‍ അക്ഷരങ്ങളാണ്. അതു അഭിനയിച്ച് അയാള്‍ ഫലിപ്പിക്കണം. കഥാപാത്രത്തിന്റെ ഒരു കൂട്ടുകാരനുമായുണ്ടായിരുന്ന ബന്ധത്തിന്റെ തീവ്രത അവതരിപ്പിക്കുകയാണ്. അത് അയാള്‍ ഉള്‍ക്കൊണ്ട് അഭിനയിക്കണം. തൊട്ടു മുന്‍പില്‍ സിനിമയില്‍ എഴുതിവെച്ചിരിക്കുന്ന സീനില്‍ ആ കൂട്ടുകാരന്‍ മരിച്ചു കിടക്കുന്നതാണ്. ആ ഒരു സീനില്‍ അഭിനയിച്ച് അതുമായി ഇഴുകി ചേര്‍ന്നശേഷം അടുത്ത സീനില്‍ അഭിനയിക്കുകയാണെങ്കില്‍ ആ നടന് കൂട്ടുകാരനുമായുണ്ടായിരുന്ന ബന്ധത്തിന്റെ തീവ്രത കുറേകൂടി പ്രകടമാക്കാനാവും. അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് സീന്‍ ഓര്‍ഡറില്‍തന്നെ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. തിരക്കുള്ള നടീനടന്‍മാര്‍ അധികമുണ്ടെങ്കില്‍ അങ്ങനെ നടക്കില്ല. അതുകൊണ്ടുതന്നെ എല്ലാ അഭിനേതാക്കളുടെയും ഓപ്പണ്‍ ഡേറ്റെടുത്തു. സിനിമ പൂര്‍ത്തിയാകുവോളം ഒപ്പം വേണം എന്നതായിരുന്നു നിബന്ധന.  
തിരക്കഥ എഴുതി പൂര്‍ത്തിയാക്കി. ആദ്യത്തെ സിനിമയാണ്. പക്ഷേ, അങ്ങനെയൊരു പേടിയില്ല. കാരണം ഒപ്പമുള്ളവരെല്ലാം നാളുകളായി പരിചയമുള്ളവരാണ്. എല്ലാ ഘട്ടത്തിലും എല്ലാവരും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമയെ കുറിച്ചുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ ലവല്‍ ആദ്യവസാനം താഴാതെ നിന്നു. 

ആ സിനിമയ്ക്കായി പൂര്‍ത്തിയാക്കിയിരുന്ന തിരക്കഥ സിനിമയില്‍ നിങ്ങള്‍ കണ്ടതിനേക്കാള്‍ ഹ്യൂമര്‍ ഉള്ള ഒന്നായിരുന്നു. കൂടുതല്‍ ചിരിയുണ്ടാക്കുന്ന ഒന്നായിരുന്നു അതെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. സിനിമ ഓര്‍ഡറില്‍ ഷൂട്ട് ചെയ്തു തുടങ്ങി. തികച്ചും സത്യസന്ധമായ അവതരണമാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ഓരോ ഘട്ടത്തിലേയും എഴുതി വെച്ച ഹാസ്യം അവിടെ വേണ്ട എന്ന് ഞാനും ശ്യാമും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ആളുകള്‍ അത് കണ്ട് ചിരിക്കുമായിരിക്കും. പക്ഷേ, ബേബി ചേട്ടന്‍ ആസമയത്ത് അങ്ങിനെ പറയില്ല. അങ്ങനത്തെ ആളല്ല ചേട്ടന്‍, എന്നു ബേബി ചേട്ടനെ കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് തോന്നുകയായിരുന്നു. രണ്ടാം പകുതിയിലെ തിരക്കഥ, സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ മിക്കവാറും മാറ്റി എഴുതുകയായിരുന്നു.

സീന്‍ ഓര്‍ഡറില്‍ ഷൂട്ട് ചെയ്യുന്നതിന് കുറേ ബുദ്ധിമുട്ടി കാണുമല്ലേ?

ചില പ്രശ്നങ്ങള്‍ ഉണ്ടായി. ഫഹദിന്റെ രണ്ടാമത്തെ കാമുകി ജിന്‍സിയായി അഭിനയിക്കാന്‍ വേറൊരു നടിയെയായിരുന്നു തീരുമാനിച്ചത്. പക്ഷേ, അവരുടെ പരീക്ഷയും മറ്റും ഉള്ളതുകൊണ്ട് അവരുടെ ഡേറ്റ് ശരിയാവണമെങ്കില്‍ മഹേഷിന്റെ പ്രതികാരത്തിന്റെ രണ്ടാംപകുതി ആദ്യം ഷൂട്ട് ചെയ്യണമെന്ന അവസ്ഥ വന്നു. അവര്‍ എന്റെ സിനിമയ്ക്ക് തൊട്ടു മുന്‍പ് റിലീസായ പടത്തിലൂടെ വന്‍ജനപ്രീതി നേടിയ നടിയാണ്. അവര്‍ അഭിനയിച്ചാല്‍ ഒരുപക്ഷേ, എന്റെ സിനിമയ്ക്ക് തിയേറ്ററില്‍ വലിയ ഗുണം കിട്ടുമായിരിക്കും. പക്ഷേ, സീന്‍ ഓര്‍ഡറില്‍ തന്നെ ഷൂട്ട് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ട് അവര്‍ മാറി. നന്നായി പെര്‍ഫോം ചെയ്യേണ്ട റോള്‍ ആണ്. മുന്‍പ് പ്രേക്ഷകര്‍ അധികം കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയാണ് വേണ്ടത്. ആകെ ഇരുപത് മിനിറ്റേ ആ കഥാപാത്രത്തിന് സിനിമയില്‍ ഉള്ളൂ. ആ സമയം കൊണ്ട് പ്രേക്ഷകന്റെ ഉള്ളില്‍ കയറി കൂടണം. ആ റോള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ കെല്‍പ്പുള്ള നല്ല അഭിനേത്രി വേണം. വലിയ റിസ്‌കായിരുന്നു അവസാന നിമിഷത്തെ മാറ്റം. മറ്റൊരു സിനിമയുടെ ഓഡിഷന് വന്നിരുന്ന അപര്‍ണ ബാലമുരളിയുടെ പടം എന്റെ സുഹൃത്തായ സമീറ അയച്ചുതന്നു. നന്നായി അഭിനയിക്കുന്നുണ്ടെന്ന് സമീറ പറഞ്ഞിരുന്നു. ആ റോള്‍ അപര്‍ണ ഭംഗിയാക്കുകയും ചെയ്തു. 

താരപരിവേഷമുള്ള നടനാണ് ഫഹദ് ഫാസില്‍. ഇത്രയ്ക്ക് റിയലിസ്റ്റിക്കായ ഒരു റോളിലേക്ക് താരത്തെ കാസ്റ്റ് ചെയ്യാനും അയാളെ സമീപിക്കാനും ബുദ്ധിമുട്ടില്ലായിരുന്നോ?

ആഷിഖിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ സമയത്താണ് ഫഹദിനെ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോള്‍ ഞങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായി. 2012 ജനുവരിയില്‍ ഒരു കഥ പറഞ്ഞപ്പോള്‍ എനിക്ക് ഡേറ്റ് തന്നതാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിര്‍മിച്ച സന്ദീപ് സേനന്‍ പടം നിര്‍മിക്കാമെന്ന് സമ്മതിച്ചു. സന്ദീപ് ആണ് എനിക്ക് ആദ്യമായി അഡ്വാന്‍സ് തരുന്നത്. രണ്ടുവര്‍ഷമെടുത്ത് തിരക്കഥ എഴുതി. എഴുതിക്കഴിഞ്ഞ് വായിച്ചുനോക്കിയപ്പോള്‍ ആദ്യമുണ്ടായിരുന്ന ഒരു വിശ്വാസം തോന്നിയില്ല. ഞാന്‍ ആദ്യം സന്ദീപ് സേനനെ വിളിച്ചു, കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു, എപ്പോള്‍ നിനക്ക് തൃപ്തി തോന്നുന്നുവോ അപ്പോള്‍ മതിയെന്ന്. ഫഹദിനേയും വിളിച്ചു. ഇപ്പോഴല്ല എപ്പോള്‍ വന്നാലും നമുക്ക് ചെയ്യാമെന്ന് ഫഹദും പറഞ്ഞു. അങ്ങനെ വിശ്വാസം അര്‍പ്പിച്ച നടനാണ് ഫഹദ്. ആ പ്രോജക്ടില്‍നിന്ന് മാറിയപ്പോള്‍ ചെയ്ത പടമാണ് മഹേഷിന്റെ പ്രതികാരം. സന്ദീപ് സേനന്‍ നിര്‍മിക്കാമെന്നേറ്റ എന്റെ ആ ആദ്യ സിനിമയാണ് പിന്നീട് ദൃക്സാക്ഷിയായി മാറിയത്. 

ദൃക്‌സാക്ഷി കുറേക്കൂടി സമകാലീന കേരളീയ ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ്. എങ്ങനെയായിരുന്നു ദൃക്‌സാക്ഷിയിലേക്ക് എത്തിയത്? 

മഹേഷിന്റെ പ്രതികാരം റിലീസായി ഓരോ ദിവസവും വലിയ ആകാംക്ഷയായിരുന്നു. ആദ്യ പടമാണ്, ആളുകള്‍ക്ക് ഇഷ്ടമാവുമോ, തിയേറ്റര്‍ നിറയുമോ എന്നൊക്കെയുള്ള ആധി. സിനിമ കണ്ട് ആളുകള്‍ എന്തുപറയുന്നു എന്ന് ശ്രദ്ധിക്കുന്നുണ്ട്. ഒരുപാടു പേരുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്. പല തിയേറ്ററുകളില്‍ പോയി സിനിമ കണ്ടു. അമ്പതുദിവസം ഓടിക്കഴിഞ്ഞപ്പോള്‍ അത് വിട്ടു. ഞാനും ആഷിഖ്, ശ്യാം, ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഭൂട്ടാനി ലേക്ക് ഒരു റോഡ് ട്രിപ്പ്. തിരിച്ചെത്തിയതു മുതല്‍ കഥ കേള്‍ക്കാന്‍ തുടങ്ങി. അങ്ങനെയാണ് സജീവ് പാഴൂര്‍ വന്ന് കഥ പറയുന്നത്. ആദ്യം കേട്ടപ്പോള്‍തന്നെ ഞാന്‍ പറഞ്ഞു, കൊള്ളാം, നമുക്ക് ഇരിക്കാം. നാലുവര്‍ഷം മുന്‍പ് എഴുതിയ കഥയാണ്. ചില മാറ്റങ്ങള്‍ വേണ്ടിവരും എന്ന് സജീവ് പറഞ്ഞു. കഥ ഒന്നുകൂടി എഴുതുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുമോ എന്നു ചോദിച്ചു. സജീവ് റെഡി. അങ്ങനെ മാറ്റിയെഴുതിയ തിരക്കഥയാണത്. പോലീസ് സ്റ്റേഷനുകളിലെ രീതിയെയും കേസുകളെയും കുറിച്ചെല്ലാം സജീവ് നല്ല ഹോംവര്‍ക്ക് നടത്തിയിരുന്നു. അതിന്റെ മേളിലേ എനിക്ക് പണിയേണ്ടിവന്നുള്ളൂ. 

തിരുവനന്തപുരം- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു സാങ്കല്പിക ഗ്രാമത്തില്‍ കഥ നടക്കുന്നതായാണ് സജീവ് എഴുതിയിരുന്നത്. സജീവിന്റെ കഥയിലെ കഥാപാത്രങ്ങള്‍ക്ക് കുറേക്കൂടി പ്രായമുണ്ടായിരുന്നു. പിന്നെ ഞാനും സജീവുമായി സംസാരിച്ച് റിയലായ ഒരുസ്ഥലത്തേക്ക് കൊണ്ടുവന്നു. കഥാപാത്രങ്ങളുടെ പ്രായം കുറച്ചു. പുകയിലക്കൃഷിയും മറ്റും അങ്ങനെ കൊണ്ടുവന്നതാണ്. 

സുരാജിനെ നായകപ്രാധാന്യമുള്ള ഒരു കഥാപാത്രം ഏല്പിക്കാനുള്ള തീരുമാനം എങ്ങനെയായിരുന്നു? 

സത്യത്തില്‍ സുരാജ് ചെയ്ത കഥാപാത്രമായിരുന്നു ഫഹദ് ചെയ്യേണ്ടിയിരുന്നത്. കള്ളന്റെ റോളിലേക്ക് ആദ്യം സൗബിനെയായിരുന്നു പരിഗണിച്ചത്. പിന്നീടത് മാറുകയായിരുന്നു. സുരാജിന്റെ മികവിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനമൊക്കെ സുരാജിനെ കാസ്റ്റ് ചെയ്യുമ്പോള്‍ മനസ്സിലുണ്ടായിരുന്നു. 

മഹേഷോ തൊണ്ടിമുതലോ ഏതാണ് ആ ചിത്രങ്ങളുടെ സംവിധായകന് കൂടുതല്‍ ഇഷ്ടമായത്?

മഹേഷിന്റെ പ്രതികാരത്തേക്കാളും തിയേറ്ററില്‍ കളക്റ്റ് ചെയ്തത് തൊണ്ടിമുതലാണ്. കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടു കൂടിയാവാം അത്. ദൃക്‌സാക്ഷി നല്ല സിനിമയായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മഹേഷ് ഒരു മാജിക്കായിരുന്നു. എന്റെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയ സിനിമയാണ്. ശരിക്കും പുറത്തിറങ്ങിയതിനെക്കാള്‍ കമേഴ്‌സ്യലായ ഒരു സിനിമയാവേണ്ടതായിരുന്നു മഹേഷിന്റെ പ്രതികാരം. നേരത്തെ പറഞ്ഞപോലെ ചെയ്തുവന്നപ്പോള്‍ അത് കുറേക്കൂടി റിയലായ ജീവിതമുള്ള സിനിമയായി മാറിയതാണ്. ആദ്യത്തെ തിരക്കഥയിലുണ്ടായിരുന്ന കുറെ കോമഡിയും ഡ്രാമയും എല്ലാം ഒഴിവാക്കിയാണ് ആ സിനിമ ചെയ്തത്. അല്ലെങ്കില്‍ കുറേക്കൂടി കാല്പനികം എന്ന് വിളിക്കാവുന്ന ഒരു സിനിമയാവുമായിരുന്നു അത്. ഏതായാലും മഹേഷ് തന്ന വിജയമാണ് തൊണ്ടിമുതല്‍പോലെ ഒരു സിനിമ ചെയ്യാന്‍ ധൈര്യം തന്നത്. 

മലയാളത്തിലെ നിലവിലുള്ള സിനിമാ സങ്കല്പങ്ങളില്‍നിന്നു മാറി വ്യത്യസ്തമായൊരു സിനിമ ചെയ്യുമ്പോള്‍ ഭയം തോന്നാറില്ലേ?

അങ്ങനെ വ്യത്യസ്തമായ ഒന്ന് ചെയ്യുന്നു എന്ന ബോധത്തോടെയല്ല ഒരു സിനിമയും ചെയ്യുന്നത്. ചെയ്തുവരുമ്പോള്‍ ചിലപ്പോള്‍ അത് വ്യത്യസ്തമായി മാറുന്നുണ്ടാവും. ഒപ്പമുള്ളത് എല്ലാം പരിചയമുള്ളവര്‍, പരസ്പരം അറിയുന്നവര്‍. നമ്മള്‍ പത്തിരുപതു പേര്‍ ചേര്‍ന്ന് കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം നടത്തുന്നതുപോലാണത്. പരമാവധി അത് ഭംഗിയാക്കുക എന്നതാണ് ലക്ഷ്യം. കൃത്യമായ ഒരു പദ്ധതിയിട്ട് അതില്‍നിന്ന് അണുവിട മാറാതെ സിനിമ ചെയ്യുകയല്ല. കൈയിലുള്ള സാധനം എപ്പോള്‍ വേണമെങ്കിലും പൊളിച്ചുപണിയാന്‍ തയ്യാറാവും. അങ്ങനെയാണ് സിനിമയെ സമീപിക്കുന്നത്. കമോണ്‍ഡ്രാ മഹേഷേ എന്ന ഡയലോഗ് സിനിമയുടെ ഒരു ഹൈലൈറ്റ് ആയി മാറി. സത്യത്തില്‍ ഷൂട്ട് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുന്‍പുമാത്രം ഉണ്ടാക്കിയ ഡയലോഗാണത്. ലൊക്കേഷനില്‍ എത്തി ഷൂട്ട് ചെയ്യുമ്പോള്‍ നേരത്തെ നിശ്ചയിച്ചതില്‍നിന്ന് പല മാറ്റങ്ങളും വരുത്തേണ്ടിവരും.

തൊണ്ടിമുതലിലെ അവസാനത്തെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്ത കനാലില്‍, ലൊക്കേഷന്‍ കാണുമ്പോഴും അനുമതി എടുക്കുമ്പോഴും വെള്ളമുണ്ടായിരുന്നില്ല. പക്ഷേ, ഷൂട്ടിന് ചെന്നപ്പോള്‍ നിറയെ വെള്ളം. ഒടുവില്‍ ഫൈറ്റ് ആ വെള്ളത്തിലേക്ക് മാറ്റുകയായിരുന്നു. തൊട്ടടുത്തുള്ള ഡാമിലായിരുന്നു ആ ഫൈറ്റ് എടുക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. കനാല്‍ ഫഹദിനു പിന്നാലെ സുരാജിന് ഓടാന്‍ മാത്രമുള്ള വഴിയായിരുന്നു. മാറിയ സാഹചര്യത്തെ നമ്മള്‍ മുതലെടുക്കുകയായിരുന്നു. അങ്ങനെയുള്ള ഹാന്‍ഡ് മെയ്ഡ് സിനിമകളിലാണ് എനിക്ക് വിശ്വാസം. സിനിമ സംവിധായകന്റെ മാത്രം കലയല്ലെന്നും ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരുപാടുപേരുടെ കൂട്ടായ്മ, അവരുടെ ആശയങ്ങളില്‍ നിന്നാണ് ഒരോ സിനിമയും പിറക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ വിജയമായാലും പരാജയമായാലും അതിന്റെ ഭാരം ചുമക്കാന്‍ ഞാന്‍ തയ്യാറല്ല. അത് എല്ലാവര്‍ക്കുംകൂടി ഉള്ളതാണ്. 

സിനിമ എന്നതിന് ഒരു സംവിധായകന്‍ എന്ന നിലയില്‍ നല്‍കുന്ന ഏറ്റവും ചെറിയ നിര്‍വചനം എന്താണ് ?

എനിക്ക് ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള സാധനം എന്താണോ അതാണ് സിനിമ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. നല്ല മടിയുള്ള ആളാണ്. രാത്രി വളരെ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യും. അങ്ങനെയുള്ള എനിക്ക് വളരെ നേരത്തെ ഉണര്‍ന്ന് ഏറെ രാത്രിയായിട്ടും ഉറങ്ങാതെ വലിയ ഉല്‍സാഹത്തോടെ ഓടിനടന്നുചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ അതെനിക്ക് സിനിമയോടുള്ള അടങ്ങാത്ത മോഹം കാരണമാണ്.