മോഹൻലാൽ എന്ന ഭർത്താവിനെക്കുറിച്ച്, സഹയാത്രികനെക്കുറിച്ച് ഭാര്യ സുചിത്ര സംസാരിക്കുന്നു...

മുപ്പത്തിരണ്ടു വർഷമായി നിങ്ങൾ വിവാഹിതരായിട്ട്. ഈ മുപ്പത്തിരണ്ടു വർഷത്തിനിടയിൽ മോഹൻലാൽ എന്ന ജീവിതത്തിലെ സഹയാത്രികന് എന്തെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടായതായി തോന്നിയിട്ടുണ്ടോ?

ഒട്ടുമില്ല. അതിന് കാരണമുണ്ട്. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ എനിക്ക്‌ 22 വയസ്സും ചേട്ടന് 28 വയസ്സുമായിരുന്നു. അന്നും ചേട്ടൻ പ്രായത്തിൽക്കവിഞ്ഞ ഒരു പക്വതയുള്ളയാളായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്റെ പ്രായത്തിലുള്ള എന്റെ ബന്ധുക്കളുടെയെല്ലാം വിവാഹം കഴിഞ്ഞപ്പോൾ അവരുടെയെല്ലാം ഭർത്താക്കന്മാരെ ഞാൻ കാണാറുണ്ട്. അവരൊക്കെ കുറേയധികം ജോലിയിലാണ്. താരതമ്യേന ചേട്ടൻ ഒരു പ്രത്യേകതരം പക്വത കാത്തുസൂക്ഷിക്കുന്നതായാണ് എന്റെ അനുഭവം. എന്നാൽ, ഞങ്ങളുടെ കുടുംബാന്തരീക്ഷത്തിൽ ആവശ്യത്തിനുള്ള കളിചിരികൾ എല്ലാം ഉണ്ടുതാനും.

ജീവിതം പ്ലാൻചെയ്യുന്ന ഒരാളാണോ സുചിത്രയുടെ ഭർത്താവ്?

അല്ലേയല്ല. ഒരു പ്ലാനിങ്ങുമില്ല. മക്കളുടെ കാര്യത്തിൽ പലപ്പോഴും ഞാൻ ചോദിക്കാറുണ്ട്. മായ വലുതായിത്തുടങ്ങി, അവൾക്കുവേണ്ടി ചില കരുതലുകൾതുടങ്ങണ്ടേ... അപ്പോൾ ചേട്ടൻ പറയും: അതൊന്നും ഇപ്പോഴേ നോക്കണ്ട, ആ സമയത്ത് അതൊക്കെ നടന്നോളും. ജീവിതത്തിൽ ചേട്ടൻ എന്തെങ്കിലുമൊന്ന് പ്ലാൻ ചെയ്യുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. വരുന്നവഴിക്ക്‌ ഇങ്ങനെ പോവുകയാണ്.
 
മോഹൻലാലിന് അഭിനയം ഒരു പാഷൻ ആണ് എന്ന് തോന്നിയിട്ടുണ്ടോ?

ആദ്യകാലത്ത് അങ്ങനെയായിരിക്കാം. അന്നു ഞാൻ ഒപ്പമില്ലല്ലോ. പിന്നെ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിമാറി. അതുകൊണ്ട് അങ്ങനെ മാറിനിന്ന് നിരീക്ഷിക്കാനൊന്നും എനിക്കു സാധിച്ചിട്ടില്ല.

മോഹൻലാൽ ഇമോഷണലായുള്ള ഒരു മനുഷ്യനാണോ?

ചേട്ടൻ നല്ല ഇമോഷണലാണ്. എന്നാൽ, ഒരു മാജിക്കുകാരനെപ്പോലെ അത് ഒളിപ്പിക്കും. മനസ്സിലാവുകയേയില്ല. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുള്ള അനുഭവം എനിക്കുണ്ട്.

ചേട്ടൻ ആശ്വസിപ്പിക്കുക ഒരു പ്രത്യേകതരത്തിലാണ്. മരിച്ചു എന്ന സത്യത്തെ സ്വീകരിക്കാൻ പറയും. നാളെ നമ്മളും മരിക്കും എന്നാണ് എന്നോടു പറഞ്ഞത്. അന്ന് എനിക്ക്‌ അതുകേട്ടപ്പോൾ എന്തോപോലെ തോന്നിയിരുന്നു. ഇങ്ങനെയാണോ ആശ്വസിപ്പിക്കുക എന്നു തോന്നിയിരുന്നു. എന്നാൽ, പിന്നീട് മനസ്സിലായി, അതാണ് സത്യമെന്ന്.

ഒരുപാട് ടെൻഷനടിക്കുന്നയാളാണ് ലാൽ എന്ന് ചിലരെങ്കിലും നിരീക്ഷിച്ചിട്ടുണ്ട്

ഒരു ടെൻഷനുമില്ല. ഇപ്പോൾ രണ്ടുമാസത്തിലധികമായില്ലേ ഈ വീട്ടിൽ. പൊതുവേ ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ഇടയ്ക്കിടെ ഇങ്ങനെ പറയുമെങ്കിലും സ്വന്തം കാര്യത്തിൽ ഒരു ടെൻഷനും ഞാനിതുവരെ കണ്ടിട്ടില്ല. അമ്മ കൊച്ചിയിലാണ് എന്നൊരു ആധി ഉള്ളിലുണ്ട്. അത് ഞങ്ങൾക്കെല്ലാമുണ്ട്. പലരും പറയുന്നത് ഞാൻ കേട്ടു: പാവം ലാലിന് മടുത്തിരിക്കും, ചെന്നൈയിൽ പെട്ടുപോയില്ലേ? ഒന്നുമില്ല. ഇവിടെ വളരെ റിലാക്‌സ്ഡാണ് കക്ഷി.

മോഹൻലാലിലെ നടനെ സുചിത്ര എങ്ങനെയാണ് വിലയിരുത്തുന്നത്..?

ചേട്ടൻ ഒന്നാന്തരം നടനാണ്; ക്യാമറയ്ക്കു മുന്നിൽ. ജീവിതത്തിൽ ഏറ്റവും മോശം നടനുമാണ്. അഭിനയിക്കാൻ തീരേയറിയില്ല. അഭിനയിക്കുകയാണെങ്കിൽ അത് പെട്ടെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും.

Content Highlights: Mohanlal Birthday, Suchitra interview about her Husband, Family, marriage life