വേള്‍ഡ് മ്യൂസിക് ഡേ' -ഫ്രാന്‍സില്‍ മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പ് തുടങ്ങിയ ഒരു ചെറിയ ആഘോഷം ഇന്ന് ലോകം മുഴുവന്‍ സംഗീതത്തിന്റെ ദിനമായി മാറിക്കഴിഞ്ഞു. 'സംഗീതത്തിലൂടെ ലോകസമാധാനം' എന്നതാണ് അന്തര്‍ദേശീയ സംഗീത ദിനത്തിന്റെ ആദര്‍ശസൂക്തം. രാജ്യത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും അതിര്‍വരമ്പുകള്‍ വ്യര്‍ഥമാക്കിയ സമാധാന ശ്രമങ്ങള്‍ക്കു മുന്നില്‍ സംഗീതത്തിനു മാത്രം കാലുഷ്യം ഇല്ല. 

സൗന്ദര്യാനുഭൂതിയോടു കൂടിയ വൈവിധ്യത്താലും ആദ്ധ്യാത്മികതയാല്‍ തേജോവലയം ചെയ്യപ്പെട്ടതും ആയ ഇന്ത്യന്‍ സംഗീതത്തിന് ലോക സംഗീത ഭൂപടത്തിന്റെ നെറുകയില്‍ എത്താന്‍ എളുപ്പം സാധിച്ചു. ഇന്ത്യന്‍ സംഗീതത്തിന്റെ അദ്വിതീയതയോടൊപ്പം നമ്മുടെ സംഗീതജ്ഞരുടെ അസാമാന്യ പ്രതിഭയും അര്‍പ്പണവും ഈ കീര്‍ത്തി നിലനിര്‍ത്തുന്നു. ലോകം ഇത്രകണ്ട് ബഹുമാനിക്കുന്ന ഇന്ത്യന്‍ സംഗീതജ്ഞരിലെ ചില വനിതാ രത്‌നങ്ങളെ ഇത്തവണത്തെ സംഗീതദിനത്തില്‍ സ്മരിക്കാം.

ഇന്ന് കലയെ ഉപാസിക്കുകയും അവതരിപ്പിച്ചു വരികയും ചെയ്യുന്ന സകല സ്ത്രീകള്‍ക്കും ലഭിക്കുന്ന ബഹുമാന്യതയ്ക്കു പിന്നില്‍ ഈ പെണ്‍ജാതി സംഗീതത്തിന്റെ ചാതുര്യവും അവരുടെ മനക്കരുത്തുമാണ്. ആ സമര്‍പ്പിത ജീവിതത്തില്‍ അനവധി സംഘര്‍ഷങ്ങളിലൂടെ അവര്‍ കടന്നു പോയി. കാലം പിന്നീട് കരുതിവച്ചിരുന്ന അംഗീകാരവും അവസരങ്ങളും അവര്‍ പൊരുതി നേടിയതുമാണ്. 

'പെണ്‍ജാതി സംഗീതം' എന്ന ആശയസംഹിതയില്‍ നിര്‍മിക്കപ്പെട്ട തന്റെ സംഗീതത്താല്‍ പ്രഭുക്കന്മാരെയും പാവപ്പെട്ടവനെയും ബ്രിട്ടീഷ് ഭരണാധികാരികളെയും ഒരേപോലെ ഭ്രമിപ്പിച്ച ഒരു തികഞ്ഞ സംഗീതജ്ഞ ആയിരുന്നു 'വീണ ധനമ്മാള്‍'. കര്‍ണാടക സംഗീതത്തിന്റെ യഥാര്‍ഥ സൗകുമാര്യം പോഷിപ്പിക്കേണ്ടത് സ്ത്രീസംഗീതജ്ഞര്‍ ആണെന്ന്  അടിയുറച്ചു വിശ്വസിച്ചിരുന്ന സ്ത്രീസ്വാതന്ത്ര്യവാദി! കാഴ്ചപ്പാടിലെ സ്‌ത്രൈണതയും വാദനത്തിലെ മിതത്വവും മൃദുലതയും ചേര്‍ന്നപ്പോള്‍ അത് വിശിഷ്ടമായ വീണ ധനമ്മാള്‍സംഗീതം ആയിത്തീര്‍ന്നു. പാടിക്കൊണ്ട് വീണ വായിക്കുന്ന സമ്പ്രദായം അവര്‍ പിന്തുടര്‍ന്നു. വായ്പാട്ടും വീണയും ഇടകലര്‍ന്ന് സൃഷ്ടിച്ച അത്ഭുതം... പാടുന്ന ധനമ്മാളിന്, വീണവാദക ആയ ധനമ്മാള്‍ തന്നെ പക്കം വായിക്കുന്ന അപൂര്‍വത... 'ജന്തതന്ത്രം' എന്ന് അറിയപ്പെട്ടിരുന്ന ഈ സമ്പ്രദായത്തിലെ സാങ്കേതികത്വത്തെ വരുതിയിലാക്കാന്‍ അവര്‍ കനം കുറഞ്ഞ കമ്പികൊണ്ട് വീണ നിര്‍മിപ്പിച്ചെടുത്തു. 'നീണ്ട പ്രസരണങ്ങള്‍, തന്ത്രി ഘര്‍ഷിണിയുടെ (plectrum) എറ്റവും കുറച്ചുള്ള ഉപയോഗം' -ഇതായിരുന്നു അവരുടെ സവിശേഷ വാദന മികവിന്റെ കാതല്‍.  വൈകാരിക സ്ഥിതികളെ ദ്യോതിപ്പിക്കുന്ന, മനുഷ്യ ശബ്ദത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഉപകരണം എന്ന നിലയില്‍ ധനമ്മാള്‍ വീണയെ സമീപിച്ചു. 

പഴയ മദിരാശിയിലെ വീടിനു മുന്നില്‍ സന്ധ്യനേരങ്ങളില്‍ ആളുകള്‍ കാത്തുനിന്നിരുന്നു, അവരുടെ 'അമ്മ'യുടെ വീണ കേള്‍ക്കാന്‍. 'അമ്മ' വായിക്കുമ്പോള്‍ ആരെങ്കിലും ചെറിയ ശബ്ദം ഉണ്ടാക്കിയാല്‍ 'യാര്‍ അന്ത ജ്ഞാനശൂന്യന്‍' എന്ന് ശകാരം മുഴങ്ങി. 'ബലേ ഭേഷ്' പ്രശംസകള്‍ ഒന്നും രസിക്കാത്ത, പിന്നണിയില്‍ മൃദംഗ വായന ഇഷ്ടപ്പെടാത്ത കണിശക്കാരി. വീണയില്‍ സാക്ഷാല്‍ സരസ്വതീദേവി കുടികൊള്ളുമ്പോള്‍, മൃദുവായി മാത്രമേ സ്പര്‍ശിക്കാവൂ എന്ന നിഷ്‌കര്‍ഷ പാലിക്കുമ്പോള്‍ അവര്‍ കല്പന സ്വരപ്രയോഗങ്ങള്‍ ഒഴിവാക്കി.

ആയിരക്കണക്കിന് കൃതികളുടേയും 'ജാവളി'കളുടെയും (പ്രണയ സ്വഭാവമുള്ള ഗീതികള്‍) ഒക്കെ കാവല്‍ക്കാരി ആയിരുന്ന ധനമ്മാളിന്റെ വീണ, കൊച്ചു മകള്‍ പ്രശസ്ത നര്‍ത്തകി ബാല സരസ്വതിയുടെ വീട്ടില്‍ ഭദ്രമായി ഉറങ്ങുന്നു. നൂറ്റിപ്പത്തു വര്‍ഷം മുന്‍പ് ഗ്രാമഫോണ്‍ കമ്പനി ഇന്ത്യയില്‍ റെക്കോഡിങ് ആരംഭിച്ചപ്പോള്‍ മുതലാണ് പെണ്‍സംഗീതം പുറംലോകം അറിഞ്ഞുതുടങ്ങുന്നത്. സ്ത്രീകള്‍ വീടിന്റെ അകത്തളങ്ങളിലെ ഇരുട്ടില്‍ ഒതുങ്ങിയിരുന്ന കാലത്താണ് ഈ മുന്നേറ്റം! ഗ്രാമഫോണ്‍ ഡിസ്‌കുകളിലൂടെ (78 rpm) താരങ്ങളായ പ്രമുഖ സംഗീതജ്ഞര്‍ ഇവരൊക്കെ ആയിരുന്നു...  ഗൗഹര്‍ ഖാന്‍ കല്‍ക്കട്ട, ജാന്‍കി ബായ് അലഹബാദ്, സൊഹ്റാ ബായ് ആഗ്ര, മല്‍കാ ജാന്‍ ആഗ്ര, മാനാഡേ സുന്ദരി ദാസി, കാഞ്ചിപുരം ധനകോടി, കോയമ്പത്തൂര്‍ തായി, സുന്ദര്‍ ബായ് പുെണ, മെഹ്ബൂബ് ജാന്‍ സോലാപൂര്‍.

ഇന്ത്യാ വിഭജനത്തിനു ശേഷം പാകിസ്താനില്‍ എത്തിച്ചേര്‍ന്ന പ്രമുഖ ഹിന്ദുസ്ഥാനി ഗായികമാരില്‍ പ്രധാനി ആയിരുന്നു മാലിക ഫുക്ക്രാജ്. ബാലതാരം ആയി കലാജീവിതം ആരംഭിച്ച്, പിന്നണി ഗായികയും ക്ലാസിക്കല്‍ ഗായികയും ഒക്കെ ആയി ആഘോഷിക്കപ്പെട്ട ഗായിക ആണ് നൂര്‍ജഹാന്‍. വിഭജനശേഷം ഇന്ത്യ വിട്ടുപോയ നൂര്‍ജഹാന്‍, വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയില്‍ സംഗീത പരിപാടിക്ക് വരുമ്പോള്‍ അവര്‍ക്കു ലഭിക്കുന്ന സ്വീകരണത്തിന്റെ അപൂര്‍വ വീഡിയോ യൂ ട്യൂബില്‍ ലഭ്യമാണ്... നൂര്‍ജഹാന്റെ അഭാവം തങ്ങളെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചതെന്നു വിളിച്ചോതുന്ന സ്‌നേഹാദരങ്ങള്‍. 

ചരിത്രം തിരുത്തിയ 'പന്തിഭോജന'ത്തിന്റെ നൂറ്റാണ്ടുകള്‍ തികയുന്ന ആഘോഷങ്ങളുടെ പ്രകാശത്തില്‍ തെളിയുന്നത്, പന്തിയില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു അതുല്യഗായികയുടെ സമര ജീവിതമാണ്. പ്രതിഭകൊണ്ട് ഏതു രാജസദസ്സിലും കച്ചേരി അവതരിപ്പിക്കാന്‍ ആദരം ലഭിച്ചിരുന്ന ആ മഹാഗായികയ്ക്ക് ഭക്ഷണം കൊടുത്തിരുന്നത് ജോലിക്കാര്‍ക്കൊപ്പം മാത്രം. മുക്കുവ സമുദായത്തില്‍ (ഗംഗാമതി) ജനിച്ചു എന്നൊരു കാരണത്തിന്റെ പേരില്‍ അനുഭവിച്ച അവഹേളനങ്ങള്‍, ആറു പതിറ്റാണ്ടു നീണ്ട തന്റെ സംഗീതജീവിതത്തെ സംഭവ ബഹുലവും സങ്കടകരവും ആക്കിത്തീര്‍ത്തു എന്ന് അവര്‍ തുറന്നുപറഞ്ഞു. കര്‍ണാടക സംഗീതജ്ഞ ആയ അമ്മയുടെ ഹിന്ദുസ്ഥാനി സംഗീതജ്ഞയായ മകള്‍, ഗംഗൂ ബായ് ഹംഗല്‍ എന്ന ജീനിയസ്. കിരാന ഖരാനയുടെ സ്ഥാപകന്‍ ഉസ്താദ് അബ്ദുല്‍ കരിം ഖാനിന്റെ ശിഷ്യന്‍ സവായ് ഗന്ധര്‍വയെ മകളുടെ ഗുരുവാക്കുന്നതും അമ്മ അംബ ബായ് ആണ്.  സംഗീതത്തില്‍ സ്‌ത്രൈണത അല്പംപോലും കാത്തു സൂക്ഷിക്കാത്ത 'അഗ്രസീവ് സിംഗിങ്' എന്ന് വിശേഷിപ്പിക്കുന്ന ശൈലി ആയിരുന്നു ഗംഗൂ ബായ് ഹംഗലിന്റേത്. 

ഗ്രാമഫോണ്‍ റെക്കോഡിങ്ങുകളിലൂടെ പ്രശസ്ത ആയ കര്‍ണാടക സംഗീതജ്ഞ ആണ് ബാംഗ്‌ളൂര്‍ നാഗരത്‌നമ്മ. അവര്‍ ജീവിച്ചിരുന്ന കാലത്ത് കര്‍ണാടക സംഗീതക്കച്ചേരി രംഗത്തെ മഹാറാണി ആയിരുന്നു. കച്ചേരിവേദികളില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ്, കുതിരവണ്ടിയില്‍ തല ഉയര്‍ത്തി വന്നിറങ്ങിയിരുന്ന നാഗരത്‌നം എല്ലാ അര്‍ഥത്തിലും രത്‌നം പോലെ ശോഭിച്ചിരുന്നു. തിരുവയ്യാറില്‍ ഇന്ന് കാണുന്ന ത്യാഗരാജ സമാധി പണിയിപ്പിക്കുന്നതിനായി തന്റെ സര്‍വ സമ്പാദ്യങ്ങളും ചെലവഴിച്ച നാഗരത്‌നമ്മയുടെ വിപ്ലവസമരത്തിനു ശേഷമാണ് സ്ത്രീകള്‍ക്ക് തിരുവയ്യാര്‍ ത്യാഗരാജ ആരാധനയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. 

നമസ്‌കരിക്കേണ്ട ഒരുപാട് പേരുകള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു... 'ഗസലുകളുടെ രാജ്ഞി' എന്ന പേരില്‍ ആണ് ബീഗം അക്തര്‍ അറിയപ്പെട്ടതെങ്കില്‍ 'തുംരികളുടെ രാജ്ഞി' എന്നാണ് ശോഭ ഗുര്‍ത്തുവിന് ലഭിച്ച സ്ഥാനം. 'ബനാറസി തുംരികളുടെ രാജ്ഞി' എന്ന് ചരിത്രം അടയാളപ്പെടുത്തിയ ഗായികയാണ് സിദ്ധേശ്വരീദേവി. ബനാറാസ് ഖരാനയില്‍ പെട്ട റസൂലന്‍ ബായ് 'റൊമാന്റിക് തുംരി വിശേഷജ്ഞ' എന്നും അറിയപ്പെട്ടു. 

വീണ ധനമ്മാളിന്റെ പൗത്രി ടി. ബൃന്ദയെ കുറിച്ച് പറയാതെ പെണ്‍ജാതി സംഗീതത്തിന് പൂര്‍ണത ലഭിക്കില്ല. 'മൃദുത്വം, മാധുര്യം, സ്‌ത്രൈണം' എന്നീ ധനമ്മാള്‍ ബാണി സവിഷേതകള്‍ക്കൊപ്പം കാഞ്ചിപുരം നൈനാ പിള്ള എന്ന അതികായന്‍ ഗുരുവിന്റെ വീര്യവത്തായ ഗതിവേഗങ്ങള്‍ കൂടി സമന്വയിപ്പിച്ച ആവിഷ്‌കരണം. ടി. ബൃന്ദ എഴുപതു കൊല്ലം പാടുകയും പഠിപ്പിക്കുകയും ചെയ്തു. 

ഡി.കെ. പട്ടമ്മാള്‍, എം.എല്‍. വസന്തകുമാരി, രാധ -ജയലക്ഷ്മിമാര്‍, മധുരൈ പുഷ്പവനം, കെ.ബി. സുന്ദരാംബാള്‍ എന്നിവരൊക്കെയും തങ്ങളുടെ സംഗീതംകൊണ്ട് ജാലവിദ്യ കാണിക്കുകയും സ്വയം സിംഹാസനങ്ങള്‍ സൃഷ്ടിക്കുകയുമുണ്ടായി. 'നിങ്ങളുടെ പ്രിയപ്പെട്ട ക്ലാസിക്കല്‍ സംഗീതജ്ഞരില്‍ ഒരേ ഒരു പേര് മാത്രം പറയൂ' എന്നൊരു ചോദ്യം ഉന്നയിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും ഒരുത്തരം ആകും...  മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്നും ഐക്യരാഷ്ട്ര സഭയില്‍ വരെ എത്തിച്ചേര്‍ന്ന ഒരേ ഒരു ശബ്ദം... 'എം.എസ്.' എന്ന സുസ്വരലക്ഷ്മി. ഉസ്താദ് ബഡെ ഗുലാം അലി ഖാന്‍ ആണ് എം.എസ്. സുബ്ബലക്ഷ്മിയെ ആദ്യമായി 'സുസ്വരലക്ഷ്മി' എന്നു വിളിക്കുന്നത്. ഇന്ത്യയുടെ അംബാസഡര്‍ തന്നെ ആയി മാറി ആ രണ്ട് അക്ഷരം. ശാന്തമായ ഭാവാദികളും രൂപത്തില്‍ ലക്ഷ്മിയും ആലാപനം കൊണ്ട് സാക്ഷാല്‍ സരസ്വതിയും നോട്ടത്തിലെ വാത്സല്യം കൊണ്ട് എന്റെയും നിങ്ങളുടെയും അമ്മയോ മുത്തശ്ശിയോ ഒക്കെയായ 'ഇന്ത്യയുടെ വാനമ്പാടി'. 'ഞാന്‍ വെറുമൊരു പ്രധാനമന്ത്രി മാത്രം' എന്ന് ജവഹര്‍ ലാല്‍ നെഹ്റു മൂന്നാമതൊരു വേദിയിലും ആവര്‍ത്തിച്ചു ക്‌ളീഷേ ആക്കി എന്നത് ചരിത്രം.  

ഗ്രാമഫോണിന്റെ കാലം മുതല്‍ കേള്‍ക്കുന്ന, ജീവിതത്തിന്റെ ഭാഗമായ ശബ്ദങ്ങള്‍ ഇന്നും കേള്‍ക്കുന്നു... ഇനിയൊരു അമ്പത് കൊല്ലവും ഇവരെയൊക്കെ നാം കേള്‍ക്കും. അവരുടെ ബാണിയും സഖരാനയും പാട്ടിന്റെ സവിശേഷതകളും ഓര്‍മയില്‍ എന്നും ഉണ്ട്. മറന്നത് കഴമ്പില്ലാ സംഗീതത്തെയാണല്ലോ! ആഴത്തില്‍ ഉള്ള പഠിപ്പിന്റെയും കഠിനപ്രയത്‌നത്തിന്റെയും നിരന്തര പരിശീലനത്തിന്റെയും അനുഭവത്തിന്റെയും മുകളിലാണ് അവരുടെ സംഗീതത്തിന്റെ നിര്‍മിതി. 

ആണ്‍കുട്ടി ജനിക്കുമ്പോഴുള്ള ആഘോഷങ്ങള്‍ക്കു മുന്നില്‍, പെണ്‍കുഞ്ഞിന്റെ ജനനം ചുളിഞ്ഞ മുഖത്തോടെ സ്വീകരിക്കുന്ന ജനത ഇന്നും സജീവമാണ്. വിദ്യാഭ്യാസം പോലും സ്ത്രീക്ക് നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിലെ ഇരുട്ടില്‍ നിന്ന് 'സംഗീതം' എന്ന വെളിച്ചവുമായി മുന്നേ നടന്നവര്‍... ആ പെണ്‍ജാതി സംഗീതത്തിനു മുന്നില്‍ കൈകൂപ്പി നന്ദി പറയുന്നു.