'നിന്റെ സംഗീതത്തിന് നമ്മുടെ കുടുംബത്തിന്റെ വിശപ്പ് മാറ്റാന്‍ കഴിയുമോ..?'  മകന്റെ സംഗീത ഭ്രാന്ത് കണ്ട് പേടിച്ചാണ് കര്‍ഷകനായ അച്ഛന്‍ അത് ചാേദിച്ചത്. വർഷങ്ങൾക്കു ശേഷം അവൻ പാട്ട് കൊണ്ട് കുടുംബത്തിന്റെ വിശപ്പ് മാറ്റുക മാത്രമല്ല, രാജ്യത്തെ ഏറ്റവും നല്ല പാട്ടുകാരനുള്ള പുരസ്കാരം നെഞ്ചിൽ ചേർത്ത് നാടിന് അഭിമാനമാവുകയും ചെയ്തു. ഏതൊരു സിനിമയെയും വെല്ലുന്നത്ര സംഭവബഹുലമാണ് തെരുവു നാടകങ്ങളിലെ പാട്ടുകാരനില്‍ നിന്ന് ദേശീയ പുരസ്‌കാര ലബ്ധിയിലേയ്ക്കുള്ള സുന്ദരയ്യരുടെ യാത്ര.

സിനിമയില്‍ ആദ്യമായി പാടിയ ജോക്കര്‍ എന്ന ചിത്രത്തിലെ ജാസ്മിനേ.. എന്ന ഗാനമാണ് മികച്ച ഗായകനുള്ള ദേശീണ്ട പുരസ്കാരം സുന്ദയ്യർക്ക് നേടിക്കൊടുത്തത്. ഷോണ്‍ റോള്‍ഡന്‍ ഈണമിട്ട നാടന്‍ തനിമയുള്ള ഒരു പ്രണയഗാനമായിരുന്നു അത്. 

സംഗീതമായിരുന്നു സുന്ദരയ്യരുടെ പ്രാണന്‍. തമിഴ്നാടിലെ ധര്‍മപുരി ജില്ലയിലെ വെള്ളിസന്ധൈ എന്ന ഗ്രാമത്തില്‍ ജനിച്ച സുന്ദരയ്യര്‍ പത്ത് വയസ്സ് മുതല്‍ നാട്ടിലെ തെരുവുകളില്‍ നാടകം കളിച്ചും സംഘങ്ങള്‍ക്കൊപ്പം പാടിയും നടന്നു. സ്‌കൂള്‍ ജീവിതം കഴിഞ്ഞപ്പോള്‍ മദ്രാസ് സംഗീത കോളേജില്‍ ചേരാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ മകന്‍ തിരഞ്ഞെടുത്ത വഴി ശരിയല്ലെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യത്തെ നിലപാട്. ജീവിക്കണമെങ്കില്‍ അവന്‍ മറ്റൊരു ജോലി നേടാണം. സംഗീതം ജീവിക്കാനുള്ള വക തരില്ലെന്ന് അയാളെ മാതാപിതാക്കള്‍ ഉപദേശിച്ചു. 

മാതാപിതാക്കളുടെ നിലപാട് സുന്ദരയ്യരുടെ മനസ്സിനെ തെല്ലും അലട്ടിയില്ല. സംഗീതം ഇല്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കില്ലെന്ന  അയാൾ പ്രഖ്യാപിച്ചു. മകന്റെ ഈ ഭീഷണിക്കു മുന്നില്‍ വഴങ്ങികൊടുക്കുകയതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല മാതാപിതാക്കൾക്ക്.

പഠനം പൂര്‍ത്തിയാക്കിയെങ്കിലും ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. കുറച്ച് കാലം സ്വന്തം നാട്ടിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പാര്‍ട്ട് ടൈം അധ്യാപകനായി. 7000 രൂപയായിരുന്നു ശമ്പളം. ചെന്നൈയില്‍ പോയി സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അതിന് സാധിച്ചില്ല.

2016 ല്‍ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്  സുന്ദരയ്യര്‍ ജോക്കറിന്റെ ഓഡീഷനില്‍ പങ്കെടുക്കുന്നത്. പാടാന്‍ അവസരം കിട്ടുമെന്ന് കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. എന്നാല്‍ സുന്ദറിന്റെ ശബ്ദം സംഗീത സംവിധായകന് ഏറെ ഇഷ്ടമായി. പാടിക്കഴിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് സുന്ദര്‍ സുറ്റുഡിയോ വിട്ടത്. ജോക്കറിന് ശേഷം മറ്റൊരു സിനിമയില്‍  പാടാന്‍ ഇദ്ദേഹത്തിന് അവസരവും ലഭിച്ചിരുന്നില്ല. 

64ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച സമയത്ത് സമയത്ത് ബെംഗളൂരിലായിരുന്നു സുന്ദര്‍. ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

എനിക്ക് വിശ്വസിക്കാന്‍ ആദ്യം കഴിഞ്ഞില്ല, ഒരു സുഹൃത്താണ് എന്നെ വിവരം അറിയിച്ചത്. കുറച്ചു നേരം മിണ്ടാന്‍ കഴിയാതെ തരിച്ചിരുന്നു പോയി- സുന്ദര്‍ പറയുന്നു. 

ദേശീയ പുരസ്‌കാര പട്ടികയില്‍ യേശുദാസ്, എസ്പി ബാലസുബ്രഹ്മണ്യം എന്നി മഹാരത്ഥന്‍മാര്‍ക്കൊപ്പം സുന്ദരയ്യരുടെ പേര് കൂടി നമുക്ക് കാണാം. സിനിമാ സംഗതത്തിന്റെ തിളക്കമൊന്നും സുന്ദറിന് പരിചയമായിട്ടില്ല. എന്നാല്‍ തനിക്ക് ലഭിച്ച അംഗീകാരം ഏതൊരു ഗായകന്റെയും സ്വപ്നമാണെന്ന് മാത്രമറിയാം അയാള്‍ക്ക്.