ഷഷ്ഠിപൂര്‍ത്തി നിറവിലും അര്‍പ്പണബോധത്തോടെയും സാഹസികമനോഭാവത്തോടെയും കഥാപാത്രങ്ങളെ സമീപിക്കുന്ന മോഹന്‍ലാലിന്റെ സമര്‍പ്പണമനോഭാവത്തിന് ഒരു ബിഗ് സല്യൂട്ട്........

അര്‍പ്പണബോധത്തിന്റെ ആള്‍രൂപം

വര്‍ഷം2016. കോഴിക്കോട്ടെ ബിലാത്തിക്കുളം ഹൗസിങ്ങ്കോളനിയില്‍ ജിബുജേക്കബ്ബിന്റെ മോഹന്‍ലാല്‍ ചിത്രമായ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്നചിത്രത്തിന്റെ ഷൂട്ടിങ്് നടക്കുന്നു.ലാല്‍ അവതരിപ്പിക്കുന്ന ഉലഹന്നാന്‍ എന്ന പഞ്ചായത്ത്സെക്രട്ടറിയുടെ കഥാപാത്രം കോളനിയിലെ തന്റെ ഫ്ളാറ്റിലേക്ക് ബൈക്കില്‍ വരുന്നതിന്റെ ഒന്നരമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗമാണ് ചിത്രീകരിക്കുന്നത്. പൊരിവെയിലത്താണ് ഷൂട്ടിങ്. ഡ്രോണ്‍ ക്യാമറയൊക്കെ വെച്ച് വിശാലമായാണ് ഷൂട്ടുചെയ്യുന്നത്. സീന്‍ ഓക്കെയാകാന്‍ രണ്ടര മണിക്കൂറെടുത്തു. തന്റെ കുറ്റം അല്ലാതിരുന്നിട്ടും ലാല്‍ അക്ഷോഭ്യനായിരുന്നു. വിയര്‍ത്തുകുളിച്ച് വെള്ളംപോലും കുടിക്കാതെ സീന്‍ ഓക്കേയാക്കിയിട്ടാണ് അദ്ദേഹം പോയത്... പരിഭവമില്ല. അസ്വസ്ഥതകളില്ല .മൂഡൗട്ടില്ല.
 
അതായിരുന്നു മോഹന്‍ലാല്‍ എന്ന നടന്റെ അര്‍പ്പണബോധം. ഏറെയും പുതുമുഖക്കാരായവര്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും സീന്‍ ഓക്കേയായില്ലെങ്കില്‍ 'സാരമില്ല നമുക്കൊന്നുകൂടി എടുക്കാം മോനെയെന്നു ''മാത്രം പറഞ്ഞായിരുന്നു അദ്ദേഹം സഹകരിച്ചത്.ഈ അര്‍പ്പണബോധം സിനിമാരംഗത്ത് പ്രസിദ്ധമാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ബിഗ്ബ്രദര്‍' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെല്ലാം ഇതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ കാണാം.'ജില്ല 'എന്ന തമിഴ്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരുദിവസം ചിത്രീകരണം നിശ്ചയിച്ചത് പുലര്‍ച്ചെ നാലിനായിരുന്നു. അന്ന് പുലര്‍ച്ചെ മൂന്നിനുതന്നെ സെറ്റിലെത്തി ഏവരെയും അമ്പരപ്പിച്ച ചരിത്രവും ഈപ്രതിഭാധനനുണ്ട്.  ഷഷ്ഠിപൂര്‍ത്തിനിറവിലും താരപ്രഭ അനുദിനം വെട്ടിത്തിളങ്ങി ലാല്‍ 20കാരന്റെ ചുറുചുറുക്കോടെ ഈരംഗത്ത് തുടരുന്നുണ്ടെങ്കില്‍  മുഖ്യ കാരണളിലൊന്ന് ഈ അര്‍പ്പണബോധംകൂടിയാണ്. ഷൂട്ടിങിന്റെ ഇടവേളയില്‍ പലബുദ്ധിമുട്ടും സഹിച്ചാണല്ലേ ഓരോ ചിത്രവും പൂര്‍ത്തിയാക്കുന്നതെന്നു ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു മറുപടി.ലാല്‍തന്നെ മുന്‍കൈഎടുത്ത് ക്യാമറാ ആംഗിള്‍ പറഞ്ഞുകൊടുത്തുകൂടിയാണ് സീന്‍ഒക്കേയാക്കിയതെന്നൊരു അനുബന്ധകഥകൂടിയുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പലപ്പോഴും ഈ അര്‍പ്പമണമനോഭാവത്തിന്റെ ഭിന്നഭാവങ്ങള്‍ കണ്ടു.കടുത്തപനിയെ വകവെക്കാതെയാണ് പലരംഗങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിയത്. പാട്ടുരംഗങ്ങളും ഇതിലുള്‍പ്പടും. 2013-ല്‍ 'റെഡ് വൈനി'ന്റെ ഷൂട്ടിങ് കോഴിക്കാട്ടു നടക്കുമ്പോഴും ആനടന്റെ സമര്‍പ്പണബോധം നേരിട്ടുകണ്ടു. ഒരു രംഗത്തില്‍ ചിത്രത്തിലെ രതീഷ് വാസുദേവന്‍ എന്നകഥാപാത്രം കാക്കിപാന്റ്സും വെള്ളഷര്‍ട്ടും തലയില്‍ ചെരിച്ചുവെച്ച തൊപ്പിയുമായാണ് പ്രത്യക്ഷപ്പെടുന്നത്. ബ്രേക്ക് സമയത്ത് സീനിന്റെ തുടര്‍ച്ചയും വസ്ത്രങ്ങളുടെയും തൊപ്പിയുടെയും സ്ഥാനവും മാറിപ്പോകാതിരിക്കാനായി ഇളകാതെ ഒരുകസേരയില്‍ സാഹസപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇതേകാരണത്താല്‍ ഭക്ഷണം കഴിക്കുമ്പോഴും അദ്ദേഹം കഷ്ടപ്പെടുന്നതു കാണാമായിരുന്നു.മുക്കത്തുവെച്ച് ചിത്രത്തിലെ ഒരു സംഘട്ടനരംഗം ചിത്രീകരിച്ചപ്പോള്‍ കൈ-മെയ് മറന്നായിരുന്നു അദ്ദേഹം സഹകരിച്ചത്.ചിത്രീകരണത്തിന്റെ അവസാനനാളില്‍ നഗരത്തിലെ ബേബിമെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു ഷൂട്ടിങ്. അന്നും കടുത്തപനിബാധിതനായിരുന്നു ലാല്‍. പലരും വിശ്രമിക്കാനുപദേശിട്ടും ചെവികൊള്ളാതെ ഷൂട്ടിങ്ങിനെത്തി അദ്ദേഹം. താനഭിനയിക്കാതിരുന്നാല്‍ നിര്‍മാതാവിന് നഷ്ടം നേരിടുമെന്ന വിശാലമായചിന്താഗതിയായിരുന്നു അദ്ദേഹം പങ്കിട്ടത്. അഭിനയത്തിന് പുറമെ കാണാന്‍ വന്ന ആരാധകരെയും സുഹൃത്തുക്കളെയും ഒന്നും നിരാശരാക്കിയില്ല. ഭക്ഷണംപോലും കഴിക്കാതെ അവര്‍ക്കൊപ്പം ചെലവിടാനും സെല്‍ഫിക്ക് പോസ്ചെയ്യാനും സമയം കണ്ടെത്തി. അന്ന് വെകീട്ടു മാത്രമാണ് അദ്ദേഹം ഭക്ഷണം കഴിച്ചതെന്ന് പിന്നീടറിഞ്ഞു.

ലാല്‍ ഏറെ സാഹസികമായി അഭിനയിച്ച 'പുലിമുരുകന്റെ ' ചിത്രീകരണവേളയിലും അര്‍പ്പണബോധത്തിന്റെ നിറക്കാഴ്ച്ചകള്‍ കാണാം. എഴുപുന്നയില്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മ ആരോഗ്യപ്രശ്നങ്ങളുമായി കൊച്ചിയിലെ വീട്ടിലുണ്ട്. മനോവിഷമം ഉള്ളിലൊതുക്കിയാണ് കാഴ്ച്ചക്കാരെ ഏറെ ആസ്വദിപ്പിച്ച, തിയേറ്ററില്‍ കരഘോഷങ്ങളുയര്‍ത്തിയ സംഘട്ടനരംഗങ്ങളും സാഹസികരംഗങ്ങളും അദ്ദേഹം അഭിനയിച്ചു തീര്‍ത്തതെന്ന് എത്രപേര്‍ക്കറിയും?

Content Highlights : mohanlal 60th birthday article