തൊരു സിനിമയായാലും അത് നടക്കുന്ന പശ്ചാത്തലവുമായി ഒത്തുപോകാൻ നടന്‌ കഴിയണം. തൊണ്ടിമുതലിന്റെ പ്രധാന പശ്ചാത്തലം ഒരു പോലീസ് സ്റ്റേഷനായിരുന്നു. ആ ചിത്രം ചെയ്യുന്നതുവരെ ഞാനൊരു പോലീസ് സ്റ്റേഷനിലും കയറിയിട്ടില്ല. പക്ഷേ, സ്റ്റേഷനിൽ കയറിയിറങ്ങി പരിചയിച്ച ഒരു കള്ളൻവേഷമാണ് തൊണ്ടിമുതലിൽ എനിക്ക് കിട്ടിയത്. ആ അന്തരീക്ഷത്തിൽ ലയിച്ചുചേരുക എന്നതായിരുന്നു എന്റെ ചലഞ്ച്. കൂടെ അഭിനയിച്ച സുരാജേട്ടന്റെയും അലൻസിയർചേട്ടന്റെയും പോലീസുകാരുടെയും സഹകരണം ആ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് ഏറെ സഹായകരമായി.

ഈ ചിത്രം പ്രേക്ഷകർ എത്രത്തോളം ഏറ്റെടുക്കും എന്ന സംശയം എനിക്കുണ്ടായിരുന്നു. ഇത് മഹേഷിന്റെ പ്രതികാരത്തേക്കാൾ മുന്നിൽ നിൽക്കും എന്ന കോൺഫിഡൻസിലായിരുന്നു സംവിധായകൻ ദിലീഷ് പോത്തൻ. രണ്ടാംവരവിന്റെ തുടക്കകാലത്ത് എന്റെ അഭിരുചിയുള്ള സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്നതായിരുന്നു എന്റെ പേടി.  എന്നാൽ മഹേഷിന്റെ പ്രതികാരത്തിലൂടെയും ടേക്ക് ഓഫിലൂടെയും  തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയും നേടിയ അംഗീകാരങ്ങളും പ്രേക്ഷകപ്രീതിയും മുന്നോട്ടുള്ള യാത്രയിൽ ഊർജമാണ്. മലയാളസിനിമയുടെ ഭാഗമായതിനാൽ ഏറെ അഭിമാനം തോന്നുന്നു.

മഹേഷിന്റെ പ്രതികാരത്തിനുശേഷം വീണ്ടും ദിലീഷ് പോത്തനുമായി ഒന്നിച്ച് വലിയ വിജയംകൊയ്യാൻ കഴിഞ്ഞു.
കഥാപാത്രത്തിനുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും  എന്ന അന്വേഷണമാണ്‌ ദിലീഷ് നടത്തുന്നത്. അതിനുള്ള ഫ്രീഡവും പ്രോത്സാഹനവും അദ്ദേഹം തരുന്നുണ്ട്.  ഒരു നടനിൽനിന്ന് കഥാപാത്രങ്ങൾ ഒരുക്കിയെടുക്കുന്നതിൽ അദ്ദേഹത്തിന് അപാര മിടുക്കാണ്. ആ കൂട്ടുകെട്ടിൽ ഓരോ വർഷവും ഒരു ചിത്രമെങ്കിലും ചെയ്യാൻ പരിപാടിയുണ്ട്.

വേറിട്ട വഴിയിലാണ് മലയാള സിനിമ. ഈ നവതരംഗത്തിൽ സിനിമയുടെ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു?
ചാപ്പാകുരിശിനുശേഷമാണ് ഞാൻ സിനിമയെ സീരിയസായി സമീപിക്കാൻ തുടങ്ങിയത്. അതിനുശേഷം ഞാൻ ഇവിടെ കണ്ട മാറ്റങ്ങൾ അദ്‌ഭുതപ്പെടുത്തുന്നതാണ്. അഞ്ചുവർഷത്തിനുശേഷം ഇതിലും വലിയ മാറ്റം കാണാം. തമിഴിൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് നമ്മുടെ സിനിമകളുടെ മഹത്ത്വം അറിഞ്ഞത്. നമ്മുടെ സിനിമാലോകത്തെ ചെറിയ ചലനങ്ങൾപോലും അവർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് സത്യം.

വേൾഡ് സിനിമകളിലെ ആക്ടിങ് സ്റ്റൈൽ തിരിച്ചറിയാൻ, സിനിമ കാണുന്ന ശീലമുണ്ടോ?
അക്കാര്യത്തിൽ ഞാൻ അല്പം പുറകോട്ടാണ്. സിനിമ കാണുന്നതിനേക്കാൾ പുസ്തകവായനയിലാണ് എനിക്ക് താത്പര്യം. നേരിട്ടുള്ള കാര്യത്തെക്കാൾ ഭാവനയിലൂടെ അത് കാണാനാണ് എനിക്കിഷ്ടം.

പണ്ട് ഫിലോസഫി പഠിച്ചതിന്റെ ഗുണം ഉണ്ടായിട്ടുണ്ടോ?
വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ല. അത് കഴിഞ്ഞ് വന്നിട്ടും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ബേസിക് ലേണിങ്ങിന്റെ ഗുണം കരിയറിൽ ഉണ്ടായിട്ടുണ്ട്. പിന്നെ എല്ലാ പുതിയ കാര്യങ്ങളും കേട്ടാൽ, അതിനെക്കുറിച്ച് അന്വേഷിക്കാനും പഠിക്കാനും ഞാൻ ശ്രമിക്കാറുണ്ട്.

പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു തലമുറയാണ് നമുക്ക് മുന്നിലുള്ളത്?
ശരിയാണ്. വേണ്ട സ്ഥലത്ത് വേണ്ട സമയത്ത് നമ്മൾ പ്രതികരിക്കാറില്ല. അടുത്തിടെ ഞാനും എന്റെ ചങ്ങാതിയും കാർയാത്ര ചെയ്യുമ്പോൾ വഴിയിൽ ഒരു കാഴ്ച കണ്ടു. അയാൾ അത് ക്യാമറയിൽ പകർത്തി. എന്നിട്ട് പറഞ്ഞു, ''വീട്ടിൽ പോയിട്ടു വേണം ഫെയ്‌സ്ബുക്കിലിടാൻ. അതിനെതിരെ ശക്തമായി പ്രതികരിക്കാൻ.'' അദ്ദേഹത്തിന്റെ കമൻറ്‌ എന്നെ ഏറെ ചിന്തിപ്പിച്ചു. ഇങ്ങനെ ഒളിച്ചിരുന്ന്‌ ചെയ്യുമ്പോൾ നമ്മുടെ വ്യക്തിത്വം നഷ്ടമാകും. നമ്മുടെ വിചാരവികാരങ്ങളുടെ വാക്കുകൾപോലും മൊബൈൽ കമ്പനികൾ തീരുമാനിക്കുന്ന കാലമാണിത്.
 
സ്റ്റാർഡത്തിൽ വിശ്വസിക്കുന്നുണ്ടോ?
ആ ഏരിയയിലേക്കേ ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയർ അതിന് തടസ്സമാകുമെന്ന് തോന്നിയാൽ അത് ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്. സിനിമ കഴിഞ്ഞാൽ ഞാൻ ഡിസ്‌കണക്ടഡായിരിക്കും.

ഫഹദിനെ മൊബൈലിൽപോലും കിട്ടില്ല. വാട്ട്സ്ആപ്പിൽ പോലും ഇല്ല...?
സിനിമയ്ക്ക് അപ്പുറത്തുള്ള കാര്യങ്ങളിലൊന്നും എനിക്ക് താത്പര്യമില്ല. മൊബൈൽ ഫോൺ കാര്യമായി ഞാൻ ഉപയോഗിക്കാറില്ല. ഫെയ്സ്ബുക്കും വാട്ട്സ്ആപ്പും ഉപയോഗിക്കാറില്ല. അത്തരം പോസ്റ്റർ ഒട്ടിക്കുന്ന പരിപാടിയില്ല. സിനിമ നല്ലതാണെങ്കിൽ സിനിമയ്ക്കുവേണ്ടി സിനിമ സംസാരിക്കും.

എന്തുകൊണ്ടാണ് ഫാൻസിനെ ഫഹദ് പ്രോത്സാഹിപ്പിക്കാത്തത്?
ജീവിതത്തിൽ പലതും കണ്ടു. കേട്ടു, പഠിച്ചു. ഞാൻ അമേരിക്കയിൽ പോയി പഠിച്ചിട്ടും അവസാന സെമസ്റ്റർ എഴുതാതെയാണ് തിരിച്ചുപോന്നത്. ഇപ്പോഴും എനിക്കൊരു ഡിഗ്രിയില്ല. സിനിമയില്ലെങ്കിൽ എനിക്ക് ചെയ്യാൻ മറ്റൊരു ജോലിയില്ല. ആ അവസ്ഥ നന്നായി അറിയാം. അത് മറ്റാർക്കും ഉണ്ടാകാൻ പാടില്ല. പഠിക്കാൻ പറ്റുന്ന സമയത്ത് പഠിക്കണം. നടന്മാർക്കുവേണ്ടി യൗവനം കളയരുത്. സിനിമ തിയേറ്ററിൽ പോയി കണ്ടാൽ മതിയല്ലോ...

കൈയെത്തും ദൂരത്ത് എന്ന സിനിമയിൽ കണ്ട ഷാനുവല്ല പിന്നെ കണ്ടത്. പിന്നീടുള്ള അഭിനയയാത്രയുടെ കരുത്ത് എവിടെനിന്ന് കിട്ടി?
ഇതുവരെ, അഭിനയം പഠിക്കാൻ ഞാൻ എവിടെയും പോയിട്ടില്ല. 18-ാം വയസ്സിൽ കോൺവെന്റ് സ്കൂൾപഠനം കഴിഞ്ഞാണ് ഞാൻ കൈയെത്തും ദൂരത്ത് ചെയ്തത്. തികച്ചും യാന്ത്രികമായി അനുഭവത്തിന്റെ കരുത്തൊന്നുമില്ലാതെയാണ് അത് ചെയ്തത്. ആ പ്രായത്തിൽ ഞാൻ എന്ത് ചെയ്താലും അങ്ങനെയേ വരൂ. ആ ചിത്രം വിചാരിച്ചതുപോലെ വന്നില്ല. ബാപ്പയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയല്ലോ എന്നതായിരുന്നു അന്നത്തെ സങ്കടം. 19-ാം വയസ്സിലാണ് ഞാൻ അമേരിക്കയിലേക്ക് പോയത്. സത്യത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നു. ആ അലച്ചിലിലാണ് ഞാൻ ജീവിതം പഠിച്ചത്. പഠിക്കാനുള്ളതെല്ലാം അവിടെനിന്ന് പഠിച്ചു. ആ യാത്രയിൽ ബാപ്പയ്ക്ക് എന്നോട് വിശ്വാസമുണ്ടായിരുന്നു. പിന്നീട് അവിടെനിന്നും തിരിച്ചുവന്നപ്പോൾ മറ്റൊരാളായിരുന്നു ഞാൻ. വീട്ടുകാരുടെ എന്നിലെ വിശ്വാസമായിരുന്നു കരുത്ത്.

ഹോംവർക്ക് ചെയ്ത് സിനിമയെ സമീപിക്കാറുണ്ടോ?
ഒട്ടുമില്ല. ബ്ലാങ്ക് മനസ്സോടെയാണ് ഓരോ ചിത്രത്തെയും തുടക്കത്തിൽ സമീപിക്കാറുള്ളത്. കഥ കേട്ടുകഴിയുമ്പോൾ കഥാപാത്രം ഉള്ളിലേക്ക് കയറും. എന്റെ സിനിമയിലെ നല്ല മുഹൂർത്തങ്ങൾ ഞാൻപോലും അറിയാതെ സംഭവിക്കുകയാണ് ചെയ്തത്.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പാണ് ഫഹദിന്റെ വിജയമെന്ന് പറഞ്ഞാൽ?
അങ്ങനെയൊന്നുമില്ല പൊട്ടക്കണ്ണൻ മാവിനെറിയുന്നത് പോലെയാണ് കാര്യങ്ങൾ. അങ്ങനെ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞെടുക്കുന്നതുതന്നെ മഹാഭാഗ്യം. അവാർഡുകളേക്കാൾ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രങ്ങൾക്കുവേണ്ടിയാണ് എന്റെ പ്രാർഥന.

സിനിമയിൽ കാത്തിരിപ്പിന് വലിയ വിലയില്ലെന്ന് തോന്നുന്നു?
സത്യം. എപ്പോഴും അങ്ങനെയാണ്. വളരെ പ്ലാൻഡായി ജീവിതത്തിൽ നേട്ടമുണ്ടാക്കാൻ കഴിയില്ല. അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ വിസ്മയങ്ങളായി മാറൂ.എന്റെ കരിയറിൽ ആദ്യചിത്രം മാത്രമേ എനിക്ക് തിരഞ്ഞെടുത്ത് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയെല്ലാം എന്നെ തേടിവന്നതാണ്.

ഒരു പ്രത്യേക ക്ലാസ് കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് ഇമേജ് ബ്രാൻഡ് ചെയ്യപ്പെട്ട നടനായിരുന്നു ഫഹദ്. അത് ബ്രേക്ക് ചെയ്യാനുള്ള ബോധപൂർവമുള്ള ശ്രമമായിരുന്നില്ലേ മഹേഷിന്റെ പ്രതികാരം. സാധാരണക്കാരനായ കഥാപാത്രത്തിലേക്ക് ഇറങ്ങിവരാനുള്ള ശ്രമം ഉണ്ടായിരുന്നില്ലേ...?
അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇമേജ് ബ്രേക്ക് ചെയ്യാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല. നല്ല സിനിമ മാത്രമാണ് എന്റെ ലക്ഷ്യം. എന്തൊക്കെയായാലും ഒരു പുതിയ ചിത്രംവരെയേ എല്ലാ ഇമേജുകളും നിലനിൽക്കൂ. അത് സിനിമയുടെ മാജിക്കാണ്.

സാധാരണക്കാരന്റെ ജീവിതവുമായി ഫഹദിന് നേരിട്ട് പരിചയമില്ല. ഊട്ടി ലോറസ് സ്കൂൾ, അമേരിക്ക എന്നിവിടങ്ങളിൽ പഠനം. എങ്ങനെയാണ് സാധാരണക്കാരന്റെ ജീവിതം പഠിച്ചെടുത്തത്?
കേൾക്കുന്ന കഥയും അവതരിപ്പിക്കുന്ന സാഹചര്യവുമാണ് എന്നെ കഥാപാത്രമാക്കി മാറ്റുന്നത്. മുണ്ടും കള്ളിഷർട്ടുമണിഞ്ഞ് ഇടുക്കിയിലെ പ്രകാശ് സിറ്റിയിൽ ഇറങ്ങിയപ്പോൾ ഞാൻ അറിയാതെ അവിടുത്തൊരാളായി മാറി. ചുറ്റുമുള്ളവർ കഥാന്തരീക്ഷത്തിലേക്ക് ഇറങ്ങുമ്പോൾ ഞാനും അതിലേക്ക് വീഴുന്നു. അങ്ങനെയാണ് തോന്നുന്നത്.

ലാഭം ആഗ്രഹിക്കാത്ത ഒരു നിർമാതാവാകണം എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്താണ് ഫഹദ് നിർമിക്കുന്ന സിനിമയുടെ ലക്ഷ്യം?
നല്ല സിനിമ. അതുപോലെ നല്ല ടാലന്റുകളെ കണ്ടെത്താനുള്ള ശ്രമവും. കുട്ടിക്കാലത്ത് വെക്കേഷന് വീട്ടിലെത്തിയാൽ അവിടെ സിനിമാ ഡിസ്‌കഷൻ കാണാം. ബാപ്പയുടെ സുഹൃത്തുക്കളായ പ്രിയൻചേട്ടനും സിബിസാറും എല്ലാം ചേർന്ന് ചൂടേറിയ ചർച്ച. അങ്ങനെ സിനിമയുടെ കഥാചർച്ചമുതൽ തിയേറ്ററിൽ എത്തിക്കുന്നതുവരെയുള്ള പ്രോസസിന്റെ ഭാഗമാകാൻ എനിക്കിഷ്ടമാണ്.