ഇന്ത്യയൊട്ടാകെ തരംഗമായ കന്നട ചിത്രം കെ.ജി.എഫിന് വേണ്ടി സംഗീതം ഒരുക്കിയ രവി ബസ്‌റൂര്‍ മലയാള ചിത്രം മഡ്ഡിയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. രവി ബസ്‌റൂറിന്റെ ആദ്യ മലയാള ചിത്രമാണ് മഡ്ഡി.

നവാഗതനായ ഡോ.പ്രഗഭല്‍ സംവിധാനം ചെയ്ത മഡ്ഡിയുടെ മോഷന്‍ പോസ്റ്റര്‍ വിജയ് സേതുപതിയും, ശ്രീ മുരളിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 

ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.  ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. മഡ്ഡി മഡ് റേസിംഗ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ്  പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രഗഭല്‍. അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ.

പ്രധാനമായും  വ്യത്യസ്തടീമുകള്‍ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ പ്രതികാരം, കുടുംബം, നര്‍മ്മം, സാഹസികത എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭല്‍ പറയുന്നു. ഓഫ് റോഡ് റേസിംഗില്‍  പ്രധാന അഭിനേതാക്കളെ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചുവെന്ന് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഡ്യൂപ്പുകളെ  ഉപയോഗിച്ചിട്ടില്ല.

Content Highlights: Ravi Basrur KGF music Director to debut in Malayalam, Muddy Movie