തിരക്കഥയ്ക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത് ഇത് 12-ാം തവണ. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌കരനാണ് തിരക്കഥയുടെ മലയാളത്തിളക്കം കൂട്ടിയത്. തിരക്കഥയ്ക്കുള്ള കന്നിപുരസ്‌കാരം തന്നെ മലയാളത്തിനായിരുന്നു.   

സിനിമയുടെ അടിത്തറ തന്നെ തിരക്കഥയാണെന്നു പറയാറ്. പക്ഷെ, ഇന്ത്യയില്‍ ചലച്ചിത്രങ്ങള്‍ക്ക് ദേശിയ പുരസ്‌കാരം നല്‍കിത്തുടങ്ങിയപ്പോള്‍ ആ കൂട്ടത്തില്‍ തിരക്കഥയ്ക്ക് അവാര്‍ഡ് ഉണ്ടായിരുന്നില്ല. 15 വര്‍ഷം കാത്തിരുന്നതിനു ശേഷം 1967 ലാണ് തിരക്കഥക്ക് പുരസ്‌കാരം നല്‍കാന്‍ തുടങ്ങിയത്. ആ കന്നിപുരസ്‌കാരം തന്നെ മലയാളത്തിനു വേണ്ടി എസ്.എല്‍ പുരം സദാനന്ദന്‍ മലയാളത്തിലേക്ക് കൊണ്ടുപോന്നു.  

അഗ്നിപുത്രി എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം. നാടകൃകൃത്തും സംവിധായകനുമൊക്കെയായ അദ്ദേഹം ചെമ്മീനിനു വേണ്ടി തിരക്കഥയെഴുതിയാണ് ചലച്ചിത്ര രംഗത്തെത്തിയത്. ഒരു പെണ്ണിന്റെ കഥ, യവനിക എന്നീ ചിത്രങ്ങളിലെ തിരക്കഥയ്ക്ക് പിന്നീട് രണ്ടു തവണ സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. 

എസ്.എല്‍ പുരത്തിന് ശേഷം പിന്നീട് മലയാളത്തിന് തിരക്കഥയ്ക്കുള്ള ദേശിയ പുരസ്‌കാരം കിട്ടാന്‍ 17 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 1984 ല്‍ മുഖാമുഖം എന്ന ചിത്രത്തിലൂടെ അടൂര്‍ ഗോപാലാകൃഷ്ണന്‍ നേടിയ പുരസ്‌കാരത്തിലൂടെയായിരുന്നു അത്. 1987 ലും അടൂര്‍ ഗോപാലകൃഷ്ണന്‍ ഈ പുരസ്‌കാരം നേടി. അനന്തരം എന്ന ചിത്രത്തിനായിരുന്നു അത്. 

തിരക്കഥക്കുള്ള ദേശിയ അവാര്‍ഡ് മലയാളത്തിലേക്ക് ഏറ്റവുമധികം തവണ കൊണ്ടുവന്നത് മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ തന്നെ. നാലു തവണ അദ്ദേഹം ഈ അവാര്‍ഡ് നേടുകയുണ്ടായി. മാത്രമല്ല, തുടര്‍ച്ചയായി രണ്ടു വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹനാവുകയും ചെയ്തു അദ്ദേഹം. 1988 ല്‍ ഒരു വടക്കന്‍ വീരഗാഥ, 1991 ല്‍ കടവ്,  1992 ല്‍ സദയം, 1994 ല്‍ പരിണയം എന്നി ചിത്രങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. 1994 നു ശേഷം 1999 ലാണ് തിരക്കഥാ അവാര്‍ഡ് മലയാളത്തിനു ലഭിച്ചത്. കരുണം എന്ന ചിത്രത്തിലൂടെ മാടമ്പ് കുഞ്ഞുക്കുട്ടനായിരുന്നു അവാര്‍ഡ് നേടിയത്. 

പിന്നീട് 10 വര്‍ഷം കാത്തിരിക്കേണ്ടിവന്നു മലയാളത്തിന്. ഇതിനിടെ 2009 ല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം വിഭജിച്ചാണ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ ആ വര്‍ഷം മുതല്‍ യഥാര്‍ഥ തിരക്കഥ, അവലംബിത തിരക്കഥ, സംഭാഷണം എന്നിങ്ങനെ വേര്‍തിരിച്ചാണ് പുരസ്‌കാരം നല്‍കിവരുന്നത്. 

2009 ല്‍ കുട്ടിസ്രാങ്കിന്റെ തിരക്കഥ രചിച്ച പി.എഫ് മാത്യൂസ്, ഹരികൃഷ്ണ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. യഥാര്‍ഥ തിരക്കഥയ്ക്കായിരുന്നു പുരസ്‌കാരം. ഈ തവണ മലയാളത്തിനു പുറമെ കന്നഡ, തമിഴ് ചിത്രങ്ങള്‍ക്കും ഇതേ പുരസ്‌കാരം ലഭിച്ചിരുന്നു. 2012 ലായിരുന്നു മലയാളത്തിന്റെ അടുത്ത പുരസ്‌കാര നേട്ടം. അത് പക്ഷെ സംഭാഷണത്തിനുള്ളതായിരുന്നു. അഞ്ജലി മേനോനാണ് പുരസ്‌കാരം നേടിയത്. പിന്നീട് 2014 ല്‍ ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ജോഷി മംഗലത്തിന് അവംലബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. 

പുരസ്‌കാരം നല്‍കിത്തുടങ്ങിയ 1967 മുതലുള്ള ചരിത്രത്തില്‍ 12-ാം തവണ(സംഭാഷണം ഉള്‍പ്പെടെ) യാണ് മലയാളത്തിന് തിരക്കഥാ വിഭാഗത്തിലെ പുരസ്‌കാരം തേടിയെത്തുന്നത്. ഹിന്ദി ഭാഷയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം. 20 തവണ. പ്രാദേശിക ഭാഷകളില്‍ മലയാളം തന്നെ മുന്നില്‍. മലായാളം കഴിഞ്ഞാല്‍ ബംഗാളിയാണ് തൊട്ടുപിന്നില്‍. 11 തവണ ഇതുവരെ ബംഗാളികള്‍ നേടി. ആറു തവണ മറാത്തിയും അഞ്ചു തവണ കന്നഡയും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.