വാര്‍ഡ് കിട്ടിയില്ലെന്ന വാര്‍ത്ത കേട്ട് മോഹാലസ്യപ്പെട്ടവരുണ്ട്. അവാര്‍ഡ് കിട്ടിയ വാര്‍ത്ത കേട്ട് തലയില്‍ ചക്ക വീണ അവസ്ഥയിലായവരുമുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ തലയില്‍ ചക്ക വീണ അവസ്ഥയിലായിരുന്നു സുരഭി. സലാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സുരഭിയെ പരിപാടിയുടെ സംഘാടകരാണ് അവാര്‍ഡ് വാര്‍ത്ത അറിയിച്ചത്. ശരിക്കും ഞെട്ടിപ്പോയെന്നും പിന്നെ കരഞ്ഞുപോയെന്നും സുരഭി പറയുന്നു. സുരഭിയെ ജനപ്രിയയാക്കിയ എം. 80 മൂസയിലെ സഹതാരം വിനോദ് കോവൂരിനൊപ്പമാണ് സുരഭി ഈ അനുഭവം പങ്കിട്ടത്.

കോഴിക്കോട് സ്ലാങ് മാത്രം പറഞ്ഞിരുന്ന തനിക്ക് തിരുവനന്തപുരം സ്ലാങ് പറഞ്ഞതിന് കിട്ടിയ അവാര്‍ഡ് സന്തോഷം ഇരട്ടിയാക്കുന്നു. കുറേ ആള്‍ക്കാര്‍ ചേര്‍ന്ന ചെറിയൊരു സിനിമയാണ് മിന്നാമിനുങ്. അത് രാജ്യത്താകമാനമുള്ള വലിയ സിനിമകളോട് മത്സരിച്ചാണ് അവാര്‍ഡ് നേടിയത്. അതുകൊണ്ട് ഇത് എല്ലാവര്‍ക്കുമുള്ള അവാര്‍ഡാണ്-സുരഭി പറഞ്ഞു.

പാത്തുവായി സുരഭിയും മൂസയായി വിനോദ് കോവൂരും നടത്തിയ സംഭാഷണം:

വിനോദ് കോവൂര്‍: അല്ല പാത്തു എന്താണിതിപ്പൊ സംഭവിക്കുന്നത്

സുരഭി: ഞമ്മക്കും ഒന്നും മനസ്സിലാവുന്നില്ല

വിനോദ് കോവൂര്‍: ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ടി.വി. തുറന്നാലും മുഴുവന്‍ ഇയ്യല്ലെ ഉള്ളൂ. എന്താണിതിപ്പൊ സ്ഥിതി

സുരഭി: കോഴിക്കോട്ട് നിന്ന് വരുമ്പോള്‍ ഇങ്ങിനെയൊരു വിവരം അറിഞ്ഞിരുന്നില്ല. സംഘാടകര്‍ വന്ന് അഭിനന്ദനം അറിയിച്ചപ്പോള്‍ സംസ്ഥാന അവാര്‍ഡിനാണെന്നാണ് ആദ്യം വിചാരിച്ചത്. അതുകൊണ്ട് അത്ര മൈന്‍ഡ് ചെയ്തില്ല. ദേശീയ അവാര്‍ഡാണെന്ന് പറഞ്ഞപ്പോള്‍ ആര്‍ക്ക്, എപ്പോള്‍ എന്നായി ഞാന്‍. ഒരു സൂചന പോലും കിട്ടിയിരുന്നില്ല. ഒരു ചക്ക വീണപോലെയായിരുന്നു. സത്യത്തില്‍ ഞെട്ടിപ്പോയി. പിന്നെ ഞാന്‍ കരഞ്ഞുപോയി. അപ്പോള്‍ അറബികളൊക്കെ ഓടിവന്ന് എന്തിനാണ് കരയുന്നത് എന്നായി. കോഴിക്കോട്ടെയും കേരളത്തിലെയുമല്ല, ഇന്ത്യയിലെ തന്നെ വലിയ നടിയാണെന്ന് മൂസാക്ക അറിയാവുന്ന അറബിയില്‍ പറഞ്ഞാണ് രക്ഷപ്പെടുത്തിയത്. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷമാണെന്ന് പറഞ്ഞപ്പോഴാണ് അവര്‍ വെറുതെവിട്ടത്.

വിനോദ് കോവൂര്‍: ആ സിനിമയ്ക്ക് മിന്നാമിനുങ്ങ് എന്ന് പേരിടാന്‍ കാരണമെന്താണ്?
  
സുരഭി: അത് മിന്നാമിനുങ്ങിനെപ്പോലെ മകള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ്. സിനിമയില്‍ ഞാന്‍ നിറഞ്ഞുനില്‍ക്കുകയാണ്. തിരുവനന്തപുരം സ്ലാങ്ങിലാണ് സംസാരം. ഞങ്ങളെല്ലാവരും ചേര്‍ന്ന ഒരു കുഞ്ഞ് മിന്നാമിനുങ് ടീമാണ് ദേശീയ തലത്തില്‍ ഇത്ര വലിയ സിനമകളോട് മത്സരിച്ചാണ് അവാര്‍ഡ് കിട്ടിയത്. ഇത് ടീമിന് മുഴുവന്‍ കിട്ടിയ അവാര്‍ഡാണ്.

വിനോദ് കോവൂര്‍: കോഴിക്കോട് ഭാഷയ്ക്ക് ഇതിലൊരു പ്രാധാന്യവും ഇല്ലേ? അതേ അറിഞ്ഞൂടുവെന്നൊരു ധാരണയുണ്ടല്ലോ ആള്‍ക്കാര്‍ക്ക്.?

സുരഭി:  പടം കണ്ടാലേ അത് മനസ്സിലാവുകയുള്ളൂ. കുറേക്കാലം കോഴിക്കോട് ഭാഷ പറഞ്ഞശേഷം തിരുവനന്തപുരം സ്ലാങ് പറഞ്ഞ് ഒരു അവാര്‍ഡ് കിട്ടിയപ്പോള്‍ വലിയൊരു സന്തോഷമുണ്ട്. ഇരട്ടി മധുരമുണ്ട് അതിന്.