ലാലിന്റെ ഹ്യൂമര്‍സെന്‍സ് അപാരമാണ്.  ടി പി ബാലഗോപാലന്‍ എം എ എന്ന സിനിമയുടെ ഷൂട്ടിങ് സമയം. അതിന് മുമ്പ് ഞാന്‍ ചെയ്ത ഗായത്രി ദേവി എന്റെ അമ്മ എന്ന സിനിമ പല തടസ്സങ്ങള്‍ കാരണം റിലീസ് നീണ്ടുപോയി. അതിന്റെ ടെന്‍ഷനും കൊണ്ടാണ് ടി പി ബാലഗോപാലന്‍ സെറ്റില്‍ ഞാന്‍ ഇരിക്കുന്നത്. ലാല്‍ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു ' ടെന്‍ഷനടിക്കേണ്ട സത്യേട്ടാ, ഗായത്രി ദേവി എന്റെ അമ്മ എന്ന സിനിമ റിലീസ് നീണ്ട് നീണ്ട് പൊട്ടിയിലായി പോയാല്‍ നമുക്ക് കുറേക്കാലം കഴിഞ്ഞ് ഗായത്രി ദേവി എന്റെ അമ്മൂമ്മ എന്ന പേരിട്ട് റിലീസ് ചെയ്യാം'. അത് കേട്ടപ്പോള്‍ ഞാനും അറിയാതെ ചിരിച്ചുപോയി.

സെറ്റില്‍ ലാല്‍ എത്തിയാല്‍ ആഘോഷമായി മാറും. സംവിധായകന്റെ ടെന്‍ഷന്‍ അയാള്‍ അനായാസം ഇല്ലാതാക്കും. ഉദാഹരണത്തിന് ലാലിന് നാല് മണിക്ക് പോകണം എന്നാല്‍ ഷോട്ട് കഴിഞ്ഞിട്ടില്ല. 3.45 ന് പോലും അതിന്റെ ഒരു ടെന്‍ഷനുമില്ലാതെ അയാള്‍ കളിച്ചും ചിരിച്ചുംകൊണ്ടിരിക്കും. സംവിധായകനെ ടെന്‍ഷനിലാക്കാന്‍ അയാള്‍ ഒരുക്കമല്ല. എന്നാല്‍ മറ്റ് പലനടന്മാരും നാല് മണിക്ക് പോകണമെങ്കില്‍ ഉച്ച തൊട്ടേ ഇത് പറഞ്ഞ് സംവിധായകനെ ടെന്‍ഷനടിപ്പിക്കും.

അതുപോലെ ലാല്‍ ത്യാഗരാജന്‍ മാസ്റ്ററുടെ കൂടെ സംഘട്ടനം ചെയ്യുമ്പോള്‍ തോന്നും അഭിനയത്തേക്കാള്‍ ലാല്‍ മികച്ചൊരു ആക്ഷന്‍ കൊറിയോഗ്രാഫറാണെന്ന്. ത്യാഗരാജന്റെ പ്രിയശിഷ്യനെപ്പോലെയാണ് മോഹന്‍ലാലിനെ കൊണ്ടുനടക്കുന്നത്. വരവേല്‍പ് എന്ന സിനിമയില്‍ ഒരുസംഘട്ടനരംഗമുണ്ട്. അന്ന് ത്യാഗരാജന്‍ മാഷ് വളരെ തിരക്കുള്ള സമയമാണ്. മാഷെ ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത് ' ലാല്‍ അവിടെയുണ്ടല്ലോ, അവന്‍ ചെയ്‌തോളും. രണ്ട് ഫൈറ്റ്‌ഴേസിനെ ഞാന്‍ വിട്ടുതരാം'.

അങ്ങനെ മോഹന്‍ലാലാണ് വരവേല്‍പ്പിലെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തത്. ടൈറ്റിലില്‍ ത്യാഗരാജന്‍ മാസ്റ്ററുടെ പേര് വെക്കുകയും ചെയ്തു. ലാലുമായി ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് കഴിഞ്ഞ് ലാല്‍ നമ്മുടെ ഹൃദയത്തിന്റെ ഭാഗമായി മാറും. എനിക്ക് ലാലിനെ അഭിനയിപ്പിച്ച് കൊതിതീര്‍ന്നിട്ടില്ല. ലാലിന് ഈശ്വരന്‍ കൊടുത്ത വരദാനമാണ് അഭിനയം. ലാല്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ലോകത്ത് ഏറ്റവും ശ്രമകരമല്ലാത്ത ജോലി അഭിനയമാണെന്ന് നമുക്ക് തോന്നും. ഈസിയായി നമുക്ക് അഭിനയിക്കാം എന്നും തോന്നും.

പക്ഷേ മറ്റ് നടന്മാരുടെ അഭിനയം കാണുമ്പോഴാണ് ബുദ്ധിമുട്ട് മനസിലാകുക. അഭിനയം ലാല്‍ എവിടെനിന്നും പഠിച്ചതല്ല രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അനായാസമാണ് ലാലിന് അഭിനയം. നൃത്തം പഠിക്കാതെ ലാല്‍ കമലദളത്തില്‍ ശാസ്ത്രീയനൃത്തം ചെയ്തിട്ടുണ്ട്, കഥകളി അറിയാത്ത ലാല്‍ വാനപ്രസ്ഥത്തില്‍ മികവുറ്റ രീതിയില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പാട്ട് പാടിക്കാത്ത ലാല്‍ അസലായി പാടും. അതൊക്കെ ലാലിന്റെ ഉള്ളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന കഴിവാണ്. അമിതമായ വിജയങ്ങളിലോ അഭിനന്ദനങ്ങളിലോ  ആഹ്ലാദിച്ച് മതിമറക്കുന്ന ആളല്ല ലാല്‍. ഒരുപാട് പ്രശംസകള്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു ചെറിയ ചിരിയിലൂടെ അത് സ്വീകരിക്കും. വലിയ പരാജയങ്ങള്‍ അതുകൊണ്ട് തന്നെ ലാലിനെ തളര്‍ത്താറുമില്ല.എന്റെ പ്രിയസുഹൃത്തിന് ഒരായിരം പിറന്നാള്‍ ആശംസകള്‍.

Content Highlights: Sathyan Anthikad about Mohanlal Varavelpu movie TP Balagopalan MA