ങ്ങനെയാണ് ജോബ് താങ്കളിത്ര ഡൗണ്‍ ടു എര്‍ത് ആയി നിലനില്‍ക്കുന്നതെന്ന് അവതാരകയുടെ ചോദ്യത്തിന് ജോബിന്റെ മറുപടി ഒരു ചിരിയായിരുന്നു. മണ്ണിനോടും മനുഷ്യനോടും അനുഭവങ്ങളോടും ഇത്രയധികം ബന്ധപ്പെട്ടു നില്‍ക്കുന്ന പാട്ടുകള്‍ ഉണ്ടാക്കിയ ജോബ് കുര്യന്‍ എന്ന പാട്ടുകാരനും സംഗീത സംവിധായകനും കംപോസറിനും ഇങ്ങനെയൊക്കെ ആകാനല്ലേ പറ്റൂ. മനുഷ്യജീവിതത്തോടു ചേര്‍ന്ന് നില്‍ക്കുന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ജോബിന് ലഭിക്കുന്ന ഓരോ കൈയ്യടിയുടേയും സ്‌നേഹത്തിന്റേയും കാരണം. അമൃത ടിവിയിലെ റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാറില്‍ വിജയി ആകാന്‍ സാധിച്ചില്ലെങ്കിലും കണ്ടു നിന്നവരുടെ ഹൃദയവും സ്വന്തമാക്കിയാണ് ജോബ് തന്റെ സംഗീതയാത്ര ആരംഭിക്കുന്നത്. കവര്‍ സോങ്ങുകളിലൂടെ കപ്പ ടിവി മ്യൂസിക് മോജോയില്‍ ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ചെടുത്ത ജോബ് പിന്നീട് 'ജോബ് കുര്യന്‍ കളക്റ്റീവ്‌സ്' എന്ന ബാന്‍ഡിനും രൂപം നല്‍കി. ഒപ്പം തന്നെ ഹോപ്പ് എന്ന പേരില്‍ ഇറക്കിയ വീഡിയോ ആല്‍ബങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളാകാന്‍ തുടങ്ങി. മലയാള സിനിമയില്‍ പാട്ടുകാരനായും സംഗീത സംവിധായകനായുമുള്ള തന്റെ ജോലികള്‍ ഏറ്റവും മനോഹരമായി തന്ന ജോബ്  നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു.  

കേരളത്തിന്റെ തനതായ സംഗീതത്തെ മറ്റു മ്യൂസിക് എലമെന്റുകള്‍ക്കൊപ്പം ഏറ്റവും മനോഹരമായി കൂട്ടി യോജിപ്പിച്ചാണ് ജോബ് അവതരിപ്പിക്കുന്നത്. 'താളം' എന്ന പേരില്‍ തന്റെ ആദ്യത്തെ സൃഷ്ടി പുറത്തിറക്കുന്നു.'ആരു നീ ആരു നീ താളം' എന്ന് ജോബ് പാടിയപ്പോള്‍ കേട്ടുകൊണ്ടിരുന്നവര്‍ ആ താളത്തെ അങ്ങേറ്റെടുത്തു കഴിഞ്ഞിരുന്നു. മ്യൂസിക് മോജോയുടെ മൂന്നു സീസണുകളെയും ഏറ്റവും മനോഹരമാക്കിയതില്‍ ജോബ് കുര്യന്‍ കളക്ടീവ്സിനു വലിയ പങ്കുണ്ട്. 'മെല്ലെ മെല്ലെ മുഖപടം','വെണ്ണിലാവോ ചന്ദനമോ','പഴം തമിഴ്' തുടങ്ങിയ എവര്‍ഗ്രീന്‍ മലയാള ഗാനങ്ങളെ ജോബ് കുര്യന്‍ വീണ്ടും അവതരിപ്പിച്ചപ്പോള്‍ ആരാധകര്‍ അതേറ്റു പാടി. സുഹൃത്തിന്റെ ഹിമാലയന്‍ യാത്രയില്‍ നിന്നും ഇന്‍സ്പയര്‍ ചെയ്തു കൊണ്ടാണ് 'പദയാത്ര' എന്ന തന്റെ എക്കാലത്തെയും മികച്ച ഗാനം ജോബ് ഉണ്ടാക്കിയെടുത്തത്. യാത്ര മനുഷ്യനെ എത്ര മനോഹരമായി മാറ്റിയെടുക്കുന്നുവെന്നതാണ് പദയാത്രയിലൂടെ ജോബ് പാടിയത്. ഒരു ദിവസം പോലും ഈ പാട്ട് കേള്‍ക്കാതെ മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥകളുണ്ടായിട്ടുണ്ടെന്നു പറയുന്നവര്‍ ഒത്തിരിയുണ്ട്. 

'എംബ്രാന്‍','റൂട്‌സ്','മണ്ണ്','പൊലിയോ' തുടങ്ങിയ ജോബ് മാജിക്കുകള്‍ മനുഷ്യ ജീവിതത്തോട് അത്രയധികം ഇഴയടുപ്പുമുള്ളവയാണ്. കുട്ടിക്കാലത്തെ ഓര്‍മ്മകളെ എത്ര മനോഹരമായിട്ടാണ് 'മുല്ല' എന്ന ഗാനത്തിലൂടെ ജോബ് പാടി കേള്‍പ്പിച്ചത്. 'എന്താവോ' എന്ന വീഡിയോ സോങിനൊടുവില്‍ ഫഹദ് ഫാസിലിനെ കണ്ട് അത്ഭുതപ്പെട്ട ആരാധകരുടെ കൂട്ടത്തില്‍ നിങ്ങളുമുണ്ടായിരുന്നില്ലേ? 'അമ്പിളി മാമനെ തോണിയാക്കി  നീ ആകാശ തോണിയില്‍ ആടാട്' എന്ന്  പാടിയപ്പോള്‍ താരാട്ട്  കേള്‍ക്കാന്‍ ബാല്യം തന്നെ വേണമെന്നില്ലെന്നു ജോബ് നമ്മളെ വിശ്വസിപ്പിച്ചു. 

എല്ലായിടത്തും ഒരു 'untold magic ' നടക്കുന്നുണ്ടെന്ന് ജോബ് പറയുന്നു. പക്ഷെ ആ മാജിക് അത് നിങ്ങള്‍ തന്നെയാണ് ആരാധകരും പറയുന്നു. ജോബ് ഒരു പാട്ടു പാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അയാളുടെ തല മുതല്‍ പാദം വരെ അതില്‍ ലയിച്ചു ചേര്‍ന്നിരിക്കും. ആത്മാവ് കൊണ്ടാണ് അദ്ദേഹം ഓരോ പാട്ടും പാടുന്നത്. സംഗീതത്തിന്റെ ആത്മാവ് ഇതാ ഇവിടെയാണ് കളക്ട് ചെയ്തു വച്ചിരിക്കുന്നത്; അതിനെ നാം ജോബ് കുര്യന്‍ കളക്ടീവ് എന്ന് വിളിക്കുന്നു.

Content Highlights : job kurian singer mojo rising 2020