ജന്മദിനത്തില്‍ മാതൃഭൂമി ന്യൂസില്‍ തത്സമയം വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ലോക്ഡൗണില്‍ വീട്ടില്‍ കഴിയുന്നതിനാല്‍ ആഘോഷങ്ങളൊന്നുമില്ല. അമ്മയുടെ കൈയില്‍ നിന്നും ചോറു വാങ്ങിക്കഴിക്കാനാവില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂവെന്നും ലാല്‍ പറഞ്ഞു.

'ഒരുപാട് പ്ലാന്‍ ചെയ്ത ആളുകളുണ്ട്. ആ പ്ലാനുകളൊന്നും നടക്കാതെ വിഷമിക്കുന്നവരുണ്ട്. ജീവിതം രസകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെമ്പുന്ന ആളുകള്‍ക്ക് എന്താണ് ജീവിതം എന്നു മനസ്സിലാക്കിക്കൊടുക്കുന്ന സമയം കൂടിയാണ്. സന്ദര്‍ഭം ഒത്തു വരുമ്പോള്‍ പിറന്നാള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഗംഭീരമായി ആഘോഷിക്കാറുണ്ട്. സാധാരണ ഈ സമയത്ത് വിദേശയാത്രയിലാകാറാണ് പതിവ്. ഈ വര്‍ഷം ജപ്പാനിലാകേണ്ടതായിരുന്നു. അമ്മയുടെ കൈയില്‍ നിന്നും ചോറു വാങ്ങിക്കഴിക്കാന്‍ സാധിക്കില്ലല്ലോ എന്ന സങ്കടമുണ്ട്. അതു മാത്രമേയുള്ളൂ. മറ്റു പരിഭവങ്ങളൊന്നുമില്ല. അമ്മയെ ഫോണില്‍ കണ്ടു സംസാരിക്കാമല്ലോ. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ ചിലപ്പോള്‍ ആ സങ്കടം മാറും. ഒരു തരത്തിലും യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് അടുത്ത വര്‍ഷം ആഘോഷിക്കാമല്ലോ.'

മോഹന്‍ലാലിന്റെ സ്‌നേഹവും കരുതലും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധമാണ്. സുഹൃത്തുക്കളെ ഏവരെയും ചേര്‍ത്തു പിടിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നുള്ള ചോദ്യത്തിന് അങ്ങനെ സാധിക്കുന്നുണ്ടല്ലോ എന്ന് വിചാരിക്കുന്ന ആളാണ് താനെന്നു ലാല്‍ മറുപടി പറഞ്ഞു. ലോക്ഡൗണ്‍ ആയതിനാലാണ് ഇത്രയധികം ദിവസം താന്‍ വീട്ടിലിരിക്കുന്നത്. കുടുംബത്തോടൊപ്പം ഇത്രയും ദിവസം ചെലവഴിക്കാനും സാധിച്ചത്. 

'മനസ്സിലുളള കാര്യങ്ങള്‍ എപ്പോഴായാലും ഞാന്‍ അവരോടൊപ്പമില്ലെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ അവരോടൊപ്പം ഇരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ ഇതൊരു ഹോളിഡേ ആയല്ല കാണുന്നത്. സഹപ്രവര്‍ത്തകരില്‍ അധികം പേരും സങ്കടപ്പടുകയാണ്. ഇതൊക്കെ മാറട്ടെ. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.' സ്വതസിദ്ധമായ ശൈലിയില്‍ ലാല്‍ പറഞ്ഞു.

എന്നെക്കൊണ്ടു സാധിക്കുന്ന എല്ലാവരെയും വിളിച്ചു. നമ്പറുകളറിയാത്തവരെ വിളിക്കാന്‍ സാധിച്ചില്ല. പരിഭവിക്കരുതേ. മനസ്സുകൊണ്ട് ഓര്‍ക്കുന്നു. ഞാന്‍ പ്രവര്‍ത്തിക്കുന്ന മലയാളസിനിമയെ കുടുംബം പോലെ തന്നെയാണ് കാണുന്നത്. അവിടെയുളളവരൊക്കെ എന്റെ സ്‌നേഹിതരുമാണ്. ഞാന്‍ സംവിധായകന്‍ സേതു മാധവന്‍ സാറിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന് വലിയ സന്തോഷമായി. അദ്ദേഹത്തിന്റെ എത്രയോ സിനിമകളില്‍ അഭിനയിച്ചിരിക്കുന്നു. 'ലാല്‍ സുഖമായിരിക്കുന്നോ' എന്നു തിരിച്ചുള്ള ചോദ്യം കേട്ടപ്പോള്‍ എനിക്കും സന്തോഷം തോന്നി. ഈ അവസരത്തില്‍ അവരെന്തായിരിക്കും ചെയ്യുന്നത് എന്ന ചിന്തയാണ് അവരെ വിളിച്ചന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ ജീവിക്കുന്ന ഒരുപാടു പേരുണ്ട് എനിക്കു ചുറ്റും. അവരെ വിളിച്ച് ക്ഷേമമന്വേഷിക്കുന്നത് എന്റെ അവകാശമായാണ് കാണുന്നത്. 

നടി പൂര്‍ണിമ ഭാഗ്യരാജിന്റെ അമ്മയുടെ ജന്മദിനവും മെയ് 21നാണ്. അത് ലാല്‍ എന്നും ഓര്‍ത്തിരിക്കാറുണ്ടെന്ന പൂര്‍ണിമയുടെ വാക്കുകള്‍ അവതാരകന്‍ ഓര്‍മ്മിപ്പിച്ചു. 'അഭിനയിക്കുന്ന കാലം മുതല്‍ പൂര്‍ണിമയുടെ അമ്മയെ പരിചയമുണ്ട്. പ്രത്യേക സ്‌നേഹമാണ്. എന്റെ അമ്മയെപ്പോലെ തന്നെ സ്‌നേഹിക്കുന്നു. അവരുടെയെല്ലാം സ്‌നേഹവും പ്രാര്‍ഥനയും എന്നോടൊപ്പം എന്നും വേണം.'

പാചകത്തില്‍ അതീവതത്പരനായ ലാല്‍ മദ്രാസിലെ വീട്ടില്‍ വന്നാല്‍ പാചകം ഏറ്റെടുക്കാറുണ്ടെന്നും പുസ്തകത്തില്‍ നോക്കിയല്ല സ്വന്തം പരീക്ഷണങ്ങളാണ് പതിവെന്നും പറഞ്ഞു. കേട്ടും അറിഞ്ഞും മനസ്സിലാക്കിയ റെസിപ്പികളാണ് താന്‍ പാകം ചെയ്തു നോക്കാറുളളത്. മുമ്പ് ഗൃഹലക്ഷ്മിയ്ക്കു വേണ്ടി റെസിപ്പികള്‍ എഴുതിയിരുന്നു. 'ഞാന്‍ കഴിച്ച നല്ല ഭക്ഷണം എല്ലാവരിലേക്കുമെത്തിക്കാനുള്ള ശ്രമങ്ങളാണ് അതൊക്കെ.'

മോഹന്‍ലാലിനോടു സംസാരിക്കുമ്പോള്‍ എന്നും പതിനാറു വയസ്സിന്റെ ചെറുപ്പകാലത്തേക്കു സഞ്ചരിക്കുമെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറയാറുണ്ട്. 
ഒരു തലവുമില്ലാത്ത ആളാണ്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അവരുടെ അനുഭവങ്ങളിലൂടെ സഞ്ചരിച്ച് പുതിയ അനുഭവങ്ങളുണ്ടാവുകയാണ്. ആരിലും അടിച്ചേല്‍പ്പിക്കാറില്ല. താനിന്നൊരു ബ്ലോഗെഴുതുമെന്നും ലാല്‍ പറഞ്ഞു.

ലൈവിനിടെ സംവിധായകന്‍ ഫാസിലും നടന്‍ ഇന്നസെന്റും മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു. ഇപ്പോഴത്തെ അവസ്ഥയെല്ലാം മാറി, സിനിമകള്‍ തീയേറ്ററുകളില്‍ വരും. ആളുകള്‍ കാണുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും ലാല്‍ പറഞ്ഞു.. ഇത്രയും കാലം തന്നെ സഹിച്ചതിനും ചേര്‍ത്തുനിര്‍ത്തിയതിനും പ്രേക്ഷകരോട് നന്ദിയും അറിയിച്ചു. 

Content Highlights : mohanlal in mathrubhumi news live on his 60th birthday