മോഹന്‍ലാല്‍ അതുല്യനായ ജനകീയ നടന്‍ മാത്രമല്ല, അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്രയേറെ വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച നടന്മാര്‍ നമുക്ക് കുറവാണ്.

ഒരു കഥാപാത്രത്തെയോ കഥാസന്ദര്‍ഭത്തെയോ അതിന്റെ നൈസര്‍ഗികമായ പൂര്‍ണതയില്‍ അഭിനയിച്ച് വ്യാഖ്യാനിക്കാനുള്ള മിടുക്കാണ് ഒരു നടന്റെ പ്രതിഭയെ വിലയിരുത്തുന്നതിലെ മാനദണ്ഡം. ലോകത്തിലെ മഹാന്മാരായ അഭിനേതാക്കള്‍ രണ്ടുതരത്തില്‍ ഇത് സാധിക്കാറുണ്ട്. കഥാപാത്രത്തെ ശാസ്ത്രീയമായ അഭിനയ സിദ്ധാന്തങ്ങളുടെ മാനദണ്ഡങ്ങളുപയോഗിച്ച് പഠിച്ചറിഞ്ഞ് ബുദ്ധിപരമായ പ്രതിഭാസാമര്‍ഥ്യത്തോടെ അഭിനയിച്ച് ഫലിപ്പിക്കലാണ് ഒരുരീതി. അതില്‍ ആര്‍ജിതമായ അഭിനയജ്ഞാന സാമര്‍ഥ്യമാണ് സാമാന്യമായി പ്രതിഫലിക്കുക. മറ്റൊന്ന് അസാധാരണമായ ഭാവധ്യാനംകൊണ്ട് കഥാപാത്രത്തിലേക്ക് ക്ഷണനേരംകൊണ്ട് സന്നിവേശിച്ച് ഒരുതരം തന്മയീഭാവം തോന്നിപ്പിച്ചുകൊണ്ട് അഭിനയിച്ചനുഭവിപ്പിക്കുന്ന രീതിയാണ്. ഇത് ജന്മസിദ്ധമായ വാസനാബലംകൊണ്ടേ സാധിക്കൂ.

ഇതില്‍ രണ്ടാമത്തെ രീതിയില്‍ അഭിനയകലയെ അസാധാരണമായി സാക്ഷാത്കരിച്ച അഭിനേതാവാണ് മോഹന്‍ലാല്‍. അഭിനയവാസന അദ്ദേഹത്തിന് ജന്മസിദ്ധമാണ്. സ്റ്റാനിസ്ലാവ്സ്‌കിയുടെ അഭിനയ പാഠപുസ്തകം വായിച്ച് പഠിച്ച് അഭിനയിക്കുകയല്ല, സ്റ്റാനിസ്ലാവ്സ്‌കിയെപ്പോലുള്ളവര്‍ക്ക് പുതിയ അഭിനയസിദ്ധാന്തം രൂപവത്കരിക്കാന്‍ പാഠപുസ്തകമായിത്തീരുകയാണ് മോഹന്‍ലാലിനെപ്പോലെയുള്ള സമാനതയില്ലാത്ത മഹാനടന്മാര്‍ ചെയ്യുന്നത്.

ഞാന്‍ മോഹന്‍ലാലിന്റെ ആരാധകനല്ല, എങ്കിലും 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' തൊട്ടുള്ള അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും കണ്ട ഒരു സിനിമാസ്വാദകന്‍ എന്നനിലയില്‍ മോഹന്‍ലാലിലെ അഭിനേതാവിനെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.

സ്വാഭാവിക അഭിനയം

അയത്‌നലളിതമാണ് മോഹന്‍ലാലിന്റെ അഭിനയശൈലി. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ ഈ നടന് അനായാസമായി സാധിക്കും. വളരെ സ്വാഭാവികമായ രീതിയില്‍ കഥാപാത്രമായി പെരുമാറുകയാണ് ഈ വലിയ നടന്‍ നൈസര്‍ഗികമായി ചെയ്യുന്നത്. അതിന് കൃത്രിമമായ യാതൊരഭിനയതന്ത്രങ്ങളെയും മോഹന്‍ലാല്‍ കൂട്ടുപിടിക്കുന്നില്ല. അദ്ദേഹത്തിന്റെ സ്വാഭാവികമായ സംഭാഷണരീതി തന്നെയാണ് പലപ്പോഴും മിക്ക കഥാപാത്രങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കുന്നത്. പക്ഷേ, പ്രേക്ഷകര്‍ക്ക് ഒരിക്കലും അസ്വാഭാവികത അനുഭവപ്പെടാറില്ല.

എം.ടി. വാസുദേവന്‍നായരെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത 'അഭയംതേടി' എന്ന സിനിമയിലെ ഗ്രാമീണ കര്‍ഷകനായ 'അപ്പു' ശുദ്ധ വള്ളുവനാടന്‍ കഥാപാത്രമായിട്ടും ലാലിന്റെ സ്വാഭാവികമായ സംഭാഷണം ഒട്ടും അലോസരമുണ്ടാക്കിയില്ല. കണ്ടിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ആ കഥാപാത്രത്തിന്റെ നിഷ്‌കളങ്കത ഇന്നും എന്റെ മനസ്സില്‍നിന്ന് പോയിട്ടില്ല. എം.ടി.യുടെ തന്നെ മറ്റൊരു കഥാപാത്രമായ 'രംഗ'ത്തിലെ കഥകളിനടനെയും വിജയിപ്പിച്ചത് നിഷ്‌കളങ്ക-നിസ്സഹായ ഭാവങ്ങളുടെ ഈ അസാധാരണമായ പകര്‍ന്നാട്ടമാണ്.

മലയാളികള്‍ ഒരിക്കലും വ്യവഹാരജീവിതത്തില്‍ കൊണ്ടുനടക്കാറില്ലെങ്കിലും ഉള്ളില്‍ പുലരാനാഗ്രഹിക്കുന്ന ഈ 'നിഷ്‌കളങ്ക'ഭാവത്തിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരമാണ് മോഹന്‍ലാലിനെ മലയാളികള്‍ക്കിത്രയേറെ പ്രിയങ്കരനാക്കിയത്. അതുപോലെത്തന്നെ മലയാളി നിത്യജീവിതത്തില്‍ നേരിടുന്ന പ്രധാന ജീവിതാവസ്ഥയാണ് നിസ്സഹായത. ആ ഭാവത്തിന്റെ അനേകമനേകം അവസ്ഥാന്തരങ്ങളെ അനന്യസാധാരണമായി അഭിനയിച്ച് ഫലിപ്പിച്ച നടനാണ് മോഹന്‍ലാല്‍. അതും അദ്ദേഹത്തെ ജനപ്രിയനാക്കിയ ഭാവപ്പകര്‍ച്ചകളിലൊന്നാണ്.

നിസ്സഹായത- സ്ഥായീഭാവം

രഞ്ജിത് എഴുതിയ 'ദേവാസുരം', 'ആറാംതമ്പുരാന്‍', 'രാവണപ്രഭു' തുടങ്ങിയ ജനപ്രിയ വീരോദാത്തനായകവേഷങ്ങളുടെയും അടിയില്‍ക്കിടക്കുന്ന സ്ഥായീഭാവം 'നിസ്സഹായത'യാണ്. 'എടോ വാര്യരേ, ഞാനെന്തേ ഇങ്ങനെയായത്?'എന്ന മംഗലശ്ശേരി നീലകണ്ഠന്റെ നിസ്സഹായമായ ചോദ്യം പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ജീവിതാവസ്ഥകളെ വീരപരിവേഷത്തോടെ നേരിടുമ്പോഴും ഈ കഥാപാത്രങ്ങളനുഭവിപ്പിക്കുന്ന ആഴമേറിയ നിസ്സഹായതയുടെ വ്യസനങ്ങള്‍ അവിസ്മരണീയമാംവിധത്തില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിഞ്ഞതാണ് ഈ മഹാനടന്റെ വലിയ വിജയം. എഴുത്തുകാര്‍ സങ്കല്പിച്ചതിനുമപ്പുറത്തേക്ക് ധര്‍മസങ്കടങ്ങളുടെ ആ സനാതനഭാവത്തെ ഈ ആജന്മനടന്‍ ഉള്‍ക്കൊണ്ടു. 'ഇരുപതാംനൂറ്റാണ്ടു'പോലുള്ള സിനിമകളിലെ പ്രഖ്യാതമായ വില്ലന്‍വേഷങ്ങളുടെപോലും അന്തര്‍ഹിതമായ ഭാവം നിഷ്‌കപടത്വത്തിന്റെതായിരുന്നു. ഭരതന്റെ 'താഴ്വാര'ത്തില്‍ നിസ്സഹായതയുടെ വികാസമാണ് വില്ലന്‍.

വിശ്വോത്തര സംവിധായകനായ അരവിന്ദന്റെ 'വാസ്തുഹാര'യിലെ നിസ്സഹായനായ റഫ്യൂജീസ് ഓഫീസറുടെ വേഷം (സി.വി. ശ്രീരാമന്റെ കഥാപാത്രം) ഒരിക്കലും നല്ല സിനിമാസ്വാദകര്‍ക്ക് മറക്കാനാവില്ല. ചിരന്തനമായ ഈ നിഷ്‌കളങ്ക- നിസ്സഹായഭാവങ്ങളുടെ മറ്റൊരു പകര്‍ന്നാട്ടമാണ് ഷാജി എന്‍. കരുണിന്റെ 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടന്‍. എം.ടി. എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത സദയത്തില്‍ ഈ ഭാവങ്ങളുടെ പരകോടിയിലുള്ള ആവിഷ്‌കാരമാണ് മോഹന്‍ലാല്‍ സാക്ഷാത്കരിച്ചിട്ടുള്ളത്. 'ഭാവത്തിന്‍ പരകോടിയില്‍ അഭാവത്തില്‍ സ്വഭാവം വരാം' എന്ന പ്രമാണമനുസരിച്ചാണെങ്കില്‍ നിസ്സഹായതയുടെ പരമാവസ്ഥയില്‍ എത്തുന്ന ഒരുതരം ശൂന്യഭാവസ്ഥലത്തിലേക്ക് ഈ മഹാനടന്‍ പ്രവേശിച്ചത് ഞാന്‍ അദ്ഭുതത്തോടെ നിരീക്ഷിച്ചിട്ടുണ്ട്. ഭരതത്തിലും കിരീടത്തിലും ചെങ്കോലിലുമെല്ലാം ലാലിന്റെ ഭാവപ്രകടനം ഈ തലത്തിലേക്കുയര്‍ന്നതായി കാണാം.

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം സൃഷ്ടിച്ച സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലന്‍ എം.എ. തുടങ്ങി ഒട്ടനവധി സിനിമകളില്‍ നിഷ്‌കളങ്കതയുടെയും അനാഥത്വത്തിന്റെയും നിസ്സഹായതയുടെയും മനുഷ്യസ്ഥായീഭാവങ്ങള്‍ പലതലങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു വ്യാഖ്യാനിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ ചിത്രം, കിലുക്കം, ചന്ദ്രലേഖ, തേന്മാവിന്‍കൊമ്പത്ത് തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഈ ഭാവങ്ങളെത്തന്നെ മറ്റൊരു വിതാനത്തില്‍ വ്യതിചലിപ്പിച്ച് ആവിഷ്‌കരിച്ചിരിക്കുന്നു. ബ്ലെസ്സിയുടെ തന്മാത്ര ഭാവശൂന്യതയുടെ ഭാവപൂര്‍ണിമയ്ക്ക് മറ്റൊരുദാഹരണമാണ്.
തട്ടിപ്പും തരികിടയും പാരവെപ്പുമൊക്കെയുള്ള കഥാപാത്രമായിട്ടുകൂടി ചിത്രത്തിന്റെ നിര്‍വഹണരംഗത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊലയാളിയായ നായകന്‍ സോമന്‍ അവതരിപ്പിക്കുന്ന പോലീസ് ഓഫീസറോടു ചോദിക്കുന്ന നിസ്സഹായമായ ചോദ്യം ഏതു ശിലാഹൃദയന്റെയും കണ്ണു നനയിക്കും:

''ഇപ്പോള്‍ ജീവിക്കാനൊരു മോഹം തോന്നുന്നു, അതുകൊണ്ടു ചോദിക്ക്യാ. എന്നെ കൊല്ലാതിരിക്കാന്‍ പറ്റോ?...ഇല്ല, അല്ലേ?''
ആ സമയത്ത് മോഹന്‍ലാലിന്റെ മുഖത്തുനിറയുന്ന വേദനനിറഞ്ഞ ചിരിയുടെ നിസ്സഹായതാഭാവം മറ്റൊരു നടനും ആവിഷ്‌കരിക്കാന്‍ കഴിയുന്നതല്ല. ആ ഒരൊറ്റ പ്രകടനത്തിലൂടെ സിനിമ കോമഡി എന്റര്‍ടെയ്നര്‍ എന്ന തലത്തില്‍നിന്ന് മറ്റൊരു മാനുഷിക വിതാനത്തിലേക്കുയര്‍ത്തപ്പെടുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തികവുകൊണ്ടു മാത്രം അവിസ്മരണീയമായിത്തീര്‍ന്ന എത്രയെത്രയോ കച്ചവടച്ചേരുവകളുള്ള സിനിമകള്‍ നമുക്കോര്‍ക്കുവാനുണ്ട്. ഒരേസമയം അവ വലിയ സാമ്പത്തികവിജയം നേടുകയും അനശ്വരമായ അഭിനയ നിമിഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

രാജേന്ദ്ര ബാബുവും ഭദ്രനും ചേര്‍ന്നൊരുക്കിയ 'സ്ഫടികം' മോഹന്‍ലാലിന്റെ അഭിനയസാധ്യതകളാല്‍ വ്യതിരിക്തമാക്കപ്പെട്ട സിനിമയായിരുന്നു. ആടുതോമായുടെ എല്ലാ കൊള്ളരുതായ്മകളുടെയും അടിയില്‍ അവഗണനയുടെയും അനാഥത്വത്തിന്റെയും നിഷ്‌കളങ്ക വേദന എത്ര സമര്‍ഥമായാണ് മോഹന്‍ലാല്‍ അഭിനയിച്ചുഫലിപ്പിച്ചത്.

വീരനായകന്റെ പരിവേഷം

ആര്‍. സുകുമാരന്റെ പാദമുദ്രയിലെ ഓച്ചിറക്കാരന്‍ പണ്ടാരത്തിലും പിതാവിലും വിടത്വത്തിനപ്പുറം തെളിയുന്ന നാടോടിത്തത്തിന്റെ അനാഥ നിഷ്‌കളങ്കത്വമുണ്ട്. ഇങ്ങനെ എത്രയോ വേഷങ്ങളുദാഹരിച്ചും സമര്‍ഥിക്കാന്‍ കഴിയുന്ന ഒന്നുണ്ട്. മോഹന്‍ലാലിന്റെ ഭാവവൈവിധ്യങ്ങളുടെയൊക്കെ അടിയില്‍ മലയാളി ആഴത്തില്‍ തിരിച്ചറിഞ്ഞത് നിഷ്‌കളങ്കതയുടെ ഒരടിസ്ഥാന മനുഷ്യഭാവമാണ്. മോഹന്‍ലാലിന്റെ മുഖത്തിന്റെ സ്ഥായീഭാവമായ നിഷ്‌കളങ്കത്വത്തിന്റെയും അഹങ്കാരമില്ലായ്മയുടെയും മേല്‍ വെച്ചുകെട്ടപ്പെട്ട എല്ലാ പകര്‍ന്നാട്ടങ്ങളെയും അടിസ്ഥാനഭാവത്തോടുചേര്‍ത്തുമാത്രമേ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളൂ. അത് അസാധാരണമായ ഒരിഷ്ടം ഈ നടനോട് മലയാളികളുടെ മൂന്നുതലമുറകള്‍ക്കുണ്ടാവാന്‍ കാരണമായി.

അഭിനയിച്ചുതുടങ്ങിയ കാലം തൊട്ടിന്നേവരെ മോഹന്‍ലാല്‍ ആഘോഷിക്കപ്പെട്ടു. ലോകത്തിന്റെ എല്ലാ കോണിലും മോഹന്‍ലാലിന് ആരാധകരുണ്ട്; മലയാളികളായും അല്ലാതെയും. ആവശ്യത്തിലധികം ഉണ്ടായിരുന്നപ്പോഴും വീരനായകന്റെ പരിവേഷം ശാരീരിക പ്രത്യക്ഷത്തിനപ്പുറം സാക്ഷാത്കരിക്കാന്‍ ഈ നടന് കഴിഞ്ഞു. അഭിനയകലയോടുള്ള സമര്‍പ്പണവും ആത്മാര്‍ഥതയും തന്നെയാണ് അതിന് കാരണം. ചില വേഷങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി കഥകളി പഠിക്കാനും നൃത്തം പഠിക്കാനും കളരിപഠിക്കാനുമൊക്കെ മോഹന്‍ലാല്‍ കഷ്ടപ്പെട്ടത് ഓര്‍ക്കേണ്ടതാണ്.

വ്യക്തി എന്ന നിലയില്‍ മോഹന്‍ലാലിനെ എനിക്കറിയില്ല. പൂമുള്ളി ആറാം തമ്പുരാന്റെ ശിഷ്യന്‍ ഉണ്ണികൃഷ്ണന്റെ 'ഗുരുകൃപ' എന്ന ആയുര്‍വേദ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങില്‍വെച്ച് ഒരിക്കല്‍ കണ്ടുപരിചയപ്പെട്ടുപിരിഞ്ഞതിന്റെ സ്‌നേഹം ഓര്‍മയിലുണ്ട്.
പക്ഷേ, ഈ വലിയ നടന്റെ ഒട്ടനേകം വേഷങ്ങളിലൂടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആസ്വാദകനെന്ന നിലയില്‍ കടന്നുപോയ അനുഭവംവെച്ച് വിലയിരുത്തുമ്പോള്‍ പറയാന്‍ കഴിയുന്നതിത്രമാത്രമാണ്.

എത്രയോ താരോദയങ്ങള്‍ക്കും അസ്തമയങ്ങള്‍ക്കും ശേഷവും ഈ നടന്‍ മലയാളസിനിമയിലെ നിത്യവിസ്മയമായി നിലനില്‍ക്കുന്നത് അഭിനയം എന്ന ആത്മഭാവത്തോട് അദ്ദേഹം പുലര്‍ത്തുന്ന കളങ്കരഹിതമായ ഉപാസനകൊണ്ടുതന്നെയാണ്. ഉന്നതമായ അഭിനയപ്രതിഭകൊണ്ട് അവരുടെ കാലത്തെ അതിജയിച്ചുനില്‍ക്കുന്ന ഇത്തരം മഹാനടന്മാര്‍ (മോഹന്‍ലാലും മമ്മൂട്ടിയും) താരപരിവേഷങ്ങള്‍ക്കപ്പുറം ആഴത്തില്‍ പഠിക്കപ്പെടേണ്ട സമയമായിരിക്കുന്നു.

സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്

content highlights : Alankode leelakrishnan About Mohanlal, Mohanlal Birthday special