ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ജോഷി ജോസഫ് രംഗത്ത്. പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ക്ക് പീറ്റര്‍ ഹെയ്‌ന് മികച്ച സ്റ്റണ്ട് മാസ്റ്റര്‍ക്കുള്ള അവാര്‍ഡ് നല്‍കിയതും ആമിര്‍ ഖാനെ തഴഞ്ഞ് അക്ഷയ് കുമാറിന് അവാര്‍ഡ് നല്‍കിയതിനെയുമാണ് ജോജോഷി ജോസഫ് വിമര്‍ശിച്ചത്. ചരിത്രത്തില്‍ ആദ്യമായി ആദ്യമായി 'സ്റ്റണ്ട് മാസ്റ്റര്‍'ക്ക് പുരസ്‌കാരം കൊടുത്ത് കിടുകിടാന്ന് തന്നെ കിടുക്കിയെന്ന് മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും കോളത്തിലെഴുതിയ കത്തില്‍ ജോഷി അഭിപ്രായപ്പെട്ടു. 'പുലിമുരുകന്‍' മലയാളസിനിമയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുമ്പോള്‍ ആമിര്‍ഖാന്റെ 'ദംഗല്‍' ജനപ്രിയസിനിമയില്‍ പ്രചോദാത്മകമായ സ്ത്രീപക്ഷസിനിമയായി ഹിന്ദിസിനിമയെ കുതിപ്പിക്കുകയാണ് ചെയ്തത്-ജോഷി ജോസഫ് പറഞ്ഞു. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വര്‍ണിക്കുക എന്ന ചോദ്യോത്തരത്തിന് മാര്‍ക്കിടുന്ന സ്‌കൂള്‍മാഷുടെ റോളില്‍ പ്രിയദര്‍ശന്‍ ആയിരുന്നെങ്കില്‍ ആ കുട്ടിക്ക് ഒന്നാംറാങ്ക് തന്നെ കിട്ടുമായിരുന്നു. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ അവന്‍ ഇങ്ങനെ ചുരുക്കി. 'ഡിഷ്യൂം ഡിഷ്യൂം-റാം, റാം'-അദ്ദേഹം കത്തില്‍ പരിഹസിച്ചു.

ജോഷി ജോസഫിന്റെ കത്തിന്റെ പൂര്‍ണരൂപം:

ഇക്കൊല്ലത്തെ ദേശീയപുരസ്‌കാരപ്രഖ്യാപനം യാതൊരുവിധ ടെന്‍ഷനുമില്ലാതെയാണ് കണ്ടുകൊണ്ടിരുന്നത്. കാരണം ഞാന്‍ ചെയ്ത സിനിമ ഇത്തവണ പുരസ്‌കാരത്തിനയച്ചിട്ടില്ല. എന്നാല്‍, പ്രിയദര്‍ശന്‍ കിടുക്കി. ദേശീയ അവാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 'സ്റ്റണ്ട് മാസ്റ്റര്‍'ക്ക് പുരസ്‌കാരം കൊടുത്ത് കിടുകിടാന്ന് തന്നെ കിടുക്കി.

അതിലെ സൗന്ദര്യശാസ്ത്രപരമായ വശം ആദ്യമേ പറയാം. 'വിധേയന്‍' എന്ന സിനിമയിലൊഴിച്ചാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രലോകത്തില്‍ 'അടി' അഥവാ 'സ്റ്റണ്ട്' മരുന്നിനുപോലുമില്ല.  'വിധേയ'നിലാകട്ടെ പട്ടേലര്‍ തൊഴിച്ച തൊഴിയെക്കാള്‍ മുറുക്കാന്‍ കാര്‍ക്കിച്ചു ചിറി തുടച്ച് സംസാരിക്കുന്ന അയാള്‍ ഓങ്ങിവെച്ച അടികളാണ് പിരിമുറുക്കം സൃഷ്ടിക്കുന്നത്. അതായത്, ചലച്ചിത്രസംഘര്‍ഷം കെട്ടിപ്പടുക്കുന്നതിലെ ഒരു കരു മാത്രമാണ് സംഘട്ടനം. അതിനാലാണ് നല്ല തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് കൊടുക്കുന്നത്. അപ്പോള്‍ സംഘട്ടനത്തിന് ഏര്‍പ്പെടുത്തിയ പുതിയ പുരസ്‌കാരത്തിനുപിന്നില്‍, സൗന്ദര്യശാസ്ത്രപരമായ നീതീകരണങ്ങള്‍ ഒന്നുംതന്നെയില്ല.

വിനായകനില്‍നിന്ന് പ്രത്യേകപരാമര്‍ശം മോഹന്‍ലാലിലേക്കുതന്നെ പോകുമ്പോഴും ജനപ്രിയസിനിമയുടെ സാക്ഷാത്കാരങ്ങളില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന 'ദംഗല്‍' എന്ന സിനിമയിലെ ആമിര്‍ഖാനെ കണ്ടില്ലെന്നുനടിച്ച് അക്ഷയ്കുമാറിന് അവാര്‍ഡ് കൊടുക്കുമ്പോഴും പരോക്ഷമായ ഒരു ബ്രാന്‍ഡിങ്ങിന്റെ മുങ്ങിക്കപ്പല്‍ പൊങ്ങിവരുന്നുണ്ട്.

 'പുലിമുരുകന്‍' മലയാളസിനിമയെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുമ്പോള്‍ ആമിര്‍ഖാന്റെ 'ദംഗല്‍' ജനപ്രിയസിനിമയില്‍ പ്രചോദാത്മകമായ സ്ത്രീപക്ഷസിനിമയായി ഹിന്ദിസിനിമയെ കുതിപ്പിക്കുകയാണ് ചെയ്തത്. ഇത് കൃത്യമായി മനസ്സിലാകുന്ന പ്രിയദര്‍ശന്‍, അക്ഷയ്കുമാറിന് അവാര്‍ഡ് കൊടുക്കണമായിരുന്നെങ്കില്‍ അത് 'ദംഗല്‍' മത്സരത്തിനുള്ളപ്പോള്‍ത്തന്നെ  വേണമായിരുന്നോ?

ഈ 'സ്റ്റണ്ട്മാസ്റ്റര്‍' അവാര്‍ഡിനെ നമുക്കൊന്ന് മറിച്ചുതിരിച്ചുകൊടുത്തുനോക്കാം. 'ദംഗല്‍' സിനിമയുടെ ഇതിവൃത്തംതന്നെ ഗുസ്തിയാണ്. പെണ്‍മക്കള്‍ക്ക് നിഷിദ്ധമായ പണി. ഗുസ്തിക്കാരനായ അച്ഛന്‍ തന്റെ രണ്ട് പെണ്‍മക്കളെയും ലോകോത്തര ഗുസ്തിക്കാരാക്കുന്നതിന്റെ പിന്നാമ്പുറത്ത് സാമൂഹികവും രാഷ്ട്രീയവുമായ കീഴ്വഴക്കങ്ങള്‍ അയാളെ പ്രതിരോധിക്കുന്നു. പെണ്‍കുട്ടികള്‍ ഗുസ്തിപിടിക്കുന്ന രംഗങ്ങള്‍ ഒന്നാന്തരം കൊറിയോഗ്രാഫിയാണ്. അതിലും ഒരു 'സ്റ്റണ്ട് മാസ്റ്ററു'ടെ  മിടുക്ക് ഗംഭീരമായി നിറഞ്ഞുനില്‍പ്പുണ്ട്. അയാള്‍ക്ക് പുതിയ പുരസ്‌കാരം കൊടുത്തിരുന്നെങ്കില്‍ അതിന്റെ അര്‍ഥവും മാനവും മറ്റൊരു വിശാലലോകത്തേക്ക് ഈ അവാര്‍ഡിനെ വിക്ഷേപിക്കുമായിരുന്നു.

ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വര്‍ണിക്കുക എന്ന ചോദ്യോത്തരത്തിന് മാര്‍ക്കിടുന്ന സ്‌കൂള്‍മാഷുടെ റോളില്‍ പ്രിയദര്‍ശന്‍ ആയിരുന്നെങ്കില്‍ ആ കുട്ടിക്ക് ഒന്നാംറാങ്ക് തന്നെ കിട്ടുമായിരുന്നു. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങള്‍ അവന്‍ ഇങ്ങനെ ചുരുക്കി. 
'ഡിഷ്യൂം ഡിഷ്യൂം-റാം, റാം'