ദ്യ ചിത്രം മഞ്ഞിൽവിരിഞ്ഞ പൂക്കൾ മുതൽ മോഹൻലാലിന്റെ പല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായിരുന്നു സംവിധായകൻ ഫാസിൽ. മറക്കില്ലൊരിക്കലും, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, മണിച്ചിത്രത്താഴ് തുടങ്ങി ഒട്ടവവധി ചിത്രങ്ങളാണ് ഫാസിൽ-ലാൽ കൂട്ടുകെട്ടിൽ പിറന്നത്. 

സിനിമയിലെ ഫാസിലിന്റെ തുടക്കക്കാലം മുതൽ അദ്ദേഹത്തിന്റെ സഹായിയായി ഒപ്പം കൂടിയ ഒരാളുണ്ട്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവ് ബാബു ഷാഹിർ. സൗബിന്റെ പേരിലാണ് ഇപ്പോൾ കൂടുതലായും അറിയപ്പെടുന്നത് എങ്കിലും സൗബിൻ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുൻപു തന്നെ, സിനിമാമോഹവുമായി മാദ്രാസിലേക്ക് വണ്ടി കയറിയതാണ് ബാബു ഷാഹിർ. അദ്ദേഹത്തിന്റെ ഓർമകളുടെ റീലുകൾ പിറകോട്ട് സഞ്ചരിക്കുമ്പോൾ ഒരുപിടി സിനിമാക്കഥകൾ നമുക്ക് കേൾക്കാം.  ഒരു പത്ത് സിനിമകളെങ്കിലും എടുക്കാനുള്ള അനുഭവകഥകളെങ്കിലും അതിലുണ്ട്. അതിലൊരു അധ്യായം മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിനെക്കുറിച്ചാണ്. ബാബു ഷാഹിറിന്റെ ലാലിനെക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ....

''മറക്കില്ലൊരിക്കലും എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാനും ലാലും ആദ്യം ജോലി ചെയ്യുന്നത്. നസീർ സാറും (പ്രേംനസീർ), അംബികയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ ലാൽ വില്ലനും.ശരിക്കും കൊച്ചു കുട്ടികളെപ്പോലെയാണ് ലാൽ. സെറ്റിൽ ഓടിച്ചാടി നടക്കും. ​ഗൗരവത്തോടെ ഇരിക്കുന്നത് കാണാറേയില്ല. ലാൽ വന്നാൽ സെറ്റ് ലെെവാകും. വല്ലാത്ത ഒരു വ്യക്തിപ്രഭാവമാണ്. ലാലിന്റെ അഭിനയം ജന്മസിദ്ധമാണ്. അത് ഞാൻ പറയേണ്ട ആവശ്യമില്ല. പ്രേക്ഷകർക്കറിയാം. ''

നസീർ സാർ പറഞ്ഞു; കുറിച്ചു വച്ചോളൂ, ഇയാളുടെ വളർച്ച പെട്ടന്നായിരിക്കും

മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ പ്രീമിയർ ഷോയ്ക്ക് നവോദയ അപ്പച്ചൻ നസീർ സാറിനെയും വിളിച്ചിരുന്നു. ഷോ കണ്ടിറങ്ങിയ നസീർ സാർ പറ‍ഞ്ഞു, കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളർച്ച പെട്ടന്നായിരിക്കും, ഇയാൾ സൂപ്പർതാരമാകാൻ അധികം സമയമെടുക്കില്ല. അതുപോലെ തന്നെയാണ് ആലപ്പുഴക്കാരൻ ഫാസിൽ. ഇവരുടെ കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറക്കും. നസീർ സാർ പറഞ്ഞ ആ വാക്കുകൾ അച്ചട്ടായി. 

പിന്നീട് പടയോട്ടത്തിൽ ലാൽ നസീർ സാറിനൊപ്പം അഭിനയിച്ചു. അതിൽ മമ്മൂക്കയുടെ കഥാപാത്രത്തിന്റെ മകന്റെ വേഷത്തിലാണ് ലാൽ എത്തിയത്.

കൃത്യനിഷ്ഠയുള്ള ലാൽ

വിസ്മയത്തുമ്പത്ത് സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഞാനും മുകേഷും ​ഗോകുലം പാർക്കിനടുത്താണ് താമസിച്ചിരുന്നത്. മോഹൻലാൽ താജിലും. ഒരു ദിവസം രാവിലെ 7 മണിക്ക് തന്നെ ഷൂട്ടിങ് തുടങ്ങണമെന്ന് ഫാസിൽ സാർ പറഞ്ഞിരുന്നു. രാവിലെ 5 മണിക്ക് എനിക്ക് ഒരു കോൾ വന്നു. ഞാൻ മോഹൻലാലാണ്, താഴെ കാറിൽ നിങ്ങളെ കാത്തു നിൽക്കുകയാണെന്ന് പറഞ്ഞ്. ഞാനും മുകേഷും തിരക്കു പിടിച്ച് റെഡിയായി ലാലിന്റെ അടുത്തേക്ക് ഓടി. മോഹൻലാൽ അങ്ങനെയാണ്. സെറ്റിൽ കൃത്യസമയത്ത് തന്നെ എത്തും. സത്യത്തിൽ ലാലിന് ഞങ്ങളെ കൂട്ടി പോകേണ്ട ആവശ്യമൊന്നുമില്ല. അദ്ദേഹത്തിന് നേരേ പോയാൽ മതി. എന്നാൽ ഞങ്ങളെ കാത്തു നിന്ന് ഒപ്പം കൂട്ടിയാണ് അദ്ദേഹം സെറ്റിലേക്ക് പോയത്. വലിയ നടനായി തീർത്തിട്ടും ലാലിന് ഒരു മാറ്റവുമില്ല. അതെന്നെ അത്ഭുതപ്പെടുത്താറുണ്ട്.

ലാൽ മമ്മൂക്കയോട് ചോദിക്കും; ഇച്ചാക്കാ... എന്താ ചെയ്യാൻ പോകുന്നത്

babu shahir
ബാബു ഷാഹിര്‍

എനിക്ക് മറക്കാനാവാത്ത സെറ്റുകളിലൊന്നാണ് ഹരികൃഷ്ണൻസ് എന്ന സിനിമയിലേത്. മലയാളത്തിലെ രണ്ടു നടന വിസ്മയങ്ങൾ ഒന്നിച്ച് അഭിനയിക്കുന്നു. അവർ തമ്മിലുള്ള രസതന്ത്രം രസകരമാണ്. ഷോട്ട് എടുക്കുന്നതിന് മുൻപ് ഇരുവരും സീൻ ചർച്ച ചെയ്യും. ലാൽ ചോദിക്കും; ഇച്ചാക്ക എന്താണ് ചെയ്യാൻ പോകുന്നത്? (ലാൽ മമ്മൂട്ടിയെ അങ്ങനെയാണ് വിളിക്കാറ്. സുൽഫത്തിനെ ബാബിയെന്നും. മമ്മൂട്ടിയുടെ സഹോദരങ്ങൾ അദ്ദേഹത്തെ ഇച്ചാക്ക എന്നാണ് വിളിക്കാറ്. അത് കേട്ടിട്ടാണ് ലാലും അങ്ങനെ വിളിക്കാൻ തുടങ്ങിയത്). അപ്പോൾ മമ്മൂട്ടി പറയും; ഞാൻ ഇങ്ങനെ ചെയ്യും നീ അങ്ങിനെ ചെയ്യ്. ആ ചർച്ച കണ്ടു നിൽക്കാൻ‌ തന്നെ ഭയങ്കര രസമാണ്. ചിലപ്പോൾ മേക്കപ്പ് ഇടുന്ന സമയത്തായിരിക്കും ഇവർ ഒരുമിച്ച് സീൻ ചർച്ച ചെയ്യുന്നതും പ്ലാൻ ചെയ്യുന്നതും. രണ്ടു പേരും പ്രതിഭകളായതിനാൽ അധികം ടേക്ക് പോകേണ്ടി വരില്ല. അതാണ് സത്യം. ലാലിന്റെ ഓരോ ടേക്കും ഒന്നിനൊന്നു മെച്ചമായിരിക്കും. സംവിധായകർക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്, ഇതിൽ ഏതാണ് എഡിറ്റ് ചെയ്യാൻ എടുക്കേണ്ടത് എന്നാലോചിച്ച്. മമ്മൂക്കയുടെയും അങ്ങനെ തന്നെ...

ഭക്ഷണം പതിയ കഴിക്കുന്ന ലാൽ

ലാൽ നല്ല കുക്കാണ്. അതിലുപരി ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്ന വ്യക്തിയാണ്. ഷൂട്ടിങ് നടക്കുമ്പോൾ സെറ്റിൽ എന്താണ് കഴിക്കാൻ ഉണ്ടാകുക എന്ന് നേരത്തേ ചോദിച്ചു വയ്ക്കുന്ന ശീലം ലാലിനുണ്ട്. എല്ലാവരോടും ഭക്ഷണം കഴിച്ചോ എന്നൊക്കെ വന്നന്വേഷിക്കും.  മറ്റുള്ളവർ എഴുന്നേറ്റാലും ലാൽ കഴിച്ചു കഴിഞ്ഞു കാണില്ല. ഭക്ഷണത്തോടു ചിരിച്ചും താലോലിച്ചും പതിയെ പതിയെ കഴിക്കുന്നത് കാണാം. എന്നാൽ എല്ലാം വലിച്ചു വാരി കഴിക്കുന്ന ശീലം ലാലിനില്ല. കുറച്ചേ കഴിക്കുക, അത് നന്നായി കഴിക്കുക; അതാണ് ലാലിന്റെ പോളിസി.

Content Highlights: Mohanlal birthday, Mammootty, Babu Shahir Interview Harikrishnans Movie, Faasil, Prem nazir