agam music band2003 ഇല്‍ ബാംഗ്ലൂര്‍  നഗരത്തില്‍ പിറവിയെടുത്ത 'അഗം' മലയാളികളുടെ മാത്രമല്ല ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ അകതാരിലാണ് ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. കേവലം ബഹങ്ങള്‍ക്കും കാട്ടികൂട്ടലുകള്‍ക്കുമപ്പുറം അകക്കാമ്പുള്ള സംഗീതം തന്നെയാണ് ഇവരെ ആസ്വാദകരുടെ പ്രിയപ്പെട്ടവരാക്കി മാറ്റിയത്. കര്‍ണാട്ടിക്ക് സംഗീതത്തിന്റെ വിശാലമായ ആകാശങ്ങളും റോക്ക് സംഗീതത്തിന്റെ കയറി തീരാത്ത കൊടുമുടികളും ഒന്നിച്ചുചേര്‍ന്നപ്പോള്‍ അതിമനോഹരമായ പുതിയൊരു സംഗീതം ജനിച്ചു. കപ്പ ടിവി മ്യൂസിക് മോജോയിലൂടെയാണ് അഗമെന്ന ബാന്‍ഡ് ആളുകളിലേക്ക് കൂടുതല്‍ എത്തിയത്. ഇവരെത്തുന്ന എപ്പിസോഡുകള്‍ക്കായുള്ള കാത്തിരിപ്പുകള്‍ വരെ ഉണ്ടായി. ooh la la la എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് അഗം തങ്ങളുടെ സംഗീതലോകത്തേക്കുള്ള വലിയ ചുവടുകള്‍ വെച്ചത്. ഹൃദയം,ആത്മാവ് എന്നിങ്ങനെയൊക്കെ അര്‍ത്ഥം വരുന്ന 'അഗം' എന്ന വാക്ക്  അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു പിന്നീടങ്ങോട്ടുള്ള ഓരോ സംഗീത യാത്രയും. ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന ഏറ്റവും മനോഹരമായി പുഞ്ചിരിക്കുന്ന വ്യക്തി പാട്ടിന്റെ മായാജാലങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അനുദിനം ആരാധകരെ സമ്പാദിച്ചുകൊണ്ടേയിരുന്നു. പ്രശസ്തരായ ഗായകര്‍ പാടി വെച്ച പാട്ടുകളോട് നീതി പുലര്‍ത്തിക്കൊണ്ടു തന്റേതായ രീതിയില്‍ വേദികളില്‍ പാടിയപ്പോള്‍ വീണ്ടും അഗം ആരാധകരുടെ അകമഴിഞ്ഞ സ്‌നേഹം തൊട്ടറിഞ്ഞു. 'അനുരാഗ ലോല രാത്രി','പത്തു വെളുപ്പിന്','ശ്രീ രാഗമോ', 'തങ്കത്തിങ്കള്‍','മലര്‍കളെ' ,'ഒരു പുഷ്പം മാത്രമെന്‍' തുടങ്ങിയ മനോഹര ഗാനങ്ങള്‍ അഗത്തിന്റെ വേദികളില്‍ നിറഞ്ഞു നിന്നു. ഹരീഷിനൊപ്പം പ്രവീണ്‍, ജഗദിഷ്, ആദിത്യ,സ്വാമി, ശിവ തുടങ്ങിയ അതുല്യ പ്രതിഭകളുടെ സംഗമമാണ് അഗം ബാന്‍ഡ്. കപ്പ ടിവി മ്യൂസിക് മോജോയില്‍ അവതരിപ്പിച്ച 'പാതിരാ പൂ വേണം' എന്ന് തുടങ്ങുന്ന ബോട്ട് സോങ് പിന്നീട് സോളോ എന്ന ദുല്‍ക്കര്‍ സല്‍മാന്‍ സിനിമയിലും നമ്മള്‍ ആസ്വദിച്ചു. ചോല എന്ന സിനിമയില്‍ ഹരീഷ് പാടിയ 'നീ വസന്ത കാലം' എന്ന ഗാനം പാട്ടിന്റെ ഒരു വസന്തം തന്നെ നമുക്ക് സമ്മാനിച്ചു. ജോബ് കുര്യനൊപ്പം പാടിയ പദയാത്ര ചെന്നവസാനിച്ചത് ഓരോ മലയാളിയുടെയും മനസ്സിന്റെ ഉള്ളിലാണ്. The Inner  Self Awakens , A Dream To Remember തുടങ്ങിയവ അഗം ബാന്‍ഡ് സൃഷ്ടിച്ച മാജിക്കുകളാണ്. ബ്രെസ്റ്റ് കാന്‍സര്‍ അവയര്‍നെസിന്റെ ഭാഗമായി ശ്രേയ ഘോഷാലിനൊപ്പം 'Live Again ' എന്ന ചാരിറ്റി ഷോയും അഗം സംഘടിപ്പിച്ചിട്ടുണ്ട്.

നൊസ്റ്റാള്‍ജിയകളെ വല്ലാതെ പ്രണയിക്കുന്ന മലയാളികള്‍ക്ക് പഴയ മലയാള ഗാനങ്ങളുടെ ആത്മാവ് അഗത്തിലൂടെ പിന്നെയും പിന്നെയും ആസ്വദിക്കാന്‍ വല്ലാത്ത പൂതി തോന്നുകയാണിപ്പോള്‍. 
കൊച്ചി ബോള്‍ഗാട്ടി  പാലസ് ഗ്രൗണ്ടില്‍ വച്ച് മാര്‍ച്ച് 14 ,15 തീയ്യതികളിലായി നടക്കുന്ന  കപ്പ ടിവി മോജോ റൈസിംഗ് 2020 യില്‍ 'അഗം' ആസ്വദിക്കാന്‍ അകമറിഞ്ഞു ക്ഷണിക്കുന്നു.  

ഹരീഷ് ശിവരാമ കൃഷ്ണനും അദ്ദേഹത്തിന്റെ ബാന്‍ഡും ഒരു വരിയിലൊക്കെ അങ്ങ് കൊന്നു കളയും!

Content Highlights : agam music band performance harish sivaramakrishnan singer