മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ ഷാജി കൈലാസ്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് വാട്‌സാപ്പില്‍ വന്ന ഒരു സന്ദേശത്തില്‍ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള നൂറ് മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടന്‍ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയതെന്ന് ഷാജി കൈലാസ് പറയുന്നത്.

ഷാജി കൈലാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രണ്ടാം കോവിഡ് തരംഗം സജീവമായി നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാലിന്റെ ജന്മദിനം വരുന്നത്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് വാട്‌സാപ്പില്‍ വന്ന ഒരു സന്ദേശത്തില്‍ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടന്‍ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്. ഒരു നടന്‍ എന്ന നിലയില്‍ ഇനി എന്താണ് മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തില്‍ പുതിയൊരു ഭാവവുമായി വന്ന് ഈ നടന്‍ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

അവതാരങ്ങള്‍ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാന്‍ കൂടിയാണ്. നടനത്തിലൂടെ മോഹന്‍ലാല്‍ ചെയ്തതും അതാണ്. ഈ നടന്റെ ഒരു ചിത്രം കണ്ട് കഴിയുമ്പോള്‍ ഏത് വിധത്തിലാണോ നാം നവീകരിക്കപ്പെടുന്നത് അതേ അളവില്‍ ശുദ്ധീകരിക്കപ്പെടുകയും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യാശയുടെ കിരണങ്ങള്‍ക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്‌നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്. 

സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു സംവിധായകന്‍ എന്ന നിലയില്‍ കൂടി ഞാനറിഞ്ഞ മോഹന്‍ലാല്‍ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. ഫാന്‍സുകാര്‍ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

Content Highlights: Shaji Kailas about Mohanlal on his birthday