കല്പറ്റ: സ്വന്തം ഭൂമിയില്‍നിന്ന് തിരസ്‌കൃതരായിപ്പോവുന്ന വയനാട്ടിലെ പണിയസമുദായത്തിന്റെ ജീവിതം പറഞ്ഞാണ് അനീസ് കെ. മാപ്പിള കഥേതര വിഭാഗത്തില്‍ ദേശീയ ചലച്ചിത്രപുരസ്‌കാരം സ്വന്തമാക്കിയത്. 

കുടിയേറ്റക്കാരുടെ വരവോടെ സ്വന്തം ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെടുന്ന ആദിവാസിസമൂഹത്തിന്റെ കഥയാണ് അവാര്‍ഡിനര്‍ഹമായ 'ദി സ്ലേവ് ജെനെസിസ്' എന്ന ഡോക്യുമെന്ററി പറയുന്നത്.

ഗോത്രവിഭാഗത്തിന്റെ തൊഴില്‍ജീവിത പരിസരങ്ങളിലൂടെ അവരുടെ അടിമത്തത്തിന്റെ ആവിര്‍ഭാവത്തെയും ജീവിത വീക്ഷണത്തെയും അടയാളപ്പെടുത്താനാണ് ഇതിന്റെ ശ്രമം. ഇതിനായി അവരുടെ ലിഖിതരൂപമില്ലാത്ത 'പേനപ്പാട്ട്' (പ്രേതഭാഷണം) എന്ന ഉത്പത്തി-മരണ പാഠത്തെ കേന്ദ്ര പ്രമേയമായി ചിത്രീകരിക്കുന്നു. പശ്ചാത്തല വിവരണങ്ങളില്ലാതെ ദൃശ്യങ്ങളിലൂടെ മാത്രമാണ് ചിത്രം സംവദിക്കുന്നത്.

കുടകിലെ ഇഞ്ചിത്തോട്ടങ്ങളില്‍ നേരിടുന്ന ചൂഷണങ്ങളും പോക്‌സോ നിയമം ചുമത്തപ്പെട്ട് ജയിലില്‍ക്കഴിയുന്ന യുവാക്കളുടെ ദൈന്യവും ഡോക്യുമെന്ററി ചിത്രീകരിക്കുന്നു. പണിയരുടെ ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളും എല്ലാം ചേര്‍ത്ത് ഈ ഗോത്രജനതയുടെ ജീവിതപരിസരങ്ങള്‍ മുഴുവന്‍ സ്ലേവ് ജെനെസിസിലുണ്ട്. 

കല്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ ബാനറിലുള്ള ചിത്രം സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചത് അനീസ് തന്നെയാണ്. ലൊക്കേഷനുകള്‍ തേടിയുള്ള യാത്രയ്ക്കിടെ കര്‍ണാടകയിലെ ഇഞ്ചിത്തോട്ടത്തില്‍നിന്ന് പരിചയപ്പെട്ട വിനു കിടചൂളന്‍ എന്ന ഏച്ചോം സ്വദേശിയായ യുവാവും അനീസിന്റെ സഹായിയായി. ഷൈജു യൂനിറ്റിയാണ് സൗണ്ട് ഡിസൈനര്‍. 

അഡീഷണല്‍ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് ബിജു ഇബ്രാഹിം. മിഥുന്‍ മോഹന്‍ അനിമേഷനും കൃഷ്ണപ്രസാദ് വരയും നിര്‍വഹിച്ചു. ആന്‍ റോസ്, താര നന്തിക്കര എന്നിവരാണ് സബ് ടൈറ്റില്‍ ഒരുക്കിയത്.

വയനാട് മുട്ടില്‍ പരിയാരം സ്വദേശിയായ അനീസ് നേരത്തേ വിബ്ജിയോര്‍ യങ് ഫിലിം മേക്കര്‍ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. അത് ഉപയോഗിച്ചാണ് ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പിന്നീട് സിങ്കപ്പൂര്‍ ബാങ് പ്രൊഡക്ഷന്‍ കമ്പനി ഡെവലപ്മെന്റ് ഗ്രാന്റായി 2000 ഡോളര്‍ സമ്മാനം നല്‍കി. 

ഈ തുകയും ചിത്രം പൂര്‍ത്തിയാക്കാന്‍ സഹായകമായി. ഫാറൂഖ് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍നിന്ന് ജേണലിസത്തില്‍ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട് അനീസ്.  

2006-ല്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള അല അവാര്‍ഡ് നേടിയ മിയാകുല്‍പ ആണ് ആദ്യ സംരംഭം.  പരമ്പരാഗത കര്‍ഷകനായ ചെറുവയല്‍ രാമനെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററി 'വിതപ്പാട്' 2015-ല്‍ യുവജനക്ഷേമബോര്‍ഡിന്റെ പുരസ്‌കാരംനേടി.

പുരസ്‌കാരം 
കിട്ടിയതില്‍ 
സന്തോഷം


ചിത്രത്തിന് ആദ്യമായൊരു പുരസ്‌കാരം കിട്ടിയതില്‍ സന്തോഷം. അത് ദേശീയ ചലച്ചിത്രപുരസ്‌കാരം തന്നെയായതില്‍ ഏറെ സന്തോഷം. മൂന്നുമാസം മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 
മൂന്നരവര്‍ഷത്തിലേറെ എടുത്തു പൂര്‍ത്തിയാ
ക്കാന്‍ 
-അനീസ് കെ. മാപ്പിള