ന്യൂഡല്‍ഹി: ബംഗാളി, മറാഠി സിനിമകളാണ് ഇക്കുറിയും ദേശീയ ചലച്ചിത്ര പുരസ്‌കാരനിര്‍ണയത്തില്‍ മേധാവിത്വം നിലനിര്‍ത്തിയത്. ബോളിവുഡ് ചിത്രങ്ങള്‍ ഇവയ്ക്കുമുന്നില്‍ പതറിപ്പോയപ്പോള്‍ മലയാളമാണ് പിടിച്ചുനിന്നതെന്ന്് വിധിനിര്‍ണയസമിതി അധ്യക്ഷന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

'ദംഗല്‍' ഉള്‍പ്പടെയുള്ള ഹിന്ദി ചിത്രങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കാതെപോയത് പ്രാദേശിക ചിത്രങ്ങളുടെ മികച്ച പ്രകടനംമൂലമാണ്. പ്രാദേശിക സമിതികള്‍ ഉള്‍പ്പടെ 44 അംഗങ്ങള്‍ കണ്ടാണ് ചിത്രങ്ങള്‍ വിലയിരുത്തുന്നത്. അതിനാല്‍, അഭിരുചികള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. 344 സിനിമകളില്‍ 89 ചിത്രങ്ങള്‍ മാത്രമാണ് കേന്ദ്ര ജൂറി കണ്ടതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് സംസ്ഥാന ജൂറി അംഗീകാരം നല്‍കിയ മാന്‍ഹോള്‍, കമ്മട്ടിപ്പാടം എന്നിവയ്ക്ക് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിക്കാതെപോയത് 

മാന്‍ഹോളിനെക്കാളും കമ്മട്ടിപ്പാടത്തെക്കാളും മികച്ചചിത്രങ്ങള്‍ മറ്റു പ്രാദേശിക ഭാഷകളില്‍നിന്ന് വന്നിരുന്നു. സിനിമകളെ വിലയിരുത്തുന്നതില്‍ അഭിരുചിവ്യത്യാസമുണ്ടാകാം. എന്റെ സിനിമ മറ്റൊരാള്‍ക്ക് മികച്ച സിനിമയാകണമെന്നില്ല.

വിനായകന്‍ പരിഗണിക്കപ്പെടാതെപോയത് എന്തുകൊണ്ടാണ് 

മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്‍ ഉണ്ടായിരുന്നു. മറാഠി നടന്‍ മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരം. എന്നാല്‍, വോട്ടെടുപ്പ് നടന്നപ്പോള്‍ മനോജിന് രണ്ടു വോട്ടുകള്‍ അധികംകിട്ടി.

മോഹന്‍ലാലിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നോ 

മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, രണ്ടു ബംഗാളി നടന്മാര്‍ എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള അവസാന റൗണ്ടിലെത്തിയത്. എല്ലാവരും മികച്ച നടന്മാര്‍. അവസാന പരിഗണനയിലെത്തിയത് ലാലും അക്ഷയ്കുമാറുമാണ്. തുടര്‍ന്നാണ് ഇരുവര്‍ക്കും അംഗീകാരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

പുരസ്‌കാരം നേടിയ ലാലും അക്ഷയും താങ്കളുടെ സിനിമകളിലെ സ്ഥിരം നായകരാണല്ലോ? അവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചതിനെക്കുറിച്ച് എന്തുപറയുന്നു
   
എന്റെ സിനിമയില്‍ സ്ഥിരമായി സഹകരിക്കുന്ന ഇരുപതോളംപേര്‍ പുരസ്‌കാരനിര്‍ണയത്തിനുള്ള ചിത്രങ്ങളിലുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചില്ലല്ലോ? അതുകൊണ്ട് അതേക്കുറിച്ച് അധികം സംസാരിക്കാനില്ല.


പ്രാദേശികസമിതികള്‍ തള്ളിയ നാല് സിനിമകള്‍ക്ക് പുരസ്‌കാരം

തിരികെ വിളിച്ചവയില്‍  പുലിമുരുകനും ജനതാ ഗാരേജും

ന്യൂഡല്‍ഹി: പ്രാദേശികസമിതികള്‍ തള്ളിക്കളഞ്ഞ നാല് സിനിമകള്‍ കേന്ദ്രസമിതി തിരികെ വിളിച്ച് പരിഗണിച്ചു. ഈ നാല് ചിത്രങ്ങള്‍ക്കും അംഗീകാരം ലഭിച്ചത് ശ്രദ്ധേയമായി. മോഹന്‍ലാലിന്റെ പുലിമുരുകന്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളും തിരികെവിളിച്ചവയില്‍ പെടും. ദംഗല്‍ എന്ന ആമിര്‍ഖാന്‍ ചിത്രവും ധര്‍മദുരൈ എന്ന തമിഴ്ചിത്രവും കേന്ദ്രസമിതി തിരികെ വിളിച്ചവയാണ്.

പ്രാദേശികസമിതികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ പരിശോധിക്കുന്നത്. ഈ സമിതികള്‍ അംഗീകരിക്കുന്ന ചിത്രങ്ങളാണ് കേന്ദ്രസമിതിക്കുമുന്നിലെത്തുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കുവേണ്ടി രണ്ട് പ്രാദേശികസമിതികള്‍ ഉണ്ടായിരുന്നു. ഈ പ്രാദേശികസമിതികള്‍ പുലിമുരുകനും ജനതാഗാരേജിനും അംഗീകാരം നല്‍കിയിരുന്നില്ല. ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടാലേ പ്രാദേശികസമിതികള്‍ നിരസിച്ച ചിത്രങ്ങള്‍  തിരിച്ചുവിളിക്കാന്‍ കേന്ദ്രസമിതിക്കാവൂ.  ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ ചിത്രങ്ങള്‍ തിരികെ വിളിച്ചതെന്ന് വിധിനിര്‍ണയസമിതി അധ്യക്ഷന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.