ഞാൻ തിരക്കഥയെഴുതിയ സിനിമകളിലെല്ലാം മോഹൻലാലിന്റെ അഭിനയത്തിൽ പൂർണതൃപ്തി. അവയിൽ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നത് ‘രംഗം’ എന്ന ചിത്രത്തിലെ കഥകളി നടനായ അപ്പുണ്ണിയും ‘സദയ’ത്തിലെ സത്യനാഥനും.

അപൂർവസിദ്ധികളുള്ള നടനാണ് മോഹൻലാലെന്ന് തുടക്കകാലം മുതലേ തോന്നിയിരുന്നു. ഞാൻ തിരക്കഥയെഴുതിയ സിനിമകളിൽ മാത്രമല്ല, മറ്റു ചിത്രങ്ങളിലും മികച്ച അഭിനയമാണ് അദ്ദേഹത്തിന്റേത്. ആ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്നു ചോദിച്ചാൽ ഒരു പേരുമാത്രമായി പറയാനാവില്ല.

നടനെന്നനിലയിൽ സിനിമയിൽ മാത്രമല്ല, നാടകത്തിലും ലാൽ എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. മുംബൈയിൽവെച്ച് വർഷങ്ങൾക്കുമുമ്പ് ‘കർണഭാരം’ എന്ന സംസ്‌കൃതനാടകത്തിൽ കർണനായി അദ്ദേഹം വേഷമിട്ടത് കണ്ട് വിസ്മയിച്ചു. മോഹൻലാലിനോടുതന്നെ അക്കാര്യം പറഞ്ഞിട്ടുമുണ്ട്. മലയാളനോവലുകളിലെ പത്തുകഥാപാത്രങ്ങളെ അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചതും നേരിട്ടുകണ്ടു. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ പ്രത്യേകതാത്പര്യമാണ് ഇതിലൊക്കെ കാണുന്നത്.

ഇടയ്ക്കിടെ കാണാറില്ലെങ്കിലും അദ്ദേഹവുമായി അടുപ്പമുണ്ട്. ലാലിനോട് എനിക്കൊരു വാത്സല്യമുണ്ട്. ഒരാഴ്ചമുമ്പും അദ്ദേഹം വിളിച്ചിരുന്നു. കോവിഡിന്റെ കാലത്ത് എല്ലാവരും വീട്ടിലിരിക്കുകയാണല്ലോ. അതൊക്കെ ഞങ്ങൾ അന്നു സംസാരിച്ചു.