ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ മലയാളത്തിന്റെ താരങ്ങള്‍ മുഖാമുഖം വരുന്നതും പ്രതീക്ഷിക്കപ്പെട്ടവര്‍ പിന്തള്ളപ്പെടുന്നതും ഇതാദ്യമായല്ല.

ഇക്കുറി അവാര്‍ഡ് പ്രഖ്യാപനത്തില്‍ എല്ലാ കണ്ണുകളും വിനായകനിലായിരുന്നു. കമ്മട്ടിപ്പാടത്തിലെ അഭിനയം കൊണ്ട് മാത്രമല്ല, അതിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയും സകലരെയും ഞെട്ടിച്ച വിനായകന്‍ ദേശീയ അവാര്‍ഡും സ്വന്തമാക്കുമെന്നായിരുന്നു പൊതുവേയുള്ള കണക്കുകൂട്ടല്‍. മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍ ജൂറി ചെയര്‍മാനായായത് വിനായകന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, സംഭവിച്ചത് സിനിമയ്ക്ക് പതിവായ ആന്റി ക്ലൈമാക്‌സ്. വിനായകന് പകരം ബോളിവുഡിന്റെ സ്വന്തം അക്ഷയ് കുമാര്‍ മികച്ച നടനായി. വിനായകന് പ്രത്യേക പരാമര്‍ശം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. മോഹന്‍ലാലിനായിരുന്നു പ്രത്യേക പരാമര്‍ശം. ഫലത്തില്‍ മുഖ്യധാര ഓരത്തുള്ളവര്‍ക്കുമേല്‍ ഒരിക്കല്‍ക്കൂടി ആധിപത്യം ഉറപ്പിക്കുന്ന പതിവ് കാഴ്ചയ്ക്ക് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനവും സാക്ഷിയായി.

1999ലേതിന് സമാനമായ സംഭവവികാസങ്ങളാണ് ഇക്കുറിയും അരങ്ങേറിയത്. അന്ന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയന്‍ ചിത്രത്തിലെ അന്ധവേഷത്തിന് കലാഭവന്‍ മണിക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. ചില സുഹൃത്തുക്കള്‍ മണിയെ അങ്ങിനെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഫലം വന്നപ്പോള്‍ പലരും ഞെട്ടി. വാനപ്രസ്ഥത്തിലെ കഥകളി വേഷത്തിന് ലാല്‍ മികച്ച നടനായി. തഴയപ്പെട്ട മണി മോഹാലാസ്യപ്പെട്ട് വീണ് വലിയ വാര്‍ത്തയാവുകയും ചെയ്തു.

മണിയെപ്പോലൊരു നടന് വല്ലപ്പോഴും ലഭിക്കുന്ന ഒരു അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് പറഞ്ഞ് അന്ന് ചിലര്‍ അവാര്‍ഡ് ജൂറിക്കെതിരെ വാളെടുക്കുക പോലും ചെയ്തു.

വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയ സംസ്ഥാന അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനത്തെ വിപ്ലവകരമെന്ന് വാഴ്ത്തിയവര്‍ വിനായകനെ തഴഞ്ഞ ദേശീയ ജൂറിക്കെതിരെ തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മോഹന്‍ലാലും പ്രിയനും അക്ഷയ്കുമാറും തമ്മിലുള്ള സുഹൃദ്ബന്ധവും വിമര്‍ശകര്‍ക്ക് ആയുധമാകുമെന്ന കാര്യത്തിലുമില്ല സംശയം.

നേരിയ വ്യത്യാസത്തില്‍ അവാര്‍ഡ് നഷ്ടപ്പെട്ട അനുഭവം മോഹന്‍ലാലിനും ഇതാദ്യമായല്ല. 1989ല്‍ കിരീടം, ദശരഥം എന്നിവയിലെ അഭിനയത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒറ്റ വോട്ടിന് മമ്മൂട്ടിയോട് തോറ്റ് പ്രത്യേക ജൂറി പരാമര്‍ശം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2005ല്‍ തന്മാത്രയ്ക്കും ലാല്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തവണ ബ്ലാക്കിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ അവാര്‍ഡ് സ്വന്തമാക്കി.

1987ല്‍ നെടുമുടി വേണുവിനും നേരിയ വ്യത്യാസത്തിനാണ് അവാര്‍ഡ് നഷ്ടപ്പെട്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ അഭിനയത്തിന് നെടുമുടി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തവണ നായകനിലെ അഭിനയത്തിന് കമല്‍ഹാസന്‍ അവാര്‍ഡ് കൊണ്ടുപോയി.

1990ലാണ് മലയാളം മറ്റൊരു തിരിച്ചടി നേരിട്ടത്. അന്ന് പെരുന്തച്ചനിലെ അഭിനയത്തിന് തിലകന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അഗ്നിപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ അവാര്‍ഡ് സ്വന്തമാക്കി.