തിവേഗത്തിലോടുന്ന ഒരു സൂപ്പർ എക്സ്പ്രസ് ട്രെയിൻ ചങ്ങല വലിച്ചു നിർത്തിയതു പോലെയായിരുന്നു നടൻ മോഹൻലാൽ കോവിഡ് കാലത്തെ സ്വീകരിച്ചത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി, രാവിലെ മുഖത്ത് ചായംതേയ്ക്കാത്ത ദിനങ്ങൾ ഈ നടന് ഏറെ വിരളം.

വീട്ടിൽ പാർത്തതിനെക്കാൾ സമയം പെരുമാറിയത് ലൊക്കേഷന്റെ ലൈറ്റിനും ബഹളത്തിനുമിടയിൽ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്കുള്ള കൂടുവിട്ട് കൂടമാറ്റങ്ങൾ. നാടകാഭിനയങ്ങൾ, സ്റ്റേജ് ഷോകൾ, ടെലിവിഷൻ പരിപാടികൾ... ഈ അതിവേഗത്തിനാണ് ലാൽ ചങ്ങല വലിച്ചത്. ഇപ്പോൾ ചെന്നൈയിലെ കടലോരവസതിയിൽ രണ്ടുമാസത്തിലധികമായി, താടി വളർത്തി, ഉദയാസ്തമയങ്ങൾകണ്ട് മോഹൻലാൽ ഇരിക്കുന്നു.

എത്രയോ കാലത്തിനുശേഷം കുടുംബത്തോടൊപ്പമുള്ള ദീർഘവാസം. ഇതിനിടയിലാണ് മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നായ അറുപതാം പിറന്നാൾ ലാലിനെത്തേടി വരുന്നത്.

(പുനഃപ്രസിദ്ധീകരണം)

പ്രായം അറുപത് കടക്കുമ്പോള്‍ മോഹൻലാലിൽ നിറയുന്ന തുടർജീവിതചിന്തകൾ എന്തൊക്കെയാണ്..

ഈ സമയത്ത് ഇങ്ങനെ പെരുമാറണം എന്നൊരു പെരുമാറ്റച്ചട്ടമോ ലിഖിതനിയമമോ ഒന്നും കാലത്തിന്റെയും പ്രായത്തിന്റെയും കാര്യത്തിൽ ഇല്ല. ഇക്കാലമത്രയും നാം കടന്നുപോന്ന അനുഭവങ്ങളാണ് നമ്മെ മുന്നോട്ടുനയിക്കുക. അത് ഇങ്ങനെയായിരിക്കുമെന്ന് എങ്ങനെ നമുക്ക് തീരുമാനിക്കാൻ സാധിക്കും? പ്രത്യേകിച്ച് ഇപ്പോഴത്തെ ലോകത്തിന്റെ അവസ്ഥയിലിരുന്നുകൊണ്ട്. നമ്മൾ എന്തൊക്കെ സ്വപ്നംകണ്ടു, എത്രയെത്ര പദ്ധതികൾക്ക് രൂപംകൊടുത്തു. ഞാനും കുടുംബവും ഈ സമയത്ത് ജപ്പാനിൽ ഇരിക്കേണ്ടവരായിരുന്നു. ഞങ്ങളൊരു വെക്കേഷൻ പ്ലാൻചെയ്തതായിരുന്നു. ഞങ്ങളിപ്പോൾ ചെന്നൈയിലെ വീട്ടിലിരിക്കുകയാണ്. പുറത്തിറങ്ങിയിട്ട് രണ്ടുമാസത്തിലധികമായി. ഇതാണ് അവസ്ഥ. അതുകൊണ്ട് എന്റെ തുടർജീവിതത്തെക്കുറിച്ച് ഒന്നും ഞാൻ ആലോചിക്കുന്നില്ല. ആലോചിച്ചിട്ട് കാര്യമില്ല. കാലം വഴിനടത്തട്ടെ.

താങ്കൾ നിരന്തരം പറയുന്ന ഒരു കാര്യമുണ്ട്: ആരോഗ്യമുള്ളിടത്തോളം കാലം അഭിനയിക്കാമെന്നതാണ് ഒരു നടന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന്. ഇനിയും അത്രത്തോളം അഭിനയിച്ചുപോവാനുള്ള ദാഹം താങ്കളിലുണ്ടോ

തീർച്ചയായുമുണ്ടല്ലോ. പ്രധാനപ്പെട്ട കാര്യം, എനിക്ക് വേറെ കാര്യങ്ങളെക്കുറിച്ച് വളരെ പരിമിതമായ ധാരണകളേയുള്ളൂ. പൊതുജീവിതമില്ല. ഒരുപാട് നിയന്ത്രണങ്ങൾക്കുള്ളിലാണ് ഇത്രയും കാലം ജീവിച്ചുപോന്നത്. മാനസികമായി ഈ ഏകാന്തതയോട് ഞാൻ പൊരുത്തപ്പെട്ടുകഴിഞ്ഞു.

ഇനി മറ്റൊരു ജോലി എന്നത് അസാധ്യമാണ്. ഇപ്പോൾ ചെയ്യുന്ന ജോലിയുടെ ഉള്ളടക്കത്തിലും രൂപത്തിലുമൊക്കെ മാറ്റങ്ങൾ വരാം. അത് തീർച്ചയായും ഞാൻ ആസ്വദിക്കും. അതിനായി ആരോഗ്യത്തോടെയിരിക്കുക എന്നതാണ് കാര്യം. അതിനുവേണ്ടിയാണ് പ്രാർഥന.

ഒരു മനുഷ്യായുസ്സിന്റെ പകുതി കടന്നുപോന്നു. കടന്നുപോന്ന വഴികളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾഏറ്റവും ചാരിതാർഥ്യം നൽകുന്ന കാര്യമേതാണ്

സിനിമപോലുള്ള ഒരു മേഖലയിൽ ഇത്രയും കാലം ഇങ്ങനെയൊക്കെ നിലനിൽക്കാൻ സാധിച്ചു എന്നതുതന്നെയാണ് എന്റെ ഏറ്റവും വലിയ ചാരിതാർഥ്യം. ഇതൊരു അദ്‌ഭുതലോകമാണ്. നിങ്ങൾ ചെയ്യുന്നത് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എല്ലാം തീർന്നു. ആളുകൾക്ക് ആസ്വാദ്യകരമാവുക എന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഒരു തിയേറ്ററിൽ ഒരേ സമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഏതൊക്കെ രുചി വൈവിധ്യങ്ങളുള്ള മനുഷ്യരാണ്! ഒരേ സമയം അവരെയെല്ലാം തൃപ്തിപ്പെടുത്തണം. അതിന് കുറുക്കുവഴികളൊന്നുമില്ല. ഇത്രയും കാലം ഒരു പരിധിവരെ അതിന് സാധിച്ചു. അതുതന്നെ വലിയ കാര്യം.

ഇത്രയുംകാലം താങ്കൾക്ക് ഇങ്ങനെ നിൽക്കാൻ സാധിച്ചതിനുപിറകിലെ കാരണം സ്വയം വിലയിരുത്തിനോക്കിയിട്ടുണ്ടോ

ഒരിക്കലുമില്ല. അത്തരം ശാസ്ത്രീയ വിലയിരുത്തലുകളൊന്നും ശരിയാവണമെന്നുമില്ല. എന്റേത് വിലയിരുത്തലല്ല, വിശ്വാസമാണ്. അത് ഇതാണ്: എനിക്കറിയാത്ത ഏതോ ശക്തി എന്നെ വഴി നടത്തുകയായിരുന്നു.

എന്നെക്കൊണ്ട് എന്തൊക്കെയോ കെട്ടിയാടിക്കുകയായിരുന്നു. കലാപരമായ ഒരു പശ്ചാത്തലവുമില്ലാത്ത കുടുംബത്തിൽ ജനിച്ച എന്നെപ്പോലൊരാൾക്ക് ഇത്രയെങ്കിലും ചെയ്യാനായതിന് എന്തെങ്കിലും ഒരു വിശദീകരണം വേണമെങ്കിൽ ഇത്രയേ പറയാൻ സാധിക്കൂ. ആ ശക്തിയെ ദൈവമെന്നോ ഗുരുത്വമെന്നോ ഒക്കെ പേരിട്ടുവിളിക്കാം.

താങ്കൾ പറയാറുണ്ട്, പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരുമാണ് മോഹൻലാൽ എന്ന നടനെ സൃഷ്ടിച്ചത് എന്ന്. അതോടൊപ്പം കഴിഞ്ഞ ദിവസം പറഞ്ഞു, ഇനിയും എഴുത്തുകാരും സംവിധായകരുംതന്നെ വിചാരിക്കണം ഏതുതരത്തിലുള്ള കഥാപാത്രത്തെയാണ് തനിക്കുവേണ്ടി സൃഷ്ടിക്കേണ്ടത് എന്നും...

വലിയ എഴുത്തുകാരുടെയും സംവിധായകരുടെയും നിർമിതിതന്നെയാണ് മോഹൻലാൽ എന്ന നടൻ. അത്തരം നിരവധി പ്രതിഭകളുടെ വസന്തകാലത്ത് നടനായി വന്നുപെടാൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ഇനിയും അത് അങ്ങനെത്തന്നെയാവും.

നടൻ ഒരു മാധ്യമമാണ്, കളിമണ്ണാണ്. സ്രഷ്ടാക്കൾ എഴുത്തുകാരും സംവിധായകരുമാണ്. അതേസമയം, കാലത്തിനും പ്രായത്തിനുമനുസരിച്ച് അവർ കഥാപാത്രങ്ങളെ സൃഷ്ടിച്ചതുകൊണ്ടുമാത്രമായില്ല, അത് ജനങ്ങൾക്ക് ഇഷ്ടപ്പെടണം, അവർ സ്വീകരിക്കണം... അതാണ് ഞാൻ നേരത്തേ പറഞ്ഞത് സിനിമയെന്നത് വല്ലാത്തൊരു വിസ്മയലോകമാണെന്ന്. രണ്ടും രണ്ടും കൂട്ടിയാൽ ഇവിടെ നാലാവുമെന്ന് ഒരുറപ്പുമില്ല.

എത്രയോ ജാഗ്രതയോടെചെയ്ത സിനിമകൾ സ്വീകരിക്കപ്പെടാതെ പോയിട്ടുണ്ട്; ചില സിനിമകൾ ഇറങ്ങിയസമയത്ത് സ്വീകരിക്കപ്പെടില്ല, പിന്നീട് അവയ്ക്ക് വലിയ കാഴ്ചക്കാരുണ്ടാവും... എന്താണ് ഇതിനൊക്കെ ഒരു വിശദീകരണം നൽകുക?

ശരീരത്തിനല്ല, മനസ്സിനാണ് യൗവനം വേണ്ടത് എന്നൊരു പറച്ചിലുണ്ട്. അതിപ്പോഴുമുണ്ടോ

ഉണ്ടല്ലോ, ഉണ്ടാവണമല്ലോ. ഒരു പ്രധാനപ്പെട്ട കാര്യമെന്താണെന്നോ, ഞാൻ ഇക്കാലയളവിലെ അഭിനയജീവിതത്തിൽ കഥാപാത്രങ്ങൾക്കുവേണ്ടി മനുഷ്യന്റെ പലപല മാനസികാവസ്ഥകളിലൂടെ കടന്നുപോന്നിട്ടുണ്ട്. അതൊരു വലിയ പരിശീലനമായിരുന്നു. മനസ്സിനെ യൗവനയുക്തമാക്കിനിർത്താൻ അത് എന്നെ സഹായിച്ചേക്കും.

കാലം താങ്കൾക്കൊരു റീട്ടേക്കിന് അവസരംതന്നാൽ...

ഇങ്ങനെയൊക്കെ മതി എന്നുപറയും. ഇതുതന്നെ യാദൃച്ഛികമായി ഇങ്ങനെയൊക്കെയായതാണ്. ഇനി വീണ്ടുമെടുത്തത് കുഴപ്പമാക്കണോ?

പിന്നെ, ഇത്രയും കാലം ജീവിച്ചു എന്നതുതന്നെ അദ്‌ഭുതമാണ്. എത്രയോ അപകടഘട്ടങ്ങൾ കടന്നുപോന്നിരിക്കുന്നു. കാലം ഏറെ കലുഷമായിക്കഴിഞ്ഞു. ഇവിടെ ഇനിയുമൊരു തിരനോട്ടം വേണോ?

പൊളിറ്റിക്സ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ

രാഷ്ട്രീയത്തെക്കുറിച്ച് ശരാശരിയിൽ കുറഞ്ഞ ധാരണയേ എനിക്കുള്ളൂ. രാഷ്ട്രീയ പ്രവർത്തനം എന്നത് ഏറെ ​ഗൗരവപൂർണമായ, വലിയ ഉത്തരവാദിത്വമുള്ള ഒരു സമർപ്പണമാണ്. അതൊരു പാർട്ട് ടൈം ജോലി അല്ല. അറുപത് കഴിഞ്ഞാൽ ചെന്ന്  ചേരേണ്ട അഭയ സ്ഥാനവുമല്ല എനിക്ക്. രാഷ്ട്രീയം എന്റെ കപ്പ് ഓഫ് ടീ അല്ല. 

Content Highlights: Mohanlal Interview, talks about his Career Movies Politics, Birthday special