ഉണ്ണികളേ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, ഉള്ളടക്കം, വിഷ്ണുലോകം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങി നിരവധി ഹിറ്റുകള്‍ കമല്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. തന്റെ ആദ്യ സിനിമയിലെ നായകന്‍ കൂടിയായ മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ വേളയില്‍ ആദ്യമായി ലാലിനെ പരിചയപ്പെട്ട അനുഭവം പങ്കുവെക്കുകയാണ് മാതൃഭൂമിയോട് പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍.
' മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മോഹന്‍ലാലുമായി നാല്‍പത് വര്‍ഷം നീളുന്ന പരിചയവും അടുപ്പവും ഉണ്ട്. പ്രമുഖ സംവിധായകന്‍ പി.എന്‍ മേനോന്‍ സാറാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. അന്ന് ഞാന്‍ സിനിമാ സ്വപ്‌നങ്ങളുമായി പി എന്‍ മേനോന്‍ സാറിന്റെ കൂടെയുണ്ട്. പോസ്റ്റര്‍ തയ്യാറാക്കാനായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒരു ഫോട്ടോ ആല്‍ബം മേനോന്‍ സാറിന് നല്‍കിയിരുന്നു.
ഞങ്ങള്‍ രണ്ടുപേരും കൂടി ആ ആല്‍ബം മറിച്ചുനോക്കുമ്പോള്‍ ലാലിന്റെ ഒരു വലിയ പടം കണ്ടു. മേനോന്‍ സാര്‍ കുറച്ചുസമയം ആ ഫോട്ടോ തന്നെ നോക്കി നിന്നു. അന്ന് മേനോന്‍ സാറിന് ലാലിനെ പരിചയമില്ല. അതുപോലെ ലാലിന്റെ അഭിനയവും കണ്ടിട്ടില്ല. ആ ഫോട്ടോ നോക്കി അദ്ദേഹം പറഞ്ഞു ' കമലേ ഇവന്‍ കൊള്ളാല്ലേ, വളരെ വ്യത്യസ്ത ലുക്കും നല്ല ഭാവങ്ങളൊക്കെ ഉണ്ടല്ലോ' . ഒരു ഫ്രെയിം പോലും കാണാതെ സ്റ്റില്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹം ലാലിന്റെ ഭാവിയെ പറ്റി പ്രവചിച്ചു എന്നതാണ് അത്ഭുതം.
ആ സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം കോടമ്പാക്കത്ത് വച്ചാണ് ലാലിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ലാലിനൊരു മേട്ടോര്‍ സൈക്കിളൊക്കെ ഉണ്ടായിരുന്നു. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച കുറേയെറെ സിനിമകളില്‍ ലാല്‍ നായകനായും, സഹനടനായും, വില്ലനായുമൊക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ലാലുമായി അടുക്കുന്നത്. പിന്നീട് ഞാന്‍ സ്വതന്ത്ര്വസംവിധായകനായപ്പോള്‍ ആദ്യത്തെ സിനിമയായ മിഴിനീര്‍പൂക്കളില്‍ നായകന്‍ മോഹന്‍ലാലായിരുന്നു. അയാള്‍ കഥയെഴുതുകയാണിലെ സാഗര്‍ കോട്ടപ്പുറം വരെ പിന്നീട് ഒരുപാട് സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്തു.
നമ്മളെല്ലാവരും കോവിഡ് കാലത്ത് ലോക്ക് ഡൗണിലാണ്. ഈ കാലത്ത് മോഹന്‍ലാല്‍ തനിക്ക് അടുപ്പമുള്ളവരെയും ഒന്നിച്ച് വര്‍ക്ക് ചെയ്തവരെയും മറ്റ് സിനിമ പ്രവര്‍ത്തകരെയുമെല്ലാം വിളിച്ച് സുഖവിവരം അന്വേഷിച്ചിട്ടുണ്ട്. അങ്ങനെ എല്ലാവരെയും വിളിച്ച ഒരുവ്യക്തി മോഹന്‍ലാല്‍ മാത്രമായിരിക്കും. എന്നെയും ലാല്‍ വിളിച്ചിരുന്നു. അപ്പോഴാണ് ലാല്‍ താന്‍ എല്ലാവരെയും വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്. ഈ അറുപതാം പിറന്നാള്‍ വേളയില്‍ ഞാന്‍ ലാലിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങുകയാണ്. ഈ കാലഘട്ടത്തില്‍ ലാലിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ലാലിന് എല്ലാവിധ ആശംസകളും നേരുകയാണ്. '
Content Highlights : Director Kamal About Mohanlal